വളർച്ചയുടെ പടവുകളിൽ ഷിപ്പ് യാർഡ് നയിക്കാൻ മലയാളി
വളർച്ചയുടെ  പടവുകളിൽ ഷിപ്പ് യാർഡ് നയിക്കാൻ മലയാളി
Friday, April 26, 2019 3:59 PM IST
ട്രെയിനിയായി ജോലിക്കു കയറുക. വർഷങ്ങൾക്കുശേഷം ആ സ്ഥാപനത്തെ മുന്നിൽനിന്നു നയിക്കുക. വളരെ കുറച്ചു പേർക്കേ ഇത്തരം നിയോഗത്തിനുള്ള ഭാഗ്യം ലഭിക്കാറുള്ളു.
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ അങ്ങനെ ഭാഗ്യം ലഭിച്ചയാളാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തന്‍റെ ശ്വാസംപോലെ അടുത്തറിയാവുന്ന കൊച്ചിൻ കപ്പൽശാലയ്ക്ക് വളർച്ചയുടെ പുതിയ ദിശ നൽകുന്ന യത്നത്തിലാണ് മധു എസ്. നായർ.

കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയിൽനിന്നു നേവൽ ആർക്കിടെക്ചറിൽ ബിരുദം നേടിയ മധു എസ് നായർ 1988 ജൂണിലാണ് എക്സിക്യൂട്ടീവ് ട്രെയിനിയായി കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്കു കയറുന്നത്. 2002-ൽ ജപ്പാനിലെ ഒസാക്കയിൽനിന്നു എം ടെക് എടുത്ത മധു കന്പനിയുടെ എല്ലാ വളർച്ചാഘട്ടങ്ങളിലും ഭാഗഭാക്കായിരുന്നു. ഈ പങ്കാളിത്തം മധുവിനെ കന്പനിയിൽനിന്നുള്ള ആദ്യത്തെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഷിപ്പ് റിപ്പയറിംഗ്- ഷിപ്പ് ബിൽഡിംഗ് കന്പനിയായ കൊച്ചിൻ ഷിപ്പ് യാർഡിന്‍റെ വികസനത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ വിശദീകരിക്കുന്നു.

? കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്‍റെ മുഖ്യ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കാമോ.
= പ്രധാനമായും മൂന്നു മേഖലകളിലാണ് കന്പനിയുടെ പ്രവർത്തനം. ഷിപ്പ് റിപ്പയറിംഗ്, ഷിപ്പ് ബിൽഡിംഗ്, നോളഡ്ജ് ഡ്രിവൻ പ്രവർത്തനങ്ങൾ എന്നിവയാണവ.
ആദ്യമായി അറിവ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ പരിശോധിക്കാം. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ ഈ മേഖലയിലേക്കു സ്വീകരിക്കുന്നതിനുള്ള ശ്രമമാണ് ഈ വിഭാഗത്തിലൂടെ ലക്ഷ്യമിടുന്നത്. ബയോ, എൽഎൻജി, മെത്തനോൾ തുടങ്ങി പകരം ഇന്ധനം ഉപയോഗിക്കൽ, ഹൈബ്രിഡ് ഇലക്ട്രിക് കപ്പലുകളുടെ വികസനം, കോസ്റ്റൽ വെസൽ, ഇൻലാൻഡ് വാട്ടർ വെസൽസ് തുടങ്ങിയ നിരവധി ആശയങ്ങൾ ഇവിടെ ചർച്ചകളിലാണ്.

ഷിപ്പ് റിപ്പയറിംഗ്

കന്പനിയുടെ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ പ്രധാനമായും ഷിപ്പ് റിപ്പയറിംഗ്, ഷിപ്പ് ബിൽഡിംഗ് മേഖലകളിലാണ്. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ 30 ഏക്കറിൽ മൂന്നാമത്തെ ഡ്രൈഡോക് ( 310 മീറ്റർ നീളം) 1799 കോടി രൂപയിൽ നിർമിക്കുന്നത് പുരോഗമിക്കുകയാണ്. 2021-ൽ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ വലിയ എയർ ക്രാഫ്റ്റ് കാരിയേഴ്സ് വരെ നിർമിക്കാനും അവയുടെ അറ്റകുറ്റപ്പണികൾ കൈകാര്യം ചെയ്യാനും സാധിക്കും.

