പുതിയ സാന്പത്തിക വർഷം എത്തുന്പോൾ
2019 ഏപ്രിൽ ഒന്നിനു പുതിയ സാന്പത്തിക വർഷത്തിലേക്കു കടക്കുകയാണ്. പാർലമെന്‍റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്‍റെ സമയത്താണ് പുതിയ സാന്പത്തിക വർഷം ആരംഭിക്കുന്നതെങ്കിലും പുതിയ വർഷത്തേക്കായി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ നിരവധി നികുതി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഇടത്തരക്കാരായ നികുതിദായകരെ ബാധിക്കുന്ന വിധത്തിൽ. സാധാരണ ഇത്തരം കാര്യങ്ങൾ ഇടക്കാല ബജറ്റിലല്ല ഉണ്ടാവുക. സന്പൂർണ ബജറ്റിലാണ് സംഭവിക്കുക. ഒരു പക്ഷേ, മുൻവർഷത്തെ ബജറ്റിൽ സംഭവിക്കേണ്ട കാര്യങ്ങളായിരുന്നു ഇതെന്നു വേണമെങ്കിൽ പറയാം.

വോട്ടു ലക്ഷ്യമാക്കി ഇത് ഇടക്കാല ബജറ്റിൽ ഉൾപ്പെടുത്തിയെന്നേയുള്ളു. എന്തായാലും ഈ തീരുമാനം ഏതാണ്ട് മൂന്നു കോടിയോളം ഇടത്തരക്കാരായ നികുതിദായകർക്കു ഗുണമായി. അവർക്കു നികുതി ബാധ്യത ഒഴിവായി. ആകെയുള്ള നികുതിദായകർ 6.35 കോടിയാണ്.
ഏപ്രിൽ 1 മുതൽ നിലവിൽ വരുന്നത്

2019 -20 സാന്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള വ്യക്തിഗത ആദായനികുതി നിർദ്ദേശങ്ങൾ സന്പാദ്യത്തെ സഹായിക്കുന്നവയാണ്.

1. സ്റ്റാൻഡാർഡ് ഡിഡക്ഷൻ
വർഷങ്ങൾക്കുശേഷം 2018-19 സാന്പത്തിക വർഷത്തിലാണ് സ്റ്റാൻഡാർഡ് ഡിഡക്ഷൻ പുനസ്ഥാപിച്ചത്. 2018-19-ൽ 40,000 രൂപയായിരുന്നു സ്റ്റാൻഡാർഡ് ഡിഡക്ഷൻ. അതു 10,000 കൂടി രൂപ കൂട്ടി 50,000 രൂപയാക്കി ഉയർത്തി.
ഒരു വർഷം 5.5 ലക്ഷം രൂപ വരുമാനമുള്ള ശന്പളക്കാരനാണെങ്കിൽ 50,000 രൂപ സ്റ്റാൻഡാർഡ് ഡിഡക്ഷനുശേഷം നികുതിബാധക വരുമാനം അഞ്ചു ലക്ഷം രൂപയാകും.
പുതിയ നിർദ്ദേശം മൂലം 13,000 രൂപയാണ് നികുതിയിനത്തിൽ ലാഭിക്കുവാൻ സാധിക്കുക.
2. ആദായനികുതി സ്ലാബിൽ മാറ്റമില്ല
ആദായനികുതി സ്ലാബുകളിലോ നികുതി നിരക്കുകളിലോ മാറ്റമൊന്നും സർക്കാർ വരുത്തിയിട്ടില്ല. അതിനാൽ 2018-19-ലെ നികുതി നിരക്കുകളും സ്ലാബുകളും തന്നെ 2019-20 സാന്പത്തിക വർഷത്തിലും തുടരും.

