രോഗം രൂക്ഷം; മരുന്ന് മാറണം
റ്റി.സി. മാത്യു

ഇതാണു തറനില. ഇനി താഴോട്ടുപോകില്ല. ഒക്ടോബർ-ഡിസംബർ ത്രൈമാസം മുതൽ ജിഡിപി വളർച്ച കൂടും.

ഇങ്ങനെയാണ് ഗവണ്‍മെന്‍റ് പ്രതികരിച്ചത്. പക്ഷേ, ജിഡിപി കണക്കുകൾ പുറത്തുവന്ന ദിനത്തിൽത്തന്നെ വേറൊരു കണക്ക് പുറത്തുവന്നു. കാതൽ മേഖലയിലെ വ്യവസായ വളർച്ച. ഒക്ടോബറിൽ ഇവ വളരുകയല്ല ചുരുങ്ങുകയാണു ചെയ്തത്. 5.8 ശതമാനം ചുരുങ്ങൽ. അതിനർഥം വ്യവസായ ഉത്പാദന സൂചിക (ഐഐപി) അടുത്ത ദിവസം വരുന്പോൾ വളർച്ചയല്ല തളർച്ചയാണെന്നു കാണും എന്നാണ്. സെപ്റ്റംബറിൽ കാതൽ മേഖല 5.1 ശതമാനം ചുരുങ്ങിയിരുന്നു. ഇപ്പോഴത്തെ തളർച്ച 13 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയാണ്.
നവംബറിലെ വാഹന വില്പന മെച്ചപ്പെടുമെന്നു കരുതിയവർക്കും തെറ്റി. വാണിജ്യ വാഹന വില്പനയിൽ 44 ശതമാനം ഇടിവുണ്ടെന്നാണു സൂചന. ടൂവീലർ വില്പനയും താഴെ.

തറനിലയായോ?

മൂന്നാം ത്രൈമാസത്തിലെ രണ്ടുമാസങ്ങളുടെ കാര്യം മോശം എന്നു ചുരുക്കം. കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ കണ്ടെത്തിയ തറ ശരിയായ തറയായിരിക്കണമെന്നില്ല.

ആറരവർഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട വളർച്ച എന്തുകൊണ്ടാണെന്ന് ഇതിനകം എല്ലാവർക്കും ബോധ്യമായി. രണ്ടു കാര്യങ്ങളിൽ തിരിച്ചടി ഉണ്ടായി.

ഒന്ന്: സ്വകാര്യ ഉപഭോഗം.
രണ്ട്: മൂലധന നിക്ഷേപം
സർക്കാരിന്‍റെ പണം

സർക്കാർ ചെലവ് കൂട്ടി. അതത്രയും നല്ലത്. പക്ഷേ, സർക്കാർ ചെലവ് രണ്ടാംപകുതിയിലും കൂടുമെന്ന് ഉറപ്പില്ല. രണ്ടാം ത്രൈമാസത്തിൽ സർക്കാർ ചെലവ് 15.6 ശതമാനമാണു വർധിച്ചത്; തലേവർഷം 10.9 ശതമാനം കൂടിയ സ്ഥാനത്താണിത്.

ഗവണ്‍മെന്‍റ് നേരത്തേ പറഞ്ഞിരുന്നതാണിത്. സർക്കാരിന്‍റെ മൂലധനച്ചെലവടക്കമുള്ളവ ആദ്യപകുതിയിൽത്തന്നെ വേഗത്തിലാക്കും എന്ന്. പക്ഷേ, രണ്ടാം പകുതി വരുന്പോൾ അതു കൂട്ടാൻ മാർഗമില്ല.

ചൈനാ താരതമ്യം

ഒന്നാം ത്രൈമാസത്തിൽ അഞ്ചും രണ്ടാമത്തേതിൽ 4.5 ഉം ശതമാനം വളർന്നപ്പോൾ അർധവർഷ വളർച്ച 4.8 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ സമയത്ത് 7.5 ശതമാനമുണ്ടായിരുന്നു. അതിലും മോശമായ ഒരു താരതമ്യമുണ്ട്. ചൈനയുടെ വളർച്ചയുമായി. ജൂലൈ -സെപ്റ്റംബറിൽ ചൈന ആറുശതമാനം വളർന്നു. ഇന്ത്യ 4.5 ശതമാനവും.

