ക്രെഡിറ്റ് കാർഡ് തിരിച്ചടവ് വൈകിയാൽ
ക്രെഡിറ്റ് കാർഡ്  തിരിച്ചടവ് വൈകിയാൽ
Saturday, January 25, 2020 2:42 PM IST
ഒരു വായ്പയ്ക്കോ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിനോ വേണ്ടി ഒരു ബാങ്കിനെയോ ധനകാര്യ സ്ഥാപനങ്ങളെയോ സമീപിച്ചാൽ അവർക്ക് അറിയേണ്ടത് അപേക്ഷകന് പണം തന്നാൽ തിരിച്ചടയ്ക്കുമോ എന്നതാണ്. ഇതിനു മുന്പ് എടുത്ത വായ്പകൾ കൃത്യ സമയത്ത് തിരിച്ചടച്ചിരുന്നോ എന്നു പരിശോധിക്കും. നിലവിലെ ബാധ്യതകളെക്കുറിച്ച് പരിശോധിക്കും. ഭാവിയിൽ വായ്പ എടുത്താലും തിരിച്ചടക്കുമോ എന്നറിയനാണിത്. തിരിച്ചടവിലുണ്ടാകുന്ന കാലതാമസവും തിരിച്ചടവ് മുടങ്ങുന്നതും ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.

പരിണിതഫലങ്ങൾ

തിരിച്ചടവ് മുടങ്ങുന്നത് ഏറ്റവും മേശമായി ബാധിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ തന്നെയാണ്. അത് ഭാവിയിൽ വായ്പ എടുക്കുന്നതിനേയും മോശമായി ബാധിക്കുകയും ചെയ്യും.
തിരിച്ചടവിന് താമസം വന്നാൽ അത് വായ്പക്കാരന്‍റെ ക്രെഡിറ്റ് സ്കോറിനെ മാത്രമേ ബാധിക്കൂ. എന്നാൽ തിരിച്ചടവ് മുടങ്ങിയാൽ അത് ധനകാര്യ സ്ഥാപനത്തിന്‍റെ സാന്പത്തിക സ്ഥിതിയെയും ബാധിക്കും.

ബാങ്കോ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളോ ലക്ഷ്യം വെയ്ക്കുന്നത് നിഷ്ക്രിയ ആസ്തി കുറയ്ക്കാനാണ്. മറിച്ച് നിഷ്ക്രിയ ആസ്തി കൂടിക്കൊണ്ടിരിക്കുകയാണെങ്കിൽ ആർബിഐയുടെ നിരീക്ഷണത്തിലാകും ഈ സ്ഥാപനങ്ങൾ. കൂടാതെ പ്രവർത്തന നിയന്ത്രണങ്ങളിലേക്കും മറ്റും കാര്യങ്ങൾ നീളുകയും ചെയ്യും.

ക്രെഡിറ്റ് സ്കോർ കുറഞ്ഞെന്നു കരുതി വായ്പ ലഭിക്കാതിരിക്കില്ല. ഉയർന്ന പലിശയ്ക്ക് കുറഞ്ഞ തുകയായിരിക്കും ലഭിക്കുന്നത്. വായ്പയായി ലഭിക്കുന്ന തുക ക്രെഡിറ്റ് സ്കോറിനെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്. ക്രെഡിറ്റ് സ്കോറിനൊപ്പം തന്നെ വായ്പ എടുക്കുന്നയാളുടെ വരുമാനം, നലിവിലുള്ള ബാധ്യതകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയെ ലഭിക്കുകയുള്ളു.

പരിണിതഫലങ്ങൾ എത്രത്തോളം

തിരിച്ചടവ് മുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിണിതഫലങ്ങൾ മുടങ്ങിയ തുക, എത്ര തവണ തിരിച്ചടവ് മുടങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. അതുപോലെ തന്നെ മറ്റൊരു വായ്പയ്ക്ക് അപേക്ഷിക്കുന്പോൾ ഏതു തരത്തിലുള്ള വായ്പയ്ക്കാണ് അപേക്ഷിച്ചിരിക്കുന്നത് എന്നതും ഇതിനെ ആശ്രയിച്ചിരിക്കുന്നു.

ഒന്നോ രണ്ടോ തവണയെ തിരിച്ചടവ് മുടക്കിയിട്ടുള്ളുവെങ്കിൽ ക്രെഡറ്റ് സ്കോർ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ വീണ്ടെടുക്കാം. വലിയ വായ്പകൾക്കും മറ്റും അപേക്ഷിക്കുന്പോൾ ഓട്ടോമാറ്റിക്കായി വായ്പ അപേക്ഷകൾ തള്ളിപ്പോകുന്നത് ഒഴിവാക്കാനും കൃത്യമായ തിരിച്ചടവ് സഹായിക്കും. ഉദാഹരണത്തിന,് ഒരു ഭവന വായ്പയ്ക്ക് അപേക്ഷിക്കുകയാണെന്നിരിക്കട്ടെ. പത്തു മുതൽ 20 വർഷം വരെ ദീർഘനാളത്തേക്കുള്ള വായ്പയാണെങ്കിൽ വായ്പാസ്ഥാപനങ്ങൾ കഴിഞ്ഞ മൂന്നു നാല് വർഷത്തെ അപേക്ഷകന്‍റെ ക്രെഡിറ്റ് ആക്ടിവിറ്റികൾ പരിശോധിക്കും.