നികുതിയൊഴിവും റിബേറ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കി വയ്ക്കാം.
നികുതിയൊഴിവ്: ചില സ്രോതസുകളിൽനിന്നുള്ള വരുമാനത്തിനു നികുതി നൽകേണ്ടതില്ല. ഇപ്പോൾ 2.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല.
ഉദാഹരണത്തിന് 7 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് 2.5 ലക്ഷം രൂപ കിഴിച്ചുള്ള തുകയായ 4.5 ലക്ഷം രൂപയ്ക്കു നികുതി നൽകിയാൽ മതി. നികുതിയൊഴിവുള്ള സ്രോതസുകളിൽനിന്നുള്ള വരുമാനത്തിനും നികുതി നൽകേണ്ടതില്ല. ഉദാഹരണത്തിന് കാർഷികവരുമാനം.
നികുതി റിബേറ്റ്: നികുതി തുകയിൽ നികുതിദായകൻ നൽകാൻ ബാധ്യസ്ഥമല്ലാത്ത തുകയെയാണ് റിബേറ്റ് എന്നു വിളിക്കുന്നത്.

നികുതി കുറയ്ക്കൽ : നികുതിദായകൻ നടത്തുന്ന ചില നിക്ഷേപങ്ങളും ചെലവുകളും നികുതി കുറയ്ക്കാൻ സഹായിക്കുന്നു. ഇങ്ങനെ നടത്തുന്ന നിക്ഷേപങ്ങളും ചെലവുകളും നികുതി ബാധിത വരുമാനത്തിൽനിന്നു കുറയ്ക്കുവാൻ അനുവദിക്കുന്നു. ഉദാഹരണത്തിന് 80 സിയിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നികുതിയൽനിന്നു കുറയ്ക്കാം.

3. നികുതി റിബേറ്റ്
അഞ്ചു ലക്ഷം രൂപ വരെ നെറ്റ് നികുതി വരുമാനമുള്ളവർക്ക് പൂർണ നികുതി റിബേറ്റ് ഏപ്രിൽ ഒന്നു മുതൽ നികുതിദായകനു ലഭിക്കും. ഇതുവഴി നികുതിദായകന് ലഭിക്കുന്ന നേട്ടം 12,500 രൂപയുടേതാണ്. ആദായനികുതി നിയമത്തിന്‍റെ 87 എ വകുപ്പ് അനുസരിച്ചാണ് റിബേറ്റ് അനുവദിച്ചിട്ടുള്ളത്. ഇതു നിക്ഷേപം- ചെലവുവഴിയുള്ള നികുതി കുറയ്ക്കലോ നികുതിയൊഴവോ അല്ല.

മറ്റു വാക്കിൽപ്പറഞ്ഞാൽ എല്ലാ കിഴിക്കലുകളും നിക്ഷേപങ്ങളും കഴിഞ്ഞ് അറ്റ നികുതിബാധക വരുമാനം 50,0000 ലക്ഷം രൂപയാണെങ്കിൽ അതിനു നൽകേണ്ടിയിരുന്ന 5 ശതമാനം നികുതിക്ക് ഇളവു നൽകിയെന്നേയുള്ളു. അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ നികുതിബാധക വരുമാനമുള്ളവർ പഴയ നികുതി സ്ലാബ രീതിയിൽ നികുതി നൽകണം.
നികുതി കുറവു നൽകുന്ന നിക്ഷേപങ്ങളും ചെലവുകളും ഫലപ്രദമായി ഉപയോഗിച്ചാൽ ഗണ്യമായ നികുതി ബാധ്യത കുറയ്ക്കുവാൻ കഴിയുമെന്നതാണ് 2019-20 ഇടക്കാല ബജറ്റിലെ നിർദ്ദേശങ്ങളുടെ പ്രത്യേകത. ഒന്നര ലക്ഷം രൂപ വരെ 80സി നിക്ഷേപം വഴി കുറയ്ക്കുവാൻ സാധിക്കും. അതായത് ഏറ്റവും താഴ്ന്ന സ്ലാബിലുള്ളയാൾക്ക് ഈ നിക്ഷേപം വഴി 7500 രൂപയുടെ നികുതി ലാഭിക്കുവാൻ സാധിക്കും. മെഡിക്കൽ ഇൻഷുറൻസ്,എൻപിഎസ് തുടങ്ങിയവ വഴിയും നികുതി കുറയ്ക്കാം.