പരിഹാരം കാണുമോ

മാന്ദ്യം ഇല്ലെന്നു ധനമന്ത്രി അടുത്തയിടെ പാർലമെന്‍റിൽ പറഞ്ഞു. സാങ്കേതികമായി അതു ശരിയാണ്. രണ്ടു ത്രൈമാസം വളർച്ചയ്ക്കു പകരം ജിഡിപിയുടെ ചുരുങ്ങൽ ഉണ്ടായാലേ മാന്ദ്യം എന്നു പറയാവൂ. ഇവിടെ അതില്ല. വളർച്ചത്തോത് ഒന്നരവർഷം മുന്പണ്ടായിരുന്നതിന്‍റെ പകുതിയിൽ താഴെയായതേ ഉള്ളൂ. സാന്പത്തിക മുരടിപ്പാണുള്ളത്.


ഇതിനെന്താണു പരിഹാരം. ഇതുവരെ ചെയ്ത ചികിത്സകൾ ഇവയാണ്. പലിശ കുറച്ചു. റിസർവ് ബാങ്ക് റീപോ നിരക്ക് 1.35 ശതമാനം കുറച്ചു. ഇനിയും കുറയ്ക്കും. കന്പനികളുടെ ആദായനികുതി കുറച്ചു. വ്യക്തികൾക്ക് ആശ്വാസമില്ല.

ഈ നടപടികൾകൊണ്ട് ഉദ്ദേശിക്കുന്നതു കുറഞ്ഞ പലിശയ്ക്കു പണമെടുത്തു കൂടുതൽ വ്യവസായങ്ങൾ തുടങ്ങുക. മൂലധന നിക്ഷേപം കൂട്ടുക. നികുതി കുറവായതിനാൽ കന്പനികൾക്കു സന്തോഷമാകും.

വില്പന തളർന്നു

ഒരു കാര്യം സർക്കാർ മറന്നു. വില്പന കുറഞ്ഞതുകൊണ്ട് കന്പനികൾ വികസനം നീട്ടിവച്ചു. ചില വാഹന കന്പനികൾ ഉത്പാദനം കുറച്ചു. പണിക്കാരെ കുറച്ചു.

ജനം ചെലവാക്കുന്ന പണം കൂടുന്നില്ല. വില്പന കൂടുന്നില്ല. അതുകൊണ്ടാണു തൊഴിൽ കുറയുന്നത്.

ചെലവാക്കാൻ കൂടുതൽ പണം ജനത്തിനു കിട്ടണം. അതുണ്ടായാൽ വാങ്ങൽ കൂടും; വില്പന കൂടും; പണികൂടും.

ലാഭത്തിനു നികുതി കുറവാകുന്പോഴല്ല മൂലധന നിക്ഷേപം ഉണ്ടാകുന്നത്; വില്പന കൂടുന്പോഴാണ്. വാങ്ങാൻ കൂടുതൽ പേരെ പ്രാപ്തരാക്കുന്ന നയങ്ങൾ വേണം. കന്പനികളെ പ്രീതിപ്പെടുത്താൻ മത്സരിക്കുന്നവർ ആൾക്കാരുടെ കൈയിൽ പണവും അവർക്കു പണിയും ഇല്ലെന്നതു കാണുന്നില്ല.

അവരുടെ ക്രയശേഷി കൂട്ടാവുന്ന നടപടികളിലേക്കു നീങ്ങുന്പോഴേ മുരടിപ്പും തളർച്ചയും മാറൂ.

വാങ്ങലും നിക്ഷേപവും കുറഞ്ഞു

ആൾക്കാർ ഉപഭോഗച്ചെലവ് കുറച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ജനങ്ങളുടെ ഉപഭോഗം (പ്രൈവറ്റ് ഫൈനൽ കണ്‍സംഷൻ എക്സ്പെൻഡിച്ചർ) 9.8 ശതമാനം കൂടി; ഇത്തവണ 5.1 ശതമാനം മാത്രം കൂടി. ജനങ്ങളുടെ കൈയിൽ വേണ്ടത്ര പണമില്ലാഞ്ഞിട്ടാണിത്. അല്ലാതെ സന്പാദ്യശീലം വർധിച്ചിട്ടല്ല.

മൂലധന നിക്ഷേപം തലേവർഷം 11.8 ശതമാനം വർധിച്ച സ്ഥാനത്ത് ഇത്തവണ മൂന്നുശതമാനം കുറഞ്ഞു.

ജനങ്ങൾ പണം ചെലവഴിക്കുന്നതും വ്യവസായികൾ മൂലധനം നിക്ഷേപിക്കുന്നതും കുറഞ്ഞു. വളർച്ചയും കുറഞ്ഞു. അപ്പോൾ 4.5 ശതമാനം വളർച്ച എങ്ങനെ സാധിച്ചു.