വലിയ എൽഎൻജി വെസൽ, ജാക്ക് അപ് റിഗ്, ഡ്രിൽ ഷിപ്, വലിയ ഡ്രെഡ്ജർ തുടങ്ങിയ വലുതും നവീനവുമായ കപ്പലുകൾ നിർമിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനും ഇതോടെ കന്പനിക്കു സാധിക്കും.

വെല്ലിംഗ്ടണ്‍ ഐലൻഡിൽ സ്ഥാപിച്ചുവരുന്ന ഇന്‍റർനാഷണൽ ഷിപ് റിപ്പയർ ഫസിലിറ്റി ( ഐ എസ് ആർ എഫ്) പദ്ധതിയാണ് മറ്റൊന്ന്. ഇതു വഴി വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ സാധ്യമാക്കുന്നു. ഇതു കമ്മീഷൻ ചെയ്യുന്നതോടെ വർഷം 85കപ്പലുകളുടെ അറ്റകുറ്റപ്പണികളും സാധ്യമാകും. 2019 അവസാനത്തോടെ ഐഎസ്ആർഎഫ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 970 കോടി രൂപ ചെലവുകണക്കാക്കുന്നു.
കേരളത്തിനു പുറത്തും ചില പദ്ധതികൾ കന്പനി നടപ്പാക്കിവരികയാണ്. കൊൽക്കത്തയിൽ ഇൻലാൻഡ് വെസൽ കപ്പൽ നിർമാണശാല കന്പനി സ്ഥാപിച്ചുവരകയാണ്. പ്രധാനമായും ഉൾനാടൻ കപ്പലുകളെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഹൂഗ്ളി കൊച്ചിൻ ലിമിറ്റഡ് എന്ന പേരിൽ സംയുക്ത സംരംഭത്തിനു രൂപം നൽകിയിട്ടുണ്ട്. ഇതിൽ ഷിപ്പ് യാർഡിന് 74 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. നൂറ്റിയറുപതു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതി അടുത്ത 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മുംബൈ പോർട്ട് ട്രസ്റ്റിന്‍റെ ഷിപ്പ് റിപ്പയർ സൗകര്യം കന്പനി ഏറ്റെടുത്തു വികസിപ്പിച്ചുവരികയാണ്. നാല്പതോളം കപ്പലുകളുടെ അറ്റകുറ്റപ്പണി ലക്ഷ്യമിടുന്ന ഇവിടെ 80 കോടി രൂപയുടെ വികസന പ്രവർത്തികൾ നടപ്പാക്കി വരികയാണ്. മൂന്നുവർഷത്തിനകം ഇതു പൂർത്തിയാക്കും. ഫ്ളോട്ടിംഗ് ഡോക്ക് ആണ് ഇവിടുത്തെ പ്രത്യേകത.
ഇതോടൊപ്പം കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ ഷിപ്പ് റിപ്പയർ സൗകര്യം ഏറ്റെടുക്കുന്നതിനുള്ള ചർച്ചയിലാണ് കന്പനി. താമസിയാതെ ധാരാണ പത്രം വയ്ക്കാനുദ്ദേശിക്കുന്നു. ഇതിന് 15-18 കോടി രൂപ ചെലവു കണക്കാക്കുന്നു. പോർട്ട് ബ്ലെയറിൽ മറൈൻ വർക്ക്ഷോപ്പ് സൗകര്യമൊരുക്കാനും ഉദ്ദേശിക്കുന്നു. മുപ്പതു വർഷത്തെ ലീസിനായി ധാരണാപത്രം വച്ചിട്ടുണ്ട്.

ഷിപ്പ് ബിൽഡിംഗ്

ഇന്ത്യൻ നേവിക്കുവേണ്ടി എയർ ക്രാഫ്റ്റ് കാരിയറിന്‍റെ നിർമാണമാണ് കന്പനി ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പദ്ധതി. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയും രൂപകൽപ്പനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതും കന്പനിയാണ്. 2021 ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയുടെ മൊത്തം മൂല്യം 5400 കോടി രൂപയുടേതാണ്.

