ജീവനക്കാർക്ക് ആദ്യദിവസം നൽകൂ നല്ല ഒരു അനുഭവം
നമ്മുടെ സ്ഥാപനങ്ങളിൽ പുതിയ ജീവനക്കാർ വരുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവരെ നമ്മുടെ സ്ഥാപനത്തിന്‍റെ കൂടെ തന്നെ ദീർഘ കാലം നിലനിർത്തുവാൻ സാധിക്കും. ആദ്യ ദിവസം തന്നെ അവർക്ക് മികച്ച് ഒരു അനുഭവമായി ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കണം. ആ രീതിയിൽ വേണം കാര്യങ്ങളെ ക്രമീകരിക്കുവാൻ.

പുതിയ ജീവനക്കാർക്കായി ഇക്കാര്യങ്ങൾ
1. കൃത്യമായ രീതിയിൽ തന്നെ ഒരു എംപ്ലോയീ ഇൻഡക്ഷൻ പ്രോഗ്രാം പ്ലാൻ ചെയ്യുക .ആദ്യമായി സ്ഥാപനത്തിലേക്ക് വരുന്ന ജീവനക്കാർക്ക് അവർ ചെയ്യേണ്ടുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി തന്നെ മനസ്സിലാക്കുവാനും മറ്റുള്ള ജീവനക്കാരെ പരിചയപ്പെടുവാനും സ്ഥാപനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും ഈ ഒരു പ്രോഗ്രാം സഹായിക്കും. ആദ്യ ദിവസങ്ങളിലെ പ്രശ്നങ്ങൾ കാര്യമായി അവരെ ബാധിക്കാതെ സാവധാനത്തിൽ കന്പനിയുടെ ഭാഗമായി മാറുവാൻ ഇത് വഴി അവർക്കു സാധിക്കും.
2. കന്പനിയുടെ ബോസ് അഥവാ യൂണിറ്റ് ലീഡർ അവരെ കാണുവാനും അവരോടു സൗകര്യങ്ങൾ സംബന്ധിച്ച് തിരക്കുവാനും സമയം കണ്ടെത്തുക. ഇത് വഴി ജീവനക്കാർ കൂടുതൽ സുരക്ഷിതത്വ ബോധം അനുഭവിക്കുവാൻ കാരണമാകും.
3. ആദ്യ ദിവസം മുതൽ ഒരു മെന്‍ററിനെ അഥവാ ഒരു സഹ ജീവനക്കാരനെ അവരുടെ കാര്യങ്ങൾക്കു വേണ്ടി ബന്ധപ്പെടുവാനും സംശയ നിവാരണം നടത്തുവാനും വേണ്ടി നിയോഗിക്കുക.
4. പുതിയ ജീവനക്കാർ വരുന്പോൾ അവർക്കു വേണ്ടി ചില സർപ്രൈസുകൾ ഒരുക്കി വെക്കുക. അവർ കന്പനിയിൽ ജോയിൻ ചെയ്യുന്ന ദിവസം കന്പനിയെ സംബന്ധിച്ച് പ്രാധാന്യം ഉള്ളതാണ് എന്ന ഒരു അനുഭവം ഇവർക്കുണ്ടാകും.

5 . അവരുടെ വർക്ക് പ്ലാനുകൾ ,ട്രെയിനിംഗ് പ്ലാനുകൾ എന്നിവ മുൻപേ കൂടി തന്നെ തീരുമാനിച്ചു വെക്കുകയും ജോയിൻ ചെയ്തു കഴിഞ്ഞാൽ അത് ഒരു ഡോക്യുമെന്‍റ് ആയി അവർക്കു നൽകുകയും ചെയ്യുക.
6. പുതിയ ആളെ കുറിച്ച് നിലവിലുള്ള ടീമിന് പരിചയപ്പെടുത്തി കൊടുക്കുകയും നിലവിലുള്ള ടീമിനെ കുറിച്ചുള്ള വിവരങ്ങൾ അവർക്ക് നൽകുകയും ചെയ്യുക.
7. ആദ്യ ദിവസങ്ങളിൽ തന്നെ ജോലിഭാരം കൊണ്ട് മൂടാതെ അവർക്കു പുതിയ സാഹചര്യവുമായി ഇണങ്ങുവാൻ ഉള്ള ഒരു സമയം അനുവദിക്കുക.
8. ഒരു വെൽക്കം ലഞ്ച് പോലെയുള്ള ഒരു പ്രോഗ്രാം ആദ്യ ആഴ്ച തന്നെ അറേഞ്ച് ചെയ്യുക .
9. എല്ലാ സാങ്കേതിക, നിയമ വശങ്ങളും കോണ്‍ട്രാക്ടുകളും ആദ്യ ആഴ്ചയിൽ തന്നെ തയ്യാർ ചെയ്യുക. അതോടൊപ്പം തന്നെ ഐഡി കാർഡ് , അക്സസ്, വർക്ക് ഡെസ്ക് പോലെയുള്ള സൗകര്യങ്ങളും ആദ്യമേ തന്നെ നൽകുക .
10. കൃത്യമായ കരിയർ പ്ലാനും ജോലി സംബന്ധിച്ചുള്ള വിവരങ്ങളും അവരുടെ മുന്നോട്ടുള്ള വളർച്ചാ സാധ്യതകളും എല്ലാം ആദ്യ മാസത്തിൽ തന്നെ അവർക്കു നൽകുക .
ഇത് വഴി കാര്യക്ഷമത ഉള്ള നല്ല ജീവനക്കാരെയും നല്ലൊരു ജോലി സംസ്കാരവും നമ്മുടെ സ്ഥാപനങ്ങളിൽ നമുക്കു വളർത്തി എടുക്കുവാൻ സാധിക്കും .

ബിസിനസുകൾക്കു ഓർഗനൈസഷൻ ഡെവലപ്മെന്‍റ്, ലീഡർഷിപ് കോച്ചിംഗ് നൽകുന്ന ഒരു സർട്ടിഫൈഡ് ലീഡർഷിപ് കോച്ച്, സോഫ്റ്റ് വേർ കണ്‍സൾട്ടന്‍റ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. ഫോണ്‍ : 9961429066, ഇമെയിൽ: [email protected]

പി.കെ ഷിഹാബുദീൻ