നീളുന്ന ദുരിതപർവം
റ്റി.സി. മാത്യു

""വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നിറയെ യാത്രക്കാർ. ജനങ്ങൾ ആഘോഷമായി വിവാഹങ്ങൾ നടത്തുന്നു. ഇതൊക്കെ ഉള്ളപ്പോൾ സാന്പത്തികകുഴപ്പം ഉണ്ടെന്നു പറയുന്നതു പ്രധാനമന്ത്രിയെ മോശമാക്കാനാണ്.''

ഇതുപറഞ്ഞത് ഒരു കേന്ദ്രമന്ത്രി. സമീപമാസങ്ങളിൽ രാജ്യത്തെ സാന്പത്തിക നിലയ്ക്കു പുതിയ പുതിയ ഭാഷ്യങ്ങൾ ചമയ്ക്കുന്നതിൽ കേന്ദ്രമന്ത്രിമാർ മത്സരിക്കുകയാണ്. സാന്പത്തിക മുരടിപ്പും വളർച്ചക്കുറവും വെറും തെറ്റിദ്ധാരണയാണെന്നു സമർഥിക്കാൻ അവർ മത്സരിക്കുന്നു.
മൂടി വയ്ക്കുന്നു.

അതിനിടെ പല സർവേ റിപ്പോർട്ടുകളും സർക്കാർ പൂഴ്ത്തുന്നു. ആദ്യം ഒളിച്ചതു തൊഴിൽറിപ്പോർട്ട്. രാജ്യത്തു തൊഴിലവസരം കുറയുന്നു. തൊഴിലില്ലായ്മ കൂടുന്നു എന്നു കാണിക്കുന്ന 2017-18ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് മാസങ്ങളോളം പുറത്തു വിട്ടില്ല. സർവേ അത്ര ശരിയായില്ല എന്നു ന്യായം. ഇപ്പോൾ ഹൗസ്ഹോൾഡ് കണ്‍സ്യൂമർ എക്സ്പെൻഡിച്ചർ ഇൻ ഇന്ത്യ 20171-8 സർവേയുടെ ഫലവും പൂഴ്ത്തി. അതിൽ പറയുന്നതു ലളിതമായ കാര്യം. വരുമാനം കറയുന്നതിനാൽ ജനങ്ങൾ ചെലവാക്കുന്ന പണം കുറഞ്ഞു. ഈ റിപ്പോർട്ടിനുള്ള സർവേയിലും തകരാർ കണ്ടതിനാൽ അതു പരസ്യപ്പെടുത്തുന്നില്ല എന്നു സർക്കാർ പറയുന്നു.

ഇതൊരു പ്രവണതയാണ്. എല്ലാ ഭരണകൂടങ്ങളും ആഗ്രഹിക്കുന്നതും സർവാധിപത്യ ഭരണകൂടങ്ങൾ നിരങ്കുശം നടപ്പാക്കുന്നതുമായ കാര്യം. അസുഖകരമോ ഇഷ്ടപ്പെടാത്തതോ ആയ വിവരങ്ങൾ മറച്ചുവയ്ക്കുക. രാജ്യത്തു തൊഴിലും ജനങ്ങൾക്കു വരുമാനവും കുറഞ്ഞെന്ന ഒൗദ്യോഗിക സർവേ ഫലങ്ങൾ പൂഴ്ത്തിവയ്ക്കുന്നതിനു മറ്റൊരു വിശദീകരണമില്ല.

കണക്കു ശരിയോ

ഇന്ത്യ പുറത്തുവിടുന്ന സാന്പത്തിക കണക്കുകളെപ്പറ്റി സംശയം വളർത്താനേ ഇതു സഹായിക്കുന്നുള്ളൂ. ഐഎംഎഫ് ഇക്കഴിഞ്ഞ റിപ്പോർട്ടിൽ ഇന്ത്യയുടെ കണക്കുകൾ കൂടുതൽ വിശ്വാസയോഗ്യമാക്കണം എന്നു നിർദേശിച്ചിരുന്നു. ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ ’നെഗറ്റീവ്’ ആക്കി മാറ്റിയപ്പോൾ റേറ്റിംഗ് ഏജൻസി മൂഡീസും ഇതു പറയുന്നു.

