ഐടി കന്പനികളിലെ മിഡിൽ മാനേജ്മെന്‍റിലെ 5-10 ശതമാനം തൊഴിൽ നഷ്ടം ഏതാണ്ട് യാഥാർത്ഥ്യമാവുകയാണ്. അതായത് രാജ്യത്തെ വൻകിട ഐടി കന്പനികളിൽനിന്ന് പതിനായിരത്തോളം പേർ ജോലിയില്ലാതെ പുറത്തു പോകേണ്ടി വരുമെന്നാണ്. കോഗ്നിസെൻസ് ടെക്നോളജീസ് അതിനു തുടക്കമിടുകയും ചെയ്തു.അടുത്ത ഏതാനും ക്വാർട്ടറുകളിൽ കന്പനിയിൽനിന്ന് പതിനായിരം മിഡ് മാനേജ്മെന്‍റ് ഐടി പ്രഫഷണലുകൾ തൊഴിലില്ലാത്തവരായിപോകും.

സാന്പത്തിക വളർച്ചയുടെ വേഗം കുറയുന്പോൾ ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ കൂടെക്കുടെയുണ്ടാകുക സ്വഭാവികമാണ്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അടുത്ത തൊഴിൽ ലഭിക്കുന്നതുവരെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം. അതിനു പണം വേണം. പെട്ടെന്നുണ്ടാകുന്ന ചെലവുകൾ, ഉയർന്ന മറ്റു ചെലവുകൾ തുടങ്ങിയവയെ നേരിടാൻ അടിയന്തര നിധി സഹായിക്കും. ഇത്തരത്തിൽ അടിയന്തരമായി പണം ആവശ്യം വരുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോൾ.

ഇതിനുള്ള വഴിയാണ് ജോലി കിട്ടുന്പോൾ തന്നെ അടിയന്തര നിധിക്കു രൂപം നൽകുകയെന്നത്. ഒറ്റയടിക്ക് ഇത്തരത്തിൽ അടിയന്തര നിധി സ്വരൂപിക്കുക മിക്കവരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരിക്കും. അതിനാൽ രണ്ടോ മൂന്നോ നാലോ വർഷങ്ങൾകൊണ്ട് ആവശ്യത്തിനുള്ള തുക കണ്ടെത്തുകയെന്നതാണ് വഴി.

ഇത്തരത്തിലുള്ള അടിയന്തര ഫണ്ട് നൽകുന്ന ധനകാര്യ ആത്മവിശ്വാസം വളരെ വലുതാണ്. സുരക്ഷിതത്വവും ഉറപ്പു നൽകുന്നു.

എന്തൊക്കെയാണ് അടിയന്തരം

ഇത്തരത്തിലുള്ള നിധി സ്വരൂപിക്കുന്നത് ഏതൊക്കെ ആവശ്യങ്ങൾക്കുവേണ്ടിയാണെന്ന് ആദ്യമേ നിശ്ചയിക്കുക. എങ്കിൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകും. ഈ തുകയിൽ മുങ്ങിത്തപ്പാനുള്ള പ്രവണതയെ തടഞ്ഞുനിർത്താനും സഹായിക്കും. അപ്രതീക്ഷിതമായിട്ടുള്ള തൊഴിൽ നഷ്ടം, അല്ലെങ്കിൽ വരുമാനത്തിൽ കുറവു സംഭവിക്കൽ, ആശുപത്രി വാസം തുടങ്ങിയവയ്ക്കൊക്കെയാകും എമർജിൻസി ഫണ്ട് ഉപയോഗിക്കേണ്ടി വരിക.
വായ്പയുടെ തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം, കാർ പ്രീമിയം തുടങ്ങിയവയുടെ ഉപയോഗത്തിനുള്ള എമർജിൻസി ഫണ്ടാണ് മറ്റൊന്ന്.

