വിജയമുദ്ര ചാര്‍ത്തി ബീന
വിജയമുദ്ര ചാര്‍ത്തി ബീന
Friday, August 23, 2019 12:28 PM IST
വിവാഹം കഴിഞ്ഞ നാളുകളില്‍ പൊട്ടു വാങ്ങാനായി ഭര്‍ത്താവിനോട് അഞ്ചു രൂപ ഞാന്‍ ചോദിച്ചു. ജോലിക്കു പോകാനുള്ള തിരക്കിലായിരുന്നു അദ്ദേഹം ചില്ലറയില്ലെന്നു പറഞ്ഞ് പെെട്ടന്ന് ഓഫീസിലേക്ക് പോയി. ചെറുതെങ്കിലും സ്വന്തമായൊരു വരുമാനമാര്‍ഗം സ്ത്രീക്ക് ഉണ്ടാകണമെന്ന് അന്നേ മനസില്‍ കുറിച്ചതാണ്.'' ബി.ജെ ഇന്ത്യ അസോസിയേറ്റ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ബീന ആന്റണി കാക്കനാട്ടിന്റെ വാക്കുകളാണിത്. കുട്ടിയുടുപ്പ് നിര്‍മാണത്തില്‍ നിന്ന് റെഡിമെയ്ഡ് ലിനന്‍ ഷര്‍ട്ടുകളുടെ വിപണിയില്‍ വരെ എത്തിനില്‍ക്കുന്നു ബീനയുടെ ബിസിനസ് വിജയഗാഥ. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലായിുള്ള ബീന ആന്റണി കാക്കനാട്ടിന്റെ വിശേഷങ്ങളിലേക്ക്...

പിതാവിന്റെ ഓഫീസില്‍ ചെലവിട്ട ബാല്യം

ഫോര്‍ട്ടുകൊച്ചി കളത്തിപ്പറമ്പില്‍ തൊട്ടി സേവ്യര്‍ വെറോണി ദമ്പതികളുടെ മൂന്നാമത്തെ മകളായ ബീനയ്ക്ക് കുട്ടിക്കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനേക്കാള്‍ ഇഷ്ടം അച്ഛന്റെ ഓഫീസില്‍ പോകാനായിരുന്നു. മട്ടാഞ്ചേരിയില്‍ ബീന ടീ ട്രേഡിംഗ് കമ്പനിയെന്ന സ്ഥാപനം നടത്തിയിരുന്ന അച്ഛന്റെ ഓഫീസിലേക്ക് സ്‌കൂള്‍ വിട്ടു വന്നാല്‍ പോകുന്നത് പതിവായിരുന്നു. അവധി ദിവസങ്ങള്‍ വന്നാല്‍ രാവിലെ മുതല്‍ അവിടെയായിരിക്കും. തേയില പെട്ടിയിലാക്കി കൊണ്ടുപോകുന്നതിന്റെ കണക്കുകള്‍ അച്ഛന്‍ പറയാതെ തന്നെ ആ ഏഴാംക്ലാസുകാരി കുറിച്ചുവയ്ക്കുമായിരുന്നു. തേയിലപ്പെട്ടി പൊട്ടിക്കുമ്പോള്‍ താഴെവീഴുന്ന തേയില അടിച്ചുകൂട്ടി മറ്റൊരു പെട്ടിയിലാക്കി വയ്ക്കും. നല്ല കൈയക്ഷരമുള്ള ബീനയെക്കൊണ്ട് അച്ഛന്‍ ഇടയ്ക്കിടയ്ക്ക് ചില കണക്കുകളൊക്കെ എഴുതിക്കുമായിരുന്നു.

മൂന്നാലു മാസം കൂടുമ്പോള്‍ കൂനൂരില്‍ തേയില ലേലത്തില്‍ പങ്കെടുക്കുവാന്‍ അച്ഛന്റെ കൂടെ കുടുംബാംഗങ്ങളെല്ലാവരും പോകും. അപ്പോള്‍ ബീനയാണ് അപ്പനുവേണ്ടി വിവിധ തേയിലയിനങ്ങളുടെ പേരും മറ്റും ബുക്കില്‍ കുറിച്ചുവയ്ക്കുന്നത്. ഇങ്ങനെയാണ് ബീന ആന്റണിക്ക് ബിസിനസ് പാഷനായത്.

