മിച്ചം വയ്ക്കാൻ പരിശീലിക്കാം
ജോയി ഫിലിപ്പ്

വരുമാനം, സന്പാദ്യം, നിക്ഷേപം, സന്പത്ത്. വ്യക്തിയുടെ ജീവിതത്തിലെ വിവിധ ധനകാര്യ ഘട്ടങ്ങളാണ്.

ഇതിൽ ഏറ്റവും പ്രയാസം പിടിച്ച ഘട്ടമാണ് സന്പാദ്യം. കൈവശം പണമുണ്ടങ്കിൽ നൂറിൽ തൊണ്ണൂറ്റിയൊന്പതുപേരുടേയും സ്വഭാവം അതു ചെലവഴിക്കുകയെന്നതാണ്. ചിലപ്പോൾ കടം വാങ്ങിച്ചും ചെലവഴിക്കും. ആഗ്രഹമുണ്ടെങ്കിൽപോലും സന്പാദിക്കുവാൻ പലർക്കും കഴിയാറില്ല. നിക്ഷേപത്തിന്‍റേയും സന്പത്തിന്‍റേയും അടിസ്ഥാനം കൂടിയാണ് സന്പാദ്യം. സന്പാദ്യമില്ലെങ്കിൽ നിക്ഷേപമില്ല. നിക്ഷേപമില്ലെങ്കിൽ സന്പത്തും കുറവായിരിക്കും.

സന്പത്ത് ആത്മവിശ്വാസം നൽകും. ധനകാര്യ സ്വാതന്ത്ര്യം നൽകും. ഇതു സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രപ്തരാക്കുന്നു. നമുക്കും നമ്മുടെ കുടുംബത്തിനും ഒരു പരിധിവരെ സുരക്ഷിതത്വവും നൽകുന്നു. നമ്മുടെ സമയം നമ്മുടെ ആവശ്യത്തിനനുസരിച്ചു ഉപയോഗിക്കുവാൻ സഹായിക്കുന്നു.

എന്തുകൊണ്ട് സന്പാദ്യം

സന്പാദ്യം ആവശ്യമാണ്. കാരണം ആവശ്യങ്ങൾ ഇപ്പോൾ മാത്രമല്ല ഉള്ളത്. ഭാവിയിലും ആവശ്യങ്ങളുണ്ടാകും. ഭാവിയിൽ വരുമാനം ഇല്ലാതാകാവുന്ന അവസ്ഥയുണ്ടാകും. അപ്പോഴും ധനകാര്യ ആവശ്യങ്ങൾ നിലനിൽക്കുന്നുണ്ടാകും. അതു നിറവേറ്റുവാൻ സന്പാദ്യം ആവശ്യമാണ്.
സന്പാദ്യമില്ലെങ്കിൽ എന്താണു സംഭവിക്കുക. വായ്പ ഉണ്ടെങ്കിൽ അതിന്‍റെ തിരിച്ചടവുണ്ടാകുകയില്ല. ഭാവി ധനകാര്യ ലക്ഷ്യങ്ങൾ രൂപപ്പെടുത്തുവാൻ സാധിക്കുകയില്ല. നിക്ഷേപമുണ്ടാവില്ല, റിട്ടയർമെന്‍റ് സന്പാദ്യമുണ്ടവില്ല. അടിയന്തരാവശ്യത്തിനു നിധിയുണ്ടാവില്ല.... ഇങ്ങനെ ഭാവി ധനകാര്യ ലക്ഷ്യങ്ങൾ ഒന്നുംതന്നെ നടപ്പിലാകാതെ ഇപ്പോഴത്തെ ആവശ്യങ്ങൾ മാത്രം നിറവേറ്റി മുന്നോട്ടു പോകും.

എവിടെ വരെ?

