സ്രോതസ് വിശദീകരിക്കാൻ കഴിയാത്ത നിക്ഷേപങ്ങളുടെ നികുതി
സ്രോതസ് വിശദീകരിക്കാൻ  കഴിയാത്ത നിക്ഷേപങ്ങളുടെ നികുതി
Tuesday, January 28, 2020 5:23 PM IST
നികുതിദായകന്‍റെ ബുക്കിൽ നിക്ഷേപം / ഡെപ്പോസിറ്റായി കാണിക്കുകയും ആ പണത്തിന്‍റെ ഉറവിടം ആദായനികുതി ഉദ്യോഗസ്ഥനു തൃപ്തികരമായ വിധത്തിൽ വിശദീകരിച്ചുനൽകുവാൻ സാധിക്കാതെയും വരുന്ന സാഹചര്യത്തിൽ പ്രസ്തുത തുകയെ നികുതിദായകന്‍റെ തന്നെ വരുമാനമായി കണക്കാക്കുന്നതാണ്.

നൽകേണ്ട തെളവുകൾ

ഉദ്യോഗസ്ഥൻ മുന്പാകെ നൽകേണ്ട തെളിവുകൾ എന്തൊക്കെയാണ്?
നികുതിദായകന്‍റെ ബുക്കിൽ കടമായി പണം കൊണ്ടുവന്നതായി കാണിച്ചാൽ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉദ്യോഗസ്ഥൻ മുന്പാകെ നികുതിദായകൻ നൽകേണ്ടത്.
1. തുക തന്ന വ്യക്തിയുടെ വ്യക്തമായ ഐഡന്‍റിറ്റി
2. ഈ തുക കൊടുക്കാനുള്ള ആ വ്യക്തിയുടെ സാന്പത്തികശേഷി
3. ആ ഇടപാടിന്‍റെ നിജസ്ഥിതി.

ഈ തെളിവുകൾ ആദായനികുതി ഉദ്യോഗസ്ഥൻ മുന്പാകെ നൽകിയാൽ അദ്ദേഹം തൃപ്തനായിക്കൊള്ളും.

ആദായനികുതി ഉദ്യോഗസ്ഥന് ആ വ്യക്തിയോട് കൂടുതൽ വിവരങ്ങൾ ചോദിക്കാനും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അധികാരമുണ്ട്.

നികുതിദായകന്‍റെ പേരിൽ പ്രസ്തുത തുക വരുമാനത്തിൽ കൂട്ടുന്നതിനുതാഴെ പറയുന്ന കാര്യങ്ങൾ ബാധകമാണ്.
1. ആ സാന്പത്തികവർഷം നികുതിദായകൻ കണക്കുബുക്കുകൾ തയാറാക്കി സൂക്ഷിച്ചിരിക്കണം.
2. നികുതിദായകന്‍റെ കണക്കുബുക്കിൽ പ്രസ്തുത തുക ക്രെഡിറ്റ് ചെയ്തിരിക്കണം.
3. പ്രസ്തുത തുകയുടെ ഉറവിടത്തെപ്പറ്റി നികുതിദായകനു തൃപ്തികരമായ വിധത്തിൽ വിശദീകരണം നൽകാൻ സാധിക്കാതെ വരിക.
4. പ്രസ്തുത തുകയുടെ സ്വഭാവത്തെക്കുറിച്ച് നികുതിദായകന് വിശദീകരണം നൽകാൻ സാധിക്കാതെ വരിക.
5. വിശദീകരണം ആദായനികുതി ഉദ്യോഗസ്ഥന് തൃപ്തികരമായി തോന്നാതിരുന്നാൽ.
യഥാർഥത്തിൽ പണം കടമായി തരികയും പിന്നീട് ആദായനികുതി ഉദ്യോഗസ്ഥൻ മുന്പാകെ മാറ്റി പറയുകയും ചെയ്താൽ

