സേവിംഗ്സ് അക്കൗണ്ടുകൾ; നേട്ടങ്ങൾ എറെയാണ്
ഒരു ബാങ്കോ അല്ലെങ്കിൽ പോസ്റ്റോഫീസോ നൽകുന്ന ഏറ്റവും അടിസ്ഥാനപരമായ ധനകാര്യ ഉപകരണമാണ് സേവിംഗ്സ് അക്കൗണ്ട്. വിപണിയിലുള്ള മറ്റ് ധനകാര്യ ഉപകരണങ്ങളെപ്പോലെ അത്ര ആധുനികൻ അല്ലെങ്കിലും ധനകാര്യ ഉൾപ്പെടത്തലിലേക്കുള്ള ആദ്യ പടിയാണ് സേവിംഗ്സ് അക്കൗണ്ടുകൾ.

അതുകൊണ്ടുതന്നെ സേവിംഗ്സ് അക്കൗണ്ടിന് അതിന്‍റേതായ ശക്തിയുമുണ്ട്. ബാങ്ക് ഇടപാടുകൾ ഇല്ലാത്തയാളെ ഒൗദ്യോഗികമായി ബാങ്കിംഗിലേക്ക് എത്തിക്കുന്ന ശക്തമായ ഉപകരണം തന്നെയാണിത്. സേവിംഗ്സ് അക്കൗണ്ട് നൽകുന്ന ചില പ്രധാനപ്പെട്ട പ്രയോജനങ്ങൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.

പ്രയോജനങ്ങൾ

* മറ്റ് ഏതു നിക്ഷേപത്തേയും അപേക്ഷിച്ച് ഏറ്റവും സുരക്ഷിതവും അതേസമയം നഷ്ട സാധ്യത തീരെയില്ലാത്തതുമാണ്.
* ആളുകളിൽ, പ്രത്യേകിച്ച് യുവാക്കളിൽ, സന്പാദ്യശീലം വളർത്തിയെടുക്കുന്നു.
* മോഷണം, നഷ്ടം തുടങ്ങിയവയിൽനിന്ന് പണത്തിനു സംരക്ഷണം നൽകുന്നു.
* പലിശ നേടിത്തരുന്നു. ബാങ്കുകൾക്കനുസരിച്ച് പലിശ നിരക്ക് വ്യത്യസ്തമായിരിക്കും.
* ലോകത്ത് എവിടെനിന്നും ഏതു സമയത്തും ഈ അക്കൗണ്ടിലൂടെ ഇടപാടുകൾ നടത്താം. അതായത് നിക്ഷേപം നടത്താം. തുക പിൻവലിക്കാം. പണം കൈമാറ്റം ചെയ്യാം. അക്കൗണ്ട് ഉടമയ്ക്ക നേരിട്ടും ഇലക്ട്രോണിക് ആയും ഈ അക്കൗണ്ടിന്‍റെ പ്രവർത്തനങ്ങൾ നടത്താം.
* സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് ഒരു സന്പാദ്യം രൂപപ്പെടുത്തിയെടുക്കാം അല്ലെങ്കിൽ അടിയന്തര ഫണ്ട് രൂപപ്പെടുത്തിയെടുക്കാം. വിവിധ സമയങ്ങളിലെ ധനകാര്യ ലക്ഷ്യങ്ങൾ നേടാൻ ഇതു സഹായിക്കും.

കാര്യക്ഷമമായ മാർഗം

ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം ഏറ്റവും ഫലപ്രദമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനുള്ള വഴിയാണ് സേവിംഗ്സ് അക്കൗണ്ട്. ഏറ്റവും എളുപ്പം പണമാക്കി മാറ്റാം.
വ്യക്തിപരമായ ആവശ്യത്തിനോ നിക്ഷേപത്തിനോ മറ്റേതെങ്കിലും ആവശ്യത്തിനോ എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ഉടമയ്ക്ക് പണം പിൻവലിക്കാം. അല്ലെങ്കിൽ എഫ്ഡി, ബോണ്ട്, ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങി നിക്ഷേപങ്ങളിലേക്ക് മാറ്റാം.

ബാങ്ക് നിശ്ചയിച്ചിട്ടുള്ള വളരെക്കുറഞ്ഞ തുക മിനിമം ബാലൻസായി നിലനിർത്തിക്കൊണ്ട് അക്കൗണ്ട് കൈകാര്യം ചെയ്തുകൊണ്ടുപോകാം. വളരെ എളുപ്പത്തിൽ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. അക്കൗണ്ടിലെ തുക ക്യാഷ് ആയി അപ്പോൾതന്നെ സ്വീകരിക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും അക്കൗണ്ടിലേക്കു മാറ്റാം.

പലിശ വരുമാനം

സേവിംഗ്സ് അക്കൗണ്ടിന്‍റെ ഏറ്റവും സവിശേഷമായ സംഗതി അതു പലിശ നൽകുന്നുവെന്നതാണ്. വീട്ടിലെ അലമാരിയിൽ വെറുതേ വിശ്രമിക്കേണ്ട പണത്തെ സേവിംഗ്സ് അക്കൗണ്ടിലിടുന്നതു വഴി പലിശയെന്ന അധിക നേട്ടംകൂടി ലഭിക്കുന്നു.

