സ്പ്രോട്ടോണ്‍: പ്രമേഹ രോഗികൾക്കൊരു പോഷകാഹാരം
സ്പ്രോട്ടോണ്‍: പ്രമേഹ രോഗികൾക്കൊരു പോഷകാഹാരം
Saturday, December 28, 2019 3:23 PM IST
രോഗം പ്രമേഹമാണെന്നു കേൾക്കുന്പോഴെ അത് തിന്നരുത്, ഇത് തിന്നരുത്, ഇങ്ങനെ കഴിക്കണം എന്നിങ്ങനെ നിർദേശങ്ങളങ്ങനെ നിരവധി ലഭിക്കും. ചികിത്സിക്കുന്ന ഡോക്ടർമാരാണെങ്കിലും ഭക്ഷണം നിയന്ത്രിക്കണം എന്ന നിർദേശമാണ് മരുന്നിനൊപ്പം നൽകുന്നത്.

മുപ്പതു വർഷമായി ആയൂർവേദം പ്രാക്ടീസ് ചെയ്യുന്ന ആലുപ്പുഴ, എണ്ണയ്ക്കാട് കല്ലുവിള അഭയയിൽ ഡോ. മാത്യു കെ സാം പറയുന്നത് ഭക്ഷണം നിയന്ത്രിക്കുകയല്ല ക്രമീകരിക്കുകയാണ് വേണ്ടതെന്നാണ്. പക്ഷേ, പലർക്കും അതിനു സാധിക്കാറില്ല.പ്രമേഹരോഗികളെല്ലാം തന്നെ ഇങ്ങനെ ഭക്ഷണം നിയന്ത്രിച്ച് നിയന്ത്രിച്ച് പ്രതിരോധശേഷി നഷ്ടപ്പെട്ട്് മറ്റു പല രോഗങ്ങൾക്കും ഉടമകളായി തീരുകയാണ് ചെയ്യുന്നത്.

ഇതിനൊരു പരിഹാരം വേണമെന്ന് ഡോക്ടർ ചിന്തിച്ചു. അതിനുള്ള ഗവേഷണത്തിലായി പിന്നെ ഡോക്ടർ. എട്ടു വർഷമായി നടത്തിവരുന്ന പരീക്ഷണങ്ങൾ പ്രമേഹരോഗികൾക്കുള്ള സ്പ്രോട്ടോണ്‍ എന്ന പോഷകാഹരത്തിൽ എത്തിച്ചിരിക്കുകയാണ്. വീടിനോട് ചേർന്ന് പത്തു കിടക്കകളുള്ള ആയൂർവേദ ആശുപത്രി നടത്തിവരികയാണ് ഡോക്ടർ.

നിയന്ത്രണമല്ല, ക്രമീകരണം

“2012 മുതലുള്ള ഗവേഷണങ്ങൾക്കൊടുവിലാണ് സ്പ്രോട്ടോണ്‍ എന്ന ഉത്പന്നത്തിലേക്ക് എത്തിച്ചേർന്നത്. പ്രമേഹ രോഗികൾ അനുഭവിക്കുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കാണാൻ വേണ്ടിയായിരുന്നു ഈ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമൊക്കെ. പ്രമേഹ രോഗികൾ ആശുപത്രികളിലെത്തിക്കഴിഞ്ഞാൽ അവരോട് ഡോക്ടർമാർ പറയുന്നത് ഭക്ഷണം നിയന്ത്രിക്കണം എന്നാണ്. ശരിക്കും പ്രമേഹ രോഗികൾ ഭക്ഷണം നിയന്ത്രിക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് ഭക്ഷണം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. കാരണം ഭക്ഷണം നിയന്ത്രിക്കുന്നതോടെ അവരറിയാതെ തന്നെ പട്ടിണികിടക്കുന്ന അവസ്ഥയിലേക്ക് എത്തും. ആവശ്യമായ പോഷകാഹാരം അവർക്ക് ലഭിക്കാതെ വരും. അങ്ങനെ പ്രതിരോധശേഷി നഷ്ടപ്പെടും. ലോകം മൊത്തം നേരിടുന്ന വലിയൊരു പ്രശ്നമാണിത്. ഒരിക്കലും ഒരു പ്രമേഹ രോഗിയെയും ഡയറ്റീഷ്യൻമാരുടെ അടുത്തേക്ക് ഒരു ഡോക്ടറും റഫർ ചെയ്യാറില്ല. ഒരു മുട്ടയുടെ വെള്ള, 100 ഗ്രാം അരി ഇങ്ങനെ കൃത്യ അളവിൽ എപ്പോഴും ഭക്ഷണം കഴിക്കുന്നത് അത്ര പ്രായോഗികമല്ല'', ഡോക്ടർ തന്‍റെ പരീക്ഷണങ്ങൾ തുടങ്ങാനുള്ള കാരണത്തെക്കുറിച്ച് വിശദീകരിച്ചു.