4. ടിഡിഎസ് പിടിക്കില്ല
ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലെ ഡിപ്പോസിറ്റുകളിൽനിന്നുള്ള 40,000 രൂപ വരെയുള്ള പലിശ വരുമാനത്തിൽ സ്രോതസിൽ നികുതി (ടിഡിഎസ്) പിടിക്കില്ല. നിലവിലിത് 10,000 രൂപയായിരുന്നു.

5. വാടകയുടെ ടിഡിഎസ് പരിധി
പ്രതിമാസം 20,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ മാത്രം 2019-20 മുതൽ ടിഡിഎസ് പിടിച്ചാൽ മതി. ഇതുവരെ ഈ പരിധി 15,000 രൂപയായിരുന്നു.

6. വീടും സ്ഥലവും വിറ്റു കിട്ടുന്ന ദീർഘകാലമൂലധന നേട്ടം
വീടും സ്ഥലവും വിൽക്കുന്പോഴുണ്ടാകുന്ന ദീർഘകാലമൂലധന വളർച്ചയ്ക്കു നികുതി നിൽകണം. ഇതുവരെ എത്ര മൂലധന വളർച്ച ഉണ്ടായാലും അതുപയോഗിച്ച് ഒരു വീടു മാത്രം വാങ്ങുന്നതിനെ നികുതിയിളവു ഉണ്ടായിരുന്നുള്ളു.ഇനി രണ്ടു വീടുകൾ വാങ്ങുന്നതിനുപയോഗിച്ചാലും നികുതിയിളവു കിട്ടും.
പമരാവധി രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഇളവു ലഭിക്കുക.

7. രണ്ടു വീടുകളുണ്ടെങ്കിലും താമസത്തിനായി കണക്കാക്കി നികുതിയില്ല

ഒരാൾക്കു രണ്ടു വീടുകളുണ്ടെങ്കിലും അവ രണ്ടും 2019-20 മുതൽ സ്വന്തം താമസത്തിനുള്ളതായി കണക്കാക്കും. ഇവ രണ്ടിനും നികുതിയിളവും ലഭിക്കും.

ഇതുവരെ ഒന്നിനെ സ്വന്തം താമസത്തിനായി കണക്കാക്കുകയും രണ്ടാമത്തെ വീടിന് അനുമാന വരുമാനം നിശ്ചയിച്ച് നികുതി ഈടാക്കുകയും ചെയ്തുപോരുകയായിരുന്നു. അതിന് ഒഴിവു വരികയാണ് പുതിയ ധനകാര്യ വർഷം മുതൽ.
മൂന്നാമതൊരുവീടുണ്ടെങ്കിൽ മാത്രം നികുതി നൽകിയാൽ മതി.

8. രണ്ടു വീടിനു വരെയുള്ള ഭവനവായ്പ പലിശയ്ക്ക് കിഴിവ്
ഭവനവായ്പ എടുത്ത് രണ്ടു വീട് സ്വന്തം താമസത്തിനു വേണ്ടി നിർമിച്ചാലോ വാങ്ങിയാലോ നികുതി വരുമാനം കാണുന്നതിന് വരുമാനത്തിൽനിന്ന് രണ്ടു വീടുകളുടേയും വായ്പയുടെ പലിശ കുറവ് ചെയ്യാം. എന്നാൽ, പരമാവധി കിഴിവായ രണ്ടു ലക്ഷം രൂപയ്ക്ക് യാതൊരു മാറ്റവുമില്ല.
ഇതുവരെ ഒരു ഒരു വീടിനായി മാത്രമായിരുന്നു നിലവിൽ കിഴിവ് അനുവദിക്കുന്നത്.