എട്ട് ആന്‍റി സബ്മറൈൻ വാർഫെയർ (എ എസ് ഡബ്ള്യു) , ഡിആർഡിഒയ്ക്കു വേണ്ടി ഒരു ടെക്നിക്കൽ ഡെമോണ്‍സ്ട്രേഷൻ വെസൽ (ടിഡിവി) നിർമിച്ച് ഈ വർഷാവസാനത്തോടെ കൈമാറാനുദ്ദേശിക്കുന്നു. ആൻഡാമാൻ നിക്കോബാറിനുവേണ്ടിയുള്ള നാല് പാസഞ്ചർ വെസലുകളുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടെണ്ണത്തിൽ 500 യാത്രക്കാർക്കു യാത്ര ചെയ്യാം. 150 ടണ്‍ കാർഗോയും കൊണ്ടുപോകാം. ഈ വർഷം തന്നെ രണ്ടെണ്ണം ഡെലിവറി ചെയ്യാനാണുദ്ദേശിക്കുന്നത്.
മറ്റു രണ്ടെണ്ണത്തിന്‍റെ ശേഷി 1200 യാത്രക്കാരാണ്. ആയിരം ടണ്‍ ചരക്കും കയറ്റാം.
ഇൻലാൻഡ് വാട്ടർ അഥോറിറ്റിക്കുവേണ്ടി 10 കപ്പലുകൾ നിർമക്കാനുള്ള ഓർഡറുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ ഫിഷിംഗ് വെസലുകളും കന്പനി നിർമിക്കും.

? ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പയറിംഗ് വിപണിയിൽ കൊച്ചിൻ ഷിപ്പ് യാർഡിന്‍റെ സ്ഥാനം എന്താണ്.
= ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ് നിർമാണ കന്പനിയാകുന്ന വിധത്തിൽ വികസന പരിപാടികൾ നടപ്പാക്കി വരികയാണ്. ഏതാണ്ട് 3500 കോടി രൂപയുടെ വികസന പദ്ധതികൾ. വലിയ എയർ ക്രാഫ്റ്റ് കാരിയർ മുതൽ ചെറിയ ഫിഷിംഗ് ബോട്ടുകൾ വരെ നിർമിക്കാനുള്ള ശേഷിയും സാങ്കേതികവിദ്യയും കന്പനിക്കുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ പരീക്ഷണാടിസ്ഥാനത്തിൽ മീൻപിടുത്ത ബോട്ടുകൾ കന്പനി നിർമിച്ചു തുടങ്ങിയിട്ടുണ്ട്.
പൊതുമേഖലയാണെങ്കിലും സ്വകാര്യമേഖലയാണെങ്കിലും പ്രതിരോധ മേഖലയാണെങ്കിലും അവസരങ്ങൾ ഉപയോഗപ്പെടുത്തുകയെന്നതിലാണ് കന്പനി ശ്രദ്ധ നൽകുന്നത്.
കന്പനിയുടെ കൈവശം അടുത്ത നാലഞ്ചു വർഷത്തേക്ക് 14000- 15000 കോടി രൂപയുടെ ഓർഡറുണ്ട്.

ഷിപ്പ് റിപ്പയറിംഗ് മേഖലയിൽ കന്പനിക്ക് പ്രതിവർഷം 800 കോടി രൂപയുടെ ഓർഡർ ബുക്കുണ്ട്. മൂന്നു വർഷം മുന്പുവരെ ഇത് 500 കോടി രൂപയായിരുന്നു. 2019-20 വർഷത്തിൽ മികച്ച വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ഷിപ്പ് റിപ്പയർ വിപണിയുടെ വലുപ്പം ഏതാണ്ട് 2500-3000 കോടി രൂപയാണ്.

? കന്പനിയുടെ വരുമാനത്തിന്‍റെ മുഖ്യഭാഗം എവിടെനിന്നാണ്.
= തീർച്ചയായും വരുമാനത്തിന്‍റെ 70-75 ശതമാനം ഷിപ്പ് ബിൽഡിംഗിൽനിന്നാണ്. ഷിപ്പ് റിപ്പയറിംഗിന്‍റെ ഭാഗം 25- 30 ശതമാനമാണ്. വികസന പരിപാടികൾ പൂർത്തിയാകുന്പോൾ ഈ അനുപാതം 65-35 (ഷിപ്പ് ബിൽഡിംഗ്-ഷിപ്പ് റിപ്പയറിംഗ്) ആയി ബാലൻസ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവ രണ്ടിൽ ഏതാണു മെച്ചമെന്നു പറയുവാൻ കഴിയുകയില്ല. രണ്ടു പരസ്പര പൂരകമായി പ്രവർത്തിക്കുന്നു. ഈ ബിസിനസിൽ ഇതു രണ്ടും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും പ്രധാനപ്പെട്ടതുമാണ്.

