മലബാറിന്‍റെ സംരംഭ സ്വപ്നങ്ങൾക്കായി
മലബാറിന്‍റെ സംരംഭ  സ്വപ്നങ്ങൾക്കായി
Saturday, August 31, 2019 3:23 PM IST
ഐടി ഉൾപ്പെടെ കേരളത്തിലെ വ്യവസായങ്ങളുടെ കേന്ദ്രമേതെന്നു ചോദിച്ചാൽ കൊച്ചിയെന്നാണ് പെട്ടന്നുള്ള ഉത്തരം. രണ്ടാമത്തെ സ്ഥാനം തിരുവനന്തപുരം കൊണ്ടുപോകും. മലബാറിന് ഇക്കാര്യത്തിൽ വലിയ സംഭാവനകളൊന്നുമില്ല. എന്നാൽ ഒരു കാലത്ത് കൈത്തറി, കശുവണ്ടി എന്നിങ്ങനെ പരന്പരാഗത വ്യവസായങ്ങളുടെ കാര്യത്തിൽ മലബാറിന് കാര്യമായ ഇടമുണ്ടായിരുന്നു. അതിന്‍റെ പ്രതാപം നഷ്ടപ്പെട്ടതോടെ ഗൾഫിലേക്കും മറ്റും തൊഴിൽ തേടി പോകുന്ന ഒരു തലമുറയായിരുന്നു മലബാറിനുണ്ടായിരുന്നത്.

പതിയെപതിയെ ആ ട്രെൻഡും മാറുകയാണ്

സംരംഭ ലോകത്തേക്ക് മലബാർ മേഖലയിൽ നന്നും ആളുകൾ വളരെ സജീവമായി എത്തിത്തുടങ്ങിയിരിക്കുകയാണ്. പക്ഷേ, അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ കൊച്ചിയെയും തിരുവനന്തപുരത്തെയും ഇതിനായി ആശ്രയിക്കേണ്ടി വരുന്നു. കോഴിക്കോട് ജില്ലയിൽ യുഎൽ സൈബർ പാർക്ക് വന്നതോടെ ആ സ്ഥിതിയും പതിയെ മാറുകയാണ്. മലബാർ മേഖല കേരളത്തിന്‍റെ ഐടി ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു തുടങ്ങിയിരിക്കുന്നു. തുടർന്ന് സ്റ്റാർട്ടപ് മിഷന്‍റെ ഇൻകുബേറ്റർ, എൻഐടിയിലെ ഇൻകുബേറ്റർ എന്നിവ മലബാറിന്‍റെ ഐടി സ്വപ്നങ്ങൾക്കും സംരംഭ സ്വ്പനങ്ങൾക്കും ചിറകു നൽകി. ഇപ്പോൾ കേരളത്തിലെ രണ്ടാമത്തെ വലിയ ഇൻകുബേഷൻ സെന്‍ററുമായി മലബാർ പുതിയ ചുവടുവെയ്പ്പുകൾ നടത്തുകയാണ്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

സംരംഭകർ, പൊതുമേഖല സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി കൈ കോർത്ത് ആരംഭിച്ച മലബാർ ഇന്നോവേഷൻ എന്‍റർപ്രണർഷിപ്പ് സോണ്‍ ( മൈസോണ്‍) സ്റ്റാർട്ടപ്പ് മിഷന്‍റെ വലിയൊരു മുന്നേറ്റമാണ്.

നവീന ആശയങ്ങളും ആഴമേറിയ സാങ്കേതിക പരിജ്ഞാനവും സംയോജിപ്പിക്കുന്ന പുതിയ കാലഘട്ടത്തിലെ സംരംഭങ്ങളെയാണ് സ്റ്റാർട്ടപ്പ് എന്ന് വിളിക്കുന്നത്. ആരോഗ്യം, കൃഷി, ജലം, ശുചീകരണം, ഇലക്ട്രോണിക്സ് തുടങ്ങിയ സാമൂഹ്യ സാന്പത്തിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ സംരംഭകർ നൽകുന്നു. ഈ നൂതന പരിഹാര മാർഗങ്ങൾ കൊണ്ട് കൈത്തറി, ഫർണിച്ചർ, പ്ലൈവുഡ്, കൃഷി തുടങ്ങിയ മലബാറിലെ പരന്പരാഗത മേഖലകളിലെ വ്യവസായങ്ങളുടെ ഉന്നമനവും അന്തർദേശീയ തലത്തിലുള്ള വളർച്ചയും മൈസോണ്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഏതു തരം വ്യവസായങ്ങൾക്കും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു സംരഭകനും, ടെക്നോളജി സ്ഥാപനത്തിനോ, സ്റ്റാർട്ട്പ്പ് മോഡലിൽ ഉള്ള ഒരു വളർച്ചക്ക് ആധാരമാകുംവിധം ടെക്നോളജി സംയോജിപ്പിക്കാനുള്ള ഒരു ആശയവുമായി മൈസോണിലേക്ക് കടന്നു വരാം.

