ആർബിഐ പണനയം: ഇനി വേണ്ടത് ഗവണ്‍മെന്‍റ് ആക്ഷൻ
ആർബിഐ പണനയം:   ഇനി വേണ്ടത്  ഗവണ്‍മെന്‍റ് ആക്ഷൻ
Tuesday, September 3, 2019 4:47 PM IST
ഇക്കഴിഞ്ഞ മോണിട്ടറി പോളിസി കമ്മിറ്റി നയപലിശ നിരക്കു കുറയ്ക്കുമെന്ന കാര്യത്തിൽ ആർക്കും സശംയമില്ലായിരുന്നു. അതു കാൽ ശതമാനമാണോ അര ശതമാനമാണോ എന്നതിലേ തർക്കമുണ്ടായിരുന്നുള്ളു. എന്നാൽ റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസും മോണിട്ടറി പോളിസി കമ്മിറ്റിയും ഇതിനിടയിലുള്ള ഒരു നിരക്കാണ് സ്വീകരിച്ചത്.

രാജ്യത്തിന്‍റെ ജിഡിപി വളർച്ച കുറയുകയാണെന്നംഗീകരിച്ചുകൊണ്ട് പലിശ നിരക്കിൽ 0.35 ശതമാനം കുറവാണ് വരുത്തിയത്. റീപോ നിരക്ക് ഇപ്പോൾ 5.40 ശതമാനമായും റിവേഴ്സ് റിപോ 5.50 ശതമാനത്തിൽനിന്ന് 5.15 ശതമാനമായും കുറച്ചു. സിആർആർ മാറ്റമില്ലാതെ നാലു ശതമാനത്തിൽ തുടരുന്നു. ഒന്പതു വർഷത്തെ ഏറ്റവും കുറഞ്ഞ റീപോ നിരക്കാണ് 5.40 ശതമാനം.

പലിശ കുറച്ചതും എൻബിഎഫ്സിക്കുള്ള വായ്പ ഉദാരമാക്കിയതും സാന്പത്തിക വളർച്ചയ്ക്ക് ഉൗർജം നൽകുമെന്നാണ് പണം നയം പ്രഖ്യാപിച്ചുകൊണ്ട് റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത് ദാസ് പറഞ്ഞത്. ബാങ്കുകൾക്ക് ഇനി കൂടുതൽ തുക എൻബിഎഫ്സികൾക്ക് വായ്പ നൽകാം. പക്ഷേ ബാങ്കുകൾ ഇക്കാര്യത്തിൽ വളരെ ജാഗ്രത പാലിക്കുകയാണ്. റിസ്ക് ഒഴിവാക്കുവാൻ ബാങ്കുകൾ ആഗ്രഹിക്കുന്നു.

സ്വകാര്യ ഉപഭോഗവും നിക്ഷേപവും ഉടനേതന്നെ മെച്ചപ്പെടുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.

പണനയത്തിനു പരിമിതി

പണനയംകൊണ്ടു ഒരു രാജ്യത്തിന്‍റെ സന്പദ്ഘടനയെ കിക്ക് സ്റ്റാർട്ട് ചെയ്യുന്നതിനു പരിധിയുണ്ട്. മറ്റു പല കാരണങ്ങൾകൊണ്ടു വളർച്ചയിലുണ്ടായ മാന്ദ്യത്തെ നീക്കി വളർച്ച ത്വരിതപ്പെടുത്തുവാൻ പലിശ കുറച്ചുതുകൊണ്ടു മാത്രമാകില്ല.

തുടർച്ചയായ നാലാമത്തെ പ്രാവശ്യമാണ് പലിശ നിരക്കിൽ കുറവു വരുത്തുന്നത്. പക്ഷേ, വളർച്ചാ പ്രതീക്ഷ ജൂണിലെ 7 ശതമാനത്തിൽനിന്ന് 6.9 ശതമാനമായി റിസർവ് ബാങ്ക് കുറച്ചിരിക്കുകയാണ്. സന്പദ്ഘടനയിലെ ദുർബലമായ ഡിമാൻഡ് വളർച്ചയെ ബാധിച്ചുവെന്നാണ് റിസർവ് ബാങ്കിന്‍റെ വിലയിരുത്തൽ. നടപ്പുവർഷം 6.5 ശതമാനം വളർച്ച ലഭിച്ചാൽ ഭാഗ്യമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.