9. വിറ്റു പോകാത്ത വീടിന് നികുതി: കാലയളവ് 2 വർഷമായി ഉയർത്തി
പണി പൂർത്തിയാക്കിയശേഷം വിറ്റുപോകാത്ത യൂണിറ്റുകൾക്ക് ഒരു വർഷത്തേക്ക് അതിന്‍റെ വാടക മൂല്യത്തിന് റിയൽ എസ്റ്റേറ്റ് ബിസിനസുകാർ നികുതി നൽകേണ്ടിയിരുന്നില്ല. പുതിയ വർഷം മുതൽ രണ്ടു വർഷത്തേക്ക് നികുതി നൽകേണ്ടതില്ല.
അതിനുശേഷവും വിൽക്കാത്ത പാർപ്പിടങ്ങളുടെ വാടകമൂല്യം കണക്കാക്കി നികുതി നൽകണം. പ്രോജക്ട് തീർന്ന വർഷത്തിന്‍റെ അന്ത്യം മുതലാണ് രണ്ടുവർഷം കണക്കാക്കുക.

10. ആദായനികുതി വകുപ്പ് 80- ഐബിഎ നീട്ടി
സഹനീയ ഭവന പദ്ധതികൾ വികസിപ്പിക്കുന്നതുവഴി ലഭിക്കുന്ന ലാഭവും നേട്ടവും മൊത്തം വരുമാനത്തിൽനിന്നു കിഴിക്കുന്നതന് അനുവദിച്ചിരുന്ന കാലയളവ് 2020 മാർച്ച് 31 വരെ നീട്ടി. 2016 ഏപ്രിൽ ഒന്നിനു ശേഷം അംഗീകാരം ലഭിച്ചതായിരിക്കണം പദ്ധതി.

11. കാലയളവ് 365 ദിവസം
പിഎംഎൽഎ (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) അനുസരിച്ച് വസ്തുക്കൾ അറ്റാച്ചു ചെയ്യുന്നതിനുള്ള കാലയളവ് 90 ദിവസത്തിൽനിന്നു 365 ദിവസമായി ഉയർത്തി.

12. ഭവന വായ്പയുടെ പലിശ നിശ്ചയിക്കുന്നതിന്
എക്സ്റ്റേണൽ ബഞ്ച് മാർക്ക് 2019 ഏപ്രിൽ ഒന്നു മുതൽ ഭവന വായ്പയ്ക്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത് എക്സ്റ്റേണൽ ബഞ്ച്മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും.
ഇതിനായി നാല് എക്സ്റ്റേണൽ ബഞ്ച്മാർക്കുകളെയാണ് നിർദ്ദേശിച്ചിരിക്കുന്നത്.

1. ആർബിഐയുടെ റീപോ നിരക്ക്
2. ഫിനാൻഷ്യൽ ബെഞ്ച്മാർക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ( എഫ്ബിഐഎൽ) പുറത്തിറക്കുന്ന 91 ദിവസത്തെ ട്രഷറി ബില്ലിന്‍റെ റിട്ടേണ്‍.
3. എഫ്ബിഐഎൽ പുറത്തിറക്കുന്ന 182ദിവസത്തെ ട്രഷറി ബില്ലിന്‍റെ റിട്ടേണ്‍.
4. എഫ്ബിഐഎൽ പുറപ്പെടുവിക്കുന്ന ബെഞ്ച്മാർക്ക് നിരക്കുകൾ.
പുതിയതായി വായ്പ എടുക്കുന്നവർക്ക് എക്സ്റ്റേണൽ ബഞ്ചുമാർക്കോ നിലവലിലുള്ള ബാങ്കിന്‍റെ ഇന്‍റേണൽ ബഞ്ച്മാർക്കായ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ്) അടിസ്ഥാനമാക്കിയോ വായ്പ എടുക്കാം.