റിട്ടയർമെന്‍റ് സന്പാദ്യവും അടിയന്തരാവശ്യത്തിനുള്ള സന്പാദ്യവും ഏറ്റവും ആവശ്യവും ഒഴിവാക്കാനാവാത്തതുമാണ്. ഈ രണ്ട് അത്യാവശ്യ ഭാവി ഫണ്ടുകൾക്കെങ്കിലും സന്പാദ്യം ആവശ്യമാണ്. ആദ്യം സന്പാദിക്കുക. തുടർന്ന് നിക്ഷേപം നടത്തുക.

ഇതല്ലാതെ മാർഗമില്ല. ഇതു ചെയ്തില്ലെങ്കിൽ റിട്ടയർമെന്‍റ് ജീവിതം അത്ര സുഖകരമാവാനിടയില്ല,
എവിടെ തുടങ്ങണം

തീർച്ചയായും ഒരു ലക്ഷ്യത്തോടെയാണ് സന്പാദ്യവും തുടർന്നു നിക്ഷേപവും ആരംഭിക്കുന്നത്. നിക്ഷേപം ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കുന്നു.

നേരത്തെ പറഞ്ഞതുപോലെ റിട്ടയർമെന്‍റ് സന്പാദ്യം ഏറ്റവും ആവശ്യമാണ്. വരുമാനമില്ലാത്ത കാലത്ത് ഇപ്പോഴത്തെ ജീവിത നിലവാരം തുടർന്നുകൊണ്ടുപോകുവാൻ റിട്ടയർമെന്‍റ് സേവിംഗ് സഹായിക്കും. റിട്ടയർമെന്‍റ് നിധിയുടെ വലുപ്പം വർധിക്കുന്തോറും ധനകാര്യ സ്വാതന്ത്ര്യവും വർധിക്കുന്നു.

സന്പത്തു സൃഷ്ടിക്കുന്നതിൽ വിഘാതമായി നിൽക്കുന്ന കാര്യങ്ങൾ കൂടി മനസിലാക്കിയാൽ കാര്യങ്ങൾ എളുപ്പമായി. കടം, അധികച്ചെലവ് ഇവ രണ്ടും സന്പാദിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും വിഘാതമായി നിൽക്കുന്ന രണ്ടു മുഖ്യ ഘടകങ്ങളാണ്. ഇവയെ മെരുക്കാൻ പഠിച്ചാൽ കാര്യങ്ങൾ എളുപ്പമായി.

കടങ്ങൾ: കടങ്ങൾ എടുക്കാതെ പല കാര്യങ്ങളും നടത്തിക്കൊണ്ടുപോകുവാനോ ആർജിക്കുവാനോ സാധിക്കുന്ന വിധത്തിൽ ധനികരല്ല സമൂഹത്തിലെ 99 ശതമാനം ആളുകളും. അതുകൊണ്ടുതന്ന് പല ധനകാര്യ ലക്ഷ്യങ്ങളും ആർജിക്കുവാൻ കടത്തിന്‍റെ സഹായം ആവശ്യമാണ്.

കൊക്കിലൊതുങ്ങുന്ന കൊത്തുകയെന്നു കേട്ടിട്ടില്ലേ. ഇതുപോലെ മാനേജ് ചെയ്യാൻ സാധിക്കുന്ന കടം മാത്രമെടുക്കുക. കടമെടുക്കുന്നതിനു വരുന്ന ചെലവിനേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാൻ സാധ്യതയുള്ള ആസ്തികൾക്കായി മാത്രം കടമെടുക്കാനും തീരുമാനിക്കുക. കഴിയുമെങ്കിൽ വായ്പയുടെ വലുപ്പം വരുമാനത്തിന്‍റെ മൂന്നിലൊന്നിലൊതുക്കുക. പ്രതിമാസം 90000 രൂപ വരുമാനമുള്ള ഒരാൾ വായ്പ 30000 രൂപയിൽ ഒതുക്കിനിർത്തണം.

