രസമുകുളങ്ങളെ തൊട്ടുണര്‍ത്താന്‍ ചെമ്മീന്‍ വിഭവങ്ങള്‍
രസമുകുളങ്ങളെ തൊട്ടുണര്‍ത്താന്‍ ചെമ്മീന്‍ വിഭവങ്ങള്‍
Monday, October 28, 2019 3:55 PM IST
ചെമ്മീന്‍ കൊണ്ട് ഉണ്ടാക്കിയ ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ രുചി നുണയാം...

ചെമ്മീന്‍ പത്തിരി

ചേരുവകള്‍
1. ചെമ്മീന്‍ - 200 ഗ്രാം
2. മൈദപ്പൊടി -രണ്ടു കപ്പ്
അരിപ്പൊടി വറുത്തത് -അരക്കപ്പ്
വെള്ളം -ഒന്നേകാല്‍ കപ്പ്
എണ്ണ -രണ്ടു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
3. ഇഞ്ചി -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി -ഒരു ടീസ്പൂണ്‍
പെരുംജീരകപ്പൊടി -ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കാഷ്മീരി ചില്ലി പൗഡര്‍ -രണ്ടു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
4. വെളിച്ചെണ്ണ -നാലു ടീസ്പൂണ്‍
5. സവാള -നാല് എണ്ണം
6. മല്ലിയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ എല്ലാം ഒന്നിച്ചു കുഴച്ച് എണ്ണ പുരട്ടി വയ്ക്കുക.

പത്തിരിക്കുള്ളിലെ മസാല തയാറാക്കുന്ന വിധം
മൂന്നാമത്തെ ചേരുവകള്‍ എല്ലാം ഒന്നിച്ച് അരച്ചെടുക്കുക. ഈ മസാലയില്‍ ചെമ്മീന്‍ മിക്‌സ് ചെയ്ത് അര മണിക്കൂര്‍ മാറ്റിവയ്ക്കണം. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി മസാല പുരട്ടി വച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ട് നന്നായി വരിയെടുക്കുക. ഇതു തണുത്തതിനു ശേഷം ചോപ്പ് ചെയ്തു മാറ്റിവയ്ക്കണം. മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവാള വഴറ്റിയെടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ കുരുമുളകുപൊടി, അര ടീസ്പൂണ്‍ മസാലപ്പൊടി എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ചോപ്പ് ചെയ്തുവച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കണം. നന്നായി ഇളക്കിയശേഷം തീ അണയ്ക്കുക. ശേഷം മല്ലിയില വിതറി തണുക്കാന്‍ വയ്ക്കണം. കുഴച്ചുവച്ചിരിക്കുന്ന മാവ് അങ്ങനെതന്നെ എടുത്ത് പലകയില്‍ വച്ച് കനംകുറച്ചു പരത്തിയെടുക്കുക. എന്നിട്ട് ഒരു ചെറിയ ബൗളിന്റെ വാവട്ടം എടുത്ത് ഓരോന്നായി പ്രസ് ചെയ്തു മാറ്റിവയ്ക്കണം. പരത്തിവച്ചിരിക്കുന്ന ഓരോ പത്തിരിയുടെയും നടുവിലേക്കു തയാറാക്കി വച്ചിരിക്കുന്ന മസാലവച്ച് നിറച്ച് മറ്റൊരു പത്തിരികൊണ്ട് മൂടി എല്ലാ വശങ്ങളും കൈകൊണ്ട് അമര്‍ത്തി ഒട്ടിക്കുക. അടി കട്ടിയുള്ള പാന്‍ അടുപ്പില്‍വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഓരോ പത്തിരിയും തിരിച്ചും മറിച്ചും ഇട്ട് വറുത്തു കോരണം.

