മാറ്റത്തിന് തയ്യാറാവുക
മാറ്റങ്ങൾക്കു തയ്യാർ ആകാത്തവനെ കാലം ഇല്ലായ്മ ചെയ്യും എന്നത് തെളിയിക്കപ്പെട്ട ഒരു സത്യം ആണ് . എല്ലാവർക്കും മുന്നേ തന്നെ തുടങ്ങിയിട്ടും ഒരു ഏകാധിപതിയെ പോലെ വിപണി പിടിച്ചടുക്കിയിട്ടും ചുറ്റുപാടും നടക്കുന്ന മാറ്റങ്ങൾ കണ്ടു അതിനനുസരിച്ചു മാറാതെ പഴയ പ്രതാപ കഥകൾ പറഞ്ഞിരുന്ന പലരും ഇന്ന് ബിസിനസ് ഭൂപടത്തിൽ തന്നെ ഇല്ല എന്നത് കണക്കുകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും .

ആഗോള ബിസിനസ്സിന്‍റെ മൂന്നിൽ രണ്ടു ഭാഗം കൈകാര്യം ചെയ്തു കൊണ്ടിരുന്ന ഫോർച്യൂണ്‍ 500 ലിസ്റ്റിൽ 1955 ഉണ്ടായിരുന്ന 85% കന്പനികളും ഇന്നില്ല എന്നത് ഒരു പച്ച പരമാർത്ഥം ആണ്. അതെ സമയം മുന്നേ തന്നെ കണ്ടറിഞ്ഞു മാറ്റങ്ങൾ നടപ്പിലാക്കിയ പലരും ഏറെ മുന്നോട്ടു പോകുകയും ചെയ്തു .

ആഗോള ഭീമന്മാർ മാത്രം മാറിയാൽ പോര

ആഗോള ഭീമന്മാർക്ക് മാത്രം ബാധകമായ ഒന്നല്ല ഇക്കാര്യം. നമ്മുടെ നാട്ടിലെ ചെറുകിട കച്ചവടക്കാർക്കും സർവീസ് ദാതാക്കൾക്കുമെല്ലാം ബാധകമാണ് നിലനിൽപിന് വേണ്ടി ആധുനികവത്കരണത്തെ പുൽകി മാറുക എന്നുള്ളത്. കഴിഞ്ഞ മാസം ഒരു കൂട്ടം ബിസിനസുകാർക്കു വേണ്ടി ഗോ ഡിജിറ്റൽ' എന്ന പ്രമേയത്തിൽ ഒരു സെമിനാറിൽ സംസാരിച്ചു. വന്നു കൊണ്ടിരിക്കുന്നതും വരാൻ ഇരിക്കുന്നതുമായ മാറ്റങ്ങളെ കുറിച്ചും ഡിജിറ്റൽ വത്കരണം നടത്തുന്നതിന്‍റെ ഗുണഗണങ്ങളും അത് ചെയ്തില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന ദോഷങ്ങളും വിവരിച്ചു കഴിഞ്ഞപ്പോൾ സദസ്സിൽ നിന്നും'' ഞാൻ 40 വർഷമായി ട്രേഡിങ്ങ് നടത്തുന്ന ഒരാൾ ആണ്. നിങ്ങൾ ഈ പറയുന്ന ഓണ്‍ലൈൻ മാർക്കറ്റിംഗും, ഇ - കൊമേഴ്സും എല്ലാം ഞങ്ങളെ പോലെ ഉള്ള പാവം വ്യാപാരികളുടെ നടുവൊടിക്കുന്ന കാര്യങ്ങൾ ആണ്. ഇത് പോലുള്ള കാര്യങ്ങൾ ജനങ്ങൾ ചെയ്യുന്നത് കൊണ്ട് ഞങ്ങളുടെ കച്ചവടം പൂട്ടേണ്ട അവസ്ഥ ആയി' എന്നൊരു പരാതി ഉയർന്നു.

സത്യത്തിൽ അദ്ദേഹത്തോട് ഏറെ സഹതാപം തോന്നി. ചുറ്റുപാടും നടക്കുന്ന മാറ്റങ്ങൾ കണ്ടു സ്വന്തം കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിഞ്ഞിട്ടും അദ്ദേഹം മാറ്റത്തിന് തയ്യാർ അല്ല. എന്നു മാത്രമല്ല അതിനു തയ്യാർ ആയി വരുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഒരു വിധേന മാറേണ്ടതിന്‍റെ ആവശ്യകത അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.


