മെന്‍ററിംഗ്, ഫണ്ടിംഗ് തെരഞ്ഞെടുക്കാം ശ്രദ്ധയോടെ
കേരളത്തിലെ മെന്‍ററിംഗ്-നിക്ഷേപ മേഖലയിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊന്നാണ് ഷിലെൻ സഗുണൻ. മലബാർ ഇന്നവേഷൻ സോണിന്‍റെ ചെയർമാൻ കൂടിയായ അദ്ദേഹം മെന്‍ററിംഗ,് ഫണ്ടിംഗ് എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു.

? സ്റ്റാർട്ടപ്പുകൾ തുടങ്ങുന്പോഴെ തെരയേണ്ടത് ഫണ്ടിംഗാണോ
സ്റ്റാർട്ടപ്പുകൾക്ക് വളർച്ചയുടെ നിരവധി ഘട്ടങ്ങളാണുള്ളത്. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും ഓരോ ഫണ്ടിംഗാണ് ആവശ്യം.

സ്റ്റാർട്ടപ്പ് തുടങ്ങുന്പോഴുള്ള ഫണ്ടിംഗാണ് ആദ്യത്തേത്. ഇതിനായി പലപ്പോഴും സംരംഭകർ അവരുടെ കൈവശമുള്ള പണം ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

അടുത്തഘട്ടം ബൂട്ട് സ്ട്രാപ്പാണ്. വരുമാനം ലഭിച്ചു തുടങ്ങിയാൽ അത് കന്പനിയിലേക്ക് തന്നെ നിക്ഷേപിക്കുന്നു. അൽപ്പം കൂടി വളർന്നു കഴിഞ്ഞാൽ ബാങ്ക് വായ്പയെയും മറ്റും ആശ്രയിക്കാം. പക്ഷേ, ക്രെഡിറ്റ് സ്കോർ, വായ്പയ്ക്ക് ഈട് തുടങ്ങിയവ സംരംഭകർക്കു മുന്നിൽ പ്രതിസന്ധിയുണ്ടാക്കിയേക്കാം. അതുപോലെ വലിയൊരു തുക പലിശയായും നൽകേണ്ടിവരും. വളരെ ലാഭത്തിൽ പോകുന്ന സംരംഭങ്ങൾക്കെ ഈ രീതി സാധ്യമാകൂ.

പിന്നെയുള്ളത് സർക്കാർ നൽകുന്ന ഗ്രാന്‍റുകളാണ് അവയ്ക്കും അപേക്ഷിക്കാം. അത് തിരിച്ചു നൽകേണ്ടാത്ത വായ്പയാണ്. പക്ഷേ, കൃത്യമായ പ്രോസസും പ്രക്രിയകളും ഇതിനുണ്ട്.
കന്പനികളിൽ ഇക്വിറ്റിയായി മാറുന്ന ഏഞ്ചൽ നിക്ഷേപമാണ് പിന്നെയുള്ള മറ്റൊരു ഓപ്ഷൻ. കന്പനിയുടെ ഷെയർ ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളോ എടുക്കുന്നതാണ് ഇത്. ഇതിനു പകരമായി ഒരു തുക സംരംഭത്തിലേക്ക് ഇവർ നിക്ഷേപിക്കും. ഇതൊക്കെയാണ് നിലവിലുള്ള നിക്ഷേപ ഓപ്ഷനുകൾ.

? ഫണ്ടിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടോ
സ്വന്തമായി ഫണ്ട് കണ്ടെത്തി വളർന്ന് വലുതാകുന്നതും വലുതായതുമായ കന്പനികൾ കേരളത്തിലുണ്ട്. വിപണി കണ്ടെത്തുക, ഉപഭോക്താക്കളെ കണ്ടെത്തുക തുടങ്ങിയ വിപുലീകരണത്തിനും വികസനത്തിനുമാണ് സംരംഭങ്ങൾക്ക് ഫണ്ടിംഗ് ആവശ്യമായി വരുന്നത്.
സ്റ്റാർട്ടപ്പ് ഫണ്ടിംഗ് തെരഞ്ഞെടുക്കുന്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് നിക്ഷേപകർ വലിയൊരു ഘടകംതന്നെയാണ്. പ്രൊഫഷണൽ നിക്ഷേപകരെയാണ് എപ്പോഴും നിക്ഷേപത്തിനായി സമീപിക്കേണ്ടത്. അല്ലെങ്കിൽ സംരംഭം ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താതെ പോകാനുള്ള സാധ്യതയേറെയാണ്.
നിക്ഷേപകരെ കണ്ടെത്തുക, നിക്ഷേപം സ്വീകരിക്കുക എന്നത് വലിയ റിസ്കുള്ള ഒന്നാണ്. സംരംഭത്തിന്‍റെ റിസ്ക് മനസിലാക്കി നിക്ഷേപിക്കുന്ന ഒരു നിക്ഷേപകനെയാണ് കണ്ടെത്തേണ്ടത്. പണം ലഭിച്ചതുകൊണ്ടു മാത്രമായില്ല. അതിനപ്പുറം സംരംഭങ്ങൾക്കുണ്ടായിരിക്കേണ്ട ചില ലക്ഷ്യങ്ങളുണ്ട്.