? കയറ്റുമതി വരുമാനമുണ്ടോ

= യുഎസ്, യൂറോപ്പ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് കന്പനി ഇതുവരെ 50 കപ്പലുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇപ്പോൾ വിദേശ കയറ്റുമതി ഓർഡറൊന്നുമില്ല. ഷിപ്പ് കയറ്റുമതി സൈക്ലിക്കലാണ്.

? കന്പനിയുടെ വരുമാന പ്രതീക്ഷ എങ്ങനെയാണ്
= 2017-18-ൽ 2355 കോടി രൂപ വിറ്റുവരവും 396 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്.
2018-19 ൽ മൂന്നാം ക്വർട്ടറിൽ 766.15 കോടി രൂപ വരുമാനവും 129.72 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. നടപ്പുവർഷത്തിന്‍റെ ആദ്യ 9 മാസക്കാലത്ത് വരുമാനം 2,174.55 കോടി രൂപ വരുമാനവും 383.67 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്.
നടപ്പുവർഷം കുറഞ്ഞത് 15 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ ഈ വളർച്ച നിലനിർത്താൻ കഴിയും. മുന്നുവർഷത്തിനുള്ളിൽ 4000 കോടി രൂപ വിറ്റുവരവാണ് മിനി രത്ന സ്ഥാനമുള്ള കന്പനി ലക്ഷ്യമിടുന്നത്.

? വികസന പ്രവർത്തനങ്ങൾക്കു പണം എവിടെ നിന്നാണ് കണ്ടെത്തുന്നത്.
= 2017-ൽ നടത്തിയ പബ്ളിക് ഇഷ്യുവഴി ഇപ്പോഴത്തെ വികസനത്തിനുള്ള പണം കണ്ടെത്തിയിട്ടുണ്ട്. ചില പദ്ധതികൾക്ക് ഗവണ്‍മെന്‍റ് സഹായമുണ്ട്. ഇപ്പോൾ ് 3500 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. അതിനാവശ്യമായ പണം കന്പനിയുടെ കൈവശമുണ്ട്. സീറോ ഡെറ്റ് കന്പനിയാണ്. അതിനാൽ ആവശ്യമെങ്കിൽ ബോണ്ട് ഇഷ്യു വഴിയും മറ്റും പണം സ്വരൂപിക്കാൻ സാധിക്കും. പക്ഷേ ഇപ്പോൾ അതിന്‍റെ ആവശ്യമില്ല.

? കൊച്ചിൻ ഷിപ്പ് യാർഡ് എങ്ങനെയാണ് പ്രാദേശിക വ്യവസായങ്ങൾക്കു തുണയാകുന്നത്.
= ഇന്‍റർ നാഷണൽ ഷിപ്പ് റിപ്പയർ ഫസിലിറ്റി ( ഐഎസ്ആർഎഫ്) കമ്മീഷൻ ചെയ്യുന്നതോടൊപ്പം അവിടെ അനുബന്ധ ഷിപ്പ് റിപ്പയറിംഗ് പാർക്കു കൂടി ലഭ്യമാക്കുന്നുണ്ട്. ഷിപ്പ് റിപ്പയറിംഗിൽ പ്രത്യേക സേവനങ്ങൾ നൽകുന്ന 25 കന്പനികളെയെങ്കിലും ഇവിടെ കൊണ്ടുവരുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കന്പനികൾ ഇതിൽ ഉണ്ടായിരിക്കും. ലോകോത്തര നിലവാരത്തിലുള്ള കന്പനികൾ എത്തുന്നതോടെ കൊച്ചിയിലേക്ക് അറ്റകുറ്റപ്പണികൾക്ക് എത്തുന്ന കന്പനികളുടെ എണ്ണം വർധിക്കുമന്നുതന്നെ പ്രതീക്ഷിക്കാം. ആവശ്യമായ വൈദഗ്ധ്യം എളുപ്പം ലഭിക്കുന്നതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ തീർത്തുനൽകാനും സാധിക്കും.

സ്പെഷലിസ്റ്റ് കന്പനികൾക്ക് വേണമെങ്കിൽ ഐഎസ്ആർഎഫിനു പുറത്തു ജോലി ചെയ്യാനും സാധിക്കും.

