ജൻധൻ അക്കൗണ്ട് വെറുമൊരു അക്കൗണ്ടല്ല
മോദി സർക്കാർ അധികാരത്തിലേറിയ ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഏറ്റവും വിപ്ലവകരമായ പദ്ധതിയായിരുന്നു പ്രധാൻ മന്ത്രി ജൻധൻ യോജന.രാജ്യത്തെ കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ടും ബാങ്കിംഗ് സേവനങ്ങളും ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. 2014 ഓഗസ്റ്റ് 15 ന് പ്രഖ്യാപിച്ച പദ്ധതി ഓഗസ്റ്റ് 28 ന് നിലവിൽ വന്നു. എല്ലാവർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക. സർക്കാർ സബ്സിഡികളും ആനുകൂല്യങ്ങളും കൃത്യമായി അർഹതരപ്പെട്ടവരിലേക്ക് എത്തിക്കുക എന്നിങ്ങനെയുള്ള നിരവധി ലക്ഷ്യങ്ങളുമായാണ് പ്രധാൻ മന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ വിജയകരമായി മുന്നോട്ട് പോകുന്നത്. ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ സാന്പത്തിക ഉൾപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണ് ഇത്തരമൊരു ബാങ്കിംഗ് രീതി ആരംഭിച്ചത്. ബാങ്കുകളുടെ ശാഖകളിൽ നേരിട്ട് എത്തിയോ അല്ലെങ്കിൽ ബിസിനസ് കറസ്പോണ്ടന്‍റുമാർ (ബാങ്ക് മിത്്രത)വഴിയോ അക്കൗണ്ട് തുറക്കാവുന്നതാണ്. ഒരു കുടുംബത്തിന് ഒരു അക്കൗണ്ടെ ലഭിക്കു.

ജൻധൻ അക്കൗണ്ടുകൊണ്ടുള്ള നേട്ടങ്ങൾ

വെറുമൊരു ബാങ്ക് അക്കൗണ്ട് മാത്രമല്ല ജൻധൻ അക്കൗണ്ടുകൾ. അടിസ്ഥാനപരമായ ബാങ്കിംഗ് സേവനങ്ങൾക്കൊപ്പം മറ്റു ചില നേട്ടങ്ങൾ കൂടി ജൻധൻ അക്കൗണ്ടുകൊണ്ട് ഉപഭോക്താക്കൾക്കുണ്ട്.

അപകട ഇൻഷുറൻസ്

ജൻധൻ അക്കൗണ്ടിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം അപകട ഇൻഷുറൻസ ് കവറേജാണ്. ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ലക്ഷം രൂപയുടെ കവറേജാണ് ലഭിക്കുന്നത്.

മിനിമം ബാലൻസ് വേണ്ട

ബാങ്ക് അക്കൗണ്ട് ഉടമകളെ ഏറെ വലയ്ക്കുന്ന കാര്യമാണ് മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കുക എന്നത്. എന്നാൽ ജൻധൻ അക്കൗണ്ടുള്ളവർക്ക് ഇത്തരത്തിൽ മിനിമം ബാലൻസിനെക്കുറിച്ച് ആശങ്കപ്പെടാനില്ല.


ലൈഫ് ഇൻഷുറൻസ് കവറേജ്

അപകട ഇൻഷുറൻസിനു പുറമേ 30000 രൂപയുടെ ഇൻഷുറൻസ് കവറേജും ലഭിക്കും. ഇതും ജൻധൻ അക്കൗണ്ടിന്‍റെ നേട്ടമാണ്.

സബ്സിഡി നേരിട്ട് ഉപഭോക്താക്കളിലേക്ക്

സർക്കാർ വിവിധ പദ്ധതികൾക്കായി ലഭ്യമാക്കുന്ന ആനുകൂല്യങ്ങളും സബ് സിഡികളും ജൻധൻ അക്കൗണ്ടിൽ നേരിട്ട് ലഭ്യമാകും. ഇതുവഴി അർഹതപ്പെട്ടവർക്കു തന്നെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താം.

ഇന്‍റർനെറ്റ് ബാങ്കിംഗ് സൗകര്യം ലഭ്യമാണ്

ജൻധൻ അക്കൗണ്ടുകൾക്കും ഇന്‍റർനെറ്റ് ബാങ്കിംഗ് സൗകര്യം ലഭ്യമാണ്. അതുകൊണ്ടു തന്നെ മൊബൈൽ ഉണ്ടെങ്കിൽ എവിടെവെച്ചും എപ്പോൾ വേണമെങ്കിലും പണമിടപാടുകൾ നടത്താനും സാധിക്കും.

ഓവർഡ്രാഫ്റ്റ്

ആറുമാസം ബാങ്ക് അക്കൗണ്ട് മികച്ച രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഓവർ ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാണ്.പതിനായിരം രൂപയോളം ഇങ്ങനെ ഓവർഡ്രാഫ്റ്റായി ലഭിക്കും.

* ഈ സേവനങ്ങൾക്കു പുറമേ ബാങ്ക് ലഭ്യമാക്കുന്ന മറ്റ് നിക്ഷേപ ഉപകരണങ്ങൾ, ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ എന്നിവയ്ക്കായും ജൻധൻ അക്കൗണ്ട് ഉപയോഗിക്കാം
* ചെക്ക് ബുക്ക് ആവശ്യമാണെങ്കിൽ മിനിമം ബാലൻസ് മാനദണ്ഡങ്ങളിലുൾപ്പെടുന്ന അക്കൗണ്ടിലേക്ക് മാറേണ്ടി വരും.
* അക്കൗണ്ട് തുറക്കാനാവശ്യമായ രേഖകൾ: അക്കൗണ്ട് തുടങ്ങാനാഗ്രഹിക്കുന്നയാളുടെ മേൽവിലാസവും വ്യക്തിത്വവും തെളിയാക്കാനായി ആധാർ കാർഡ്, പാൻ കാർഡ് എന്നിങ്ങനെയുള്ള രേഖകൾ ഹാജരാക്കിയാൽ മതി.