ഇച്ഛാശക്തിയുടെ മറുപേര്; ജോണ്‍ ഗീവർഗീസ്
ഇച്ഛാശക്തിയുടെ മറുപേര്;  ജോണ്‍ ഗീവർഗീസ്
Wednesday, July 31, 2019 4:47 PM IST
ബിരുദ പഠനം കഴിഞ്ഞ് ബോംബെക്ക് തീവണ്ടി കയറുന്പോൾ ജോണ്‍ ഗീവർഗീസിന്‍റെ കയ്യിൽ അപ്പൻ നൽകിയ 100 രൂപയെ ഉണ്ടായിരുന്നുള്ളു. മുംബൈൽ ചെന്നെത്തുന്പോൾ മിച്ചമായി കയ്യിലുള്ളത് അഞ്ചു രൂപ. പരിചയക്കാരൻ ഒരു മാത്യൂസ് ബോംബെയിലുണ്ടെന്നതു മാത്രമായിരുന്നു ബോംബെയിലേക്കുള്ള യാത്രയിലുടനീളമുള്ള ധൈര്യം. ബോംബെയിലെത്തി മാത്യൂസിനെ അന്വേഷിച്ച് ജോണ്‍ പോയത് ബസിനല്ല പകരം ബസിന് പുറകെ ഓടിയായിരുന്നു. ആ കഥ ജോണ്‍ തന്നെ പറയും. "വിക്ടോറിയാസ് ടെർമിനസ് സ്റ്റേഷനിൽ തീവണ്ടിയിറങ്ങുന്പോൾ കയ്യിലുള്ളത് അഞ്ചു രൂപമാത്രമാണ്. ഏനാത്തെ ഞങ്ങളുടെ ചോനായി കുടുംബത്തിൽ സഹായിക്കാനൊക്കെ എത്തിയിരുന്ന മാത്യൂസ് കുറച്ചു കാലം മുന്പ് ബോംബെയ്ക്ക് പോന്നിരുന്നു. അന്നു നൽകിയ ഒരു അഡ്രസാണ് കയ്യിലുള്ളത്.

വി.ടിയിൽ ട്രെയിൻ ഇറങ്ങി അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ആത്മവിശ്വാസത്തോടെ ഇവിടം വരെ എത്തിയ കഥ പറഞ്ഞു. മാത്യൂസിനെ കണ്ടു പിടിക്കണമെന്നും. വർളി എന്ന സ്ഥലത്താണ് മാത്യൂസ് ഉള്ളത്. അങ്ങോട്ടേക്ക് 20 കിലോമീറ്റർ ദൂരമുണ്ടെന്ന് ഹോട്ടലുടമ പറഞ്ഞു. കയ്യിലുള്ള അഞ്ചു രൂപ ചെലവാക്കാനാവില്ല. ബാഗ് അവിടെ വയ്ക്കാൻ അനുവാദം വാങ്ങി. അദ്ദേഹം പറഞ്ഞതനുസരിച്ച് ടി എന്നെഴുതിയ ബസിനെ പിന്തുടർന്ന് മാത്യൂസിനടുത്തെത്തി. അപ്പോഴേക്കും മാത്യൂസ് അവിടെ ടിഫിൻവാല ആയിരുന്നു.

മാതാപിതാക്കളിൽ നിന്നും കിട്ടിയ ബിസിനസ് പാടവം

കൊല്ലം ജില്ലയിലെ ഏനാത്ത് എന്ന സ്ഥലത്ത് ചോനായി കുടുംബത്തിൽ ഗീവർഗീസ് ചോനായുടെയും അന്നാമ്മയുടെയും മകനായിട്ടായിരുന്നു ജോണിന്‍റെ ജനനം.ദിവസവും പതിനാലു കിലോമീറ്റർ നടന്നുള്ള സ്കൂൾ വിദ്യാഭ്യാസം. അതിനുശേഷം ഫാത്തിമ കോളജിൽ നിന്നും ബി.കോം ബിരുദം. ബിരുദം നേടിക്കഴിഞ്ഞ് ജോണ്‍ അപ്പനോട് തന്‍റെ ആഗ്രഹം അറിയിച്ചു.
ചെന്നൈയിലോ മുംബൈയിലോ പോയി എന്തെങ്കിലും ബിസിനസ് ചെയ്യുകയാണെന്‍റെ ലക്ഷ്യം. ഏനാത്ത് പോലൊരു സ്ഥലത്തെ ജീവിതം കൊണ്ട് തന്‍റെ മകൻ ഒന്നുമാകില്ലെന്ന് അറിയാവുന്നതു കൊണ്ടാകാം അപ്പനും അതിനു സമ്മതമായിരുന്നു. ജോണിന്‍റെ അപ്പന് ചായക്കടയായിരുന്നു. അപ്പനിൽ നിന്നാണ് ബിസിനസ് പാടവങ്ങളെല്ലാം കിട്ടിയതെന്ന് ജോണ്‍ പറയും. കാരണം ജോണിന്‍റെ അപ്പൻ ചായക്കടയിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്‍റെ ഒരംശം എപ്പോഴും ബിസിനസിൽ തിരികെ നിക്ഷേപിക്കും. ആവശ്യങ്ങളെ മുൻകൂട്ടി കണ്ട്, നിയന്ത്രണത്തോടെ ഓരോ കാര്യങ്ങളും ചെയ്തു തീർക്കാനുള്ള കഴിവ് അപ്പനിൽ നിന്നും ലഭിച്ചതാണെന്നു പറയുന്നതിൽ ജോണിന് ഇപ്പോഴും അഭിമാനമാണ്.