ഇങ്ങനെയുള്ള കേസുകൾ ചുരുക്കമായെങ്കിലും ഉണ്ടാവാറുണ്ട്. പണം തന്ന വ്യക്തിക്ക് ആവശ്യത്തിനുള്ള സ്രോതസ് ഇല്ലാതിരിക്കുന്ന സന്ദർഭങ്ങളിലാണ് ഇതു സംഭവിക്കുന്നത്. ആ സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥൻ അസസിക്കെതിരായ മൊഴി ഫയലിൽ സ്വീകരിക്കുന്നതിനുമുന്പ് അദ്ദേഹത്തെ അറിയിക്കുകയും വിശദീകരണത്തിന് അവസരം കൊടുക്കുകയും വേണം. നികുതിദായകന് എതിരായി മൊഴികൊടുത്ത വ്യക്തിയെ ക്രോസ് വിസ്താരം ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കണം.

പല പ്രാവശ്യങ്ങളിൽ പണം നിക്ഷേപമായി കാണിക്കുകയും തിരിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ

ആകെ വരവുവച്ച തുക എല്ലാം ആദായമായി കണക്കാക്കേണ്ടതില്ല. മറിച്ച് പീക്ക് ക്രെഡിറ്റ് (എന്നുപറഞ്ഞാൽ ആ വർഷത്തിനിടയ്ക്ക് ഏറ്റവും കൂടുതൽ തുക വരവ് വച്ചിരിക്കുന്നത് തിരികെക്കൊടുത്തു കഴിഞ്ഞ് ബാക്കിയുള്ള ബാലൻസ് തുക) എടുത്ത് ആദായമായി കണക്കാക്കും.

ബിസിനസിൽ ഒരു പാർട്ണറുടെ പേരിൽ പണം നിക്ഷേപമായി കാണിച്ചാൽ എന്താണ്
പാർട്ണറുടെ പേരിൽ തുക നിക്ഷേപമായി കാണിക്കുകയും അതിനു ശരിയായ വിശദീകരണം കൊടുക്കാൻ അദ്ദേഹത്തിനു സാധിക്കാതെയും വന്നാൽ ഈ തുക ഫേമിന്‍റെ വരുമാനമായി 68-ാം വകുപ്പ് ഉപയോഗിച്ച് കണക്കാക്കാൻ സാധിക്കില്ല. മറിച്ച് 69-ാം വകുപ്പിൽ വിശദീകരിക്കാൻ സാധിക്കാത്ത നിക്ഷേപമായി അതിനെ കണക്കാക്കുകയും പാർട്ണറുടെ വരുമാനമായി കണക്കാക്കി അദ്ദേഹത്തിന്‍റെ പേരിൽ അസസ്മെൻറ് നടത്തുകയുമാണ് ചെയ്യുന്നത്.


ബിൽ പേമെന്‍റുകൾക്കും ബാധകം

യഥാർഥത്തിൽ ചരക്കു വാങ്ങിയ പണം കാഷായി നൽകുകയും കണക്കുബുക്കിൽ ബിൽ നിലനിർത്തുകയും ചെയ്യുന്ന രീതി ചില സ്ഥാപനങ്ങൾ അനുവർത്തിക്കാറുണ്ട്. ഇതിനും 68 ാം വകുപ്പ് ബാധകമാണ്. ഉറവിടം ഇല്ലാത്ത പണത്തിന് തുല്യമായി ഇതും പരിഗണിക്കപ്പെടും.

തെളിയിക്കാനുള്ള ചുമതല

ബുക്കിൽ കാണപ്പെട്ട പണം യഥാർഥത്തിൽ എഴുതിയിരിക്കുന്നത് സത്യംതന്നെ ആണെന്നു തെളിയിക്കാനുള്ള ചുമതല നികുതിദായകനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. മറിച്ച്, നൽകിയ തെളിവ് സ്വീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഉദ്യോഗസ്ഥർ അതിനു തക്കതായ തെളിവ് ഹാജരാക്കണം.