എമർജൻസി ഫണ്ട് ഒരു വ്യക്തിയുടെ ധനകാര്യ ജീവതത്തിൽ ഒരു ഷോക്ക് അബ്സോർബർ പോലെ പ്രവർത്തിക്കുന്നു. അത്യാവശ്യ സമയത്ത് പണത്തിനായി ഓടി നടക്കേണ്ടാതായി വരില്ല. എല്ലാ ചെലവുകളേയും മുൻകൂട്ടി കാണുവാൻ സാധിക്കുകയില്ല. അവിടെയാണ് എമർജൻസി ഫണ്ടിന്‍റെ പ്രസക്തി ഏറുന്നത്. ഇത്തരം ഫണ്ടിനു പകരമായിട്ടുള്ളത് കടം വാങ്ങുകയെന്നതാണ്. ബാങ്കിൽനിന്നോ ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ വായ്പ എടുത്താൽ അതിനു പിറ്റേ മാസം മുതൽ തിരിച്ചടവു തുടങ്ങണം. മാത്രവുമല്ല, പലിശയും നൽകണം. അത് അധിക ബാധ്യത സമ്മാനിക്കുന്നു. നിലവിലുണ്ടായിരുന്ന പണലഭ്യതയെ കുറയ്ക്കുകയും ചെയ്യുന്നു.
നിലവിലുള്ള നിക്ഷേപ- സന്പാദ്യ ബാധ്യതയ്ക്കു പുറമേയാണ് അടിയന്തര നിധിക്കു രൂപം നൽകേണ്ടത് എന്നും ഓർമിക്കുക.

എത്ര തുക

റിട്ടേണ്‍ ലക്ഷ്യമാക്കിയുള്ള നിക്ഷേപമല്ലാത്തതിനാൽ അടുത്ത ആറോ ഒന്പതോ പന്ത്രണ്ടോ മാസത്തേക്കുള്ള ചെലവിനുള്ള തുക അടിയന്തര ഫണ്ടിൽ ലഭ്യമാക്കിയാൽ മതിയാകും. കുറഞ്ഞത് ആറു മാസത്തേക്കുള്ള തുകയെങ്കിലും ഫണ്ടിൽ ലഭ്യമാക്കുക. ഓരോരുത്തർക്കും അനുയോജ്യമായ തുകയെത്രയന്ന് അവരവർക്കുതന്നെ നിശ്ചയിക്കുക. ചിലർക്ക് ഒരു വർഷത്തെ ചെലവിനുള്ള തുകയായിരിക്കും ആത്മവിശ്വാസം നൽകുക.

ഓരോ വർഷവും അടിയന്തര നിധിയെ പുനപ്പരിശോധനയ്ക്കു വിധേയമാക്കുകയും പണപ്പെരുപ്പവും കൂടി കണക്കിലെടുത്തു പുതുക്കി നിശ്ചയിക്കുകയും ചെയ്യുക.
കഴിയുന്നത്രയും അടിയന്തര നിധിയിൽനിന്നു പണം എടുക്കാതിരിക്കുക. ഇനി എടുത്തുവെങ്കിൽ ഏത്രയും വേഗം ആ തുക തിരിച്ചടയ്ക്കുക. വായ്പ എടുക്കുന്നതുപോലെ പലിശ സഹിതം ഫണ്ടിലേക്കു തിരിച്ചടയ്ക്കുക.


വരുമാനമുള്ള എല്ലാവരും ചെയ്യേണ്ടത് അടിയന്തര ഫണ്ട് രൂപീകരിക്കുകയെന്നതാണ്. ആത്യാവശ്യം വരുന്പോൾ അതിൽനിന്ന് തുക പിൻവലിക്കുക. പലിശ സഹിതം അതിലേക്ക് തിരിച്ചടയ്ക്കുക എന്നതാണ്.ചുരുക്കത്തിൽ ആപത്തിലെ സഹായി ആണ് എമർജൻസി ഫണ്ട്.

അടിയന്തര നിധി എങ്ങനെ സ്വരൂപിക്കാം

പ്രാരബ്ധങ്ങൾക്കിടയിൽ എമർജൻസി ഫണ്ടിനു വലിയൊരു തുക നീക്കി വയ്ക്കുവാൻ പ്രയാസകരമായിരിക്കും. പക്ഷേ, മനസുവച്ചാൽ ഇത്തരത്തിലൊരു ഫണ്ടു രൂപ്പെടുത്തിയെടുക്കാം. മാസന്തോറും ചെറിയ തുക മാറ്റി വച്ച് ഏതാനും വർഷങ്ങൾകൊണ്ട് നിധി സ്വരൂപിക്കാം. ബാങ്ക്, പോസ്റ്റോഫീസ് റെക്കറിംഗ് ഡിപ്പോസിറ്റുകൾ ഉപയോഗപ്പെടുത്താം. എമർജൻസി ഫണ്ടിന്‍റെ ഒരു ഭാഗം ഇത്തരത്തിൽ സ്വരൂപിക്കാം.

ഉദാഹരണത്തിന് 2000 രൂപയുടെ പ്രതിമാസ റെക്കറിംഗ് ഡിപ്പോസിറ്റ് വഴി അഞ്ചുവർഷംകൊണ്ട് 1.45 ലക്ഷം രൂപ സ്വരൂപിക്കാൻ സാധിക്കും. ഇൻക്രിമെന്‍റ്, ബോണസ് തുടങ്ങിയവ ലഭിക്കുന്പോൾ അധിക തുക നീക്കി വയ്ക്കുക.

