എഫ്ഡി നിരക്ക് താഴുന്പോൾ
കൂട്ടുകാരൊക്കെയും മ്യൂച്വൽ ഫണ്ടിലും ഓഹരിയിലുമൊക്കെ നിക്ഷേപിച്ചെങ്കിലും തോമസിന് ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളെയാണ് എന്നും പ്രിയം. നാട്ടിൽ ജോലി ചെയ്തിരുന്ന കാലത്തും വിദേശത്തു ജോലി ചെയ്തപ്പോഴും ലഭിച്ച സന്പാദ്യങ്ങളെല്ലാം നിക്ഷേപിച്ചിരിക്കുന്നത് സ്ഥിര നിക്ഷേപമായിട്ടാണ്. സുരക്ഷിതത്വത്തെക്കുറിച്ച് ഓർക്കേണ്ടതില്ല. എല്ലാ മാസവും കൃത്യമായി വരുമാനം അക്കൗണ്ടിലേക്ക് എത്തും. കൂട്ടുകാരൊക്കെ ഓഹരിയുടെ വില കൂടുന്നതും കുറയുന്നതുമൊക്കെ നോക്കി ആവലാതിപ്പെടുന്നതു കാണുന്പോൾ മനസമാധാനത്തോടെ ഇരിക്കാലോ എന്നൊക്കെയായിരുന്നു തോമസിന്‍റെ ചിന്തകൾ. സാന്പത്തിക കാര്യങ്ങളിൽ അധികം റിസ്ക് എടുക്കാൻ താൽപ്പര്യപ്പെടാത്ത എല്ലാവരും തന്നെ തോമസിനെപ്പോലെയാണ്. നിക്ഷേപത്തിന് ആദ്യത്തെ ഓപ്ഷനായി കാണുന്നത് സ്ഥിര നിക്ഷേപങ്ങളെ തന്നെയാണ്. എല്ലാ മാസവും കൃത്യമായി എത്തുന്ന റിട്ടേണ്‍ അത് കൂടുമോ കുറയുമോ എന്നൊന്നും ആലോചിച്ച് ടെൻഷനടിക്കേണ്ടല്ലോ... പക്ഷേ, സ്ഥിര നിക്ഷേപകർക്ക് അത്ര സുഖകരമായ വാർത്തകളല്ല ഈ അടുത്ത കാലത്തൊന്നും ലഭിക്കുന്നത്. ദിനം പ്രതിയെന്നോണം പലിശ കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ദീർഘ കാലത്തേക്ക് സ്ഥിര നിക്ഷേപത്തെ കണ്ടുവെച്ചിരിക്കുന്നവർ ഒന്നുകൂടി ആലോചിക്കുന്നതാണ് ഉചിതം.

സുരക്ഷിതമാണ് പക്ഷേ,...

ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒരു ധനകാര്യ ഉപകരണമാണ് സ്ഥിര നിക്ഷേപങ്ങൾ. മിക്ക ആളുകളും നിക്ഷേപ ഓപ്ഷനായി തെരഞ്ഞെടുക്കുന്നത് ഇക്വിറ്റിക്കും ഓഹരിവിപണിക്കുമൊക്കെ ഉപരിയായി സ്ഥിര നിക്ഷേപത്തെയാണ്. സുരക്ഷിതമായ ഉപകരണം എന്നതാണ് സ്ഥിര നിക്ഷേപത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകം. കൂടാതെ പലിശ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് കൃത്യമായ തീയ്യതികളിൽ കൃത്യമായ തുക ലഭിക്കുമെന്നതും വലിയ കാര്യമാണ്.

നാലാം തവണയും റിപ്പോ റേറ്റിൽ റിസർവ് ബാങ്ക് കുറവു വരുത്തിയതോടെ വായ്പ എടുക്കുന്നവർക്ക് ഒന്നാശ്വസിക്കാം. പക്ഷേ, സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്ക് സന്തോഷിക്കാൻ വലിയ വകയൊന്നും ഇത് തരുന്നില്ല. പകരം ആശങ്കയാണ് നൽകുന്നത്. 2019 ഫെബ്രുവരിമുതൽ ഓഗസ്റ്റ്ു വരെ നാലു തവണയാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് കുറവു വരുത്തിയിരിക്കുന്നത്. നിലവിൽ റിപ്പോ റേറ്റ് 5.40 ശതമാനമാണ്.