സർക്കാർ സർവീസിൽ തുടക്കം

ആദ്യം എത്തിപ്പെട്ടത് ചെന്നൈയിൽ ആയിരുന്നു. പക്ഷേ, അവിടെ അവസരങ്ങളൊന്നുമില്ലന്നറഞ്ഞിതോടെ ബോംബെക്കായി യാത്ര. അന്ന് ബോംബെ ഗുജറാത്തും മഹാരാഷ്ട്രയും ഗോവയുമൊക്കെ ചേർന്ന ഒരു സംസ്ഥാനമായിരുന്നു. "മാത്യൂസിന് ബിരുദധാരിയായ ഞാൻ ഒരിക്കലും അവനെപ്പോലെയാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവൻ എന്നെ സ്വകാര്യസ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലിക്ക് ശ്രമിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെ സർക്കാർ ജോലി തന്നെ ലഭിച്ചു. അവിടെ ലോവർ ഡിവിഷൻ ക്ലർക്കായി ജോലിക്ക് ചേർന്നു' ജോണ്‍ തന്‍റെ ബോംബെ ജീവിതം വിവരിക്കുന്നു.

1960 ആയപ്പോഴേക്കും മഹാരാഷ്ട്ര,ഗോവ, ഗുജറാത്ത് എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങൾ രൂപം കൊണ്ടു. മഹാരാഷ്ട്രക്കാരനല്ലാത്ത ജോണിന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കായിരുന്നു ഉദ്യോഗകയറ്റത്തോടെ സ്ഥലം മാറ്റം. തിരക്കുപിടിച്ച ബോംബെ നഗരത്തിൽ നിന്നും അഹമ്മദാബാദിലേക്ക് എത്തിച്ചേർന്ന ജോണിന് ആദ്യം ചെറിയ നിരാശയൊക്കെ തോന്നി. കാരണം താൻ സ്വപ്നം കാണുന്നത് ഒരു ബിസിനസുകാരനാവുക എന്നതാണ്. അതുകൊണ്ടു തന്നെ അഹമ്മദാബാദിനെ ഒരിടത്താവളമായി മാത്രമേ ജോണ്‍ കണ്ടിരുന്നുള്ളു. പതിയെ പതിയെ അഹമ്മദാബാദ് അവസരങ്ങളുടെ ഭൂമികയണെന്ന് ജോണ്‍ തിരച്ചറിഞ്ഞു.

ആശിച്ച വഴിയെ

വി.കെ കൃഷ്ണമേനോന്‍റെ സെക്രട്ടറിയായിരുന്ന സ്വാമിനാഥൻ എന്നൊരു സുഹൃത്തുണ്ടായിരുന്നു. ആ സൗഹൃദം വഴി സഞ്ജയ് ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താൻ അവസരം ലഭിച്ചു. സഞ്ജയ്ഗാന്ധി അക്കാലത്ത് മാരുതി എന്ന ചെറുകാർ പദ്ധതിയുമായി രാജ്യത്തിന്‍റെ ശ്രദ്ധ ആകർഷിച്ചു നിൽക്കുന്ന സമയമായിരുന്നു. സഞ്ജയ് ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയിലൂടെ മാരുതിയുടെ ഗുജറാത്ത് ഡീലർഷിപ്പ് ഉറപ്പിക്കാൻ സാധിച്ചു. പക്ഷേ, പലകാരണങ്ങളാൽ ആ പ്രോജക്ട് മുന്നോട്ടു പോയില്ല ജോണ്‍ പറയുന്നു. പക്ഷേ, തോറ്റ് പിന്മാറാൻ ജോണ്‍ തയ്യാറല്ലായിരുന്നു.

