മിഡ്, സ്മോൾ കാപ് ഓഹരികളുടെ തിരിച്ചുവരവു കാലം
മിഡ്, സ്മോൾ കാപ് ഓഹരികളുടെ തിരിച്ചുവരവു കാലം
Thursday, February 6, 2020 2:50 PM IST
ദുർബലമാകുന്ന നമ്മുടെ സന്പദ്ഘടനയെക്കുറിച്ചുള്ള തലക്കെട്ടുകളാണ് അടുത്തകാലത്തെ നമ്മുടെ ബിസിനസ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. തുടർച്ചയായ മൂന്നു മാസങ്ങളിൽ വ്യവസായികോത്പാദനം ചുരുങ്ങിയത്, ത്രൈമാസ ജിഡിപി വളർച്ച ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്, ഓട്ടോ വിൽപ്പന കുത്തനെ ഇടിഞ്ഞത്, വൈദ്യുതി ഡിമാൻഡ് ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തിയത്.... തുടങ്ങി എല്ലാ സൂചകങ്ങളും ദുർബലമായ സന്പദ്ഘടനയുടെ ചിത്രമാണ് നൽകുന്നത്.

ഏതൊരു സാധാരണക്കാരനോടു സംസാരിച്ചാലും, തന്‍റെ അനുഭവത്തിന്‍റെ വെളിച്ചെത്തിൽ ഇതേ അഭിപ്രായം തന്നെയാണ് അവൻ നൽകുന്നത്. വിവിധ കാരണങ്ങളാൽ നമ്മുടെ സന്പദ്ഘടനയുടെ വളർച്ച കുറയുകയാണെന്നതു വളരെ വ്യക്തമാണ്.

ഓഹരി വിപണിയെ സന്പദ്ഘടനയുടെ ബാരോമീറ്റർ’ എന്നാണ് പലപ്പോഴും വിശേഷിപ്പിക്കാറ്. സന്പദ്ഘടനയിലെ സംഭവ വികാസങ്ങൾ ഓഹരി വിപണി പ്രതിഫലിപ്പിക്കും. എന്നാൽ എല്ലാവരേയും അതിശയപ്പെടുത്തി ഓഹരി വിപണി ബഞ്ച്മാർക്ക് സൂചികകൾ അവയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ.

എന്തുകൊണ്ടാണ് സന്പദ്ഘടനയും വിപണിയും വിഭിന്ന ദിശകളിൽ നീങ്ങുന്നത്? കൈവിരലിൽ എണ്ണാവുന്ന ഓഹരികളുടെ പ്രകടനത്തിലാണ് ഇതിന്‍റെ ഉത്തരം കിടക്കുന്നത്. അനിശ്ചിതത്വത്തിന്‍റെ നാളുകളിൽ സൂചികയിലെ വന്പൻ ഓഹരികൾ സുരക്ഷിതമാണെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് നിക്ഷേപകർ ഇവയ്ക്കു പിന്നിൽ അണിനിരക്കാൻ ഇഷ്ടപ്പെടുന്നു. ഏതാനും ഓഹരികളെ മാത്രം നിക്ഷേപകർ പരിഗണിക്കുന്ന സാഹചര്യത്തിൽ അവയുടെ വാല്വേഷൻ കുത്തനെ ഉയരുകയും പൊട്ടിത്തെറിക്കലിന്‍റെ സ്ഥിതിയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. മറുവശത്ത് വിപണി പൊതുവായ തിരുത്തലിനു വിധേയമാകുകയും ചെയ്യുന്നു. 2018 ഉയരത്തിൽനിന്ന് മിഡ്കാപ് സൂചിക 20 ശതമാനവും സ്മോൾ കാപ് സൂചിക 40 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.