ബൂട്ട്സ്ട്രാപ് കന്പനികളുമുണ്ട്. കുറച്ചു കാലം മുന്നെ വരെ ഇത്തരത്തിലൊരു ട്രെൻഡുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കുറെ കന്പനികൾക്ക് അവരുടെ ആശയങ്ങളെ ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരള സ്റ്റാർട്ടപ്പ് മിഷൻ കാര്യക്ഷമമായി പ്രവർത്തിക്കാനാരംഭിച്ചതോടെ ഈ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്.

രാജ്യത്തെതന്നെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. വളരെ ഇന്നോവേറ്റീവായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. കുറേ നിക്ഷേപകരെ കേരളത്തിൽ കൊണ്ടുവരികയും സ്റ്റാർട്ടപ്പുകൾക്ക് അവരെ പരിചയപ്പെടുത്തിക്കൊടുക്കുകയും തുടങ്ങിയ കാര്യങ്ങൾ സ്റ്റാർട്ടപ്പ് മിഷൻ ചെയ്യുന്നുണ്ട്. കേരളത്തിലെ മിക്കവാറും സ്റ്റാർട്ടപ്പുകൾക്ക് നല്ല നിക്ഷേപകരെ തന്നെ കിട്ടുന്നുണ്ടെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

? മെന്‍ററിംഗ് എത്രത്തോളം പ്രധാനമാണ്
കണ്ണൂരുള്ള മലബാർ ഏഞ്ചൽസിലൂടെ കുറച്ചു മെന്‍റർമാരെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കായി ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. മെന്‍ററായി വരുന്നയാൾ ഒരു ബിസിനസ് ചെയ്തു പരിചയമുള്ള ആളായിരിക്കണം. കൂടാതെ താൻ മെന്‍ററിംഗ് ചെയ്യുന്ന സംരംഭത്തിൽ മെന്‍റർ നിക്ഷേപിക്കുകയും വേണം. ഇല്ലെങ്കിൽ വെറുതെ ആശയങ്ങൾ പറഞ്ഞു നൽകുക മാത്രമായിരിക്കും ചെയ്യുന്നത്. നിക്ഷേപം ഉണ്ടെങ്കിൽ ആ സരംഭത്തെ മികച്ചതായി കൊണ്ടു പോകണം എന്നൊരു മനോഭാവം മെന്‍റർക്കും ഉണ്ടാകും.

സാധാരണയായി അഞ്ചു മേഖലകളിലാണ് മെന്‍ററിംഗ് വേണ്ടത്
1. മർക്കറ്റിംഗ്:
ബിസിനസ് ഡെവലപ്മെന്‍റ്, മാർക്കറ്റ്, ഉപഭോക്താക്കൾ എന്നിവയെക്കുറിച്ചെല്ലാം അറിയാവുന്നവർ.സാധാരണ സ്റ്റാർട്ടപ്പ് തുടങ്ങുന്നവർ ടെക്നിക്കൽ മേഖലയിൽ നിന്നുള്ളവരാണ് അവർക്ക് ഇതിനെക്കുറിച്ചുള്ള അറിവ് കുറവായിരിക്കും.
2. ഫണ്ടിംഗ്:
എങ്ങനെ ഫണ്ടിംഗ് കണ്ടെത്തണം. എങ്ങനെ ഫണ്ട് മാനേജ് ചെയ്യാം. ടാക്സ് എങ്ങനെ ഫയൽ ചെയ്യാം എന്നിങ്ങനയുള്ള ധനകാര്യ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരാളു വേണം.
3. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ്:
കന്പനി വളരുന്പോൾ ജോലിചെയ്യുന്ന ആളുകളുടെ എണ്ണവും കൂടും. അപ്പോൾ ഇത് മാനേജ് ചെയ്യാനും ശന്പളം തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കാനും ഒരാളുവേണം.
4. ഡൊമയിൻ:
ബാങ്കിംഗ് അല്ലെങ്കിൽ കൃഷി അല്ലെങ്കിൽ മറ്റൊരു മേഖലയാണെങ്കിലും ഈ മേഖലയെക്കുറിച്ചുള്ള സാങ്കേതികമായ അറിവിനപ്പുറമുള്ള അറിവുള്ള ഒരാൾ എന്തായാലും വേണം.
5. സ്ട്രാറ്റജി:
കൃത്യമായ സ്ട്രാറ്റജി പ്ലാൻ ചെയ്ത് സംരംഭത്തെ മുന്നോട്ടു കൊണ്ടു പോകുക എന്നതും പ്രധാനമാണ്.