റിപ്പോയ്ക്ക് ചുവടു പിടിച്ച് ബാങ്കുകളും

റിപ്പോ റേറ്റിൽ കുറവു വരുത്തുന്നതിന നുസരിച്ച് രാജ്യത്തെ ബാങ്കുകളും തങ്ങളുടെ സ്ഥിര നിക്ഷേപ നിരക്കിൽ കുറവു വരുത്തുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ഇനിയും ഇടിവു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സ്ഥിതിയിൽ സ്ഥര നിക്ഷേപങ്ങളിലേക്ക ് അധികം ശ്രദ്ധ നൽകാതിരിക്കുന്നതായിരിക്കും ബുദ്ധി. കാരണം ഉടനെയൊന്നും പലിശ നിരക്ക് വർധിക്കാനുള്ള സാധ്യതകളൊന്നും മുന്നിൽ കാണുന്നില്ല.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ തുടർച്ചയായി അഞ്ചാം തവണയാണ് സ്ഥിര നിക്ഷേപ നിരക്ക് കുറച്ചിരിക്കുന്നത്. ഏറ്റവും പുതിയതായി സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന നിരക്ക് ടേം ഡെപ്പോസിറ്റു കളുടെ റിട്ടേണ്‍ 20-25 ബേസിസ് പോയിന്‍റ് കുറച്ചിട്ടുള്ളതാണ്. ബൾക്ക് ഡെപ്പോസിറ്റിന്‍റേത് 10-20 ബേസിസ് പോയിന്‍റായാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ഏഴു ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം മുതൽ 6.25 ശതമാനം വരെയാണ് റിട്ടേണ്‍ ലഭിക്കുന്നത്. ഒരു വർഷം വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനം റിട്ടേണ്‍ ലഭിക്കും.മൂന്നു വർഷം മുതൽ 10 വർഷം വരെ 6.25 ശതമാനമാണ് റിട്ടേണ്‍.

സ്വകാര്യ മേഖലയിൽ ആക്സിസ് ബാങ്ക് ഏഴു ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50 ശതമാനം മുതൽ 6.75 ശതമാനം വരെയാണ് റിട്ടേണ്‍ നൽകുന്നത്. പൊതു മേഖല ബാങ്കുകളിൽ അഞ്ചു വർഷക്കാലയളവിൽ ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകുന്നത് ഇന്ത്യൻ ബാങ്കാണ് 6.90 ശതമാനമാണ് ഇന്ത്യൻ ബാങ്ക് നൽകുന്നത്. സ്വകാര്യ ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവർ അഞ്ചു വർഷക്കാലയളവിൽ 7 ശതമാനം റിട്ടേണ്‍ നൽകുന്നുണ്ട്.

ആഗോള തലത്തിലെ പ്രശ്നങ്ങൾ

ആഗോളതലത്തിലെ പ്രശ്നങ്ങളും സ്ഥിര നിക്ഷേപ നിരക്കിങ്ങനെ കുറയാനുള്ള കാരണമാകുന്നുണ്ട്. ആഗോള തലത്തിൽ സെൻട്രൽ ബാങ്കുകൾ എല്ലാം തന്നെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ ആർബിഐയും നിരക്കിൽ കുറവു വരുത്തുന്നുണ്ട്. അതിന്‍റെ പരിണിതഫലമെന്നോണമാണ് സ്ഥിര നിക്ഷേപങ്ങളുടെയും മറ്റും പലിശ നിരക്ക് ഇങ്ങനെ താഴുന്നത്. വായ്പ പലിശ നിരക്കും ഇതിനനുസരിച്ച് താഴുന്നതിനാൽ വായ്പയ്ക്ക് ഡിമാൻഡുണ്ട്. ഇതുവഴി വിപണിയിൽ ലിക്വിഡിറ്റിയും കൂടുന്നുണ്ട്. എന്നാൽ ആഗോള തലത്തിൽ തന്നെ സാന്പത്തിക വളർച്ചയെ കണക്കിലെടുത്താൽ അത് നെഗറ്റീവാണു താനും. ഇന്ത്യയിൽ പണപ്പെരുപ്പമാണെങ്കിലും ഉയർന്നു തന്നെ നിൽക്കുകയാണ്.


ദീർഘകാലത്തിൽ വേണ്ട

സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കാനാഗ്രഹിക്കുന്നവർക്ക് ഇപ്പോഴത്തെ പലിശ നിരക്കിൽ അവരുടെ നിക്ഷേപങ്ങളെ ലോക്ക് ചെയ്യുന്നതായിരിക്കും ബുദ്ധി. കാരണം വരും ദിവസങ്ങളിലും പലിശ നിരക്ക് കുറയാനാണ് സാധ്യത. അതും ദീർഘ കാലത്തേക്കുള്ള നിക്ഷേപ പദ്ധതികൾക്കു പകരം ഹ്രസ്വ കാലത്തിലുള്ള അതായത് മുന്നുമുതൽ അഞ്ചു വർഷം വരെ കാലാവധിയിൽ നിക്ഷേപം നടത്താം. നിലവിലെ ഈ ഇടിവിൽ നിന്നും തിരിച്ചു കയറാൻ കുറച്ചു നാളുകളെടുക്കും. ഇനി സ്ഥിര നിക്ഷേപം അവസാനിപ്പിക്കാൻ തീരുമാനിച്ചാലും ബാക്കിയുള്ള നിക്ഷേപങ്ങളൊക്കെ ആവശ്യത്തിന് സുരക്ഷിതത്വം നൽകുന്നതാണോ എന്നു കൂടി ഉറപ്പു വരുത്തണം. കാരണം അല്ല എന്നുണ്ടെങ്കിൽ അത്തരം സുരക്ഷിതമായൊരു നിക്ഷേപ ഓപ്ഷൻ കൂടി കണ്ടുപിടിക്കേണ്ടതുണ്ട്. അല്ല എന്നുണ്ടെങ്കിൽ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന റിട്ടേണിനെ വരുമാനമാർഗമാക്കുന്നർക്ക് വരുമാനം ലഭിക്കാതെ വരും. ഇത് വലിയ തോതിലുള്ള ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. അതുകൊണ്ട് സ്ഥിര നിക്ഷേപങ്ങളെ പരിഗണിക്കുന്നവർ രണ്ടാമതൊന്നുകൂടിആലോചിക്കുന്നത് ഉചിതമായിരിക്കും.