മാറ്റം ഇപ്പഴെ തുടങ്ങാം

നിലവിൽ വ്യാപാരം ചെയ്തുകൊണ്ടിരിക്കുന്നവർക്ക് ഇ-കൊമേഴ്സിന്‍റെ ഭാഗമാകുക എന്ന് പറഞ്ഞാൽ ഏറെ എളുപ്പം ആണ്. അവർക്കു നിലവിൽ ഉള്ള GST നന്പർ , ബിസിനസ് അഡ്രസ്സ്, ബാങ്ക് അക്കൗണ്ട് നന്പർ എന്നിവ ഉപയോഗിച്ചുതന്നെ ആമസോണ്‍, ഫ്ളിപ്കാർട് തുടങ്ങിയുള്ള പോർട്ടലുകളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ഓണ്‍ലൈൻ ഷോപ് തുടങ്ങുവാൻ സാധിക്കും. നിലവിൽ ഉള്ള ബിസിനസിനെ ബാധിക്കാതെ വലിയ പണ ചെലവില്ലാതെ തന്നെ ഇത്തരം സാധ്യതകൾ നാം ഉപയോഗപ്പെടുത്തണം. എങ്കിൽ മാത്രമേ ഇന്നത്തെ മാറുന്ന ലോകത്തിൽ നമുക്ക് നിലനിൽപ്പ് സാധ്യമാകൂ.

ഇനി മറ്റു ചിലരുണ്ട്. എന്നും ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ദിവസവും വീണ്ടും വീണ്ടും ചെയ്തു ബിസിനസ് വളരും എന്ന് പ്രതീക്ഷിക്കുന്നവർ. ഇന്ന് നന്നാവും നാളെ നന്നാവും എന്ന രീതിയിൽ പാരന്പര്യമായി ചെയ്തിരുന്ന ബിസിനസുകളിൽ തന്നെ കുരുങ്ങി കിടക്കുന്നവർ. സ്വന്തം ബിസിനസിൽ നിന്നും അല്പം സമയം കണ്ടെത്തി ഫ്രീ ആയി പുതുതായി എന്ത് ചെയ്യുവാൻ കഴിയും എന്ന് ആലോചിക്കുകയും അത് നടപ്പിൽ വരുത്തി നോക്കുകയും ചെയ്യാതിരുന്നാൽ വൻ തകർച്ച ആയിരിക്കും ഫലം. കനത്ത നഷ്ടം ആണെന്നറിഞ്ഞിട്ടും ആളുകൾ എന്ത് ചിന്തിക്കും എന്ന് കരുതി കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നാൽ നാം നമ്മുടെ ഭാവി തന്നെ ആണ് തകർക്കുന്നത് എന്ന് ഓർമിക്കുക.

ഇന്ന് ഒരു ചെറിയ റിസ്ക് എടുത്തു ഞാൻ മാറുവാൻ ശ്രമിച്ചാൽ അത് ഒരു ശോഭനമായ ഭാവി നൽകും എന്ന് മനസ്സിലാക്കുക. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കണ്ണ് തുറന്നു കാണുകയും അതിനു അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുവാനും കുറച്ചു സമയം നാം നീക്കി വെക്കുക .
ഭാവിയിൽ വരുന്ന ഒരു വൻ ഡിജിറ്റൽ വിപ്ലവത്തിൽ നമുക്കും ഒരു സ്ഥാനം ഉണ്ടാക്കി എടുക്കണം. അതിനു വേണ്ടി ഇപ്പോഴെ പരിശ്രമിച്ചു തുടങ്ങണം.

(ബിസിനസുകൾക്കു ഓർഗനൈസഷൻ ഡെവലപ്മെന്‍റ്, ലീഡർഷിപ് കോച്ചിംഗ് നൽകുന്ന ഒരു സെർട്ടിഫൈഡ് ലീഡർഷിപ് കോച്ച്, സോഫ്റ്റ് വേർ കണ്‍സൾട്ടന്‍റ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. ഫോണ്‍: 9961429066, ഇമെയിൽ: [email protected] )

പി.കെ ഷിഹാബുദീൻ