ഗവണ്‍മെന്‍റ് പുറത്തുവിടുന്ന കണക്കുകളെപ്പറ്റി കുറേ വർഷങ്ങളായി സംശയമുള്ളതാണ്. ഒന്നാം മോദി സർക്കാരിന്‍റെ കാലത്തു ജിഡിപി (മൊത്ത ആഭ്യന്തര ഉൽപന്നം)യുടെ അടിസ്ഥാന വർഷം മാറ്റിയപ്പോൾ തുടങ്ങിയതാണത്. സാധാരണയിൽനിന്നു വ്യത്യസ്തമായിരുന്നു 2017 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച മാറ്റം. അതിന്‍റെ വിശ്വസനീയത ഉറപ്പിക്കാൻ വേണ്ട മുൻകാല കണക്കുകൾ ഇല്ലായിരുന്നു. ജിഡിപിയിൽ വ്യവസായത്തിന്‍റെ പങ്ക് 25 ശതമാനത്തിൽ നിന്നു 31 ശതമാനമായി കൂട്ടിയതും സേവന മേഖലയുടേത് 57ൽ നിന്ന് 51 ആയി കുറച്ചതും ശരിയായോ എന്നു സംശയിച്ചവരുമുണ്ട്.

പുതിയ ജിഡിപി കണക്ക്, വളർച്ച രണ്ടു രണ്ടര ശതമാനം കൂടുതലാണെന്നു കാണിക്കാൻ വേണ്ടിയുള്ളതാണെന്ന് ആക്ഷേപം ഉന്നയിച്ചത് അക്കാലത്തെ കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ്.

പൊരുത്തപ്പെടുന്നില്ല

2014 മുതലുള്ള വളർച്ച സംബന്ധിച്ചു സർക്കാർ പുറത്തുവിടുന്ന കണക്കും രാജ്യത്തെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. വളരെ ഉയർന്ന വളർച്ചയുടെ കാലമായിട്ടാണു കണക്കുകൾ പറയുന്നത്. 2014-15ൽ 7.4 ശതമാനം, 2015-16ൽ 8.2 ശതമാനം, 2016-17ൽ 7.1 ശതമാനം, 201718ൽ 7.2 ശതമാനം, 2018-19 ൽ 6.8 ശതമാനം: ഇങ്ങനെയാണു കണക്ക്. ശരാശരി ഏഴു ശതമാനത്തിൽ കൂടിയ വളർച്ച. ആദ്യത്തെ നാലുവർഷമെടുത്താൽ ശരാശരി 7.5 ശതമാനം വരും. എന്നാൽ അതനുസരിച്ചു തൊഴിൽ കൂടിയില്ല.

കെയർ റേറ്റിംഗ്സ് എന്ന ധനകാര്യ വിശകലന സ്ഥാപനം ഈയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു: ’2014-15നും 20181-9നുമിടയിൽ രാജ്യത്തെ സംഘടിതമേഖലയിലെ തൊഴിൽ വർധന പ്രതിവർഷം 3.3 ശതമാനം തോതിലായിരുന്നു. ഇതും സർക്കാർ കണക്കിലെ വളർച്ചയും തമ്മിൽ 4.2 ശതമാനം വ്യത്യാസമുണ്ട്’. വിശ്വസനീയമല്ല സർക്കാരിന്‍റെ വളർച്ചക്കണക്ക് എന്ന് ഒറ്റവാക്കിൽ പറയാം. ഏഴരശതമാനം വളർച്ച ഉണ്ടെങ്കിൽ ആനുപാതികമായി തൊഴിൽ കൂടും.

അതുണ്ടാകുന്നില്ല. ഒരു വർഷത്തെ കണക്കല്ല. നാലു തുടർച്ചയായ വർഷങ്ങളിലെ കണക്കാണ്. രാഷ്ട്രീയ താൽപര്യമില്ലാത്ത റേറ്റിംഗ് സ്ഥാപനത്തിന്‍റെ ഈ വിശകലനം അവഗണിക്കാനാവില്ല.