നിക്ഷേപത്തിനായി നിരവധി ഓപ്ഷനുകൾ

നിക്ഷേപകർക്കു മുന്നിൽ നിരവധി നിക്ഷേപ ഓപ്ഷനുകളാണുള്ളത്. ഏതൊക്കെ ഓപ്ഷനുണ്ടെങ്കിലും നിക്ഷേപകരുടെയെല്ലാം ലക്ഷ്യങ്ങൾ പലപ്പോഴും ഒന്നായിരിക്കും. ഉയർന്ന റിട്ടേണ്‍ ലഭിക്കണം. അധികം റിസ്ക് ഉണ്ടാകരുത്. വേഗത്തിൽ റിട്ടേണ്‍ ലഭിക്കണം. പ്രത്യേകിച്ച് ഒരു നഷ്ടവും സംഭവിക്കരുത്. അതുകൊണ്ടു തന്നെ കുറച്ചു വർഷങ്ങൾകൊണ്ട് നിക്ഷേപം ഇരട്ടിയാകുന്ന മാർഗങ്ങളിലേക്കെ നിക്ഷേപകരുടെ ശ്രദ്ധപോകു.

ഓഹരി, മ്യൂച്വൽഫണ്ട്, പെൻഷൻ സ്കീം, പിപിഎഫ്, സ്ഥിര നിക്ഷേപം, മുതിർന്ന പൗന്മാർക്കായുള്ള നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയെല്ലാം നിക്ഷേപത്തിനുള്ള മാർഗങ്ങളാണ്. ഈ നിക്ഷേപ ഓപ്ഷനുകളിൽ വിപണിയുമായി ബന്ധപ്പെട്ടതുണ്ട, സ്ഥിര റിട്ടേണ്‍ ലഭിക്കുന്നതുമുണ്ട്. ഇവയ്ക്ക് രണ്ടിനും ആസ്തി ഉണ്ടാക്കുകയാണ് ലക്ഷ്യവും ധർമ്മവും. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമാണെങ്കിൽ ഉയർന്ന റിസ്കുള്ളതും ഉയർന്ന റിട്ടേണുള്ളതുമാണ്. എന്നാൽ സ്ഥിരമായ റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപമാണെങ്കിൽ റിസ്ക് കുറവായിരിക്കും. അതിനനുസരിച്ച് റിട്ടേണും വ്യത്യാസപ്പെട്ടിരിക്കും. നിശ്ചിത ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള നിക്ഷേപമാണെങ്കിൽ എപ്പോഴും സ്ഥിര റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപമായിരിക്കും നല്ലത്. ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്പോൾ രണ്ട് ഓപ്ഷനുകളും തെരഞ്ഞെടുക്കാം.

ലഘു സന്പാദ്യ പദ്ധതികൾ

ബാങ്കുകൾ നിക്ഷേപങ്ങളുടെ നിരക്ക് കുറക്കുന്പോൾ പോസറ്റോഫീസ് നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശ നിരക്ക് ആകർഷകമാകുന്നുണ്ട്. ഒരു വർഷത്തെ നിക്ഷേപത്തിന് പോസ്റ്റോഫീസിൽ ലഭിക്കുന്നത് 6.90 ശതമാനമാണ്. അഞ്ചു വർഷത്തേക്ക് ലഭിക്കുന്നത് 7.7 ശതമാനവും. സീനിയർ സിറ്റിസണ്‍ സേവിംഗ് സ്കീമിന് 8.6 ശതമാനവും സുകന്യ സമൃദ്ധി നിക്ഷേപത്തിന് 8.4 ശതമാനവും പലിശ നൽകുന്നുണ്ട്. പിപിഎഫും 7.9 ശതമാനം പലിശ ഒരു വർഷം നൽകുന്നുണ്ട്.പെൻഷനായ നിക്ഷേപകർക്ക് നികുതിയിൽ നിന്നും രക്ഷ നേടാനുള്ള വഴിയാണ് സ്ഥിര നിക്ഷേപങ്ങൾ. എന്നാൽ, നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകണം. അതിനാൽ നിക്ഷേപകർക്കും, പ്രധാനമായും പെൻഷൻകാർക്കും അവരുടെ നിക്ഷേപങ്ങളെ സീനിയർ സിറ്റിസണ്‍ സേവിംഗസ്് സ്കീം, പോസ്റ്റ് ഓഫീസ്, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ എന്നിവയിൽ നടത്താം. നികുതി ബാധ്യതയും കുറക്കാം. ലഘു സന്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസത്തിലാണ് കണക്കാക്കുന്നത്.