റിസർവ് ബാങ്ക് പലിശ കുറച്ചത് സന്പദ്ഘടനയിലേക്ക് വളർച്ചയുടെ സ്ഫുലിംഗങ്ങൾ കൊണ്ടുവരുമോ? മുൻകാല അനുഭവം നോക്കിയാൽ അതിനുള്ള സാധ്യത കുറവാണ്. 2019-ൽ പലിശ നിരക്കിൽ 1.10 ശതമാനം കുറവു വരുത്തിയെങ്കിലും വായ്പക്കാരനു ലഭിച്ചത് വെറും 0.29 ശതമാനം കുറവാണ്.

സന്പദ്ഘടനയിലെ ഇപ്പോഴത്തെ പ്രശ്നം പണലഭ്യതയുടേതല്ല. അടുത്തയിടെ സംവിധാനത്തിലെ അധികപണമായ 2 ലക്ഷം കോടി രൂപയോളം റിസർവ് ബാങ്ക് സ്വീകരിച്ചത്. നിക്ഷേപം നടത്താനുള്ള അന്തരീക്ഷമില്ലായെന്നതാണ്. എൻബിഎഫ്സികൾക്കു വൻതോതിൽ വായ്പ നൽകുവാൻ ബാങ്കുകൾ സമയമെടുക്കും. അതുകൊണ്ടുതന്നെ എൻബിഎഫ്സിയെ ആശ്രയിച്ചു കഴിയുന്ന മാനുഫാക്ചറിംഗ് ഉൾപ്പെടെയുള്ള മേഖലകൾ വളർച്ചയിലേക്കു വരുവാൻ സമയമെടുക്കും.

മാത്രവുമല്ല, സ്വകാര്യ നിക്ഷേപത്തോത് വർധിക്കണമെങ്കിൽ സന്പദ്ഘടനയിൽ ആത്മവിശ്വാസമു ണ്ടാകണം. അതു ഗവണ്‍മെന്‍റാണ് ചെയ്യേണ്ടത്. ഘടനാപരമായ പരിഷ്കാരങ്ങൾക്കു ഗവണ്‍മെന്‍റ് തുനിയണം. അസറ്റ് വിൽപ്പനയും ഉടമസ്ഥത ഒഴിവാകുന്നതുൾ പ്പെടെയുള്ള നടപടികൾക്കു ഗവണ്‍മെന്‍റ് തുനിയണം. ഗവണ്‍മെന്‍റ് പരിഷ്കരണ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ പലിശ കുറച്ചുകൊണ്ട് വളർച്ചയെ ത്വരിതപ്പെടുത്താനുള്ള റിസർവ് ബാങ്ക് എടുത്ത നടപടികൾ പാഴായിപ്പോകും. മൂലധനത്തിന്‍റെ ചെലവു കുറയ്ക്കുന്നത് നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.

ചുരുക്കത്തിൽ, ഇനി ഗവണ്‍മെന്‍റാണ് സന്പദ്ഘടനയിലെ കുതിപ്പിനുള്ള നടപടികൾ എടുക്കേണ്ടത്. പ്രത്യേകിച്ചും മൂലധന നിക്ഷേപത്തിന്‍റെ കാര്യം വരുന്പോൾ. ഗവണ്‍മെന്‍റിന്‍റെ ധന സ്ഥിതി കൂടുതൽ നിക്ഷേപത്തിനു കഴിയുന്ന അവസ്ഥയിലല്ല. സന്പദ്ഘടനയുടെ വളർച്ചയിൽ റിസർവ് ബാങ്കിന് ഇനി വഹിക്കാനുള്ള പങ്ക് തുലോം കുറവാണ്.

-ജോയി ഫിലിപ്പ്