പലിശ കുറച്ചതുകൊണ്ട് വളർച്ചയുണ്ടാവില്ല
റ്റി.സി. മാത്യു

ന്യായീകരിക്കാൻ പഴുതില്ല, മറച്ചുവയ്ക്കാൻ മാർഗവുമില്ല. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസിന്‍റെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു. അതിനാൽ തുറന്നു പറഞ്ഞു: രാജ്യത്തെ സാന്പത്തികരംഗം മോശമായി തുടരുന്നു. പെട്ടെന്നൊന്നും ഉണർവ് പ്രതീക്ഷിക്കേണ്ട.
2019-20ലെ ജിഡിപി വളർച്ച 6.1 ശതമാനമായി താഴുമെന്നാണ് പണനയം പ്രഖ്യാപിച്ചുകൊണ്ടു റിസർവ് ബാങ്ക് പറഞ്ഞത്. രണ്ടു മാസം മുന്പ് കരുതിയത് 6.9 ശതമാനം വളരുമെന്നാണ്. അതിനും രണ്ടു മാസം മുന്പ് ഏഴു ശതമാനം എന്നു കണക്കാക്കി. അതൊന്നും ശരിയായില്ല. പണനയത്തിന് ഒരാഴ്ച മുന്പ് ദാസ് പറഞ്ഞു റിസർവ് ബാങ്കിന്‍റെ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന്.
റിസർവ് ബാങ്ക് ഇപ്പോൾ കണക്കുകൂട്ടുന്നത് ഇങ്ങനെ: ഏപ്രിൽ ജൂണിൽ വളർന്നത് അഞ്ചു ശതമാനം (സിഎസ്ഒ പറഞ്ഞത്), ജൂലൈ സെപ്റ്റംബറിൽ വളർച്ച 5.3 ശതമാനം. ഒക്ടോബർ ഡിസംബറിൽ 6.6 ശതമാനം, ജനുവരി മാർച്ചിൽ 7.2 ശതമാനം. മൊത്തം വളർച്ച 6.1 ശതമാനം.

സർക്കാരിന് അടി

ഈ കണക്കുകൾ സർക്കാരിന്‍റെ മുഖത്തേൽക്കുന്ന അടിയാണെന്നു പറയാം. വളർച്ചയിൽ മുരടിപ്പുണ്ടെന്നതു സമ്മതിക്കാൻ കേന്ദ്രം അടുത്തനാൾ വരെ തയാറല്ലായിരുന്നു. പിന്നീടു കന്പനികൾക്കും വിദേശനിക്ഷേപകർക്കുമൊക്കെ വലിയ നികുതിയിളവ് പ്രഖ്യാപിച്ച് വളർച്ച തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. നികുതിയിളവുകളുടെ മൊത്തം ഫലം നികുതിവരുമാനം ഗണ്യമായി ഇടിയുന്നതാണ്.

കന്പനികൾക്കും വിദേശനിക്ഷേപകർക്കും നികുതി സൗജന്യം കിട്ടുന്ന സപ്ലൈസൈഡ് പരിഷ്കരണങ്ങൾ വളർച്ചയ്ക്കു പെട്ടെന്ന് എന്തെങ്കിലും സംഭാവന ചെയ്യുമന്നു കരുതാനാവില്ല. രാജ്യത്ത് ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യമാണ് കുറഞ്ഞത്. ആവശ്യം (ഡിമാൻഡ്) വർധിപ്പിക്കാൻ പെട്ടെന്നു മൂലധന നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള നടപടികൾ വേണം.

റിസർവ് ബാങ്ക് പണനയ അവലോകനത്തിനുശേഷം പുറത്തിറക്കിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു സ്വകാര്യ ഉപഭോഗവും സ്വകാര്യ നിക്ഷേപവും ശക്തിപ്പെടുത്താൻ സർക്കാരിന്‍റെ പുതിയ പ്രഖ്യാപനങ്ങൾ സഹായിക്കാൻ സാധ്യതയുണ്ടെങ്കിലും ഇപ്പോഴും തുടരുന്ന മുരടിപ്പ് വളർച്ച വേഗം വീണ്ടെടുക്കാൻ തീവ്രപരിശ്രമം ആവശ്യമാണെന്നു കാണിക്കുന്നു. ’’ ലളിതഭാഷയിൽ ഇങ്ങനെ പറയാം: ഇതുവരെ നടത്തിയ പ്രഖ്യാപനങ്ങൾ പോരാ, കൂടുതൽ നടപടികൾ വേഗം ഉണ്ടാകണം. എങ്കിലേ സാന്പത്തിക വളർച്ചയ്ക്കു വേഗം കൂടൂ.