സേവിംഗ്സ് അക്കൗണ്ടിലെ തുകയ്ക്ക് വിവിധ ബാങ്കുകളിൽ 3.25-7 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരൻമാർക്ക് ഈ പലിശ നിരക്കിൽ നിന്നും സാധാരണയായി അൽപ്പം കൂടി ഉയർന്ന പലിശ ലഭിക്കും. ശരിയായി പ്ലാൻ ചെയ്താൽ ഇങ്ങനെ ലഭിക്കുന്ന പലിശ കൂട്ടിവച്ച് യാത്ര, കുട്ടികളുടെ വിദ്യാഭ്യാസം, കല്യാണം, ചികിത്സ, മറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് തുക കണ്ടെത്താൻ സാധിക്കും.


അനുബന്ധ നേട്ടങ്ങൾ വേറെയും

മിക്ക ബാങ്കുകളും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് കുറഞ്ഞ വാർഷിക നിരക്കിൽ ലോക്കർ സൗകര്യങ്ങൾ നൽകുന്നുണ്ട്. സ്വർണം, ഡോക്കുമെന്‍റുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ ഈ ലോക്കറുകളിൽ സൂക്ഷിക്കുവാൻ സാധിക്കും.

ബാങ്കിംഗ് പ്രവർത്തന സമയത്ത് ഈ ലോക്കർ കൈകാര്യം ചെയ്യാൻ അക്കൗണ്ട് ഉടമയ്ക്കു സാധിക്കുകയും ചെയ്യും.

കടുത്ത മത്സരം നടക്കുന്ന ഈ കാലഘട്ടത്തിൽ ബാങ്കുകൾ കൂടുതൽ കൂടുതൽ നവീനമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഉദാഹരണത്തിന്, ചില ബാങ്കുകൾ ക്യാഷ് ബാക്ക് സൗകര്യങ്ങൾ നൽകുന്നുണ്ട്. ഈ അക്കൗണ്ട് ഉപയോഗിച്ചുകൊണ്ട് പോയിന്‍റ് ഓഫ് സെയിൽ ഇടപാടിൽ ക്യാഷ് ബാക്ക് നേടാം. ഡെബിറ്റ് കാർഡ് സ്വൈപ് ചെയ്യുന്പോഴും ക്യാഷ് ബാക്ക് ലഭിക്കും.

ചില പുതുതലമുറ ബാങ്കുകൾ മെച്ചപ്പെട്ട ശരാശരി ബാലൻസ് സൂക്ഷിക്കുന്നതിന് ക്യാഷ് ബാക്ക് നൽകാറുണ്ട്. ചില ബാങ്കുകൾ കുറേക്കൂടി മുന്നോട്ടു പോയി അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി ലൈഫ് ഇൻഷുറൻസ് പോളിസി നൽകുന്നുണ്ട്. സ്ഥിര നിക്ഷേപത്തിലെ തുക, ഇടപാടുകാരന്‍റെ പ്രായം തുടങ്ങിയ കണക്കിലെടുത്താണ് ലൈഫ് ഇൻഷുറൻസ് പോളിസി നൽകുന്നത്.

ബാങ്കിംഗ് സേവനങ്ങൾ വിരൽത്തുന്പിൽ

നിരവധി ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടിനൊപ്പം ഇന്‍റർനാഷണൽ ഡെബിറ്റ് കാർഡാണ് നൽകുന്നത്. ഈ കാർഡ് ഉപയോഗിച്ച് വിദേശ ഇടപാടുകൾ നടത്താനും സാധിക്കും. ഭക്ഷണ-പാനീയങ്ങൾ, വിനോദം തുടങ്ങിയവയ്ക്ക് ഈ കാർഡ് ഉപയോഗിക്കുന്പോൾ നിരവധി ആനുകൂല്യങ്ങൾ കാർഡ് ഉടമയ്ക്ക് ലഭിക്കാറുണ്ട്. ചുരുക്കത്തിൽ സേവിംഗ്സ് അക്കൗണ്ടുകൾ ഉടമയ്ക്ക് സന്പാദ്യ ശീലത്തിനൊപ്പം അധിക നേട്ടങ്ങളും നൽകുന്നു.

കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ സാങ്കേതിക വിദ്യയും ഡിജിറ്റൽ ബാങ്കിംഗും ബാങ്കിംഗ് മേഖലയെ അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. മിക്ക ബാങ്കിംഗ് സേവനങ്ങളും അക്കൗണ്ട് ഉടമയുടെ കൈവിരൽത്തുന്പിൽ 24 മണിക്കൂറും ലഭ്യമാണ്. ബാങ്ക് ശാഖയിൽ ഒരിക്കൽപ്പോലും പോകേണ്ടതില്ല. ചുരുക്കത്തിൽ ഒരു മൗസ് ക്ലിക്കിൽ ബാങ്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നു.
പുതിയ തലമുറ, പ്രത്യേകിച്ചും ഈ നൂറ്റാണ്ടിൽ ജനിച്ചവർ പെട്ടെന്ന് സാങ്കേതിക വിദ്യ സ്വീകരിക്കുന്നുവെന്നു മാത്രമല്ല അവരുടേതായ ധനകാര്യ രീതി തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
ജീവിതകാലത്തേക്കുള്ള സന്പാദ്യശീലവും ധനകാര്യ സ്വാതന്ത്ര്യവും ആർജിക്കുന്നതിനുള്ള ആദ്യത്തെ ചുവടുവയ്പാണ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടെന്ന് ധനകാര്യ ഉൾപ്പെടുത്തൽ ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ജൻ ധൻ യോജന പദ്ധതി തന്നെ തെളിവാകുന്നു.

പ്രവീണ്‍ കുട്ടി
റീട്ടെയിൽ - എംഎസ്എംഇ ബാങ്കിംഗ് മേധാവി,
ഡിസിബി ബാങ്ക്