എന്തായാലും കടം മാനേജ് ചെയ്യുകയെന്നതാണ് ഇവിടെ പ്രധാനം. തിരിച്ചടവിൽപോലും നമുക്ക് ഇത്തരത്തിൽ ജാഗ്രത പാലിക്കാം. ഉദാഹരണത്തിന് 30000 രൂപ തിരിച്ചടവുള്ള വ്യക്തി അതിന്‍റെ 10 ശതമാനം കൂടി ( അതായത് 3000 രൂപ) പ്രീപേയ്മെന്‍റ് നടത്താൻ ശ്രമിക്കുക. ഈ പ്രീപേയ്മെന്‍റിനുള്ള തുക എവിടെനിന്നു കണ്ടെത്തും. സന്പാദ്യം വഴി എന്ന് ഉത്തരം.

അധികച്ചെലവ്: പലപ്പോഴും പലയാളുകളുടേയും അധികച്ചെലവ് സ്വയം അറിയാതെ സംഭവിക്കുന്നതാണ്.അധികച്ചെലവാണ് നടത്തുന്നതെന്ന് മനസിലാക്കിയാൽ അവർ അതു നിർത്തും.

അതെങ്ങനെ സാധിക്കാമെന്നു പരിശോധിക്കാം. അതിനുള്ള ഉത്തരമാണ് ബജറ്റും ചെലവിനെ പിന്തുടരുകയെന്നതും. ചിലരെങ്കിലും ചെലവുകൾ എല്ലാ മാസവും എഴുതി സൂക്ഷിക്കുന്നുണ്ടാകും. അങ്ങനെയുള്ളവർക്കു ചെലവിൽ കൂടി കണ്ണോടിച്ചാൽ തന്നെ അധികച്ചെലവ് കണ്ടെത്താനാകും.

അധികച്ചെലവ് ഒഴിവാക്കുന്നതുവഴി അധിക തുക സന്പാദിക്കുവാൻ സാധിക്കും. കടമുണ്ടെങ്കിൽ ഈ തുക വായ്പാ തിരിച്ചടവിനും മറ്റു ഉപയോഗിക്കാം. വായ്പയില്ലെങ്കിൽ അതു റിട്ടയർമെന്‍റ് നിക്ഷേപത്തിനായി ഉപയോഗിക്കാം.


50: 30: 20 റൂൾ
ധനകാര്യ ആസൂത്രകർ പറയുന്നത് വരുമാനത്തെ അന്പത്, മുപ്പത്, ഇരുപത് റൂൾ അനുസരിച്ച് വിഭജിക്കുവാനാണ്.

എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ചെലവിനെ ഇങ്ങനെ വിഭജിക്കാം.

50 ശതമാനം: അത്യാവശ്യം
30 ശതമാനം: ആവശ്യം
20 ശതമാനം: അത്യാവശ്യം

ഇതിന്‍റെ അർഥമിതാണ്. വരുമാനത്തിന്‍റെ 50 ശതമാനം ഏറ്റവും അത്യാവശ്യത്തിനായി (ഭക്ഷണം, വസ്ത്രം, താമസം, യാത്ര, വൈദ്യുതി, വെള്ളം, ഫോണ്‍ ബില്ലുകൾ, പലചരക്കു സാധനങ്ങൾ, ഫീസ്, വാടക, ഇഎംഐ തുടങ്ങിയവ) ഉപയോഗിക്കുക.

മുപ്പുതു ശതമാനം ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. അതായത് ജിം, സിനിമ, ഹോട്ടൽ ഭക്ഷണം, അധിക ഫോണ്‍ ബിൽ, ഇടയ്ക്കിടെയുള്ള ഷോപ്പിംഗ് തുടങ്ങിയവയെ ഈ വിഭാഗത്തിൽപ്പെടുന്നു.

