ചരക്കു സേവനനികുതിയിൽ ബില്ലിംഗിന്‍റെ പ്രാധാന്യം
ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടന്‍റ്

ജിഎസ്ടി അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ശരിയായ രീതിയിലല്ലാത്ത ബില്ലിംഗ് അഥവാ ഇൻവോയിസിംഗ്. ജിഎസ്ടി ഇൻവോയ്സ് (ക്രയപത്രം) തയാറാക്കുന്പോൾ പല ഡീലർമാരും തെറ്റുകൾ വരുത്തുന്നതായി കാണാം. ഇൻപുട്ട് ടാക്സിന്‍റെ ക്രെഡിറ്റ് ലഭ്യമാകുന്നതിന് ഇൻവോയ്സ് ആണ് പ്രധാന ഘടകം. തെറ്റായ ഇൻവോയ്സുകൾ വാങ്ങുന്ന വ്യക്തിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാതെവരും.

എപ്പോഴാണ് ഇൻവോയ്സിംഗ് നടത്തേണ്ടത്

എ. ചരക്കുകളുടെ കാര്യത്തിൽ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്തുനിന്ന് വില്പനയ്ക്കുവേണ്ടി ട്രാൻസ്പോർട്ടർ വശം കൊടുക്കുന്ന അവസരത്തിൽ (അല്ലാത്ത സാഹചര്യത്തിൽ സ്വീകർത്താവിന് ചരക്കിന്‍റെ ഡെലിവറി നടത്തുന്ന സമയത്താണ് ഇൻവോയ്സിംഗ് നടത്തേണ്ടത്). എന്നാൽ, തുടർച്ചയായിട്ടുള്ള സപ്ലൈകളിൽ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് ലഭിക്കുന്പോഴോ പണം ലഭിക്കുന്പോഴോ ബില്ലിംഗ് നടത്താം.

ബി. സേവനങ്ങളുടെ കാര്യം വരുന്പോൾ സേവനം ലഭ്യമാക്കുന്നതിന് മുന്പോ അതിനുശേഷമോ ഇൻവോയിസിംഗ് നടത്താം. ടാക്സ് ഇൻവോയ്സ് ആണ് കൊടുക്കേണ്ടത്. സേവനത്തിനു ശേഷമാണ് ഇൻവോയ്സ് നല്കുന്നതെങ്കിൽ സേവനം നടത്തി 30 ദിവസങ്ങൾക്കകം ഇൻവോയ്സ് നല്കിയിരിക്കണം. എന്നാൽ, ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകളിൽ ഇൻവോയ്സിംഗിന് 45 ദിവസത്തെ സമയം ലഭിക്കും.

ജിഎസ്ടി ഇൻവോയ്സ് കോപ്പികൾ

ചരക്കുകൾക്ക് ഇൻവോയ്സ് ചെയ്യുന്പോൾ മൂന്നു കോപ്പികൾ തയാറാക്കണം. ഒറിജിനൽ ഇൻവോയ്സ് ചരക്കുകൾ വാങ്ങുന്നയാൾക്കും ഡ്യൂപ്ലിക്കേറ്റ് ഇൻവോയ്സ് ട്രാൻസ്പോർട്ടർക്കും ട്രിപ്ലിക്കേറ്റ് ഇൻവോയ്സ് സപ്ലെയർക്കുമാണ് വേണ്ടത്.

എന്നാൽ, സേവനങ്ങളുടെ കാര്യത്തിൽ രണ്ട് ഇൻവോയ്സ് മതി. ഒറിജിനൽ ഇൻവോയ്സ് സേവനങ്ങളുടെ സ്വീകർത്താവിനും ഡ്യൂപ്ലിക്കേറ്റ് ഇൻവോയ്സ് സേവനദാതാവിനും ഉള്ളതാണ്.

വിറ്റുവരവ് 1.5 കോടി രൂപയിൽ താഴെയാണെങ്കിൽ എച്ച്എസ്എൻ കോഡ് ആവശ്യമില്ല. ഒന്നര കോടി രൂപ മുതൽ അഞ്ചു കോടി രൂപ വരെ എച്ച്എസ്എൻ കോഡിന്‍റെ ആദ്യത്തെ രണ്ടക്കങ്ങളും അഞ്ചു കോടി രൂപയ്ക്ക് മുകളിലാണെങ്കിൽ നാലക്കങ്ങളും ചേർക്കണം. എന്നാൽ, കയറ്റുമതിക്ക് എച്ച്എസ്എൻ കോഡിന്‍റെ എട്ടു ഡിജിറ്റുകളും ചേർക്കണം.

ജിഎസ്ടി ഇൻവോയ്സിൽ ഉൾക്കൊള്ളിക്കേണ്ടത്

ജിഎസ്ടി നിയമങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊണ്ടുവേണം ടാക്സ് ഇൻവോയ്സ് തയാറാക്കുവാൻ. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചില്ലെങ്കിൽ അവയെ അസാധുവായി കണക്കാക്കും. ഇൻവോയ്സിൽ താഴെപ്പറയുന്ന വിവരങ്ങൾ എല്ലാം കാണിച്ചിരിക്കണം.

1. സപ്ലൈ ചെയ്യുന്ന ആളിന്‍റെ പേര്, വിലാസം, ജിഎസ്ടിയുടെ രജിസ്ട്രേഷൻ നന്പർ.
2. ഇൻവോയ്സ് നല്കുന്ന തീയതി.
3. ഇൻവോയ്സിന്‍റെ സീരിയൽ നന്പർ.
4. കസ്റ്റമറുടെ പേരും അഡ്രസും ജിഎസ്ടി നന്പറും.
5. ചരക്കുകൾ ഡെലിവറി ചെയ്യേണ്ട സ്ഥലവും അഡ്രസും വിവരങ്ങളും സ്റ്റേറ്റ് കോഡും.
6. എച്ച്എസ്എൻ കോഡ് അല്ലെങ്കിൽ എസ്എസി കോഡ്.
7. ചരക്കുകളുടെയും സേവനത്തിന്‍റെയും വിവരങ്ങൾ.
8. ചരക്കുകളുടെ അളവുകളും തൂക്കങ്ങളും.
9. ചരക്കിന്‍റേയും സേവനത്തിന്‍റേയും മൊത്തം മൂല്യം.
10. നികുതി ചുമത്തേണ്ട മൂല്യം (ഡിസ്കൗണ്ട് ഉണ്ടെങ്കിൽ അത് കിഴിച്ച്).
11. ജിഎസ്ടിയുടെ റേറ്റ്.
12. ചരക്കുകൾക്കും സേവനങ്ങൾക്കും ചുമത്തിയ ജിഎസ്ടി.
13. സപ്ലൈ ചെയ്യുന്ന സ്ഥലം.
14. ചരക്കുകൾ ഡെലിവറി ചെയ്യുന്ന സ്ഥലം.
15. റിവേഴ്സ് ചാർജ് മെക്കാനിസം മൂലമുള്ള ജിഎസ്ടി.
16. സപ്ലൈ ചെയ്യുന്ന ആളുടെ അല്ലെങ്കിൽ അധികാരപ്പെടുത്തിയ വ്യക്തിയുടെ ഡിജിറ്റൽ സിഗ്നേച്ചർ അല്ലെങ്കിൽ സാധാരണ സിഗ്നേച്ചർ.