നമുക്ക് ലഭ്യമാകുന്ന പയർവർഗങ്ങൾ, ധാന്യവർഗങ്ങൾ എന്നിവയിലെല്ലാം ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവയെ നേരിട്ട് കഴിക്കാൻ പറ്റുന്ന തരത്തിലേക്ക് എങ്ങനെ എത്തിക്കാമെന്ന അന്വേഷണമാണ് പിന്നീട് നടത്തിയതും സ്പ്രോട്ടോണ്‍ എന്ന പോഷകാഹാരത്തിൽ എത്തിച്ചേർന്നതും.

പരീക്ഷണങ്ങൾ വിജയത്തിലേക്ക്

നമുക്ക് സുലഭമായി ലഭിക്കുന്ന കുറെ ഏറെ ധാന്യങ്ങളെ എടുത്ത് പരീക്ഷണങ്ങൾ നടത്തി അവസാനം അത് ആറ് കൂട്ടം ധാന്യങ്ങളിലേക്ക് എത്തുകയായിരുന്നു. അതും സുലഭമായി ലഭ്യമാകുന്ന ധാന്യങ്ങൾ. തന്‍റെ രോഗികൾക്കാണ് ആദ്യം ഡോക്ടർ തന്‍റെ മരുന്ന് നൽകിയത്.
“അവരിൽ കണ്ട പ്രധാന കാര്യം ക്ഷീണം മാറി എന്നതിനെക്കാൾ ഉപരിയായി അവരുടെ ഷുഗർ കുറഞ്ഞു എന്നതാണ്. അപ്പോൾ ഇതിനെക്കുറിച്ച് ഒരു ഗവേഷണം നടത്തണമെന്ന് തീരുമാനിച്ചു. ഇത് എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് തെളിയിച്ചു കഴിഞ്ഞെങ്കിൽ മാത്രമേ ആഗോള തലത്തിൽ ഒരു അംഗീകരാം ലഭിക്കു. ചെന്നൈ ലെയോള കോളജിന്‍റെ ഇൻഡസ്ട്രിയൽ പാർക്കിൽ റിസേർച്ചിനായി നൽകിയിരുന്നു. അതിനുശേഷം ഇപ്പോൾ അമല കാൻസർ സെന്‍ററിൽ ആനിമൽ സ്റ്റഡിയും മറ്റും നടന്നു കൊണ്ടിരിക്കുകയാണ്. ചെന്നൈ ലെയൊള കോളജിൽ പഠനം നടത്തിയത ് ഡോക്ടറുടെ മകൾ റിന്‍റ സൂസൻ മാത്യുവാണ്. മകൾ അവിടെ എംഫിൽ ചെയ്യുന്ന സമയത്തായിരുന്നു പഠനം.’ഡോക്ടർ പറഞ്ഞു.




“കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർ വിജയകുമാർ അദ്ദേഹത്തിന്‍റെ ഗൈഡൻസിൽ 500 ലധികം രോഗികൾക്ക് ഇത് നൽകി. അങ്ങനെ ഇത് പ്രമേഹത്തിന് നല്ലതാണെന്ന് തെളിയിച്ചു. നിലവിൽ വിപണിയിൽ ഉ്തപന്നം ലഭ്യമല്ല. അറിഞ്ഞു കേട്ടുള്ള ഡോക്ടർമാർ അവരുടെ രോഗികൾക്ക് നൽകുന്നുണ്ട്. അതുപോലെ ആളുകളും എത്തുന്നുണ്ട്. തിരുവനന്തപുരത്തും പിന്നെചുറ്റുവട്ടത്തുമുള്ള ഹോസ്പിറ്റലുകളിലേക്ക് കൊടുക്കുന്നുണ്ട്. ബംഗളുരുവിൽനിന്നും ഒരു ഡോക്ടർ സ്ഥിരമായി വാങ്ങിക്കുന്നുണ്ട്.’', ഡോക്ടർ മാത്യു അറിയിച്ചു.