ഇരുപതു ശതമാനം നിർബന്ധമായും ധനകാര്യ ആരോഗ്യത്തിനായി മാറ്റിവയ്ക്കണം. സന്പാദ്യം, വായ്പാ തിരിച്ചടവ്, നിക്ഷേപം, ഇൻഷുറൻസ് പോളിസി തുടങ്ങിയവയ്ക്കായി വകയിരുത്താം.
ഈ 50: 30: 20 അനുപാതത്തിൽ പ്രതിമാസ ബജറ്റ് തയാറാക്കുക. ബജറ്റ് തയാറാക്കുന്നതിനു മുന്പ് ചില ചോദ്യങ്ങൾക്കുള്ള ഉത്തരവും കൂടി കണ്ടെത്തണം. തങ്ങളെ സംബന്ധിച്ചിടത്തോളം മാസ വരുമാനം എന്ത്, അത്യാവശ്യ സംഗതികൾ, ആവശ്യം, നിക്ഷേപം എന്നിവ എന്തൊക്കെയാണെന്നു നിശ്ചയിക്കുക.

ഇതിൽ അത്യാവശ്യമെന്നത് ജീവിതം നിലനിർത്തിക്കൊണ്ടു പോകുന്നതിനുള്ള സംഗതികളാണ്. അപ്പോൾ പിന്നെ നമുക്ക് അയവുള്ള സമീപനം സ്വീകരിക്കുക ആവശ്യങ്ങളിലാണ്. ആവശ്യങ്ങളെ നമ്മുടെ ജീവിതനിലവാരവും സന്തോഷവും നിലനിർത്തക്കവിധത്തിൽ ക്രമീകരിക്കുക. (കടങ്ങൾ മനസമാധാനം കളയുന്ന സംഗതിയാണ്.)

നിക്ഷേപത്തിലും ഇളവും നൽകാൻ സാധിക്കുകയില്ല. നിക്ഷേപ വിഭാഗത്തിൽ വായ്പാതിരിച്ചടവും ഭാഗമുണ്ടെങ്കിൽ അതു എത്രയും വേഗം അവസാനിപ്പിക്കുവാൻ ശ്രമിക്കുക. കടങ്ങൾ ചെലവു വരുത്തി വയ്ക്കുന്നതാണ്. ഇതിനായി കൂടുതൽ സന്പാദിക്കുക. തുടർന്ന് മികച്ച ആസ്തികൾ നിക്ഷേപത്തിനായി കണ്ടെത്തുകയും വായ്പ അവസാനിപ്പിച്ച് കടരഹിത ജീവിതത്തിലേക്ക് എത്തുകയും ചെയ്യാം.

നിക്ഷേപത്തിനായി കുറഞ്ഞത് 20 ശതമാനമെങ്കിലും ഉറപ്പു വരുത്തണം. കൂടുതൽ നിക്ഷേപിക്കാൻ കഴിയുമെങ്കിൽ അതു ചെയ്യുക. വർധിക്കുന്ന നിക്ഷേപവും സന്പത്തും ധനകാര്യ സ്വാതന്ത്ര്യത്തിന്‍റെ അളവും വർധിപ്പിക്കും.

ഇപ്പോൾ എത്ര പ്രയാസപ്പെട്ടു ജീവിച്ചാലും അവസാനത്തിൽ ആവശ്യത്തിനു സന്പാദ്യവും നിക്ഷേപവുമില്ലെങ്കിൽ അതു വൻ നഷ്ടം തന്നെയായിരിക്കും.

