മെന്‍ററിംഗ്; വളരാനാണ് തളരാനല്ല
ഒരു നല്ല മെന്‍റർ ഉണ്ടായിരിക്കുക എന്നത് ഏതൊരു സ്റ്റാർട്ടപ്പിന്‍റെയും വളർച്ചക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. നല്ല രീതിയിൽ മെന്‍ററിംഗ് ലഭിച്ചു വിജയിച്ച സ്റ്റാർട്ടപ്പുകളെയും കൃത്യ സമയത്തു നല്ല മെന്‍റർമാരെ ലഭിക്കാതെ തകർന്നു പോയ സ്റ്റാർട്ടപ്പുകളെയും കാണാറുണ്ട്. ഇതു കൂടാതെ തെറ്റായ മെന്‍ററിംഗ് ലഭിച്ചു തകർന്നു പോയ സ്റ്റാർട്ടപ്പുകളും നിരവധി ആണ്.

ആരാണ് മെന്‍റർ

ഒരു മെന്‍റർ എന്നാൽ തനിക്കു പ്രവൃത്തി പരിചയം ഉള്ള മേഖലയിൽ, തന്‍റെ അനുഭവ ജ്ഞാനം ഉപയോഗിച്ച് താരതമ്യേന പരിചയം കുറഞ്ഞ ഒരാളെ അല്ലെങ്കിൽ ഒരു സ്റ്റാർട്ടപ്പിനെ വളരുവാൻ സഹായിക്കുന്ന ഒരാളാണ്. പരസ്പര വിശ്വാസത്തിലൂന്നി തന്‍റെ മെന്‍റി ആയ സ്റ്റാർട്ടപ്പ് നേരിടുന്ന പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരം നിർദേശിക്കുക എന്നതും ഒരു നല്ല മെന്‍ററുടെ കർത്തവ്യമാണ്. വ്യക്തിപരമായ പരിചയത്തിന്‍റെ പുറത്തോ, റഫറൻസ് വഴിയോ, ഇൻക്യൂബേറ്റു ചെയ്യുന്ന സ്ഥാപനമോ, ഇൻവെസ്റ്റർമാർ വഴിയോ നല്ല മെന്‍റർമാരെ ലഭിക്കാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഒരു മെന്‍ററെ തെരഞ്ഞെടുക്കുന്പോൾ അനേകം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മെന്‍റർമാരെ തെരഞ്ഞെടുക്കുന്പോൾ സ്റ്റാർട്ടപ്പിന്‍റെ ലക്ഷ്യങ്ങളും അതു ലക്ഷ്യം വയ്ക്കുന്ന മാർക്കറ്റിനെയും അറിയുന്നയാളായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബിസിനസ് ലക്ഷ്യങ്ങളെ ഉൾക്കൊള്ളാവുന്ന വിധം ആ മേഖലയിൽ പ്രാവീണ്യമുള്ള ഒരാളെ തന്നെ തെരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം.

സ്റ്റാർട്ടപ്പുകൾ മെന്‍ററെ തെരഞ്ഞെടുക്കുന്പോൾ അല്പം സ്റ്റാർട്ടപ്പ് എക്സ്പീരിയൻസ് കൂടി പരിഗണിക്കുക. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി അതിലൂടെ ലഭിച്ച അനുഭവജ്ഞാനം ഒരു സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് വളരെ അധികം ഗുണം ചെയ്യും. വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എക്സിക്യൂട്ടീവുമാർ മെന്‍റർമാരായി വന്നാൽ പലപ്പോഴും അവർക്കു സ്റ്റാർട്ടപ്പുകളുടെ സ്വഭാവ രീതികൾ പരിചയം ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.

വലിയ സ്ഥാപനങ്ങളിൽ അവരുടെ വിജയങ്ങൾക്കു സഹായിച്ച പല ഘടകങ്ങളും ഒരു സ്റ്റാർട്ടപ്പിനു അന്യമായിരിക്കും. ബിസിനസിനെക്കാളും സ്റ്റാർട്ടപ്പിനെ കുറിച്ച് കൂടുതൽ അറിവുള്ള ഒരാൾക്കാണ് മറ്റൊരു സ്റ്റാർട്ടപ്പിനെ വേണ്ട വിധത്തിൽ സഹായിക്കാൻ കഴിയുന്നത്.

പരാജയങ്ങൾ അറിഞ്ഞയാളാകട്ടെ

വലിയ വിജയങ്ങൾ മാത്രം നേടിയ ഒരു മെന്‍ററിനേക്കാളും പലപ്പോഴും സ്റ്റാർട്ടപ്പുകൾക്കു ഉപകാരപ്പെടുന്നത് പരാജയങ്ങൾ രുചിച്ചിട്ടുള്ള, എപ്പോഴും ലഭ്യമായ ഒരാളെയാണ്. വലിയ ഉത്തരവാദിത്തങ്ങളുള്ള ഒരാൾ മെന്‍ററായി വരുന്പോൾ പലപ്പോഴും എന്തെങ്കിലും ആവശ്യങ്ങൾക്കായി അത്യാവശ്യമായി ബന്ധപ്പെടുവാനോ, ഒന്നിരുന്നു കാര്യങ്ങൾ അവതരിപ്പിച്ചു സംസാരിക്കുവാനോ കഴിഞ്ഞെന്നു വരില്ല.