ഇപ്പോൾ സന്പദ്ഘടനയിലെ ഡിമാൻഡ് ദുർബലമാണ്. ദുർബലമായ ഈ അവസ്ഥയിൽ കന്പനികൾ മൂലധന നിക്ഷേപം നടത്താനും മടിക്കുന്നു. ഇതൊരു ദൂഷിതവലയംപോലെയാണ്. മനുഷ്യർക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. ചുറ്റുമുള്ളതെല്ലാം നെഗറ്റീവ് ആണെങ്കിൽ പോസീറ്റീവായ സംഭവങ്ങൾ ഉണ്ടായാലും അതു ശ്രദ്ധിക്കുകയില്ല.

നമ്മുടെ സന്പദ്ഘടനയെ പുനർജീവിപ്പിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളിൽ നിരവധി നടപടികൾ ഉണ്ടായിട്ടുണ്ട്. പലിശ നിരക്ക് കുത്തനെ താഴ്ന്ന സാഹചര്യത്തിൽ സന്പദ്ഘടനയുടെ തിരിച്ചുവരവാണ് ബഹുഭൂരിപക്ഷം സാന്പത്തിക ശാസ്ത്രജ്ഞരും പ്രതീക്ഷിക്കുന്നത്. നിരവധി തവണ പലിശ കുറച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019-ൽ മാത്രം 1.35 ശതമാനം കുറവാണ് പലിശയിൽ വരുത്തിയത്. പലപ്പോഴും ഈ പലിശ വെട്ടിക്കുറക്കലിന്‍റെ ഫലങ്ങൾ ഇടപാടുകാരിലേക്ക് എത്തുന്നത് ബാങ്കുകൾ താമസിപ്പിക്കുകയാണ്. ഈ പലിശ വെട്ടിക്കുറവ് പൂർണമായും 2020 ആദ്യപകുതിയിൽ ഇടപാടുകാർക്കു ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീർഘകാലത്തിൽ മികച്ച ഫലങ്ങൾ നൽകുന്ന നിരവധി നടപടികൾ ഗവണ്‍മെന്‍റ് ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കന്പനി നികുതി 35 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറച്ചത്. പുതിയ മാനുഫാക്ചറിംഗ് കന്പനികൾക്ക് വെറും 15 ശതമാനം നികുതി മതി. ഇതു ചരിത്രപരമായ നീക്കം തന്നെയാണ്. വൻ നിക്ഷേപം രാജ്യത്തു നടത്തുവാൻ ഇതു കാരണമാകും. ബഹുഭൂരിപക്ഷം വരുന്ന കന്പനികളുടേയും അറ്റാദായം മെച്ചപ്പെടുത്തുവാൻ ഇതു കാരണമാകും.


പിഎസ് യു ബാങ്കുകളുടെ ലയനം, ഗവണ്‍മെന്‍റിൽനിന്നുള്ള കുടിശിക വേഗത്തിൽ നൽകുന്നത്, വേഗത്തിലുള്ള ജിഎസ്ടി റീഫണ്ട് തുടങ്ങിയവയും ധീരമായ ചുവടുവയ്പുകളിൽ ഉൾപ്പെടുന്നു.
മാധ്യമങ്ങളിലൊന്നും കാര്യമായ ചർച്ച ചെയ്തിട്ടില്ലാത്ത ചില പ്രധാന സംഭവവികാസങ്ങളും അടുത്തകാലത്തുണ്ടായിട്ടുണ്ട്. അടുത്ത നാലഞ്ചുമാസങ്ങൾക്കുള്ളിൽ ഇന്ത്യയിലേക്ക് രണ്ടു ലക്ഷം കോടി രൂപയോളം നേരിട്ടുള്ള വിദേശനിക്ഷേപം എത്തുമെന്നതാണത്. ആർസലർ മിത്തൽ, എസർ സ്റ്റീൽ വാങ്ങിയതും റിലയൻസ് ഇൻഡസ്ട്രീസിൽ, സൗദി അരാംകോ ഓഹരി വാങ്ങുന്നതും ബിഎപിസിഎൽ ഓഹരി വിൽപ്പനയുമൊക്കെ ഈ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ഉൾപ്പെടുന്നു.

