""ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ കടന്പകൾ ഏറെ’’
""ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ  കടന്പകൾ ഏറെ’’
Tuesday, February 11, 2020 3:33 PM IST
(ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ മുംബൈയിൽ നടത്തിയ നാനി പൽക്കിവാല സ്മാരക പ്രസംഗത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ)

"ഇന്ത്യയിൽ ബിസിനസ് നടത്തുന്നതിന് കടന്പകളേറെയാണ്. ഇന്ത്യയിൽ നിറഞ്ഞു നിൽക്കുന്നത് സംശയവും സൂക്ഷ്മ കാര്യ മാനേജ്മന്‍റുമാണ്. ഇന്ത്യയുടെ വളർച്ച ഉയർത്തണമെങ്കിൽ ബിസിനസിനു വിഘാതം സൃഷ്ടിക്കുന്ന വിഘ്നങ്ങൾ നീക്കുകയാണ് വേണ്ടത്. വേഗത്തിൽ നീങ്ങുവാൻ ജനങ്ങളെ ഉത്സാഹിപ്പിച്ചതുകൊണ്ടോ പ്രേരിപ്പിച്ചതുകൊണ്ടോ മാത്രം വളർച്ചയുണ്ടാകുകയില്ല. അതിന് പരിവർത്തനത്തിനുള്ള കാഴ്ചപ്പാടും സാംസ്കാരികമായ മാറ്റവും ആവശ്യമാണ്.’’

ഇന്ത്യൻ സന്പദ്ഘടനയുടെ വളർച്ച നടപ്പുവർഷം അഞ്ചു ശതമാനത്തിനു താഴേയ്ക്കു നീങ്ങുമെന്ന വിലയിരുത്തലിന്‍റെയും ഈസ് ഓഫ് ഡൂയിംഗിനൊപ്പം "കുറഞ്ഞ സർക്കാരും’ വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞതിന്‍റെയും പശ്ചാത്തലത്തിലാണ് ചന്ദ്രശേഖരന്‍റെ അഭിപ്രായം പുറത്തുവന്നിട്ടുള്ളത്. ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചയാകും നടപ്പുവർഷത്തേത്.

""നമ്മുടെ സാന്പത്തിക - ബിസിനസ് സംസ്കാരത്തിൽ പുനർവിഭാവനം ഏറ്റവും ആവശ്യമായിരിക്കുകയാണ്. സംസ്കാരം എന്നത് ഏറ്റവും പ്രധാനമാണ്. പുറകിൽനിന്നു തള്ളുകൊടുത്തതുകൊണ്ട് വളർച്ച ഉണ്ടാകില്ല. വേഗം പോ, വേഗം പോ, വേഗം പോ എന്നു ആളുകളോടു തുടർച്ചയായി പറഞ്ഞതുകൊണ്ട് ഒരു പ്രയോജനവുമില്ല. പകരം പ്രതിബന്ധങ്ങൾ മാറ്റിയാൽ വളർച്ച വരും.’’

""നമുക്കു മേൽ നോട്ടം വേണം; എന്നാൽ, അവിശ്വാസം വേണ്ട. നമുക്കു അവിശ്വാസമുണ്ടെങ്കിൽ, നമ്മുടെ എല്ലാ നിയമങ്ങളും അവിശ്വാസത്തിൽനിന്നാവും ആരംഭിക്കുക. നമുക്കു വേണ്ടത് പരിവർത്തനത്തിന്‍റെ കാഴ്ചപ്പാടാണ്. സൂക്ഷ്മ കാര്യ മാനേജ്മെന്‍റിന്‍റെ നിയന്ത്രിത കാഴ്ചപ്പാടിൽനിന്നുള്ള അകന്നുപോകലാണ്.’’

""കഠിനാധ്വാനം ചെയ്യുന്ന സത്യസന്ധത പുലർത്തുന്ന ജനങ്ങൾക്ക് അവരുടെ ജോലികൾ ചെയ്തു തീർക്കുവാൻ ഇപ്പോഴത്തെ സംവിധാനത്തിൽ നേരിടേണ്ടി വരുന്നത് അതിഘോരമായ പ്രതിബന്ധങ്ങളാണ്. സ്വഭാവികമായും റിസ്ക് ഒഴിവാക്കുകയെന്നതിലേക്ക് വ്യാപകമായി ഇതു നയിക്കുന്നു: ചന്ദ്രശേഖരൻ പറയുന്നു. "വളർച്ച നേടുകയെന്നതിൽ സ്വാഭാവികമായിത്തന്നെ റിസ്ക് എടുക്കലുണ്ട്. ഈത്തരത്തിൽ റിസ്ക് എടുക്കുന്നവർക്ക് നാം കൈയടി നൽകണം.’’, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


തൊഴിലില്ലായ്മ ഇന്ത്യ ഏറ്റവും വേഗം പരിഹരിക്കേണ്ട കാര്യമാണ്. ഇന്ത്യ എത്രയും വേഗം വൻതോതിൽ തൊഴിൽ ഉണ്ടാക്കേണ്ടതുണ്ട്. പുതിയ ദശകത്തിൽ 90 ദശലക്ഷം ആളുകളാണ് പുതിയതായി തൊഴിൽ വിപണിയിലേക്ക് എത്തുന്നതെന്ന് അധികാരികൾ ഓർമിക്കണം.
കണ്‍സ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യം, വൈദ്യുതി, ബാങ്കിംഗ്, ടൂറിസം എന്നീ മേഖലകളിൽ നയപരമായ ഇടപെടൽ ഏറ്റവും അത്യാവശ്യമായിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളിൽ ഗവണ്‍മെന്‍റ് ഉടമസ്ഥത കുറയ്ക്കണം. ഇത് അവയ്ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ വഴിയൊരുക്കും.

മോശമായ വിതരണം മൂലം പൊതുമേഖലവൈദ്യുതി വിതരണക്കന്പനികൾക്ക് ഒരു വർഷം നഷ്ടമാകുന്നത് 1.45 ലക്ഷം കോടി രൂപയാണ്. ഇവയെ സ്വകാര്യവത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

സുസ്ഥിരത, ഉൾപ്പെടുത്തൽ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശക്തമായ നയം ആവശ്യമാണ്. ക്രിയാത്മകത, സഹകരണം, പ്രശ്നപരിഹാരം എന്നിവ യുവാക്കളുടെ രണ്ടാംസ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പൊതുവിതരണം, അഴിമതി, ബാങ്കുകളുടെ കിട്ടാക്കടം എന്നിവ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ എടുത്തിട്ടുള്ള നടപടികളെ ചന്ദ്രശേഖരൻ സ്വാഗതം ചെയ്തു.

വിദ്യാഭ്യാസം നേടിയ, നൈപുണ്യം ആർജിച്ച ഉൗർജസ്വലമായ തൊഴിൽ ശക്തി ഉറപ്പാക്കാതെ ഒരു ലക്ഷ്യവും കൈവരിക്കുവാൻ സാധിക്കുകയില്ലെന്ന് 2025-ൽ 5 ലക്ഷം കോടി ഡോളർ സന്പദ്ഘടന എന്ന ഗവണ്‍മെന്‍റിന്‍റെ ലക്ഷ്യത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.