എടക്കര: മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹം ചേര്‍ത്തുപിടിക്കുന്നതിനു പകരം പല കാര്യങ്ങളില്‍ നിന്നും ഇപ്പോഴും അകറ്റിനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഒരു ചെറിയ ഇടപെടല്‍ കൊണ്ടു തന്നെ അവരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും ജില്ലാ ലീഗല്‍ സര്‍വീസസ് അഥേറിറ്റി സെക്രട്ടറി സിവില്‍ ജഡ്ജ് എം. ഷാബിര്‍ ഇബ്രാഹീം പറഞ്ഞു.
വഴിക്കടവ് പാലിയേറ്റീവ് കെയര്‍ മാനസികാരോഗ്യ വിഭാഗം സംഘടിപ്പിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിറ്റി ഷോപ്പുകള്‍, തയ്യല്‍ പരിശീലനം, വല നെയ്ത്ത്, കൃഷി മുതലായ കാര്യങ്ങള്‍ രോഗികളുടെ അഭിരുചിക്ക് അനുസരിച്ച് നടപ്പിലാക്കുകയും അതില്‍ നിന്നും കിട്ടുന്ന വരുമാനം അവര്‍ക്ക് തന്നെ വീതിച്ച് കൊടുക്കുകയും ചെയ്യും.
വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം ഫാമിലി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. റഷീന ഫൈസല്‍, കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ പരിചരണം കേന്ദ്രം മേധാവി പ്രശാന്ത് ശശിവര്‍ണന്‍ എന്നിവര്‍ സംസാരിച്ചു. നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി. മുസഫര്‍,
വി.കെ. മനോജ് കുമാര്‍, എം. സുജ, ടി. രാജേഷ് കുമാര്‍, ബീന പുളിച്ചുമാക്കല്‍, വി.പി. റസിയ, പാലിയേറ്റീവ് കെയര്‍ സോഷ്യല്‍ വര്‍ക്കര്‍ ഗഫൂര്‍ പുളിക്കല്‍, എം.എം. നജീബ്, എം.കെ. പ്രദീപ്, ജാബിര്‍ കാരക്കോട്, ഇ.കെ. അമീന് ഹാഷിര്‍, സമീറ മാമാങ്കര, കെ. ജംഷീര്‍ എന്നിവര്‍ സംസാരിച്ചു.