എവിടെ നിക്ഷേപിക്കണം

ഏപ്രിൽ ഒന്ന് എത്തുന്നതോടെ ഇടത്തരക്കാരായ നികുതിദായകരുടെ കൈവശം കൂടുതൽ പണമെത്തുകയാണ്. നികുതി റിബേറ്റും സ്റ്റാൻഡാർഡ് ഡിഡക്ഷനും അനുവദിച്ചതു വഴി മാത്രം 13,000 രൂപയാണ് അധികമായി നികുതിദായകരുടെ കൈവശമെത്തുന്നത്. അതായത് പ്രതിമാസം 1083 രൂപ. ഈ തുക ഫലപ്രദമായി നിക്ഷേപം നടത്തി ദീർഘകാല നിക്ഷേപത്തിനായി ഉപയോഗപ്പെടുത്താം.

1. മ്യൂച്വൽ ഫണ്ടുകൾ:
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താം. ദീർഘകാലത്തിൽ മ്യൂച്വൽ ഫണ്ടുകൾ 12-14 ശതമാനം വാർഷിക റിട്ടേണ്‍ നൽകുന്നു.
മുപ്പതു വയസുള്ള വ്യക്തി റിട്ടയർ ചെയ്യുന്ന 60 വയസ് വരെ പ്രതിമാസം 1083 രൂപ നിക്ഷേപം നടത്തിക്കൊണ്ടിരുന്നാൽ റിട്ടയർമെന്‍റ് സമയത്ത് നിക്ഷേപത്തിന്‍റെ വലുപ്പം 3,305,330 രൂപയായി വളരും. ഇന്ത്യയുടെ സാന്പത്തിക വളർച്ച കണക്കിലെടുക്കുന്പോൾ ഇക്വിറ്റി ഫണ്ടുകൾക്ക് നല്ല ഭാവിയാണുള്ളത്. ഇപിഎഫ്, പിപിഎഫ് , ബാങ്ക് ഡിപ്പോസിറ്റ് തുടങ്ങിയ ഡെറ്റ് ഉപകരണങ്ങളിൽ ആവശ്യത്തിനു നിക്ഷേപമുള്ളവർ തീർച്ചയായും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തണം.
2. വോളന്‍ററി ഇപിഎഫ്:
ഇന്ന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ഡെറ്റ് ഉപകരണമാണ് ഇപിഎഫ്. ഇപ്പോഴത്തെ പലിശ നിരക്ക് 8.65 ശതമാനമാണ്. ഈ തുക പ്രതിമാസം നിക്ഷേപിച്ചുകൊണ്ടിരുന്നാൽ 30 വർഷംകൊണ്ട് ശരാശരി 8.5 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ 15.6 ലക്ഷം രൂപയ്ക്കു മുകളിൽ വളരും. ഈ കാലയളവിലെ നിക്ഷേപം 3.9 ലക്ഷം രൂപയെ വരികയുള്ളു.
3. പിപിഎഫ്:
ഏറ്റവും കൂടുതൽ പലിശനിരക്ക് നൽകുന്ന ദീർഘകാല നിക്ഷേപ പദ്ധതിയാണിത്. പതനഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉള്ളപദ്ധതിയാണിത്. പലിശ നിരക്ക് ഓരോ ക്വാർട്ടറിലും മാറിക്കൊണ്ടിരിക്കും. ഇപ്പോഴത്തെ നിരക്ക് എട്ടു ശതമാനമാണ്.
4. റെക്കറിംഗ് ഡിപ്പോസിറ്റ്്:
ചെറിയ കാലയളവിലേക്ക് നിക്ഷേപം നടത്താനാണ് താൽപര്യമെങ്കിൽ റെക്കറിംഗ് ഡിപ്പോസിറ്റ് ആരംഭിക്കാം. പത്തുവർഷം വരെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റ് ലഭ്യമാണ്. ഇപ്പോഴത്തെ പലിശ നിരക്ക് 6.75-8.5 ശതമാനം വരെയാണ്.