അതുകൊണ്ടു തന്നെ ക്രെഡിറ്റ് ഹിസ്റ്ററി കൃത്യമാക്കി വെയ്ക്കുക എന്നത് പ്രധാനമാണ്.

ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടക്കിയാൽ ക്രമിനൽ കുറ്റം

അടുത്തയിടെ എസ്ബിഐ പുറത്തിറക്കിയ റിപ്പോർട്ടിൽ ബാങ്ക് 19,201 പേർക്കെതിരെ നെഗോഷിയബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ട് സെക് ഷൻ 138 പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2007 ലെ പേമെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് ആക്ട് സെക് ഷൻ 25 പ്രകാരം 14,174 പേർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചുള്ള തിരിച്ചടവുകൾ മുടങ്ങിയവർക്കെതിരെയാണ് ഈ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങുന്ന സാഹചര്യങ്ങളിലും മറ്റും ചുമത്തുന്നതാണ് സെക്ഷൻ 138 പ്രകാരമുള്ള കേസ്. പേമെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് ആക്ട് പ്രകാരമുള്ള കേസ് ഇലക്ട്രോണിക് പേമെന്‍റ് മുടങ്ങിയാലും ഫയൽ ചെയ്യുന്നതാണ്. വായ്പ എടുക്കുന്നവർ ഓർക്കുക ഒരു ചെറിയ കടവും അത്ര നിസാരമല്ല. തിരിച്ചടവ് തുടർച്ചയായി മുടങ്ങിയാൽ അത് ക്രമിനൽ കുറ്റമായി തീരും.

തിരിച്ചടവ് മുടങ്ങിയാൽ ബാങ്കോ അല്ലെങ്കിൽ ധനകാര്യ സ്ഥാപനമോ ഉപഭോക്താവിനെ എസ്എംഎസ് മുഖേനയും ഫോണ്‍ വഴിയും അറിയിക്കും. അതിനുശേഷവും ഉപഭോക്താവിന്‍റെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ലെങ്കിൽ കാർഡും ഉപഭോക്താവിന്‍റെ അക്കൗണ്ടും ഭാഗികമായും പിന്നീട് പൂർണമായും ബ്ലോക്ക് ചെയ്യും.

പിന്നീട് റിക്കവറി പൂളിലേക്ക് അക്കൗണ്ട് മാറ്റും. തുടർന്ന് ആർബിട്രേഷൻ, അനുരഞ്ജന ചർച്ചകൾ, നിയമപരമായ നടപടികൾ എന്നിവയിലേക്ക് നീങ്ങും. ഇത് രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കുന്നതിനു വരെ കാരണമാകും. സ്ഥാപനങ്ങൾ ഒരു മാസത്തെ സമയം സാധാരണയായി ബാധ്യത തീർക്കാൻ നൽകാറുണ്ട്. ആ സമയത്ത് പിഴയോടു കൂടി ബാധ്യത തീർക്കാനായാൽ ശിക്ഷയിൽ നിന്നും ഒഴിവാകാം. ശിക്ഷകൾക്കു പുറമെ റേറ്റിംഗ് ഏജൻസികളുടെ ബ്ലാക്ക് ലിസ്റ്റിൽ നിങ്ങളുടെ പേര് വരാനും കാരണമാകും.

തിരിച്ചടവിലെ താമസവും മുടക്കവും

തിരിച്ചടവ് നടത്തേണ്ട തീയ്യതി കഴിഞ്ഞ് ഓന്നോ രണ്ടോ ദിവസം താമസിച്ച് തിരിച്ചടവ് നടത്തുന്നതാണ് തിരിച്ചടവിലുണ്ടാകുന്ന കാല താമസം. ഇങ്ങനെ സംഭവിക്കുന്പോൾ ദിവസേനയോ അല്ലെങ്കിൽ മാസഅടിസ്ഥാനത്തിലോ പിഴ നൽകേണ്ടി വരും. എത്ര ദിവസം താമസിച്ചു എന്നത് കണക്കാക്കിയാണ് പിഴ നിശ്ചയിക്കുന്നത്. ഇങ്ങനെ ചെയ്യുന്പോൾ ക്രെഡിറ്റ് സ്കോറിനെ ഇത് അത്ര കാര്യമായി ബാധിക്കില്ല.

എന്നാൽ ഒന്നിൽ കൂടുതൽ തവണ തുടർച്ചയായി തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിനെ കാര്യമായിത്തന്നെ ബാധിക്കും.