അതുകൊണ്ടു തന്നെ മെന്‍ററുടെ സമയം നമുക്ക് വളരെ വിലപിടിച്ചതാണ് എന്ന് മനസ്സിലാക്കി വേണം ഒരു മെന്‍ററെ തെരഞ്ഞെടുക്കാൻ.

നേരിൽ കണ്ടു തന്നെ സംസാരിക്കുവാൻ കഴിയുന്ന, സമയം വിനിയോഗിക്കുവാൻ സാധിക്കുന്ന ആളെ വേണം മെന്‍ററായി പരിഗണിക്കാൻ. അല്ലാതെ എല്ലാ കന്പനികൾക്കും മെന്‍ററിംഗ് നൽകുന്ന ആളുകളെ പരിഗണിച്ചാൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ അവരുടെ സമയത്തിനായി കാത്തു നിൽക്കേണ്ട അവസ്ഥ വരും.കാര്യങ്ങൾ ക്ഷമയോടെ കേട്ടിരുന്ന്, അതിനു പരിഹാര മാർഗങ്ങൾ നിർദേശിച്ച്, നടപ്പിൽ വരുത്തുന്നവയെ കൃത്യമായി നിരീക്ഷിച്ച്, അതിൽ വരുന്ന പാകപ്പിഴവുകൾ തിരുത്തുവാൻ കഴിയുന്ന ഒരു മെന്‍ററെയാണ് കണ്ടെത്തേണ്ടത്..

നല്ല ബന്ധങ്ങളുള്ളയാളാകട്ടെ

നല്ല ഒരു നെറ്റ് വർക്കുള്ള ഒരു മെന്‍ററെ ലഭിക്കുക എന്നത് ഒരു സ്റ്റാർട്ട് അപ്പിനെ സംബന്ധിച്ച് വലിയ ഭാഗ്യം തന്നെയാണ്. ഉപകാരപ്പെടുന്ന രീതിയിൽ മറ്റുള്ളവരുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ മെന്‍ററുടെ ഈ നെറ്റ് വർക്ക് വളരെയധികം സഹായിക്കും. അതുപോലെ തന്നെ എളുപ്പത്തിൽ ഫണ്ടിംഗ് ലഭിക്കുവാനും ഇത്തരത്തിലുള്ള ബന്ധങ്ങൾ സഹായിക്കും.

ഒരു സ്ഥാപനത്തിന് ഒരു മെന്‍റർ എന്ന രീതി പരീക്ഷിക്കാതെ മാർക്കറ്റിംഗ്, പ്രോഡക്റ്റ്, ടെക്നോളജി, ഫിനാൻസ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വ്യത്യസ്ത മെന്‍റർമാരെ കണ്ടെത്തുക എന്നുള്ളതാണ് ഒരു വലിയ കടന്പ. സംരംഭകന് പ്രാവീണ്യം ഇല്ലാത്ത മേഖലകളിൽ വേണം മെന്‍റർമാരെ നിയോഗിക്കേണ്ടത്. അല്ലെങ്കിൽ ആർക്കാണ് കൂടുതൽ അറിവ് എന്നത് പ്രകടിപ്പിക്കുവാനുള്ള രീതിയിൽ ഓരോ ചർച്ചയും ഒരു സംവാദം ആയി മാറുവാൻ സാധ്യത കൂടുതലാണ്.

നമ്മുടെ കൂടെ നിന്നുകൊണ്ട് ആവശ്യമായ സമയത്തു കൃത്യമായ മെന്‍ററിംഗ് തരുമെന്ന് ഉറപ്പുള്ളവരെ പരിഗണിക്കുക. അവരുടെ സാമൂഹിക, ബിസിനസ് രംഗങ്ങളിലെ മുൻ ഇടപാടുകളെക്കുറിച്ച് ഒന്നു പഠിക്കുകയും ചെയ്യാം.