തൊഴിൽ കുറയുന്നു

യഥാർഥത്തിൽ തൊഴിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണു വിശാലമായ പഠനങ്ങൾ കാണിക്കുന്നത്. കെയറിന്‍റെ പഠനം കന്പനി മേഖലയിൽ മാത്രമായിരുന്നു. വിശാലമായ പഠനം ദേശീയ സാന്പിൾ സർവേ (എൻഎസ്എസ്) വിഭാഗം നടത്തിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്)യിൽ ഉണ്ട്. അതു മാസങ്ങളോളം മൂടിവച്ചശേഷം സർക്കാർ കുറേനാൾ മുന്പുപുറത്തുവിട്ടു.


അതിനെ ആധാരമാക്കി ഡോ. കെ.പി. കണ്ണനും ജി. രവീന്ദ്രനും നടത്തിയ വിശകലനത്തിന്‍റെ രത്നച്ചുരുക്കം ഇതാണ്: ’ഇന്ത്യ തൊഴിൽ നഷ്ടപ്പെടുന്ന കാലത്തു കൂടിയാണു കടന്നുപോകുന്നത്. 2011-12നും 2017-18നുമിടയിൽ 61.8 ലക്ഷം തൊഴിലുകൾ രാജ്യത്തു നഷ്ടമായി. 2004-05ൽ തൊഴിൽ പ്രായത്തിലേക്കു കടക്കുന്നവരിൽ 58 ശതമാനം പേർക്കു പണി ലഭിച്ചിരുന്നു. 2017-18ൽ തൊഴിൽ പ്രായത്തിലുള്ളവരിൽ അഞ്ചു ശതമാനം പേർക്ക് തൊഴിൽ ഇല്ലാതാവുകയാണ് ചെയ്തത്’.

കൗശലം ഫലിച്ചില്ല

തൊഴിലിനു തക്ക നൈപുണ്യം നേടാത്തതാണു തൊഴിൽ കിട്ടാത്തതിനു കാരണമെന്നു പറയുന്നത് ഭരണാധികാരികളുടെ ശീലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു പരിഹാരം കണ്ടു: സ്കിൽ ഇന്ത്യ എന്ന പേരിൽ പദ്ധതി. പ്രധാനമന്ത്രി കൗശൽ വികാസ് യോജന വഴി നൈപുണ്യ പരിശീലനം. 64.27 ലക്ഷം പേരെ പരിശീലിപ്പിച്ചു. പക്ഷേ പണി കിട്ടിയത് 14.43 ലക്ഷത്തിന്. 22.45 ശതമാനത്തിനു മാത്രം പണി.

അസിം പ്രേംജി യൂണിവേഴ്സിറ്റി ഈയിടെ ഒരു പഠനത്തിൽ കണ്ടെത്തിയത് 2011-12നും 2017-18നുമിടയിൽ 90 ലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടെന്നാണ് കാർഷികേതര തൊഴിലുകൾ 47.4 കോടിയിൽ നിന്ന് 46.5 കോടിയിലേക്കു ചുരുങ്ങി.

സ്വാതന്ത്ര്യാനന്തരം ഒരിക്കലും സംഭവിക്കാത്തതാണു മൊത്തം തൊഴിൽ എണ്ണം കുറയുന്നതെന്നു കെ.പി. കണ്ണനും ജി. രവീന്ദ്രനും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലെ പ്രബന്ധത്തിൽ പറയുന്നു. 1972-73നു ശേഷം ആദ്യമായി രാജ്യത്തെ കുടുംബങ്ങളുടെ ആളോഹരി ഉപഭോഗ ചെലവ് കുറഞ്ഞതിന്‍റെ കണക്ക് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ഈയിടെ നടത്തിയ സർവേയിൽ ലഭിച്ചു. 2017-18ൽ നടത്തിയ ഈ സർവേയുടെ ഫലം നിരാകരിച്ച ഗവണ്‍മെന്‍റ് ഇപ്പോൾ അതിലെ പോരായ്മകൾ കണ്ടെത്താൻ നിർദേശം നൽകിയിരിക്കുകയാണ്.