ഒരു മെന്‍റർ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളുണ്ട്. ചിലപ്പോൾ മെന്‍ററിംഗ് ദോഷകരമായി ബാധിക്കാം. സംരംഭകന്‍റെ മനസിലുള്ള ആശയം മനസിലാക്കതെ പോകുന്നതുകൊണ്ടാണിത്. മെന്‍റർ ഒരിക്കലും അദ്ദേഹത്തിന്‍റെ മനസിലുള്ള ആശയത്തെ നടപ്പിലാക്കാൻ ശ്രമിക്കരുത്. പലരും മെന്‍റർമാരുടെ ആശയങ്ങളെ നടപ്പിലാക്കാൻ ശ്രമിക്കും. അവസാനം എവിടെയും എത്താതെ പോകും. സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് വളർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് മെന്‍ററിംഗ്. അത് സൂക്ഷിച്ചുവേണം തെരഞ്ഞെടുക്കാൻ.


? സർവീസ്, പ്രോഡക്ട് സ്റ്റാർട്ടപ്പുകളെ എങ്ങനെ വിലയിരുത്താം
രണ്ടു തരത്തിലുമുള്ള സ്റ്റാർട്ടപ്പുകളുണ്ട്. സർവീസ് കേന്ദ്രീകൃത സ്റ്റാർട്ടപ്പാണെങ്കിൽ പലപ്പോഴും ഫണ്ടിംഗ് ലഭിക്കാനൊക്കെ അൽപ്പം ബുദ്ധിമുട്ടും. കാരണം അതിന്‍റെ വളർച്ച പലപ്പോഴും രേഖീയ വളർച്ച (ലീനിയർ ഗ്രോത്ത്) ആയിരിക്കും. പ്രോഡക്ടാണെങ്കിൽ നേരെ മറിച്ചുമായിരിക്കും.
പ്രോഡക്ട് സ്റ്റാർട്ടപ്പുകളാണെങ്കിൽ ആദ്യത്തെ ഘട്ടത്തിലെ വികസനത്തിനാണ് അധികം പണം വേണ്ടി വരിക. നിക്ഷേപകർക്കും ഇതാണ് താൽപ്പര്യം.

സർവീസും പ്രോഡക്ടും വേണം. പ്രോഡക്ടിനെ അപേക്ഷിച്ച് സർവീസ് സ്റ്റാർട്ടപ്പുകൾ എളുപ്പമാണ്. നിലവിലുള്ള ഒരു സർവീസിന് പകരമായി ഒരു സർവീസ് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള മാർക്കറ്റിലേക്കാണ് ഇത് എത്തുന്നത്. ഇത്തരമൊരു സർവീസുണ്ടെന്ന് അറിയിക്കുക മാത്രമാണ് പിന്നെ ചെയ്യാനുള്ളത്. വിലയാണ് മറ്റൊരു പ്രധാന ഘടകം. ഒന്നുകിൽ വിലകുറയ്ക്കാം. അല്ലെങ്കിൽ വില കൂട്ടാം. നിലവിലുള്ള സർവീസ് തന്നെ വില കുറച്ച് നൽകാം. രണ്ടാമത്തേത് ഗുണമേൻമ കൂട്ടി അതിനൊപ്പം വിലകൂട്ടിയും നൽകാം. പ്രോഡക്ടാകുന്പോൾ അത് വിൽക്കുന്പോൾ ഒരുപാട് കാര്യങ്ങളുണ്ട്. പുതിയ ആശയമായിരിക്കണം. വിപണി കണ്ടെത്തണം. ഉപഭോക്താക്കളെ കണ്ടെത്തണം. പെട്ടന്ന് വിൽക്കാൻ സാധിക്കില്ല.