വ്യവസായ-അക്കാദമിക് ശൃംഖല

കണ്ണൂർ ജില്ലയലെ മാങ്ങാട്ടുപറന്പ് എന്ന സ്ഥലത്തു പ്രവർത്തന രഹിതമായി കിടന്നിരുന്ന കേരള ക്ളേസ് ആൻഡ് സെറാമിക്സ് പ്രോഡക്ടസ് ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനത്തിന്‍റെ ഫാക്ടറി നിലനിന്നിരുന്ന സ്ഥലത്താണ് കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ സഹായാത്തോടെ മൈസോണ്‍ സ്ഥാപിതമായിട്ടുള്ളത്.

കണ്ണൂർ സർവകലാശാല കാന്പസ്, ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജീസ്, വ്യവസായ പാർക്ക്, കെൽട്രോണ്‍ തുടങ്ങി നിരവധി വ്യവസായ-അക്കാദമിക് സ്ഥാപനങ്ങൾ ചേർന്നുള്ള ഒരു പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ടു തന്നെ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള നൂതന സംരംഭങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും ഈ സംരംഭവും സംവിധാനവും അനുയോജ്യമാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ ഇൻകുബേഷൻ സെന്‍ററാണ് മൈസോണ്‍. ഏകദേശം 25000 ചതുരശ്രയടി വലുപ്പത്തിൽ ഒരുക്കിയിരിക്കുന്ന മൈസോണിലെ 305 സീറ്റുകൾ ഉള്ള ഇൻകുബേറ്ററിൽ ഇതിനകം തന്നെ 70 സ്റ്റാർട്ടപ്പ് കന്പനികൾ 170ൽ അധികം തൊഴിൽ അവസരങ്ങളോടെ പ്രവർത്തിച്ച് വരുന്നു.

എല്ലാം ഒരു കുടക്കീഴിൽ

സംരംഭങ്ങൾക്കും സംരംഭകർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ടിവിടെ. മാർഗനിർദ്ദേശങ്ങളും ഫണ്ടിംഗും മെന്‍ററിംഗും തുടങ്ങി ഒരു സംരംഭത്തിന്‍റെ വിജയത്തിന് ആവശ്യമായ വിപണി ബന്ധം, പ്രൊഫഷണൽ ഗ്രൂപ്പുകളുമായും വ്യക്തികളുമായും ചേർന്നുള്ള മാർഗനിർദ്ദേശം എന്നിവയെല്ലാം ഇൻകുബേഷൻ സെന്‍റർ നൽകുന്നുണ്ട്.
* വൈദ്യുതി
* ഇന്‍റർനെറ്റ്
* അടിസ്ഥാന സൗകര്യങ്ങൾ
* ഫർണിച്ചർ
* മീറ്റിംഗ് ഹാൾ
* ഹൗസ് കീപ്പിംഗ്
* മെയിന്‍റനൻസ്
* വെള്ളം
* റിസോഴ്സ് പൂൾ
* കോമണ്‍ ബ്രാൻഡിംഗ്
* സർക്കാറിന്‍റെ ശ്രദ്ധ
* മെന്‍ററിംഗ്
* ഫണ്ടിംഗ്
* ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റ് എന്നിവയാണ് മൈസോണ്‍ ലഭ്യമാക്കുന്നത്.

ഫണ്ടിംഗിന് മലബാർ ഏഞ്ചൽസ്

മൈസോണിന്‍റെ മറ്റൊരു പ്രത്യേകത, മലബാർ ഏഞ്ചൽസ് എന്ന പേരിൽ കേരളത്തിലെ ആദ്യ ഏഞ്ചൽ നെറ്റ് വർക്ക് ഇതിന്‍റെ ഡിവിഷൻ ആയി പ്രവർത്തിക്കുന്നു എന്നതാണ്. മലബാർ ഏഞ്ചൽ നെറ്റ് വർക്ക് ( മാൻ) മൈസോണിന്‍റെ ഒരു അനുബന്ധ സംരംഭമാണ്. കേരളത്തിൽ തന്നെയുള്ള, പ്രത്യേകിച്ച് മലബാർ മേഖലയിലുള്ള നിക്ഷേപകരെ കണ്ടെത്താനും സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകാനും മാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

