രുചിവിജയവുമായി വികെവീസ്
ചാർട്ടേഡ് അക്കൗണ്ടന്‍റാകാൻ കൊതിച്ചു; എന്നാൽ മലയാളിയുടെ നാവിൽ കൊതിയൂറുന്ന രുചികളുമായി സദ്യയൊരുക്കുന്ന മുൻനിര കേറ്ററിംഗ് ഗ്രൂപ്പിന്‍റെ അമരക്കാരനായി. ബിസിനസിൽ രുചിയുടെ വിജയമുദ്ര കുറിച്ചതിന്‍റെ കഥയാണു വികെവീസ് കേറ്ററേഴ്സ് മാനേജിംഗ് ഡയറക്ടർ വി.കെ. വർഗീസിന്‍റെ ജീവിതം പങ്കുവയ്ക്കുന്നത്.

സെർവ് ഫ്രം ദി ഹാർട്ട് എന്ന വിജയമന്ത്രവുമായി പാചകകലയിലും കേറ്ററിംഗ് ബിസിനസിലും അതിശയിപ്പിക്കുന്ന മുന്നേറ്റം നടത്തിയ ബിസിനസ് പ്രതിഭയാണു വി.കെ. വർഗീസ്. ഹോട്ടൽ രംഗത്തു തുടങ്ങി കേരളീയരുടെ രുചിമനസും കേറ്ററിംഗിലെ ബിസിനസ് സാധ്യതകളും തിരിച്ചറിഞ്ഞു നവീന കാൽവയ്പുകൾ നടത്തി. മൂന്നു പതിറ്റാണ്ടു മുന്പു കേരളത്തിൽ കേറ്ററിംഗ് സർവീസിന്‍റെ വിപുലമായ സേവനം പരിചയപ്പെടുത്തി, അതിനെ വലിയ ബിസിനസാക്കി വളർത്തി അദ്ദേഹം മാതൃക കാട്ടി. ഭക്ഷണശേഷം അനേകം പേരുടെ സംതൃപ്തി നിറഞ്ഞ നല്ല വാക്കുകൾ ബിസിനസിലെ ഏറ്റവും വലിയ അംഗീകാരമായി വി.കെ. വർഗീസ് കാണുന്നു.

ഹോട്ടലിൽ തുടക്കം

1975 ൽ കൊച്ചി എംജി റോഡിൽ സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള സീ കിംഗ് ഹോട്ടലിന്‍റെ റസ്റ്ററന്‍റ് ഏറ്റെടുത്തു നടത്തിയാണു തുടക്കം. അക്കൗണ്ടിംഗ് രംഗത്തു നിന്നു ഹോട്ടൽ മേഖലയിലേക്കു വരുന്പോൾ ആശങ്കകളുണ്ടായിരുന്നു. എങ്കിലും അവിടുത്തെ അനുഭവങ്ങൾ പുതിയ കാൽവയ്പുകൾക്കു പ്രചോദനമായി. പാർട്ടി ഓർഡറുകൾ എത്തരത്തിൽ കൈകാര്യം ചെയ്യാനും വിജയകരമായി നടത്താനുമാകുമെന്നുള്ള ആദ്യപാഠങ്ങൾ പഠിക്കാൻ അതു നിമിത്തമായി.
1985ൽ കോപ്പർ ചിമ്മിനി എന്ന പേരിൽ എറണാകുളം ബ്രോഡ് വേയിൽ ഹോട്ടൽ ആരംഭിച്ചു. ഇതിനു പിന്നാലെയാണു വികെവീസ് ഒൗട്ട്ഡോർ കേറ്ററിംഗ് യൂണിറ്റിനു തുടക്കമിട്ടത്. കേരളത്തിൽ പ്രഥമ കേറ്ററിംഗ് യൂണിറ്റാണിത്. വൈഎംസിഎ, ലോട്ടസ് ക്ലബ്, രാമവർമ ക്ലബ് എന്നിവിടങ്ങളിലും റസ്റ്ററന്‍റുകൾ നടത്തി. ഒൗട്ട് ഡോർ കേറ്ററിംഗ് എന്ന രീതി പരിചിതമല്ലാതിരുന്ന കാലത്താണ് അതിന്‍റെ സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വി.കെ. വർഗീസ് പുതിയ മുന്നേറ്റങ്ങൾ നടത്തിയത്.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നാറിൽ നടത്തിയ ഓൾ ഇന്ത്യ സർജിക്കൽ കോണ്‍ഫറൻസ് വികെവീസ് കേറ്ററേഴ്സിന്‍റെ സഞ്ചാരപാതയിൽ നാഴികക്കല്ലായി. അഞ്ചു ദിവസത്തെ പരിപാടിയിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല വി.കെ.വിയ്ക്കാണു ലഭിച്ചത്. 700 പേർക്ക് അഞ്ചു ദിവസത്തെ ഭക്ഷണം ഒരുക്കണം. ഇതിനായി ഡൽഹിയിൽ പോയി 2000 ബോണ്‍ ചൈന പ്ലേറ്റുകളും ഗ്ലാസുകളും എത്തിച്ചു. വിപുലമായ പരിപാടി മനോഹരമായി നടത്താനായതു കേറ്ററിംഗ് മേഖലയിലെ മുന്നേറ്റത്തിനുള്ള നാന്ദി കൂടിയായിരുന്നു.


