പെരിന്തൽമണ്ണ: നഗരസഭയിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ബാല സുരക്ഷാ സമിതി രൂപീകരിച്ചു. നിയമവുമായി പൊരുത്തപെടാത്ത കുട്ടികൾ, അതിജീവിതരായും സാക്ഷികളായും എത്തുന്ന കുട്ടികൾ , ഏതെങ്കിലും തരത്തിൽ അക്രമത്തിനിരയാകുന്ന കുട്ടികൾ, മാതാപിതാക്കൾക്ക് വളർത്താൻ ശേഷിയില്ലാത്തതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾ, തീർത്തും അനാഥരായവർ ,
ബാലവിവാഹത്തിന് വിധേയമാകുന്നവർ, ലഹരിക്ക് അടിമപ്പെടുന്നവർ തുടങ്ങി പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയുമാണ് ബാല സുരക്ഷാ സമിതി ലക്ഷ്യമാക്കുന്നത്.
അതിന്റെ ഭാഗമായി ജൂലൈ ഒന്നിന് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് ചൈൽഡ് വെൽഫെയർ ഓഫീസർ,എക്സൈസ് ഓഫീസർ,പോലീസ്, ലേബർ ഓഫീസർ എന്നിവരുടെ പ്രത്യേക ബോധവത്കരണ ക്ലാസ് നഗരസഭയിൽ വച്ച് സംഘടിപ്പിക്കും.തുടർന്ന് എല്ലാ സ്കൂളുകളിലും വിദ്യാർഥികൾക്ക് കൗൺസിലിംഗിനായി ആഴ്ചയിൽ ഒരു ദിവസം അംഗീകൃത ട്രെയിനർമാരുടെ ക്ലാസുകൾ ഉണ്ടാകും.
സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന വിവിധ ശിശു സംരക്ഷണ പദ്ധതികളും സംവിധാനങ്ങളും ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് സംയോജിത ശിശുസംരക്ഷണ പദ്ധതിയായ മിഷൻ വാത്സല്യ.നഗരസഭാ ചെയർമാൻ പി. ഷാജി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ,നഗരസഭാ സെക്രട്ടറി ജി. മിത്രൻ, അധ്യാപകർ ,
ചൈൽഡ് വെൽഫെയർ ഓഫീസർ, പോലീസ് ഓഫീസർ, ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർ, ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ്, ലേബർ ഓഫീസർ, പട്ടിക ജാതി വികസന ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ, സാമൂഹ്യ പ്രവർത്തകർ, കുട്ടികളുടെ പ്രതിനിധി, മെഡിക്കൽ ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്നതാണ് സമിതി.