എന്തൊക്കെ, എങ്ങനെ

റാഗി, ഗോതന്പ്, ചണ വിത്ത് മുതലായ ധാന്യങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മുളപ്പിച്ച് പ്രത്യേക രീതിയിൽ പൊടിച്ച്് സംസ്കരിച്ചാണ് വിൽക്കുന്നത്. ഉത്പന്നം പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ട്. പ്രിസർവേറ്റീവുകളൊന്നും ചേർക്കാതെയാണ് തയ്യാറാക്കുന്നത്. പതിനഞ്ചു ഗ്രാമിന്‍റെ വീതം സാഷെ പാക്കറ്റുകളാണ്. പത്ത് സാഷെ പാക്കറ്റുകളടങ്ങിയ 450 ഗ്രാമിന് 325 രൂപയാണ് വില.

പതിനഞ്ച് ഗ്രാമിന്‍റെ ഓരോ സാഷെ മൂന്നു നേരം ഭക്ഷത്തിനു 20 മിനുറ്റ് മുന്പ് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിലിട്ട് കഴിക്കാം. ഇങ്ങനെ ഒരു ദിവസം 45 ഗ്രാം കഴിക്കണം. “ഇത് ഒരു ഭക്ഷ്യോത്പന്നമാണ്. അതുകൊണ്ടുതന്നെ ഡയറ്റീഷ്യൻമാർ, അലോപ്പതി ഡോക്ടർമാർ, ഹോമിയോ ഡോക്ടർമാർ എന്നിങ്ങനെയുള്ളവർക്കും അവരവരുടെ രോഗികൾക്കായി നിർദേശിക്കാം. ഇതുവഴി കഴിക്കുന്ന മരുന്നിന്‍റെ അളവും കുറയ്ക്കാം. ജീവിത ശൈലി രോഗങ്ങൾക്കും അമിതവണ്ണത്തിനംു ഉപയോഗിക്കാം. പോളിസിസ്റ്റിക് ഓവറി സിൻഡ്രേമി(പിഒഎസ്) നും ഉപയോഗിക്കാം.’, ഡോക്ടർ പറയുന്നു.

എറണാകുളത്തു നിന്നുമാണ് ആവശ്യമായ ഉത്പന്നങ്ങൾ എടുക്കുന്നത്. സാംപിൾ വാങ്ങിച്ച് മുളപ്പിച്ചു നോക്കിയതിനുശേഷമെ മൊത്തമായി വാങ്ങിക്കുകയുള്ളു. പ്രൊഡക്ഷൻ യൂണിറ്റ് വീടിനടുത്ത് തയ്യാറാക്കിയിട്ടുണ്ട്. പ്രൊഡക്ഷൻ യൂണിറ്റ് നോക്കി നടത്തുന്നത് ഡോക്ടറുടെ ഭാര്യ സാലി മാത്യുവാണ്. മുഴുവൻ സമയം ജോലിക്കായി നാലു പേരാണുള്ളത്. മാസം 7500 പാക്കറ്റ് ഉ്തപാദിപ്പിക്കാനുള്ള ശേഷി യൂണിറ്റിനുണ്ട്. മൾട്ടി സെന്‍റർ ക്ലിനിക്കൽ സ്റ്റഡിക്കായി കൊടുക്കാനും നിലവിലെ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതുമേ ഉത്പാദിപ്പിക്കുന്നുള്ളു. ആനിമൽ സ്റ്റഡി കഴിഞ്ഞതിനുശേഷം ബ്രാൻഡ് ചെയ്യാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്. സ്പ്രോട്ടോണിനെ തേടി വിദേശ യൂണിവേഴ്സ്റ്റികളിൽ നിന്നും ഗവേഷണ പഠനത്തിനായുള്ള അന്വേഷണങ്ങൾ വന്നിട്ടുണ്ട്.

കുടുംബം

ഡോക്ടർ മാത്യുവിനും സാലിക്കും രണ്ടു മക്കളാണ് മകൻ റിനോ സാം മാത്യു, ഡെവലപ്മെന്‍റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മകൾ റിന്‍റ സൂസൻ മാത്യു ചെന്നൈ സ്റ്റെല്ല മാരീസിൽ നിന്നും ബിഎസ് സി അഡ്വാൻസ്ഡ് സുവോളജി ആൻഡ് ബയോടെക്നോളജി സ്വർണ മെഡലോടെ പാസായി. തുടർന്ന് ചെന്നൈ ലെയോള കോളജിൽ എംഎസ് സി സുവോളജിയും എംഫിലും കഴിഞ്ഞു. പിഎച്ച്ഡി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.