? പഠനകാലഘട്ടത്തിൽ തന്നെ ഒരു സംരംഭത്തിലേക്ക് പോകുന്ന ഒരു ട്രെൻഡുണ്ട് അത് ഗുണകരമാണോ
വളരെ പോസിറ്റീവായൊരു നീക്കമാണിത്. കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ ഐഇഡിസി പ്രോഗ്രാം ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത് ആളുകളുടെ ഇടയിൽ ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്.

ജോലി മാത്രമല്ല മുന്നിലുള്ള ഓപ്ഷൻ എന്നായിരിക്കുന്നു. പകരമായി ഒരു സംരംഭം തുടങ്ങാം, ആളുകൾക്ക് ജോലി കൊടുക്കാം എന്ന ഒരു ബോധ്യം വന്നിട്ടുണ്ട്. കുറച്ചു നാളു മുന്പുവരെ കേരളത്തിൽ ഒരു സംരംഭം തുടങ്ങുന്നതിനെ വലിയൊരു തെറ്റുപോലെയായിരുന്നു കണ്ടിരുന്നത്. എന്തായാലും ആ ഒരു മനസിന് മാറ്റം വന്നിട്ടുണ്ട്.

റിസ്കുള്ള മേഖലയാണ് സംരംഭം. എങ്കിലും കുട്ടികൾ റിസ്ക് എടുക്കാൻ തയ്യാറാകുന്നുണ്ട്. മാതാപിതാക്കളും കുട്ടികളും ഇപ്പോൾ കുറേക്കൂടി സ്വതന്ത്രരായിട്ടുണ്ട്. പരസ്പരമധികം ആശ്രയിക്കേണ്ടിതില്ലാത്ത സ്ഥിതിയുമുണ്ട്. അതും നേട്ടമാകുന്നുണ്ട്.
സ്റ്റുഡന്‍റ് സ്റ്റാർട്ടപ്പിന്‍റെ വിജയനിരക്ക് കുറവാണ്. പക്ഷേ, അവർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാം. നല്ലൊരു കന്പനിയിൽ ജോലിക്ക് ശ്രമിക്കുന്പോൾ ഇത് ഒരു നേട്ടംതന്നെയാണ്. എല്ലാക്കാര്യങ്ങളും മാനേജ് ചെയ്ത് പഠിക്കാനും പറ്റും.

? സർക്കാരിന്‍റെ പിന്തുണ
ഓരോ കാലഘട്ടത്തിലും ഓരോ തരം ജോലികളുണ്ടായിട്ടുണ്ട്. പണ്ട് കേരളത്തിൽ വ്യവസായ കേന്ദ്രത്തെക്കുറിച്ച് പറഞ്ഞാൽ എല്ലാരും എത്തുന്നത് കൊച്ചിയിലേക്കാണ്. കൊച്ചിയിലെ കളമശേരിയും, പാലക്കാട്ടെ കഞ്ചിക്കോടും പിന്നെ തിരുവനന്തപുരവും. തീർന്നു. ഇവിടെയാണ് എല്ലാരും വ്യവസായങ്ങളെ കണ്ടിരുന്നതും കേട്ടിരുന്നതും. ഒരു 20 വർഷം മുന്പുവരെ ഇതായിരുന്നു സ്ഥിതി.