അപ്പോൾ ജയിച്ചതോ

ഇപ്പോൾ മറ്റൊരു പ്രചാരണത്തിലേക്കാണു സർക്കാർ അനുകൂല മാധ്യമങ്ങളുടെ പോക്ക്. നുണ, കല്ലുവച്ച നുണ, സ്ഥിതിവിവരക്കണക്ക്’ എന്നൊരു പ്രയോഗമുണ്ട്. കണക്കുകൊണ്ട് എന്തു കസർത്തും ആകാമെന്നു ചുരുക്കം. അതുദ്ധരിച്ച് പുതിയ സർവേ ഫലങ്ങളെ നിരാകരിക്കാൻ കുറേപ്പേർ രംഗത്തു വരുന്നു. അവരുടെ ചോദ്യമിതാണ്. അങ്ങനെയെങ്കിൽ മോദി വീണ്ടും വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നോ? പണിയും പണവും ഇല്ലാത്തപ്പോൾ ഭരണകക്ഷിയെ തോൽപ്പിക്കില്ലേ എന്നു സാരം.

തെരഞ്ഞെടുപ്പിൽ സാന്പത്തിക പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ബാലാക്കോട്ടും ദേശാഭിമാനവുമെല്ലാം ഉയർത്തിപ്പിടിച്ചത് ആരും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ഈ ന്യായീകരണം. അതിലുപരി രാജ്യത്തു തൊഴിലും പണവും ഉണ്ടെന്നു കാണിക്കാൻ തക്ക യഥാർഥ കണക്കുകൾ ഒന്നുമില്ല. അപ്പോഴാണ് കല്യാണങ്ങൾ നടക്കുന്നുണ്ടല്ലോ എന്നു പറഞ്ഞ് എല്ലാം ഭംഗിയാണെന്നു സമർഥിക്കുന്നത്.

കാർ വിൽപന കുറഞ്ഞെന്നു പറഞ്ഞപ്പോൾ യുവാക്കൾ യൂബറും ഒലയും ഉപയോഗിക്കുന്നതാണു കാരണമെന്നു കണ്ടെത്തിയ ധനമന്ത്രിയാണുള്ളത്. ബിസ്കറ്റ് കന്പനിക്കു വില്പന കുറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോൾ മറ്റൊരു മന്ത്രിയുടെ മറുപടി സിനിമാ തിയറ്ററിൽ തിരക്കാണെന്നായിരുന്നു. എന്തു വന്നാലും സത്യം അംഗീകരിക്കില്ല എന്ന വാശിയാണു ഭരണകൂടത്തിന്. ജനങ്ങളുടെ പ്രശ്നം തീർക്കാനുള്ള പരിഹാര നടപടികൾക്കു പകരം ചെയ്തതെല്ലാം കന്പനികൾക്കു ലാഭം കൂട്ടാനുള്ള കാര്യങ്ങൾ മാത്രം. ദുരിതപർവം നീളുമെന്നു ചുരുക്കം.

പണമില്ല

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ (എൻഎസ്ഒ) ഗാർഹിക ഉപഭോഗ സർവേ പറയുന്നത് 2011-12ൽ മാസം ആളോഹരി 1501 രൂപ ചെലവാക്കിയിരുന്ന സ്ഥാനത്ത് 2017-18ൽ 1446 രൂപമാത്രം. സ്ഥിരവില അടിസ്ഥാനത്തിലാണ് ഈ കണക്ക്. ഇതനുസരിച്ച് 3.7 ശതമാനം കുറവാണ് ആളോഹരി ചെലവഴിക്കൽ. 2011-12ൽ അതിനു മുന്പുള്ള രണ്ടുവർഷം കൊണ്ട് ഉപഭോഗച്ചെലവ് 13 ശതമാനം വർധിച്ചിരുന്നു.

തൊഴിൽ ഇല്ല

2011- 12ൽ 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18ൽ 6.1 ശതമാനമായി. ഏറ്റവും രൂക്ഷം യുവാക്കൾക്കിടയിൽ. 15-29 പ്രായക്കാരിലെ നഗരവാസികളിൽ 18.7 ശതമാനം ആണുങ്ങളും 27.2 ശതമാനം സ്ത്രീകളും തൊഴിലില്ലാത്തവർ. ഗ്രാമീണ മേഖലയിലെ ഈ പ്രായക്കാരിൽ 17.4 ശതമാനം ആണുങ്ങളും 13.6 ശതമാനം സ്ത്രീകളും തൊഴിലില്ലാത്തവർ.(അവലംബം പീരിയോഡിക് ലേബർ ഫോഴ്സ് സർവേ 2017 -18).