സ്രോതസ് വിശദീകരിക്കാത്ത പണത്തിന്‍റെ നികുതി

സ്രോതസ് വിശദീകരിക്കാൻ സാധിക്കാത്ത പണം നികുതിദായകന്‍റെ അക്കൗണ്ടിലെ വരുമാനമായി കണക്കാക്കും. അവക്കു പ്രത്യേകം നിരക്കിൽ നികുതി ചുമത്തും. അവയ്ക്ക് നികുതിയുടെ സ്ലാബോ അടിസ്ഥാന കിഴിവോ ബാധകമാവില്ല. യാതൊരുവിധ കിഴിവും നല്കാതെ 60 ശതമാനം നികുതിയും അതിന്‍റെ 25 ശതമാനം സർചാർജും 6 ശതമാനം പെനാൽറ്റിയും ചുമത്തും. മുൻകാലനഷ്ടങ്ങളും ഇതിന്മേൽ സെറ്റോഫ് ചെയ്യാൻ സാധിക്കില്ല.

സ്രോതസ് തെളിയിക്കാത്ത ഇൻവെസ്റ്റ്മെന്‍റുകളും ചെലവുകളും

ഏതെങ്കിലും സാന്പത്തികവർഷത്തിൽ നികുതിദായകൻ നിക്ഷേപം നടത്തുകയും അവ കണക്കുബുക്കുകളിൽ വെളിപ്പെടുത്താതിരിക്കുകയും അദ്ദേഹത്തിന് ആ നിക്ഷേപങ്ങളുടെ സ്രോതസ് നികുതി ഉദ്യോഗസ്ഥന്‍റെ മുന്പാകെ തൃപ്തികരമായ വിധത്തിൽ വെളിപ്പെടുത്താൻ സാധിക്കാതെയും വന്നാൽ പ്രസ്തുത നിക്ഷേപങ്ങൾ നടത്തിയ വർഷത്തിലെ വരുമാനമായി ആ തുക കണക്കാക്കുകയും അതിന്മേൽ ബാധകമായ നികുതിയും പിഴയും ചുമത്തുന്നതുമാണ്. ഇത് ആദായനികുതി നിയമത്തിലെ വകുപ്പ് 69 അനുസരിച്ചാണ്.

പ്രസ്തുത വകുപ്പ് ബാധകമാകുന്നതിന് നികുതിദായകന്‍റെ കണക്കുബുക്കുകളെ അടിസ്ഥാനമാക്കുന്നില്ല.

അതുപോലെതന്നെ നികുതിദായകന്‍റെ പക്കൽ പണമോ സ്വർണമോ പോലുള്ള വിലപിടിച്ച വസ്തുക്കളുണ്ട് എന്ന് നികുതി ഉദ്യോഗസ്ഥന് ബോധ്യമാകുകയും അവയുടെ ഉറവിടം അദ്ദേഹത്തിന് തൃപ്തികരമായ വിധത്തിൽ വിശദീകരിച്ചുനൽകാൻ സാധിക്കാതെയും വരുന്ന അവസരങ്ങളിൽ അവ സന്പാദിച്ച വർഷത്തെ വരുമാനമായി നികുതിദായകന്‍റെ പ്രസ്തുത വർഷത്തെ വരുമാനത്തിൽ കൂട്ടി നികുതി കണക്കാക്കുന്നതാണ്. ഇതിനും നികുതിക്കുപുറമെ പിഴയും പലിശയും ബാധകമാണ്.

നികുതിദായകൻ ഏതെങ്കിലും വർഷത്തിൽ പണം ചെലവാക്കുകയും പ്രസ്തുത ചെലവുകളുടെ ഉറവിടത്തെപ്പറ്റി നികുതി ഉദ്യോഗസ്ഥന്‍റെ മുന്പിൽ തൃപ്തികരമായ വിധത്തിൽ വിശദീകരണം നൽകാൻ സാധിക്കാതെയും വന്നാൽ അവയെ നികുതിദായകന്‍റെ വരുമാനമായി കണക്കാക്കാവുന്നതാണ്. കൂടുതലായ പ്രസ്തുത ചെലവുകളെ പിന്നീട് ഏതെങ്കിലും നികുതി അടയ്ക്കുന്ന വരുമാനത്തിന്‍റെ പേരിൽ ചെലവഴിച്ചതായി കണക്കാക്കുകയുമില്ല.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടന്‍റ്