മലപ്പുറം: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം ഉടൻ കൊടുത്തു തീർപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. സംഭരണത്തിനായി നെല്ല് കൈമാറിയാൽ 24 മണിക്കൂറിനകം പണം കർഷകർക്ക് ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
തിരൂർ ബിപി അങ്ങാടിയിൽ സപ്ലൈകോയുടെ കീഴിലുള്ള മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആയി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതൊന്നും ജനങ്ങളെ അറിയിക്കാതെ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ.
അർഹമായ വിഹിതം തരാതെ കേന്ദ്രസർക്കാർ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് 98 പുതിയ സപ്ലൈകോ ഔട്ട്ലെറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം പുതുതായി 50 ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സൂപ്പർ മാർക്കറ്റിലെ ആദ്യ വില്പനയും കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, വൈസ് പ്രസിഡന്റ് എ.കെ. ബാബു, വാർഡ് മെമ്പർ മുംതസിർ ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ പാലക്കാട് മേഖലാ മാനേജർ വി.കെ. ശശിധരൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ എ. സജാദ് നന്ദിയും പറഞ്ഞു.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ്, പോരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകോട് മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകൾ ആയി ഉയർത്തുന്നതിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കേരള എസ്റ്റേറ്റ് മാവേലി സൂപ്പർ സ്റ്റോർ പരിസരത്ത് നടന്ന ചടങ്ങിൽ എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ആദ്യ വില്പന നടത്തി. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ടീച്ചർ, വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശൈലേഷ് പട്ടിക്കാടൻ, വാർഡ് മെമ്പർ ഹസീന സ്രാമ്പിക്കൽ,
ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് ശിവദാസൻ പിലാപറമ്പിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ പാലക്കാട് മേഖല മാനേജർ വി.കെ. ശശിധരൻ സ്വാഗതവും സപ്ലൈകോ നിലമ്പൂർ താലൂക്ക് ഡിപ്പോ മാനേജർ ഒറ്റയിൽ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
പോരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകോട് സപ്ലൈകോ സൂപ്പർ സ്റ്റോർ പരിസരത്ത് നടന്ന ചടങ്ങിൽ എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്കർ ആമയൂർ ആദ്യ വില്പന നടത്തി. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ബഷീർ,
ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ, പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. എ. മുബാറക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. ശങ്കരനാരായണൻ, ഭാഗ്യലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.