ചെമ്മീന്‍ കിഴി

ചേരുവകള്‍
1. ചെമ്മീന്‍ - 250 ഗ്രാം
2. സവാള -രണ്ടെണ്ണം
പച്ചമുളക് (ചെറുതായി അരിഞ്ഞത്) - മൂന്ന് എണ്ണം
വെളുത്തുള്ളി (ചതച്ചത്) -അഞ്ച് അല്ലി
ഇഞ്ചി (ചതച്ചത്) -ഒരു ചെറിയ കഷണം
3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
മസാലപ്പൊടി - അര ടീസ്പൂണ്‍
4. തക്കാളി(ചെറുതായി അരിഞ്ഞത്) - ഒരെണ്ണം
5. വെളിച്ചെണ്ണ -അരക്കപ്പ്
6. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം
പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ചെമ്മീന്‍ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്‌തെടുത്ത് മാറ്റി വയ്ക്കുക. അതേ പാനില്‍ കുറച്ചുകൂടി എണ്ണയൊഴിച്ചു ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ ഇട്ട് വഴറ്റണം. അതിനുശേഷം മൂന്നാമത്തെ ചേരുവകള്‍ ഓരോന്നായി ഇട്ട് ആവശ്യത്തിന് ഉപ്പുംകൂടി ചേര്‍ത്തിളക്കുക. ഇതിലേക്ക് നാലാമത്തെ ചേരുവ ഇട്ട് ഇളക്കി രണ്ടു മിനിറ്റ് ചെറിയ തീയില്‍ അടച്ചുവയ്ക്കണം. ഇതു തണുക്കാന്‍ വയ്ക്കുക. ഒരു വാഴയില തീയില്‍ വാട്ടി എടുത്ത് അതിലേക്ക് അല്പം എണ്ണ തടവണം. ഇതിലേക്ക് ആദ്യം കുറച്ചു കറിവേപ്പില ഇടുക. അതിനു മുകളിലായി മസാല ഇടണം. പിന്നീട് മുകളിലായി ചെമ്മീന്‍ ഫ്രൈ ചെയ്തത് ഇടുക. ഇതു പല തട്ടുകളിലായി ഇടണം. ഏറ്റവും മുകളിലായി കുറച്ചു കറിവേപ്പില കൂടി ഇടുക. അതിനു ശേഷം ഒരു നാരുകൊണ്ട് ഇലയുടെ വായ മൂടി കിഴിപോലെ കെട്ടണം. പാന്‍ അടുപ്പില്‍വച്ച് ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കി കിഴി അതില്‍വച്ച് പൊള്ളിച്ചെടുക്കുക. ചെമ്മീന്‍ കിഴി റെഡി.

ചെമ്മീന്‍ ഒറോട്ടി

ചേരുവകള്‍
1. ചെമ്മീന്‍ -300 ഗ്രാം
2. പത്തിരിപ്പൊടി -200 ഗ്രാം
3. ചെറുചൂടുവെള്ളം -ആവശ്യത്തിന്
4. സവാള (ചെറുതായി അരിഞ്ഞത്)- മൂന്ന് എണ്ണം
പച്ചമുളക്(ചെറുതായി അരിഞ്ഞത്) - ആറ് എണ്ണം
വെളുത്തുള്ളി പേസ്റ്റ് -രണ്ടു ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് -രണ്ടു ടീസ്പൂണ്‍
5. മല്ലിയില -ആവശ്യത്തിന്
6. തക്കാളി(ചെറുതായി അരിഞ്ഞത്) -രണ്ട് എണ്ണം
7. മുളകുപൊടി -രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
മസാലപ്പൊടി -ഒരു ടീസ്പൂണ്‍
8. വെളിച്ചെണ്ണ -രണ്ടു ടീസ്പൂണ്‍
9. തേങ്ങാപ്പാല്‍ -രണ്ടു കപ്പ്
10. വെള്ളം -രണ്ടു കപ്പ്
11. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം
പത്തിരിപ്പൊടി ചെറു ചൂടുവെള്ളത്തില്‍ അല്പം ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകളാക്കി ആവിയില്‍ വേവിച്ചെടുക്കുക. പാന്‍ ചൂടാക്കി അതില്‍ എണ്ണയൊഴിച്ച് ചൂടായശേഷം നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് ആറാമത്തെ ചേരുവകൂടി ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം വഴറ്റുക. അതിനു ശേഷം ഏഴാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. ആവശ്യത്തിന് ഉപ്പുകൂടി ചേര്‍ക്കുക. എന്നിട്ട് അതിലേക്ക് രണ്ടു കപ്പ് വെള്ളമൊഴിച്ചു ചെമ്മീന്‍ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ വേവിച്ചെടുക്കണം. ചെമ്മീന്‍ നന്നായി വെന്തതിനു ശേഷം ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന അരി ഉരുളകള്‍ ചേര്‍ക്കുക. രണ്ടു കപ്പ് തേങ്ങാപ്പാല്‍ കൂടി ഒഴിച്ച് അഞ്ചു മിനിറ്റ് വീണ്ടും തിളപ്പിച്ച് അതിനു മുകളില്‍ മല്ലിയില വിതറി ചൂടോടെ വിളമ്പാം.