ഇത് കൊച്ചിയിലും കേരളത്തിലുമുള്ള സംരഭകർക്കും പ്രയോജനമാകും. മാത്രമല്ല, സ്പെഷ്യലൈസ്ഡ് തൊഴിൽ നൈപുണ്യമുള്ളവർക്കും അവസരം കിട്ടും. ഏറ്റവും പ്രധാനമായ സംഗതി മൂവായിരത്തോളം പുതിയ ജോലികൾ നേരിട്ടും അല്ലാതെയും ഉണ്ടാകുന്നുവെന്നാണ്.
ഈ രംഗത്തുള്ളവ മാത്രമല്ല മറ്റ് അനുബന്ധമേഖലകളിലും ഇതിന്‍റെ പ്രതിഫലനമുണ്ടാകും. ടാക്സ്, ഹോട്ടൽ-റെസ്റ്ററന്‍റ്, താമസസൗകര്യങ്ങൾ തുടങ്ങിയ സേവനമേഖലകളിലും ഇതിന്‍റെ പ്രയോജനം ലഭിക്കും.

? കന്പനിയുടെ നോളഡ്ജ് ഇനീഷ്യേറ്റീവ് എന്തൊക്കെയാണ്

= കന്പനിയുടെ പ്രവർത്തനം പരമാവധി ഓട്ടോമേഷന് വിധേയമാക്കുകയാണ്. ഡിജിറ്റൽ ഓപ്പറേഷനിലൂടെ എല്ലാ വിഭാഗത്തേയും സംയോജിപ്പിക്കുന്നു. ഇആർപിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആവശ്യമായ വസ്തുക്കൾ ഇ- പ്രൊക്യുവർമെന്‍റ് വഴിയാണ് സ്വരൂപിക്കുന്നത്. പേപ്പർ ഫയലുകൾ ഒഴിവാക്കി പരമാവധി ഡിജിറ്റലൈസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതിനു തക്ക വിധത്തിൽ പുതുതലമുറ നേതൃത്വത്തെ വളർത്തിക്കൊണ്ടുവരുവാനും ശ്രദ്ധിക്കുന്നു.
ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉള്ള മാനേജ്മെന്‍റ് സംവിധനാണ് കന്പനിക്കുള്ളത്. എല്ലാ മേഖലയിലും ഗുണനിലവാരം ഉറപ്പാക്കുന്ന സർട്ടിഫിക്കേഷനുകൾ കന്പനിക്കുണ്ട്.

കന്പനിയിലിപ്പോൾ 1800 ജോലിക്കാരാണുള്ളത്. ഇതിൽ 850 പേർ പ്രഫഷണലുകളാണ്. ജോലിക്കാരിൽ പത്തു ശതമാനത്തോളം വനിതകളാണ്.

ഇതിനു പുറമേ ട്രെയിനികൾ, കോണ്‍ട്രാക്ട് ജോലിക്കാർ, കോണ്‍ട്രാക്ടർമാരുടെ ജോലിക്കാർ തുടങ്ങിയവരുണ്ട്. ഏതാണ്ട് അയ്യായിരത്തോളം ആളുകൾക്ക് കന്പനി തൊഴിൽ നൽകുന്നു.
കന്പനിയുടെ മറ്റൊരു മുഖ്യസംഭാവന, ഷിപ്പ് യാർഡ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മറൈൻ എൻജിനീയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ട് ആണ്. ഇവിടെ 14 കോഴ്സുകളിൽ പരിശീലനം നൽകുന്നു. ഇതുവരെ ആയിരത്തോളം പേർക്ക് ്നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ട്. പല സ്ഥലത്തും ഇവർക്കു ജോലി ലഭിച്ചിട്ടുണ്ട്.

ഈ വർഷാവസാനം ഗിരിനഗറിലെ പുതിയ കെട്ടിടത്തിലേക്ക് ഇൻസ്റ്റിസ്റ്റ്യൂട്ട് മാറ്റുകയാണ്. ഇതിനായി 70000 ചതുരശ്രയടിയിൽ സൗകര്യം ഒരുക്കി വരികയാണ്.

