എസ്ബിഐയിൽ റിപ്പോ റേറ്റുമായി ബന്ധിപ്പിച്ച് ഭവനവായ്പ
എസ്ബിഐയിൽ  റിപ്പോ റേറ്റുമായി  ബന്ധിപ്പിച്ച് ഭവനവായ്പ
Monday, July 29, 2019 4:00 PM IST
ജൂലൈ ഒന്നുമുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പക്കാർക്കായി പുതിയൊരു വായ്പ കൊണ്ടുവന്നു. നിലവിൽ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് റേറ്റ്) അടിസ്ഥാനമാക്കിയാണ് ഭവന വായ്പ നൽകുന്നത്. എന്നാൽ ജൂലൈ ഒന്നുമുതൽ എസ്ബിഐ റിപ്പോ റേറ്റുമായി ബന്ധിപ്പിച്ചും ഭവന വായ്പകൾ നൽകുകയാണ്.

ജൂണിലെ പണ നയത്തിൽ ആർബിഐ റിപ്പോ റേറ്റ് വീണ്ടും 25 ശതമാനം കുറച്ച് 5.75 ശതമാനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ആർബിഐ ഇത്തരത്തിൽ വരുത്തുന്ന കുറവുകൾ ബാങ്കുകൾ പലപ്പോഴും ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തിക്കാറില്ല. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കു കൂടിയാണ് എസ്ബിഐയുടെ പുതിയ ഉത്പന്നം.

റിപ്പോ റേറ്റുമായി ബന്ധിപ്പിച്ചുള്ള വായ്പയുടെ പ്രത്യേകതകൾ

യോഗ്യത: എസ്ബിഐയുടെ പുതിയ ഭവന വായ്പ ഉത്പന്നം ലഭ്യമാകണമെങ്കിൽ ഉപഭോക്താവിന് പ്രതിവർഷം ആറു ലക്ഷം രൂപയുടെയെങ്കിലും വാർഷിക വരുമാനം വേണം.
കാലാവധി: പരമാവധി വായ്പ കാലയളവ് 33 വർഷമാണ്. രണ്ടു വർഷത്തെ മൊറട്ടോറിയം കൂടിച്ചേർത്ത് 35 വർഷം.

വായ്പ തുകയുടെ തിരിച്ചടവ്: വായ്പക്കാരന് 70 വയസാകുന്നതിനു മുന്പ് വായ്പ പൂർത്തിയാക്കത്തക്കവിധത്തിൽ കുറഞ്ഞത് വായ്പ തുകയുടെ മൂന്നു ശതമാനമെങ്കിലും ഒരു വർഷത്തെ തിരിച്ചടവിൽ വരുന്ന വിധത്തിൽ വേണം മാസത്തിലുള്ള തിരിച്ചടവ് നടത്താൻ.

റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള നിരക്ക്

പുതിയ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പയിൽ പലിശ നിരക്ക് 8 ശതമാനമാണ്. അത് പ്രാബല്യത്തിൽ വരുന്പോൾ 8.4 ശതമാനം മുതൽ 8.55 ശതമാനം വരെയാകാം. എട്ടു ശതമാനത്തോടൊപ്പം റിസ്കിനെ അടിസ്ഥാനമാക്കി 0.4 ശതമാനം മുതൽ0.55 ശതമാനം നിരക്ക് കൂട്ടിച്ചേർക്കും.


നിലവിലെ എസ്ബിഐയിലെ എംസിഎൽആർ നിരക്ക്

നിലവിൽ എസ്ബിഐയിൽ എംസിഎൽആർ അനുസരിച്ചുള്ള പലിശ നിരക്ക് 8.45 ശതമാനമാണ്. ഇത് പ്രാബല്യത്തിലാകുന്പോൾ 8.7 ശതമാനം മുതൽ 9.25 ശതമാനം വരെയാകും. ലിംഗം, ശന്പളം, പ്രൊഫഷൻ, വായ്പ തുക, എൽടിവി (ലോണ്‍ ടു വാല്യു) റേഷ്യോ, റിസ്ക് പ്രൊഫൈൽ എന്നിവയെല്ലാം കണക്കാക്കിയശേഷമാണ് ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്.

ഏതു തെരഞ്ഞെടുക്കണം

നിലവിലെ സാഹചര്യത്തിൽ റിപ്പോ റേറ്റുമായി ബന്ധിപ്പിച്ച വായ്പയുടെ പലിശ നിരക്ക് എംസിഎൽആറുമായി ബന്ധിപ്പിച്ച വായ്പയുടെ നിരക്കിനെക്കാൾ കുറവാണ്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച നിരക്ക് 8.4-8.55 ശതമാനമാണ്. എംസിഎൽആറുമായി ബന്ധിപ്പിച്ചതാകട്ടെ 8.7-9.25 ശതമാനമാണ്.

റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച നിരക്കിലുള്ള വായ്പ എടുക്കാനാണ് താൽപ്പര്യപ്പെടുന്നതെങ്കിൽ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന നിരക്ക് മാറ്റം സ്വീകരിക്കാൻ തയ്യാറായിരിക്കണം. കാരണം ആർബിഐ നിരക്കിൽ കൂട്ടലോ കുറയ്ക്കലോ വരുത്തിയാൽ അത് അപ്പോൾ തന്നെ ഈ നിരക്കിനെയും ബാധിക്കും. എന്നാൽ എംസിഎൽആർ നിരക്ക് ബാങ്കുകളാണ് നിശ്ചയിക്കുന്നത്. പൊതുവേ വർഷത്തിൽ ഒരിക്കലെ ഈ നിരക്കിൽ മാറ്റം വരുത്താറുള്ളു.