Prawns in a Blanket

ചേരുവകള്‍
1. ചെമ്മീന്‍ -10 എണ്ണം
2. മൈദ -അരക്കപ്പ്
വെണ്ണ -ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ചെറുചൂടുപാല്‍ -കുറച്ച്
3. കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍
പട്ട പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് -മൂന്ന് എണ്ണം
ഉപ്പ് -ആവശ്യത്തിന്
സോയാ സോസ് -ഒരു ടീസ്പൂണ്‍
4. മുട്ട -ഒരെണ്ണം
5. ബ്രഡ് പൊടിച്ചത് - ഒരു കപ്പ്
6. എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ ഒന്നിച്ച് കുഴച്ച് ചപ്പാത്തി പരുവത്തില്‍ എണ്ണ തടവി 30 മിനിറ്റു നേരം കുഴച്ചുവയ്ക്കുക. ചെമ്മീനില്‍ മൂന്നാമത്തെ ചേരുവകള്‍ എല്ലാം ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂര്‍ വയ്ക്കണം. ഒരു മുട്ട ആവശ്യത്തിന് ഉപ്പുചേര്‍ത്ത് ബീറ്റ് ചെയ്‌തെടുക്കുക. കുഴച്ചു മാറ്റിവച്ചിരിക്കുന്ന മാവ് ഒന്നുകൂടി കുഴച്ച് ഒരേ വലുപ്പത്തിലുള്ള മൂന്ന് ഉരുളകളാക്കണം. ചപ്പാത്തി പലകയില്‍ മൈദ തൂകി ഓരോ ഉരുളയും പരത്തി, ഓരോന്നും നാലു ഭാഗങ്ങളാക്കി മുറിക്കുക. മുറിച്ചു വച്ചിരിക്കുന്ന ഓരോ കഷണവുമെടുത്ത് അതില്‍ ഓരോ ചെമ്മീന്‍ വച്ച് അടച്ച് ബീറ്റ് ചെയ്തുവച്ചിട്ടുള്ള മുട്ടയില്‍ മുക്കി, ബ്രഡ് പൊടിയില്‍ പൊതിഞ്ഞുവയ്ക്കണം. ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി പൊതിഞ്ഞുവച്ചിരിക്കുന്ന ചെമ്മീന്‍ അതിലേക്കി് ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക.

ചെമ്മീന്‍ കൊഴുക്കട്ട

ചേരുവകള്‍
1. ചെമ്മീന്‍ (ചെറുത്)- 250 ഗ്രാം
2. അരിപ്പൊടി വറുത്തത് - രണ്ടു കപ്പ്
3. ശര്‍ക്കര -200 ഗ്രാം
4. തേങ്ങ ചിരകിയത് - ഒരു മുറി
5. ഏലയ്ക്കാപ്പൊടി -അര ടീസ്പൂണ്‍
6. തിളപ്പിച്ച വെള്ളം - ഒന്നര കപ്പ്
7. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കി ഉപ്പു ചേര്‍ത്തു വേവിച്ച് വറ്റിച്ച് എടുക്കുക. വെള്ളം തിളപ്പിച്ച് ഉപ്പു ചേര്‍ത്ത് അരിപ്പൊടിയില്‍ ഒഴിച്ച് നല്ല മയത്തില്‍ കുഴച്ചെടുക്കണം. പാന്‍ ചൂടാക്കി ശര്‍ക്കര ഇട്ട് പാനി ആക്കുക. അതിലേക്ക് തേങ്ങ ചിരവിയത് ഇട്ട് ഏലയ്ക്കാപ്പൊടി തൂകി വറ്റിച്ച് വച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ട് ഇളക്കി നന്നായി ഡ്രൈ ആക്കി എടുക്കണം. കുഴച്ചുവച്ചിരിക്കുന്ന മാവ് കൊഴുക്കട്ടയുടെ ആകൃതിയില്‍ ഉരുട്ടി നടുഭാഗം കുഴിച്ച് അതില്‍ ചെമ്മീന്‍ കൂട്ടു നിറച്ച് കവര്‍ ചെയ്ത് ഉരുട്ടിയെടുത്ത് ആവിയില്‍ പുഴുങ്ങിയെടുക്കുക. ചെമ്മീന്‍ കൊഴുക്കട്ട റെഡി.

ബേബി പോള്‍
മഞ്ഞുമ്മല്‍