സബ് ലെറ്റിംഗിൽ നിന്നുള്ള വരുമാനം വാടകയായി കണക്കാക്കില്ല
കെട്ടിടം വാടകയ്ക്കു കൊടുക്കുന്പോൾ ലഭിക്കുന്ന വാടക ഉടമസ്ഥന്‍റെ കൈകളിൽ ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനമായിട്ടാണ് ആദായനികുതിനിയമത്തിൽ കണക്കാക്കുന്നത്. എന്നാൽ, വാടകയ്ക്കെടുത്ത വ്യക്തി കെട്ടിടം സബ് ലെറ്റിംഗ് ചെയ്താൽ അദ്ദേഹത്തിനു ലഭിക്കുന്ന വരുമാനം ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനമായിട്ടല്ല; മറിച്ച് ബിസിനസിൽനിന്നുള്ള വരുമാനമായിട്ടോ അല്ലെങ്കിൽ മറ്റു വരുമാനങ്ങളുടെ ഹെഡിൽ മാത്രമോ ആയാണ് ആദായനികുതി നിയമത്തിൽ കണക്കാക്കുന്നത്. കെട്ടിട ഉടമയ്ക്ക് വാടക ലഭിച്ചാൽ മാത്രമേ അതു ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനമാകൂ.

എന്നാൽ, ചില സാഹചര്യങ്ങളിൽ രജിസ്റ്റേഡ് ഉടമയാണെങ്കിലും ആദായനികുതി നിയമം ഉടമയായി അംഗീകരിക്കില്ല. ആ സാഹചര്യങ്ങൾ ചുവടെ:

1. മതിയായ പ്രതിഫലം ലഭിക്കാതെ കെട്ടിടമുടമ ഭാര്യയുടെയോ/ ഭർത്താവിന്‍റെയോ/ മൈനർ ആയിട്ടുള്ള കുട്ടികളുടെയോ പേരിലേക്ക് കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം ട്രാൻസ്ഫർ ചെയ്യുന്ന സാഹചര്യങ്ങൾ.
2. വേർതിരിക്കാൻ സാധിക്കില്ലാത്ത കെട്ടിട ഉടമയുടെ ഉടമസ്ഥാവകാശം.
3. കെട്ടിടനിർമാണത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള കന്പനിയുടെയോ സൊസൈറ്റിയുടെയോ പക്കൽനിന്ന് അംഗങ്ങൾക്ക് അലോട്ട് ചെയ്തിരിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് അനുസരിച്ച് ഉടമസ്ഥാവകാശം ഉടമയ്ക്ക് ലഭിച്ചെങ്കിൽ മാത്രമേ ആദായനികുതി നിയമം അനുസരിച്ചു ലഭിക്കുന്ന വാടക ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനമായി കണക്കാക്കുകയുള്ളൂ.

സംയോജിത വാടക ലഭിക്കുന്പോൾ

ഒരു കെട്ടിടം അതിലെ ഉപകരണങ്ങളും മറ്റും സഹിതം വാടകയ്ക്ക് കൊടുക്കുകയും കെട്ടിടത്തിന്‍റെ വാടകയും ഉപകരണങ്ങളുടെ വാടകയും തമ്മിൽ വേർതിരിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ ലഭിക്കുന്ന വരുമാനത്തെ ബിസിനസിൽനിന്നുള്ള വരുമാനമായോ അല്ലെങ്കിൽ മറ്റു വരുമാനങ്ങളുടെ കൂട്ടത്തിലോ പെടുത്താവുന്നതാണ്.
എന്നാൽ, കെട്ടിടത്തിന്‍റെ വാടകയും ഉപകരണങ്ങളുടെ വാടകയും തമ്മിൽ വേർതിരിക്കാൻ സാധിക്കുമെങ്കിൽ കെട്ടിടത്തിന്‍റെ വാടക ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനമായും മറ്റു വാടക ബിസിനസിൽനിന്നോ മറ്റു വരുമാനങ്ങളിൽനിന്നോ ഉള്ള വരുമാനമായും പരിഗണിക്കാം.