മലബാർ ഏഞ്ചൽസിനെക്കുറിച്ച്

* മലബാർ ഏഞ്ചൽസിന് 2018 ജൂലൈ 21 നാണ് തുടക്കമാകുന്നത്.
* കേരളത്തിലെ പ്രത്യേകിച്ച് മലബാർ മേഖലയിലെ സംരംഭകർക്ക് ഫണ്ടിംഗ്, മെന്‍ററിംഗ് പിന്തുണ നൽകുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം
* കേരള സ്റ്റാർട്ടപ്പ് മിഷൻ, മറ്റ് ഇൻകുബേറ്ററുകൾ എന്നിവയുമായെല്ലാം ചേർന്നാണ് പ്രവർത്തിക്കുന്നത്.
* മൈസോണിന്‍റെ ഒരു അനുബന്ധ സംരംഭമാണ് മലബാർ ഏഞ്ചൽസ്.
* അംഗമാകാനുള്ള ഫീസ് 10000 രൂപ, വാർഷിക അംഗത്വ ഫീസ് 10000 രൂപ. മൂന്നു വർഷത്തെ അംഗത്വത്തിന് 25000 രൂപ. നിക്ഷേപത്തുകയുടെ രണ്ടു ശതമാനം ഇടപാടുകൾക്കുള്ള ഫീസായി നൽകണം.
* ഓരോ നിക്ഷേപവും കന്പനികളിലേക്ക് നേരിട്ട് നിക്ഷേപകൻ തന്നെയാണ് ചെയ്യുന്നത്.
* കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻകുബേറ്ററുകൾ, മറ്റ് ഏഞ്ചൽ നെറ്റ് വർക്ക് ഗ്രൂപ്പുകളിൽ നിന്നും ലഭിക്കുന്ന റഫറൻസുകൾ എന്നിവയ്ക്കനുസരിച്ചാണ് ഫണ്ടിംഗ് . കണ്ണൂര് ഓരോ മാസവും പിച്ചിംഗ് സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്.
* 2019- 20 വർഷത്തിൽ മൂന്നു കോടി രൂപയുടെ നിക്ഷേപം ആറെണ്ണം മുതൽ 10 സ്റ്റാർട്ടപ്പുകളിൽ നടത്തുകയാണ് ലക്ഷ്യം.
* ഇന്ത്യൻ ഏഞ്ചൽ നെറ്റ് വർക്കുമായി (ഐഎഎൻ) മലബാർ ഏഞ്ചൽസ് എംഒയു ഒപ്പിട്ടിട്ടുണ്ട്.
* വിപ്രോ, മൈൻഡ് ട്രീ എന്നിവയുടെ മുൻ സിഇഒ പി.കെ ഗോപാലകൃഷ്ണനാണ് മലബാർ ഏഞ്ചൽസ് നെറ്റ് വർക്കിന്‍റെ ഡയറക്ടർ.

മലബാർ ഏഞ്ചൽസിന്‍റെ നിലവിലെ നിക്ഷേപം

* നിലവിൽ മലബാർ ഏഞ്ചൽസിൽ 25 നിക്ഷേപകരുണ്ട്. കേർപറേറ്റ് മേഖലകളിൽ നിന്നുള്ളവർ, പ്രവാസികൾ, സ്വദേശികൾ എന്നിങ്ങനെയുള്ളവരാണ് നിക്ഷേപകർ.
* നിരവധി സ്റ്റാർട്ടപ്പുകളിൽ നിലവിൽ മലബാർ ഏഞ്ചൽസ് നിക്ഷേപം നടത്തിക്കഴിഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളായ പേമെട്രി, ഫാർമേഴ്സ് ഫ്രഷ്സോണ്‍, കൊച്ചിയിലും ബംഗളുരുവിലും പ്രവർത്തിക്കുന്ന കൂൾട്രാക്ക്, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്പി റോബട്ടിക്സ് തുടങ്ങിയവ അവയിൽ ചിലതാണ്.

മലബാർ എന്‍റപ്രണർഷിപ് ഇന്നോവേഷൻ സോണ്‍

* ഷിലെൻ സഗുണൻ
സ്ട്രാറ്റജി ചെയർമാൻ (ഐഐടി, ഐഎസ്ആർഒ മുൻ ചെയർമാൻ, മുൻ ചീഫ് ടെക്നിക്കൽ ഓഫീസർ നീൽസണ്‍ ഓഡിയോ )
* കെ. സുഭാഷ് ബാബു
ഓപ്പറേഷൻസ്,
മാനേജിംഗ് ഡയറക്ടർ
* പി.കെ ഗോപാലകൃഷ്ണൻ
ഡയറക്ടർ, മലബാർ ഏഞ്ചൽസ് നെറ്റ് വർക്ക്
(മുൻ സിഇഒ വിപ്രോ, മൈൻഡ് ട്രീ)

മൈസോണ്‍ അഡ്വൈസറി ബോർഡ്

* ഡോ. സജി ഗോപിനാഥ്
സിഇഒ കേരള സ്റ്റാർട്ടപ്പ് മിഷൻ
* അജിത് ബാലകൃഷ്ണൻ
ഫൗണ്ടർ, റെഡിഫ്.കോം
* നാഗരാജ പ്രകാശം
ഏഞ്ചൽ ഇൻവെസ്റ്റർ
* കെ.രവീന്ദ്രൻ
എംഡി ഐബിഎം ഇന്ത്യ
* അനിഷ് കുമാർ
എംഡി, ബാങ്ക് ഓഫ് ന്യൂയോർക്ക്
* ഡോ.സേതുമാധവൻ
ഡയറക്ടർ, യുഎൽ എജ്യുക്കേഷൻ, യുഎൽസിസിഎസ്
* ശിവരാജ രാമനാഥൻ
ഫൗണ്ടർ, നേറ്റീവ് ലീഡ്സ് ഫൗണ്ടേഷൻ