ദുരവസ്ഥ

രണ്ടു മാസത്തിനിടെ രണ്ടു തവണയായി വളർച്ച പ്രതീക്ഷ 0.9 ശതമാനമാണു റിസർവ് ബാങ്ക് കുറച്ചത്. ഇത്ര വലിയ വെട്ടിക്കുറയ്ക്കൽ അസാധാരണ നടപടിയാണ്. സന്പദ്ഘടനയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന നടപടിയാണത്.

റിസർവ് ബാങ്ക് പലിശ കുറയ്ക്കുമെന്ന് ഉറപ്പായി പ്രതീക്ഷിച്ചിരുന്നവരും വളർച്ച പ്രതീക്ഷ ഇത്രയും കുറയ്ക്കുമന്നു കരുതിയിട്ടില്ല. പുറമേനിന്നു കാണുന്നതിലും മോശമാണു കാര്യങ്ങൾ എന്നാണ് ഇതിലെ സൂചന.

ജൂണിൽ മഴ കുറവായിരുന്നെങ്കിലും പിന്നീടു നല്ല മഴ ലഭിച്ചതു കാർഷികോത്പാദനം മെച്ചമാകാൻ കാരണമായി. വിലക്കയറ്റവും പൊതുവേ നിയന്ത്രണത്തിലാണ്. എന്നിട്ടും വളർച്ച വേഗമാകുന്നില്ലെങ്കിൽ സാരമായ കുഴപ്പമുണ്ടെന്നു വ്യക്തം.

പലിശ മാത്രമല്ല

ശക്തികാന്ത ദാസ് ഗവർണറായശേഷം റിസർവ് ബാങ്ക് തുടർച്ചയായ അഞ്ചാമത്തെ തവണയാണു റിപോ നിരക്ക് കുറയ്ക്കുന്നത്. 6.5 ശതമാനത്തിൽനിന്ന് 5.15 ശതമാനത്തിലേക്കു നിരക്ക് താണു. പക്ഷേ, പലിശയിലെ ഇടിവ് വളർച്ചയ്ക്കു വഴിതെളിച്ചില്ലെന്നു മാത്രമല്ല വളർച്ച കുറയുകയാണ് ചെയ്തത്. വാഹനവില്പന ഇടിയുന്നു, ഫാക്ടറി ഉത്പാദനം കുറയുന്നു, സേവനമേഖലയുടെ വളർച്ച പിന്നോട്ടുപോകുന്നു.

പലിശ താഴ്ത്തിയതുകൊണ്ടു മാത്രം കാര്യമില്ലെന്നു പാഠം

വളർച്ച 6.1 ശതമാനത്തിലേക്കു കുറയുമെന്നു പറയുന്പോഴും പലിശ നിരക്ക് ഓഗസ്റ്റിലെ പണനയത്തിലെപോലെ 0.35 ശതമാനം കുറയ്ക്കുവാൻ റിസർവ് ബാങ്ക് തയാറായില്ല. പകരം 0.25 ശതമാനത്തിൽ കുരുങ്ങിക്കിടക്കുകയാണ് ചെയ്തത്. റിസർവ് ബാങ്കിന്‍റെ കരുതിക്കൂട്ടിയുള്ള പ്രസ്താവനയായി കണക്കാക്കാം. പലിശ കുറച്ചതുകൊണ്ടുമാത്രം സാന്പത്തിക വളർച്ചാ മുരടിപ്പിനു പരിഹാരമുണ്ടാവില്ല. ഗവണ്‍മെന്‍റ് നടപടികൾ എടുക്കണം. സന്പദ്ഘടനയിൽ ഘടനപരമായ പരിഷ്കാരങ്ങൾക്കു തുനിയണം.


സന്പദ്ഘടനയിൽ പണലഭ്യത അധികമായുണ്ട്. കോൾമണി വിപണിയിൽ പലിശ നിരക്ക് റീപോ നിരക്കിനു താഴെയാണ്. അതായത് സന്പദ്ഘടനയെ സംബന്ധിച്ചിടത്തോളം പണലഭ്യത ഒരു പ്രശ്നമേയല്ല ഇപ്പോൾ. കഴിഞ്ഞ ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ റീപോ നിരക്കിൽ 1.10 ശതമാനം കുറവുണ്ടായി. എന്നാൽ വായ്പാ നിരക്കിൽ കുറവു വന്നത് 0.29 ശതമാനമാണ്. അതായത് റീപോ നിരക്കു കുറയുന്നതനുസരിച്ചു പലിശനിരക്ക് കുറയുന്നില്ല. ബാങ്കുകൾ പലിശ കുറയ്ക്കാൻ മടികാണിക്കുന്നതിനു വേറേ ന്യായങ്ങളുണ്ട്. കിട്ടാക്കടത്തിന്‍റെ മുകളിലാണ് ബാങ്കുകൾ. ബാങ്കർമാർ തീരുമാനമെടുക്കുവാൻ ഭയപ്പെടുന്നു. ഫലം വായ്പ കൊടുക്കുന്നതിൽ അവർ വളരെയധികം ശ്രദ്ധ നൽകുന്നു. ഫണ്ടു കോസ്റ്റ് പോലും ബാങ്കുകൾ കണക്കിലെടുക്കുന്നില്ല.
വിപണിയിൽ പണമിറങ്ങുന്നില്ല. പണനയം കൊണ്ടു മാത്രം പണമിറങ്ങില്ല. മറ്റു പല ചട്ടങ്ങളും വ്യവസ്ഥകളും മാറണം. ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ പണലഭ്യത വർധിപ്പിച്ചതുകൊണ്ടോ പലിശ നിരക്കു കുറച്ചുതുകൊണ്ടോ വളർച്ച മെച്ചപ്പെടുത്തുകയില്ല. കന്പനികളുടെ സ്ഥാപിതശേഷി വിനിയോഗം 74 ശതമാനമാണെന്നാണ് റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുള്ളത്. ഡിമാൻഡ് വർധിക്കുന്നവെന്ന വ്യക്തമായ സൂചന കണാതെ എന്തിനാണ് കന്പനികൾ ശേഷി കൂട്ടുവാൻ നിക്ഷേപം നടത്തുന്നത്?