1971 ൽ അഹമ്മദാബാദിലെ ആശ്രം റോഡിൽ 16000 ചതുരശ്രയടി വിസ്തീർണ്ണമുള്ള സെയിൽസ് ഇന്ത്യ എന്ന ഗൃഹോപകരണ ഷോറൂമിന് തുടക്കമായി. ഫ്രിഡ്ജ്, ടിവി, എയർ കണ്ടീഷണർ എന്നിവയുടെ അതിവിപുലമായ ശേഖരവുമായി അഹമ്മദാബാദുകാർക്കു മുന്നിൽ ഒരു വിസ്മയം തന്നെ ജോണ്‍ തുറന്നിട്ടു. "ആകർഷകമായ വില, വായ്പ സൗകര്യങ്ങൾ എന്നിവയെല്ലാമായാണ് സെയിൽസ് ഇന്ത്യ ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തിയത്. 1982 ലെ ഏഷ്യാഡ് എത്തിയപ്പോഴേക്കും കളർ ടിവിയും എത്തി. സ്ഥാപനത്തിലെത്തുന്ന ഓരോ ഉപഭോക്താവിനെയും അടുത്തറിയാൻ പരമാവധി ശ്രമിച്ചിരുന്നു' ജോണ്‍ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള അവരാഗ്രഹിക്കുന്ന ഉത്പന്നങ്ങൾ എത്തിച്ചു നൽകാൻ എപ്പോഴും ജോണ്‍ ശ്രമിച്ചിരുന്നു. ലോകനിലവാരമുള്ള അന്തരീക്ഷം അതിനായി ഷോറൂമിൽ ഒരുക്കാനും ശ്രദ്ധിച്ചിരുന്നു. സ്റ്റാഫിന് കൃത്യമായ സെയിൽസ് ലക്ഷ്യങ്ങളൊന്നും അദ്ദേഹം നിർദേശിച്ചിരുന്നില്ല. പകരം വരുന്ന ഉപഭോക്താക്കളെ സംതൃപ്തിയോടെ പറഞ്ഞയക്കണം എന്ന നിർദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് 33 ഷേറൂമുകളുണ്ട് സെയിൽസ് ഇന്ത്യക്ക്.


ബിസിനസിനപ്പുറം

അഹമ്മദാബാദ് സൗത്ത് ഇന്ത്യ അസോസിയേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് (ഏഷ്യ).വിദ്യാഭ്യസവും മറ്റും നൽകുന്നതിനുള്ള ഒരു ട്രസ്റ്റാണ്. 1965 ൽ സ്ഥാപിക്കപ്പെട്ട ഈ ട്രസ്റ്റ് സ്കൂളുകളെ മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടിയപ്പോഴാണ് സഹായം അഭ്യർഥിച്ച് ജോണിനെ സമീപിക്കുന്നത്. ട്രസ്റ്റിന്‍റെ ഉദ്ദേശവും ലക്ഷ്യങ്ങളും ജോണിനെ അതിലേക്ക് ആകർഷിച്ചു.

1993 ൽ ജോണ്‍ ഏഷ്യയുടെ ചെയർപേഴ്സണായി സ്ഥാനമേറ്റതോടെ സ്കൂളിനായി ഭൂമി വാങ്ങി. അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി വികസിപ്പിച്ചെടുത്തു.

സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐബി, കേംബ്രിഡ്ജി എന്നീ ബോർഡുകളിലുള്ള വിദ്യാഭ്യാസം ലഭ്യമാണ്. അതോടൊപ്പം ബിരുദാനന്തരബിരുദം വരെ നേടാനാവശ്യമായ കോളജ് വിദ്യാഭ്യാസവും ജെജി കോളജ് എന്ന പേരിൽ പെർഫോമിംഗ് ആർട്സിനുവേണ്ടി ഒരു സ്ഥാപനവും നടത്തുന്നുണ്ട്. 12500 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഏറ്റവും ഗുണമേൻമയുള്ള വിദ്യാഭ്യാസം അതോടൊപ്പം ഗുണമേൻമയുള്ള അധ്യാപകർ എന്നിവയെരയാണ് നൽകുന്നത്.