സന്പാദ്യം ഒട്ടോമാറ്റിക് ആക്കാം

സന്പാദ്യം തുടങ്ങുക എളുപ്പമാണ്. എന്നാൽ പിന്നീടാണ് പ്രയാസം. സന്പാദ്യം വഴി മോശമല്ലാത്ത തുക സ്വരൂപിച്ചു കഴിഞ്ഞാൽ അത് എങ്ങനെ ചെലവാക്കാം എന്നതിനെക്കുറിച്ചാകും മിക്കവരുടേയും ചിന്ത. ഇതു ചെലവാക്കാൻ പുതിയ പുതിയ ചിന്തകൾ കടന്നുവരും. സ്കൂട്ടറൊന്നു മാറ്റിയെടുക്കാം; അല്ലെങ്കിൽ വീടിന്‍റെ ഗേറ്റ് ഒന്നു മെച്ചപ്പെടുത്താം... ഇങ്ങനെ പുതിയ ചെലവാക്കൽ ആശയങ്ങൾ വന്നുകൊണ്ടിരിക്കും.

""സന്പാദ്യത്തേക്കാൾ ഏറ്റവും വലിയ വെല്ലുവിളിയാണ് ആ സന്പാദ്യത്തിൽ തൊടാതിരിക്കുകയെന്നത്.’’

ശന്പളത്തിൽനിന്നു സന്പാദ്യത്തിനു തുക വക മാറ്റി വയ്ക്കു. അതു നിക്ഷേപത്തിലേക്കു മാറ്റുന്പോൾ അതു ലോക്ക് ചെയ്യപ്പെടുന്നു. നിക്ഷേപം ആ പണത്തെ നമ്മുടെ കൈകളിൽനിന്നു ദൂരത്തേക്ക് അകറ്റുന്നു. നിക്ഷേപം വരുമാനവും നൽകുന്നു. ബാങ്ക് ഡിപ്പോസിറ്റിൽ അത് 6.5 ശതമാനത്തിനു ചുറ്റളിവിലാണെങ്കിൽ ഓഹരയിൽ അതു ദീർഘകാലത്തിൽ 16-17 ശതമാനമാണ്.
ചുരുക്കത്തിൽ സന്പാദ്യവും നിക്ഷേപവും ചേർന്നുള്ള സമ്മിശ്ര സമീപനം ധനകാര്യ ആരോഗ്യത്തിനായി ഏറ്റവും ആവശ്യമാണ്.

സന്പാദ്യ ശ്രമത്തെ ഓട്ടോമാറ്റിക്കുക. ഇപ്പോൾ സാങ്കേതിക വിദ്യ കൈത്തുന്പിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇതു വളരെ എളുപ്പമാണ്.

ശന്പളം ബാങ്ക് അക്കൗണ്ടിൽ വരുന്ന ഉടനേ ധനകാര്യ ആരോഗ്യത്തിനുള്ള 20 ശതമാനം വിവിധ നിക്ഷേപ അക്കൗണ്ടുകളിലേക്കു ഓട്ടോ മാറ്റിക്കായി നീക്കുക. മിച്ചമുള്ള തുക റൂളുപോലെ ചെലവഴിക്കുക.

ഓട്ടോ മാറ്റിക്കാകുന്നതിനു ഗുണമേറെയുണ്ട്. ശന്പള അക്കൗണ്ടിൽ പണമെത്തിക്കഴിഞ്ഞാൽ ചെലവഴിക്കൽ പോയിന്‍റിൽനിന്നു പണം ഭാവിയിലെ ചെലവഴിക്കൽ പോയിന്‍റിലേക്കു (സേവിംഗ് അക്കൗണ്ട്) നീങ്ങുന്നു. ചെലവുകളെ കൃത്യമായ പിന്തുടരുന്പോഴും ഓട്ടോമാറ്റിക് സന്പാദ്യ സംവിധാനം ഗുണകരമാണെന്നതിൽ സംശയമില്ല.

ഓട്ടോ മാറ്റിക് സംവിധാനം ഒരാൾക്കു നൽകുന്നത് അവന്‍റെ ധനകാര്യഭാവിയുടെ നിയന്ത്രണമാണ്
ഒരിക്കൽ ഇതിൽ വീണുകഴിഞ്ഞാൽ അതു വിജയകരമായി മുന്നോട്ടു കൊണ്ടുപോകുക പ്രയാസകരമാവില്ല.