ഇത്തവണ പണനയ കമ്മിറ്റിയും ഗവർണർ ശക്തികാന്ത ദാസും പറയാതെ പറഞ്ഞ കാര്യം അതാണ്. അതൊരു മുന്നറിയിപ്പുകൂടിയാണ്; കാര്യങ്ങൾ വേഗം തിരുത്താനുള്ള മുന്നറിയിപ്പ്.

തൊഴിലും വരുമാനവും കുറയുന്നു: റിസർവ് ബാങ്ക് സർവേ

""തൊഴിൽ സാഹചര്യം വളരെ മോശം. സാന്പത്തികാവസ്ഥ വഷളാവുകയാണ്. ആളുകളുടെ വരുമാനവും കുറയുകയാണ്. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് പണം ചെലവഴിക്കുന്നത്... ’’ റിസർവ് ബാങ്ക് സെപ്റ്റംബറിൽ നടത്തിയ പ്രതിമാസ ഉപഭോക്തൃ വിശ്വാസ സർവേയുടെ കണ്ടെത്തലാണിത്.

2012-നു ശേഷം രാജ്യത്തെ തൊഴിൽസാഹചര്യവും മൊത്തം സാന്പത്തികാവസ്ഥയും ഏറ്റവും വഷളായ അവസ്ഥയിലാണിപ്പോഴെന്നാണ് ജനങ്ങൾ പ്രതികരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സർവേയിൽ പങ്കെടുത്ത 52.5 ശതമാനം ആളുകളും രാജ്യത്തെ തൊഴിൽ സാഹചര്യം വഷളായ അവസ്ഥയിലാണെന്നാണ് വിമർശിക്കുന്നു. കഴിഞ്ഞ വർഷം ഇതേ അഭിപ്രായം ഉയർന്നിരുന്നെങ്കിലും 33 ശതമാനം ആളുകളായിരുന്നു ഈ വിമർശനം ഉന്നയിച്ചത്.
സർവേയിൽ പങ്കെടുത്ത 26.7 ശതമാനം ആളുകളും തങ്ങളുടെ വരുമാനം കുറഞ്ഞതായി അഭിപ്രായപ്പെട്ടു. രാജ്യത്തെ മൊത്തം സാന്പത്തികാവസ്ഥ വഷളാണെന്നു 47.9 ശതമാനം ആളുകൾ വ്യക്തമാക്കി.

നേരത്തെ 2013ലായിരുന്നു രാജ്യത്തിന്‍റെ സാന്പത്തികാവസ്ഥയെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നത്. അതിലും ഭീകരമായ സ്ഥിതിയെന്നാണ് ജനങ്ങൾ ഇപ്പോൾ ആശങ്കപ്പെടുന്നത്.
വരുംവർഷങ്ങളിൽ പോലും സാന്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്നു 38.6 ശതമാനം ആളുകളും ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റം രൂക്ഷമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വരുംവർഷങ്ങളിൽ വരുമാനത്തിൽ വർധനയുണ്ടാകുമെന്നാണ് 53 ശതമാനം ആളുകളുടെയും പ്രതീക്ഷ.വരുമാനം വർധിക്കില്ലെന്നു 9.6 ശതമാനം ആളുകൾ പറയുന്നു. സർവേയിൽ പങ്കെടുത്ത 26.7 ശതമാനം ആളുകളും അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രമേ പണം ചെലവഴിക്കുന്നുള്ളു. അതുകൊണ്ടു തന്നെ വാഹന വിപണി അടക്കമുള്ള പല മേഖലകളും പ്രതിസന്ധിയിലാണെന്നും റിപ്പോർട്ട് പറയുന്നു.

ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ എന്നിവ അടക്കം 13 നഗരങ്ങളിലെ 5192 വീടുകളിലായാണ് സർവേ നടത്തിയത്.