ജോലിയുടെ തുടക്കകാലത്ത് എമർജൻസി ഫണ്ട് സ്വരൂപിച്ചു വയ്ക്കുക എളുപ്പമാണ്. കൂടുതൽ തുക ഇതിനായി വകയിരുത്തുവാൻ സാധിക്കും.

52 വീക്ക് സേവിംഗ് ചലഞ്ച്

സന്പാദിക്കുവാനുള്ള മറ്റൊരു രീതിയാണ്. അടുത്ത 52 ആഴ്ചയിലേക്കുള്ള സന്പാദ്യ പദ്ധതിയാണ്. തുടക്കത്തിൽ എളുപ്പമുള്ളതാണെങ്കിലും മുന്നോട്ടു പോകുന്തോറും ഇത് പ്രയാസമുള്ളതാകും. പക്ഷേ മാറരുത്. ചലഞ്ച് പൂർത്തിയാക്കുക. ഈ ചലഞ്ച് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു നോക്കാം.

ആദ്യ ആഴ്ചയിൽ ഒരു തുക നീക്കി വയ്ക്കുന്നു. ഉദാഹരണത്തിന് 100 രൂപ എന്നു വയ്ക്കുക. രണ്ടാമത്തെ ആഴ്ച ഒരു നൂറു രൂപകൂടി കൂട്ടി 200 രൂപ. മൂന്നാമത്തെ ആഴ്ച 300 രൂപ. നാലാമത്തെ ആഴ്ച് 400 രൂപ... ഇങ്ങനെ 52 ആഴ്ചയും നിക്ഷേപം നടത്തുന്നു. അന്പത്തിരണ്ടാമത്തെ ആഴ്ച നീക്കി വയ്ക്കേണ്ടത് 5200 രൂപയാണ്. അന്പത്തിരണ്ട് ആഴ്ച പൂർത്തിയാകുന്പോൾ ഇങ്ങനെ മാറ്റിവച്ച തുക1,37,800 രൂപയായി ഉയർന്നിരിക്കും. ഈ തുക എമർജൻസി ഫണ്ടിലേക്ക് മാറ്റാം. ഇങ്ങനെ ഏതാനും വർഷംകൊണ്ട് ലക്ഷ്യമിട്ട തുകയുടെ അടിയന്തര നിധി സ്വരൂപിക്കാൻ സാധിക്കും.

നൂറു രൂപയ്ക്കു പകരം 50 രൂപയാണ് ഉപയോഗിക്കുന്നതെങ്കിൽ വർഷാവസാനം 68900 രൂപ സന്പാദ്യമായുണ്ടാകും. ഇത്തരത്തിൽ ഏതു തുക ഉപയോഗിച്ചും ചലഞ്ച് ആരംഭിക്കാം.
പക്ഷേ അതു പൂർത്തിയാക്കുന്നതാണ് ഏറ്റവും ദുഷ്കരമായ സംഗതി.
അന്പത്തിരണ്ട് ആഴ്ചയ്ക്കു പകരം 365 ദിവസത്തെയോ 26 ആഴ്ചത്തേതോ ഏതു കാലയളവിലേക്കുമുള്ള ചലഞ്ച് ആരംഭിക്കാം. ഇത്തരത്തിൽ ഒരോ ധനകാര്യ ലക്ഷ്യവും നേടിയെടുക്കാം.

സുരക്ഷിതത്വവും ലഭ്യതയും

റിട്ടേണിനേക്കാൾ സുരക്ഷിതത്വത്തിനും ഏറ്റവും എളുപ്പം ലഭ്യമാകുന്ന വിധവു
ം വേണം തുക നിക്ഷേപിക്കാൻ. സേവിംഗ്സ് ബാങ്കിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ ലിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കാം. പതിനായിരം രൂപ വരെയുള്ള സേവിംഗ്സ് പലിശയ്ക്ക് നികുതിയിളവുമുണ്ട്. അടിയന്തര ഫണ്ടിൽ 15 ശതമാനം സേവിംഗ്സ് ബാങ്കിലും 35 ശതമാനം ചെറിയ കാലയളവിലേക്കുള്ള എഫ്ഡിയിലും ശേഷിച്ച 50 ശതമാനം ലിക്വിഡ് ഫണ്ടുകളിലും നിക്ഷേപിക്കാം. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപിത്തിന് നികുതി ബാധ്യത കുറവാണ്.