ആവശ്യമുള്ളത് തെരഞ്ഞെടുക്കാം

മെന്‍ററുടെ അടുത്ത് ഉപദേശങ്ങൾ തേടുന്പോൾ മാറാനുള്ള ഒരു മനസ്സ് സംരംഭകന് വേണം. തുറന്ന സമീപനത്തോടെ തന്നെ മെന്‍ററെ സമീപിക്കുക. കാര്യങ്ങൾ തുറന്നു പറയാനും അവർ പറയുന്നത് കേൾക്കാനുമുള്ള ക്ഷമ കൂടി കാട്ടണം. മെന്‍ററിംഗ് കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തുവാൻ കഴിയണമെങ്കിൽ എന്താണ് വേണ്ടതെന്നു കൃത്യമായ ഒരു ബോധ്യം സംരംഭകന് വേണം.
മെന്‍ററുടെ കൂടെ ചർച്ച ചെയ്യുവാൻ ലഭിക്കുന്ന സമയം വളരെ നല്ല രീതിയിൽ തന്നെ വിനിയോഗിക്കുവാനും കഴിയണം. മെന്‍റർമാരുമായി ചർച്ച ചെയ്യുന്പോൾ സത്യസന്ധമായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കണം. ഇനി മെന്‍ററുടെ കയ്യിൽ നിന്നും ലഭിക്കുന്ന ഉപദേശം അതേ പടി പകർത്തി ചെയ്യാതെ ബിസിനസിന് ആവശ്യം ഉള്ളത് എന്താണെന്നുള്ളത് കൃത്യമായി മനസിലാക്കി വേണം സ്വീകരിക്കാൻ.

ആവശ്യമുള്ളത് സ്വീകരിക്കണം പറ്റില്ല എന്നു തോന്നുന്നത് ഒഴിവാക്കുകയും വേണം. മെന്‍റർമാരെ അന്ധമായി പിന്തുടർന്ന് സ്വന്തം സ്വപ്നങ്ങൾ കുഴിച്ചു മൂടേണ്ട അവസ്ഥ വരുത്താതെ കരുതലോടെ വേണം മുന്നോട്ടു നീങ്ങാൻ.

എല്ലാം മെന്‍ററെ ഏൽപ്പിക്കല്ലേ

മെന്‍റർമാർ വന്നു എല്ലാം ചെയ്തു തരും എന്ന് വിശ്വസിക്കാതെ സംരംഭകൻ തന്നെ കുറച്ചു കാര്യങ്ങൾ വ്യക്തമായി ചെയ്തു വെച്ചാൽ മാത്രമേ മെന്‍ററിംഗ് എന്ന പ്രക്രിയ വിജയിക്കുകയുള്ളു. നല്ല മെന്‍റർമാർ സമയാ സമയങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ മാത്രം നൽകുന്ന ആൾ എന്നതിൽ ഉപരി കാണാത്ത മേഖലകളിലേക്ക് സംരംഭകനെയും സംരംഭങ്ങളെയും കൊണ്ട് പോകുവാൻ കഴിവുള്ള ഒരാളായിരിക്കും.

ഒരു സ്റ്റാർട്ടപ്പിനെ നല്ല രീതിയിൽ മോട്ടിവേറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ തെറ്റുകൾ കണ്ടാൽ ചൂണ്ടി കാണിക്കുകയും സംരംഭകന്‍റെ കൂടെ നിന്ന് കൊണ്ട് തിരുത്തലുകൾ നടപ്പിൽ വരുത്തുവാനുള്ള ഒരു കഴിവു കൂടി ഒരു മെന്‍ററിനു അത്യന്താപേക്ഷിതമാണ്.

സർവോപരി സ്റ്റാർട്ടപ്പിന്‍റെ വിജയത്തിനുവേണ്ടി ഉടമയുടെ അത്രയും തന്നെ ആഗ്രഹിക്കുകയും അത് നേടി എടുക്കുവാൻ വേണ്ടി ഏതറ്റം വരെയും കൂടെ വരുവാനും തയ്യാറുള്ള ഒരു മെന്‍റർ ആണ് എപ്പോഴും സ്റ്റാർട്ടപ്പുകൾക്ക് ഉപകാരപ്പെടുക .

(ബിസിനസുകൾക്കും സംരംഭകർക്കും ഒഡിഐ, ലീഡർഷിപ് കോച്ചിംഗ്എന്നിവ നൽകുന്ന ഒരു സർട്ടിഫൈഡ് ലീഡർഷിപ് കോച്ച്, സോഫ്റ്റ് വേർ കണ്‍സൾട്ടന്‍റ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. ഫോണ്‍ : 9961429066)

ഇക്കാര്യങ്ങൾ ഓർത്തിരിക്കാം

1 നല്ല മെന്‍റർമാരെ തിരഞ്ഞെടുക്കുക
2 നല്ല ബന്ധം സ്ഥാപിച്ചെടുക്കുക
3 ഓരോ മീറ്റിംഗിന് മുൻപും നന്നായി തയ്യാറാകുക
4 നടപ്പിൽ വരുത്തുവാൻ കഴിയുന്ന ഫീഡ്ബാക്കുകൾ പറഞ്ഞ സമയത്തിനുള്ളിൽ തന്നെ നടപ്പിൽ വരുത്തുക
5 ലഭിക്കുന്ന ഉപദേശങ്ങൾ കൃത്യമായി നിർവചിച്ചു ബിസിനസിന് ആവശ്യം ഉള്ളത് മാത്രം തിരഞ്ഞെടുക്കുക.

പി.കെ ഷിഹാബുദീൻ