കൂടാതെ . കുടുംബത്തിന്‍റെ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവർക്കായി സ്കോളർഷിപ്പുകളും നൽകുന്നുണ്ട്. ന്ധ സ്കൂളുകൾ ഒരിക്കലും ലാഭമുണ്ടാക്കാനുള്ള ബിസിനസല്ല പകരം ഒരു സാമൂഹിക പ്രവർത്തനത്തിന്‍റെ ഭാഗമാണ്, എന്ന അഭിപ്രായമാണ് ജോണിന്. വൈ.എം.സി.എ അഹമ്മദാബാദും ജോണിന്‍റെ ജീവിതത്തിലെ തിളക്കമുള്ള ഒരേടാണ്. സ്വന്തം ആസ്തി ഈടു നൽകി വാങ്ങിയ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടവും അതിനൊപ്പം സ്പോർട്സ്-വിനോദ-വിശ്രമ സൗകര്യങ്ങളും നൽകുന്നുണ്ട് അഹമ്മദാബാദ് വൈ.എം.സി.എ

നന്മയുള്ള നാട്

ഗുജറാത്ത് ഒരുപാട് നല്ല ആളുകളുടെ നാടാണ്. ബിസിനസുകാരാണ് എല്ലാവരും. അവർ പണമുണ്ടാക്കാൻ പഠിച്ചവരാണ്. അതോടൊപ്പം പണമുണ്ടാക്കുന്നവരെയും അവർ ബഹുമാനിക്കുന്നു. എന്തിനെയും തുറന്ന മനസോടെ സ്വീകരിക്കാൻ അവർ തയ്യാറാണ്. 1960 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ഗുജറാത്ത് ഒരുപാട് വളർന്നിട്ടുണ്ട്. വ്യാവസായികമായി ഒരുപാട് വികസനം വന്നിട്ടുണ്ട്. സന്പദ് വ്യവസ്ഥയും വളർന്നിട്ടുണ്ട്. വിജയം നേടണമെങ്കിൽ സത്യസന്ധമായി ധൈര്യത്തോടെ പ്രശ്നങ്ങളെ നേരിടണം. ഞാൻ ഇത് ചെയ്യും ഞാൻ ഇത് നേടും എന്ന വിശ്വസവും കാഴ്ച്ചപ്പാടും വേണം.ഒരിക്കലും പകുതിവഴിയിൽ ഇട്ടിട്ട് പോകരുത് ജോണിന് ഗുജറാത്തിനെക്കുറിച്ചും തന്‍റെ യാത്രയെക്കുറിച്ചും പറയാനുള്ളത് ഇതാണ്. മലയാളികളും അല്ലാത്തവരുമായി 2000 ത്തോളം പേർ ജോലിക്കാരായുണ്ട്. അവരെയൊക്കെ ഞാൻ എന്‍റെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായി തന്നെയാണ് കാണുന്നത്. എല്ലാവരെയും ശാക്തീകരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എപ്പോഴും പരിശീലനം നൽകാറുണ്ട്.

പ്രതിസന്ധികളിൽ പതറാതെ

1999 ൽ ഒരു ദിസം രാവിലെ ആദായനികുതി വകുപ്പ് റെയിഡിനു വന്നു. അവർ റെയിഡ് ആരംഭിച്ചു ഞാൻ എന്‍റെ പതിവു രീതകളുമായി അതിലെ നടന്നു. അതുകണ്ട് അവർ അന്പരന്നു. ഒന്നും ലഭിക്കാതെ അവർ മടങ്ങി ഇതാണെന്‍റെ രീതി സത്യസന്ധമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ പ്രതിസന്ധികളിൽ ഭയപ്പെടേണ്ടതില്ല.

ജോണിന്‍റെ മാതാപിതാക്കൾ മരിച്ചു. രണ്ടു സഹോദരിമാരും സഹോദരന്മാരുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയും മരിച്ചു.ഒരു സഹോദരി അടൂര് താമസിക്കുന്നു. ഭാര്യ എനാത്ത് സ്വദേശി തന്നെയായ ചന്ദ്രമതി. ഒരു മകനും മകളുമാണ് ഉള്ളത്.സുനിതയും ജോസും രണ്ടുപേരും ഗുജറാത്തിൽ തന്നെയാണ് ജോണിനൊപ്പം ഇടവും വലവും അവരുണ്ട്. മരുമക്കളായ ദപികയും ചാരുളും ഗുജറാത്ത് സ്വദേശശികളാണ് .ഊർജ, ജെസിക,ജോയ്,യഷ് എന്നിങ്ങനെ നാല് പേരക്കുട്ടികളും ജോണിനുണ്ട്.. ജോണിനൊപ്പം കരുത്തായി ഇവരാണുള്ളത്