തനതു രുചികൾക്കൊപ്പം

ഓരോ പ്രദേശങ്ങൾക്കും തനതായ രുചിയുടെ സംസ്കാരങ്ങളുമുണ്ട്. തെക്കൻ കേരളത്തിന്‍റെ രുചിക്കൂട്ടല്ല മലബാറുകാർക്കുള്ളത്. മധ്യകേരളത്തിന്‍റേത് ഇവ രണ്ടിൽ നിന്നും വ്യത്യസ്തമാണ്. ഓരോ പ്രദേശത്തിന്‍റെയും രുചിയുടെ താത്പര്യങ്ങളും സവിശേഷതകളുമറിഞ്ഞാണു വികെവീസ് കേറ്ററേഴ്സ് ഭക്ഷണമൊരുക്കുന്നത്. വിവാഹസദ്യയുൾപ്പടെ ഏതു ചടങ്ങുകൾക്കും വികെവി ഒരുക്കുന്ന തനതു രുചികൾ മലയാളിയുടെ നാവിൻതുന്പിൽ വിസ്മയങ്ങളാണ്. കേരളീയ വിഭവങ്ങൾക്കു പുറമേ, നോർത്ത് ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്‍റൽ വിഭവങ്ങൾ വികെവിയുടെ കലവറയിൽ നിന്നെങ്കിൽ രുചിയേറും. ഹോംലി ഫുഡ് വാക്കിൽ മാത്രമല്ല, പ്രയോഗത്തിലുണ്ടാകേണ്ടതാണെന്നാണു വികെവി യുടെ പക്ഷം. കേരളത്തിൽ ആദ്യമായി പാർട്ടികൾക്കു ചെഫിംഗ് ഡിഷ് ഉപയോഗിച്ചു തുടങ്ങിയത് വി.കെ. വർഗീസാണ്.

കേരളത്തിൽ എല്ലായിടത്തും

കൊച്ചി കേന്ദ്രമായാണു വികെവീസ് കേറ്ററേഴ്സ് അതിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം, കായംകുളം, തിരുവല്ല എന്നിവിടങ്ങളിലായി ബ്രാഞ്ചുകളും വികെവിക്കുണ്ട്. പ്രഗല്ഭരായ ജീവനക്കാർ വികെവീസ് കേറ്ററേഴ്സിന്‍റെ വർക്കിംഗ് പാർട്ണർമാരാണ്.
ഇവരുള്ളതിനാൽ തന്‍റെ അഭാവത്തിൽ കാര്യങ്ങൾ കൃത്യമായി നടക്കുമെന്നു വി.കെ. വർഗീസ് പറയുന്നു. വർക്കിംഗ് പാർട്ണേഴ്സ് എന്ന ആശയത്തിനു പല തലങ്ങളിൽ നിന്നു ക്രിയാത്മക പ്രതികരണമാണു ലഭിച്ചത്. ഈ ആശയം വിജയകരമായി നടപ്പിലാക്കിയതിന് അംഗീകാരങ്ങളും തേടിയെത്തി. വർക്കിംഗ് പാർട്ണേഴ്സ് ഉൾപ്പടെ വികെവി ഗ്രൂപ്പിന്‍റെ ടീം വർക്ക് മറ്റു കന്പനികൾക്കും മാതൃകയാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഒരു സമയം 15000 പേർക്കു വരെ ഭക്ഷണം നൽകാൻ വികെവീസ് ഗ്രൂപ്പിനു സാധിച്ചിട്ടുണ്ട്.

സ്റ്റാലിയൻസ് ഇന്‍റർനാഷണലിന്‍റെ സജീവപ്രവർത്തകനായിരുന്ന വി.കെ. വർഗീസ് സാമൂഹ്യ സേവന, സാംസ്കാരിക രംഗങ്ങളിലും നിറസാന്നിധ്യമാണ്. അനിയൻബാവ ചേട്ടൻബാവ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ സിനിമകളുടെ നിർമാതാവായി കലാരംഗത്തും സാന്നിധ്യമറിയിച്ചു.

തഹസിൽദാർ ആയിരുന്ന സുശീല വർഗീസാണ് ഭാര്യ. സുപ്രീം കോടതിയിൽ അഭിഭാഷകനായ കുര്യാക്കോസ് വർഗീസ് ഉൾപ്പടെ മൂന്നു മക്കളുണ്ട്.