ആരോഗ്യ ഇൻഷുറൻസിലൂടെ ഏത്ര നികുതിയിളവു നേടാം
നിക്ഷേപം നടത്തുന്പോൾ നികുതിയിളവു ലഭിക്കുമെന്ന് എല്ലാവർക്കുംതന്നെ അറിയാം. അതുപോലെ ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്പോഴും നികുതിയളവു ലഭിക്കുമെന്ന് എത്ര പേർക്ക് അറിയാം?

ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട നികുതിയിളവ് അനുവദിക്കുന്നതിനായി ആദായനികുതി വകുപ്പിൽ 80ഡി എന്നൊരു വകുപ്പുതന്നെയുണ്ട്.

എന്താണ് 80 ഡി

വരുമാനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രായം കൂടിയവരോ ശിശുവോ ആണെങ്കിലും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കണമെന്ന അവബോധം പതിയെ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ലൈഫ് ഇൻഷുറൻസ് പോളിസിയേക്കാൾ മുൻഗണന ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് നൽകണമെന്നും ആളുകൾ കരുതിത്തുടങ്ങിയിട്ടുണ്ട്. ഏതൊരു ധനകാര്യ ആസൂത്രണത്തിന്‍റെയും ആണിക്കല്ലുകളിലൊന്നാണ് ആവശ്യത്തിനുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി. അത്രയ്ക്കാണ് ചികിത്സാച്ചെലവിലെ വർധന. അതു താങ്ങുവാൻ സാധാരണക്കാർക്ക് സാധിക്കാതെ വരികയാണ്. ആരോഗ്യ ഇൻഷുറൻസ് പോളിസി മാത്രമേ ഇതിനു പരിഹാരമായുള്ളു.

ഈ അവബോധത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രീമിയത്തിന് ഗവണ്‍മെന്‍റ് നികുതിയിളവ് നൽകി വരുന്നത്. ഇതിനായി ആദായനികുതി നിയമത്തിൽ 80 ഡി എന്നൊരു ഉപവകുപ്പു കൂട്ടിച്ചേർക്കുകയും ചെയ്തു.

80 ഡിയിൽ എത്ര

ഓരാൾക്ക് സ്വന്തമായും കുടുംബത്തിനും ( പങ്കാളി+ പ്രായപൂർത്തിയാകാത്ത, 18 വയസിനു താഴെയുള്ള കുട്ടികൾ), മാതാപിതാക്കൾ തുടങ്ങിയവർക്കായി എടുക്കുന്ന ആരോഗ്യ പോളിസിയുടെ പ്രീമിയത്തിനാണ് നികുതിയിളവു ലഭിക്കുന്നത്. സഹോദരൻ, സഹോദരി എന്നിവർക്കുവേണ്ടി നൽകുന്ന പ്രീമിയത്തിനു നികുതി കിഴിവു ലഭിക്കുകയില്ല.
80 ഡിയിൽ എത്ര ക്ലെയിം ചെയ്യാം

1. അറുപതു വയസിൽ താഴെയുള്ള ഓരാൾക്കും അയാളുടെ പങ്കാളിക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ( 18 വയസിൽ താഴെ) കൂടി മാക്സിമം 25000 രൂപ.
2. മാതാപിതാക്കളുടെ ( മാതാവ് + പിതാവ്) പോളിസിക്കായി നൽകുന്ന പ്രീമിയത്തിനും (25000 രൂപ വരെ) നികുതിയിളവു ലഭിക്കും.

എന്നാൽ മാതാപിതാക്കളുടെ പ്രായം 60 വയസിനു മുകളിലാണെങ്കിൽ പരിധി 50000 രൂപയിലേക്ക് ഉയരും.

ഉദാഹരണങ്ങൾ പരിശോധിക്കാം

ഉദാഹരണം 1: രാജൻ 35 കാരനാണ്. ഭാര്യയും ഒരു കുട്ടിയുമുള്ള കുടുംബമാണ്. രാജന്‍റെ മാതാവിന് 55 വയസും പിതാവിന് 57 വയസുമാണ്.

രാജനും കുടുംബത്തിനുവേണ്ടി പോളിസി എടുത്തതിന് 15000 രൂപ പ്രീമിയം നൽകി. മാതാപിതാക്കൾക്ക് പോളിസി എടുത്തതിന് 34000 രൂപയും നൽകി. ആകെ 59000 രൂപ.
ഇവിടെ രാജനും കുടുംബത്തിനും പരമാവധി കിഴിവ് ലഭിക്കുക 25000 രൂപ വരെയാണ്. പക്ഷേ 15000 രൂപയാണ് പ്രീമിയമായി നൽകിയത്. രാജന്‍റെ മാതാപിതാക്കൾക്ക് 34000 രൂപ പ്രീമിയമായി നൽകിയെങ്കിലും പരമാവധി കിഴിവ് ലഭിക്കുന്നത് 25000 രൂപ വരെയാണ്. അതായത് 80ഡി വകുപ്പു പ്രകാരം രാജന് 40000 രൂപയുടെ (15000+ 25000 രൂപ) കിഴിവ് അവകാശപ്പെടാം.

ഉദാഹരണം 2: നാൽപ്പത്തിയെട്ടുകാരനായ രാഹുലിന് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. രാഹുലിന്‍റെ മാതാപിതാക്കൾക്ക് 72- ഉം 74-ഉം വയസ് വീതമാണ്.

രാഹുൽ തനിക്കും കുടുംബാംങ്ങൾക്കും പോളിസി എടുത്തപ്പോൾ നൽകിയത് 30000 രൂപയാണ്. മാതാപിതാക്കൾക്ക് പോളിസിക്കായി 63000 രൂപയും നൽകി.

ഇവിടെ രാഹുലിനും കുടുംബത്തിനുമെടുത്ത പോളിസിക്ക് 25000 രൂപ വരെയുള്ള പ്രീമിയത്തിനാണ് കിഴിവു ലഭിക്കുക. അതേ സമയം മാതാപിതാക്കൾക്ക് 50000 രൂപ വരെയാണ് കിഴിവ് ലഭിക്കുക.

അതായത് 75000 രൂപയാണ് ( 25000 + 50000 രൂപ) രാഹുലിന് നികുതിയിളവായി ലഭിക്കുക.

ആരോഗ്യ പോളിസിയിലെ നികുതി കിഴിവ് ഉപയോഗപ്പെടുത്തുക

ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം അടവിന് നികുതിയിളവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് എടുക്കേണ്ടത് ഏറ്റവും ആവശ്യമാണ്. കാരണം ചികിത്സാച്ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം ഓരോ ദിവസവും വർധിക്കുകയാണ്. അതിനെ നേരിടണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായേ മതിയാകൂ. അതിനൊപ്പം നികുതിയിളവും കൂടി ലഭിക്കുകയെന്നത് ബോണസ് ലഭിക്കുന്നതുപോലെയാണ്. അതിനാൽ ഓരോരുത്തരും അവരവർക്കും കുടുംബാംഗങ്ങൾക്കും മാതാപിതാക്കൾക്കും നിശ്ചയമായും ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുക.

പ്രീമിയത്തിനു നികുതിയിളവ്ലഭിക്കുന്നത്
1. ഒരു വ്യക്തിയുടെ സ്വന്തം പ്രീമിയം
2. പങ്കാളി
3. പ്രായപൂർത്തിയാകാത്ത കുട്ടികൾ ( 18 വയസിൽ താഴെ)
4. മാതാപിതാക്കൾ