ഇപ്പോൾ സ്ഥിതി മറ്റൊന്നാണ്. ഇപ്പോ കൊച്ചിയിലെ പ്രധാന തൊഴിൽദാതാവ് ഇൻഫോപാർക്കാണ്. ഏകദേശം 35000 ലധികം ജോലി നൽകുന്നു.
പിന്നെ തിരുവനന്തപുരം ടെക്നോപാർക്ക്. ഇവിടങ്ങളിലെ പ്രധാന ജോലിയാകട്ടെ അമേരിക്കയിലോ യൂറോപ്പിലോ അധികച്ചെലവു വരുന്ന ജോലികൾ ചെയ്യുകയെന്നതും. ആ ജോലികൾ ഇവിടെ കൊണ്ടുവന്നു തീർത്തുകൊടുക്കുന്ന കന്പനികളാണ് ഇവിടങ്ങളിൽ അധികമുള്ളത്. ഇത് അധികകാലം നീളില്ല. പ്രധാന കാരണം അവിടുത്തെ ചെലവും ഇവിടുത്തെചെലവും തമ്മിലുള്ള വിടവ് കുറയുകയാണ് എന്നുള്ളതാണ്. രണ്ടാമത്തേത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ കാര്യങ്ങൾ വരുന്നതുകൊണ്ട് പ്രോഗ്രാമർമാരുടെ ആവശ്യവും കുറഞ്ഞുവരുന്നു എന്നതാണ്.

ഒരുകാലത്ത് ബിപിഒ ധാരാളം പേർക്ക് ജോലി നൽകിയിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഇനിയുള്ള കാലം ഐടിപാർക്ക് മോഡലിന് അധിക സാധ്യതകളുണ്ടാകില്ല. പിന്നെയുള്ളത് പുതിയ പുതിയ സാങ്കേതിക വിദ്യകൾ ജീവിതത്തിലേക്ക് കൊണ്ടു വരുന്ന സംരംഭങ്ങൾക്കാണ്. ഉദാഹരണത്തിന് ഇ-കൊമേഴ്സ് തുടങ്ങിയ ജീവിതത്തിലെ പലകാര്യങ്ങളെയും ലഘൂകരിച്ചുകൊണ്ടുവരുന്ന സേവനങ്ങളും സാങ്കേതിക വിദ്യകളുമാണ് വേണ്ടത്. അടുത്ത തലമുറയ്ക്കുള്ള ഏറ്റവും വലിയ ജോലി സാധ്യത എന്നു പറയുന്നത് ഇതാണ്. പുതിയ പോളിസികൾ, നികുതിയിളവുകൾ തുടങ്ങിയവവഴി ഈ മേഖലയിലെ പ്രതിസന്ധികളെ സർക്കാർ ലഘൂകരിച്ചു വരികയാണ്.

ഷിലെൻ സഗുണൻ

കണ്ണൂർ സ്വദേശിയായ ഷിലെൻ സഗുണൻ കോഴിക്കോട് എൻഐടിയിൽ നിന്നു മെക്കാനിക്കൽ എഞ്ചിനീയറിഗിൽ ബിരുദവും മുംബൈ ഐഐടിയിൽ നിന്നു എയ്റോ സ്പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി. ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനിൽ(ഐഎസ്ആർഒ) 1991 ഓഗസ്റ്റ് മുതൽ 1999 ജൂലൈ വരെ ജോലി ചെയ്തു. 1999 ജൂലൈ മുതൽ 2000 മാർച്ച് വരെ സെറിഡിയൻ ഇന്ത്യയിൽ സീനിയർ സോഫ്റ്റ് വേർ ഡ്സൈനറായിരുന്നു. 2000 മാർച്ച് മുതൽ 2003 ഫെബ്രുവരിവരെ ആർബിട്രേണ്‍ ഐഎൻസിയിൽ ഇൻഫർമേഷൻ ടെക്നോളജി പ്രിൻസിപ്പൽ സോഫ്റ്റ് വേർ എഞ്ചിനീയറായി പ്രവർത്തിച്ചു.
തുടർന്ന് ആർബിട്രോണ്‍ ഇന്ത്യ സ്ഥാപിക്കുകയും അതിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി 2008 ജൂലൈ മുതൽ 2014 ഡിസംബർ വരെ സേവനം ചെയ്തു. ആർബിട്രോണ്‍ ഇന്ത്യയെ നീൽസൻ എന്ന മീഡിയ കന്പനി ഏറ്റെടുത്തു. നിലവിൽ ഷിലെനും അദ്ദേഹത്തിന്‍റെ കൂടെ ആർബിട്രോണ്‍ ഇന്ത്യയിലുണ്ടായിരുന്നവരും ചേർന്ന് എസ്എസ് കണ്‍സൾട്ടിംഗ് എന്ന സ്ഥാപനത്തിന് രൂപം കൊടുത്തിട്ടുണ്ട്. ഇൻഫോപാർക്കിലാണ് കന്പനി പ്രവർത്തിക്കുന്നത്.

നൊമിനിറ്റ ജോസ്