? കന്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങൾ വിശദീകരിക്കാമോ
= കോർപറേറ്റ് ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം നിരവധി പ്രവർത്തനങ്ങൾ കന്പനി നടത്തിവരുന്നുണ്ട്. ഇതുവരെ 18 കോടി രൂപയുടെ സിഎസ് ആർ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസം മേഖലകളിൽ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനും , വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മറ്റുമാണ് കന്പനി കൂടുതൽ ശ്രദ്ധ നൽകുന്നത്.
അട്ടപ്പാടിയിലെ വാട്ടർ എടിഎം, ചേന്ദമംഗലം കൈത്തറിക്കുള്ള സഹായം, മണ്ണാർക്കാട് താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്ക്, പേരാന്പ്ര ഇഎംഎസ് ആശുപത്രിയിൽ ബ്ളഡ് ബാങ്ക്, ഗവണ്‍മെന്‍റ് സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം, സ്പെഷൽ സ്കൂളുകൾക്ക് സഹായം തുടങ്ങിയ നിരവധി പദ്ധതികൾ കന്പനി നടപ്പാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ സ്വച്ച് ഭാരത് മിഷന്‍റെ ഭാഗമായി ചെല്ലാനം ഭാഗത്ത് 100 പക്കാ ടോയ് ലറ്റുകൾ നിർമിക്കുന്നതിന് ഉദ്ദേശിക്കുന്നു.
ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മറൈൻ ആംബുലൻസ് നിർമിക്കുവാൻ 2.8 കോടി രൂപയുടെ സഹായം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്.

കന്പനിയിൽ നിന്നും വളർന്ന് ചെയർമാനിലേക്ക്

മധു എസ് നായർ കന്പനിയിൽ എക്സിക്യൂട്ടീവ് ട്രെയിനായി പ്രവേശിച്ച് ഈ കന്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെയാളാണ്.

കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാലയിൽനിന്നു നേവൽ ആർക്കിടെക്ചറിൽ ബിരുദമെടുത്ത മധു എസ്. നായർ 1988-ലാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ ട്രെയിനിയായി എത്തുന്നത്. ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയിൽനിന്ന് നേവൽ ആർക്കിടെക്ചറിലും ഓഷൻ എൻജിനീയറിംഗിലും മാസ്റ്റർ ബിരുദം നേടി.

കൊച്ചിൻ ഷിപ്പ് യാർഡിലെ മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിനിടയിൽ മാർക്കറ്റിംഗ് ഉൾപ്പെടെ ഷിപ്പ് യാർഡ് മാനേജ്മെന്‍റിന്‍റെ വിവിധ തലങ്ങളിൽ പരിചയം നേടി. കന്പനിക്ക് രാജ്യാന്തര ടെക്നോളജി പങ്കാളിത്തം ഉണ്ടാകുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. കന്പനി കന്നി പബ്ളിക് ഇഷ്യുവിന് നേതൃത്വം നൽകി. ചെറുകപ്പലുകളുടെ നിർമാണം, ഇൻലാൻഡ് വാട്ടർവേസ് ട്രാൻസ്പോർട്ട് വെസൽ നിർമാണം, വിവിധ പോർട്ട് ട്രസ്റ്റുകളുമായുള്ള സഹകരണം തുടങ്ങിയവയ്ക്കെല്ലാം മുൻകൈ എടുത്തു പ്രവർത്തിച്ചത് മധു എസ് നായരാണ്.
യുകെയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേവൽ ആർക്കിടെക് ട്സ്, ഉൾപ്പെടെ നിരവധി പ്രഫഷണൽ സംഘടനകളിൽ അദ്ദേഹം അംഗമാണ്.

രാം മനോഹർ ലോഹ്യയുടെ അടുത്ത അനുയായി ആയിരുന്ന ഗുരുവായൂർ മാടക്കാവിൽ എം ശങ്കുണ്ണി നായരുടേയും കല്യാണക്കുട്ടിയുടേയും മകനാണ് മധു എസ്. നായർ. എറണാകുളത്തെ സെന്‍റ് ആൽബർട്സിൽ സ്കൂൾ വിദ്യാഭ്യാസവും മഹാരാജാസിൽ പ്രീഡിഗ്രിയും പൂർത്തിയാക്കിയശേഷമാണ് കുസാറ്റിൽ നേവൽ ആർക്കിടെക്ചറിനു ചേർന്നത്.
ഡിആർഡിഒയിൽ സീനിയർ സയന്‍റിസ്റ്റായ രമിതയാണ് ഭാര്യ. വിദ്യാർത്ഥികളായ പാർവതി, കൃഷ്ണൻ എന്നിവർ മക്കളാണ്.