എന്നാൽ, സംയോജിത വാടകയിൽ ഒരു പങ്ക് കെട്ടിട ഉടമ നല്കുന്ന സേവനങ്ങളുടെ പ്രതിഫലം ആയിട്ടായിരിക്കും വാങ്ങുന്നതെങ്കിൽ, കെട്ടിടത്തിന്‍റെ വാടകയും സേവനമൂല്യവും വേർതിരിച്ചതിനു ശേഷം കെട്ടിടവാടക ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടകയായും കെട്ടിട ഉടമ നല്കുന്ന സേവനങ്ങളുടെ മൂല്യത്തിനെ ബിസിനസിൽനിന്നോ മറ്റു വരുമാനങ്ങളിൽനിന്നോ ഉള്ള വരുമാനമായും കണക്കിലെടുക്കാവുന്നതാണ്.

കെട്ടിട വാടകയ്ക്ക് ലഭിക്കുന്ന കിഴിവുകൾ

കെട്ടിടം വാടകയ്ക്ക് കൊടുത്തിട്ടുണ്ടെങ്കിൽ 12 മാസം ലഭിച്ച വാടകയെ ആന്വൽ ലെറ്റിംഗ് വാല്യു ആയി കണക്കിലെടുക്കുകയാണ് പതിവ്. അതിൽനിന്നു കോർപറേഷൻ ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ അതു കിഴിച്ച് ബാലൻസ് വരുന്ന തുകയെ നെറ്റ് ആന്വൽ ലെറ്റിംഗ് വാല്യു ആയി കണക്കാക്കും. അതിൽനിന്നും ആദായനികുതി നിയമം 24 (എ) അനുസരിച്ചുള്ള 30 ശതമാനം സ്റ്റാൻഡാർഡ് ഡിഡക്ഷന്‍റേയും 24 (ബി) അനുസരിച്ച് കെട്ടിട നിർമാണത്തിനോ റിപ്പയറിംഗിനോ വേണ്ടി പലിശയ്ക്ക് പണം കടം എടുത്തിട്ടുണ്ടെങ്കിൽ പലിശയുടെയും കിഴിവു ലഭിക്കുന്നതാണ്. അതിനുശേഷം മിച്ചം വരുന്ന തുകയാണ് നികുതി ചുമത്തുന്നതിനുവേണ്ടി ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനം. കെട്ടിടം പണിയുന്നതിനുവേണ്ടി ബാങ്കിൽനിന്നെടുത്ത പണത്തിനു മാത്രമല്ല പലിശ നല്കാവുന്നത്. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൈയിൽനിന്നു പണം പലിശയ്ക്ക് വാങ്ങിയിട്ടുണ്ടെങ്കിൽ ആ പലിശയ്ക്കും കിഴിവ് ലഭിക്കും. എന്നാൽ, സ്വന്തമായി താമസിക്കുന്നതിനുവേണ്ടി നിർമിച്ച കെട്ടിടമാണെങ്കിൽ ആന്വൽ ലെറ്റിംഗ് വാല്യു പൂജ്യം ആയി കണക്കാക്കി, കെട്ടിടനിർമാണത്തിനുവേണ്ടി പണം പലിശയ്ക്ക് എടുത്തിട്ടുണ്ടെങ്കിൽ ആ പലിശയ്ക്ക് കിഴിവ് (പരമാവധി രണ്ടു ലക്ഷം രൂപ) ലഭിക്കുന്നതാണ്. ഇത് മറ്റ് വരുമാനത്തിൽനിന്നു സെറ്റോഫ് ചെയ്യാൻ സാധിക്കും.

ബേബി ജോസഫ്,
ചാർട്ടേഡ് അക്കൗണ്ടന്‍റ്