ഈ വർഷം മഴദേവതകൾ ഇന്ത്യയോടു കാരുണ്യം കാണിച്ചു. അഞ്ചുവർഷത്തെ കുറഞ്ഞ മണ്‍സൂണിനുശേഷം ഈ വർഷം അധികമണ്‍സൂണ്‍ ലഭിച്ചത് അടുത്ത വർഷം ഗ്രാമീണ സന്പദ്ഘടനയ്ക്ക് ഉൗർജം പകരും. ഈക്കഴിഞ്ഞ ഉത്സവസീസണിൽ ഓട്ടോ വ്യവസായത്തിലെ സ്റ്റോക്ക് കുറച്ചിട്ടുണ്ട്. ഇതെല്ലാം സന്പദ്ഘടനയിലെ ദൂഷിത വലയത്തെ ഇല്ലാതാക്കുകയും അടുത്തവർഷം സന്പദ്ഘടനയെ തിരിച്ചുവളർച്ചയിലേക്കു കൊണ്ടുവരികയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

സംഭവങ്ങൾക്കു വളരെ മുന്പേ നീങ്ങുന്നതാണ് വിപണിയുടെ സ്വഭാവം. 2019-ൽ സന്പദ്ഘടന തളർച്ചയിലേക്കു നീങ്ങുന്നുവെന്ന് അളുകൾ മനസിലാക്കുന്നതിനു വളരെ മുന്പേ 2018-ൽ വിപണി ഇടിയുവാൻ തുടങ്ങിയതാണ്. അതേപോലെതന്നെ സന്പദ്ഘടന തിരിച്ചുവരുന്നതിനു വളരെ മുന്പേ വിപണി ഉയർച്ചയിലേക്കു നീങ്ങിത്തുടങ്ങും. അതാണ് നാം ഇപ്പോൾ കാണുന്നത്. എല്ലാവരും വളർച്ച വേഗം കുറയുന്നതിനെക്കുറിച്ചു സംസാരിക്കുന്പോൾ, അത് ഇതിനകം തന്നെ വിപണി ഡിസ്കൗണ്ടു ചെയ്തു കഴിഞ്ഞു. മോശം വാർത്തകൾ ഇതിനകം തന്നെ വിപണി ഉൾക്കൊണ്ടുകഴിഞ്ഞുവെന്നാണ് ഞങ്ങൾ കരുതുന്നത്. യഥാർത്ഥ തിരിച്ചുവരവ് സന്പദ്ഘടന കാണിച്ചുതുടങ്ങുന്നതിനു മുന്പേ വിപണി ഉയർച്ചയിലേക്കു നീങ്ങിത്തുടങ്ങും.

ചരിത്രപരമായി നോക്കിയാൽത്തന്നെ വിപണി റിട്ടേണ്‍ ഒരിക്കലും നേർരേഖയിലല്ല. പക്ഷേ, ദീർഘകാലത്തിൽ ക്ഷമയോടെ കാത്തിരുന്നാൽ അതിനു മികച്ച ഫലം കിട്ടും.

ലാർജ് കാപ് ഓഹരികൾ 2019-ൽ പോസീറ്റീവ് റിട്ടേണ്‍ നൽകിയെങ്കിലും പൊതുവായി വിപണിയുടെ പ്രകടനം മോശമായിരുന്നു. മാത്രവുമല്ല, തുടർച്ചയായ രണ്ടാമത്തെ വർഷമാണ് മിഡ്കാപ്, സ്മോൾ കാപ് ഓഹരികൾ മോശം പ്രകടനം കാഴ്ച വയ്ക്കുന്നത്.
വിശാലാടിസ്ഥാനത്തിൽ 2020 വിപണിക്ക് തിരിച്ചുവരവിന്‍റെ വർഷമാണെന്നാണ് ഞങ്ങൾ കരുതുന്നത്. രണ്ടു വർഷത്തിനുശേഷം മിഡ് കാപ്, സ്മോൾ കാപ് ഓഹരികൾ കുത്തനെയുള്ള ഉയർച്ച കാണിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.

വി. രാജേന്ദ്രൻ
മാനേജിംഗ് ഡയറക്ടർ, കാപ്സ്റ്റോക്ക് സെക്യൂരിറ്റീസ്