വിവാഹവസ്ത്രങ്ങള്‍ വിപണിയില്‍

നിറങ്ങളോടും വസ്ത്രങ്ങളോടുമുള്ള ഇഷ്ടമാണ് വിവാഹവസ്ത്രങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്ന ആശയത്തിലേക്ക് ബീനയെ നയിച്ചത്. 1995ല്‍ സ്റ്റിച്ചിംഗ് യൂണിറ്റ് തുറന്നു. ഹാന്‍ഡ് വര്‍ക്ക് ചെയ്ത വിവാഹവസ്ത്രങ്ങളായിരുന്നു പ്രധാന ഇനം. ലെഹങ്ക പോലുള്ള വസ്ത്രങ്ങള്‍ കസ്റ്റമൈസായി നിര്‍മിച്ചു നല്‍കി. വസ്ത്രങ്ങളുടെ കയറ്റു മതിയും ഉണ്ടായിരുന്നു.

കയറ്റുമതി ചെയ്ത വസ്ത്രങ്ങള്‍ നിരസിച്ചതോടെ ബിസിനസില്‍ നിന്ന് കുറച്ചുകാലം മാറിനിന്നെങ്കിലും തിരിച്ചുവരണമെന്ന് മനസ് എപ്പോഴും ബീനയെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അടുത്ത സംരംഭത്തിനൊരുങ്ങുമ്പോഴാണ് ഷിപ്പിംഗ് കാര്‍ഗോയില്‍ സൂപ്പര്‍വൈസറായിരുന്ന ഭര്‍ത്താവിന്റെ ആകസ്മിക മരണം ബീനയെ തളര്‍ത്തിയത്. ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങളെടുത്തു.

വീണ്ടും ബിസിനസിലേക്ക്

ബിസിനസ് കുടുംബാംഗമായ ജയിംസ് കാക്കനാട്ടിനെ വീണ്ടും വിവാഹം കഴിച്ചെത്തിയതോടെ ബിസിനസ് എന്ന മോഹം ബീനയില്‍ ഉദിച്ചു. ഭര്‍ത്താവിന്റെ പിന്തുണ കൂടിയായപ്പോള്‍ ബീനയ്ക്ക് ആത്മവിശ്വാസമേറി. ബി.ജെ ഇന്ത്യ അസോസിയേറ്റ്‌സ് എന്ന പേരില്‍ 2010ല്‍ സില്‍ക്ക്, ലിനന്‍ തുണികളുടെ ഉത്പാദനവും വിതരണവും തുടങ്ങി. ബിഹാറിലെ ഭഗല്‍പ്പൂരില്‍ തറികള്‍ വാടകയ്ക്ക് എടുത്താണ് സില്‍ക്ക്, ലിനന്‍ തുണിത്തരങ്ങള്‍ കമ്പനി നിര്‍മിച്ചത്.

സില്‍ക്കില്‍ തുടക്കം

സില്‍ക്കിലായിരുന്നു തുടക്കം. സ്ത്രീകള്‍ക്കാവശ്യമുള്ള വിവിധതരം വസ്ത്രങ്ങളുടെ രൂപകല്‍പന ചെയ്തു വിപണിയലെത്തിച്ചു. 'ബെല്ലാ ക്രിയേഷന്‍സ് ' എന്ന ബ്രാന്‍ഡ് നെയിമിലാണ് വസ്ത്രങ്ങളും ഫാബ്രിക്‌സുകളും വിപണിയിലെത്തിച്ചത്. ടസര്‍, ഹീഷസ, മോഡ്ഖ, മള്‍ബറി തുടങ്ങിയ സില്‍ക്ക് തുണിത്തരങ്ങളും ലഭ്യമാക്കി. കേരളത്തിലും തമിഴ്‌നാിലുമുള്ള കടകളില്‍ ഓര്‍ഡര്‍ അനുസരിച്ച് ഉത്പന്നങ്ങള്‍ നല്‍കിത്തുടങ്ങി.



ലിനന്‍ ടച്ച്


2013ലാണ് സില്‍ക്കിനൊപ്പം ലിനന്‍ വസ്ത്രങ്ങള്‍ കൂടി ചെയ്തുകൂടേയെന്ന ചിന്ത ബീനയ്ക്കുണ്ടായത്. ലിനന്‍ വസ്ത്രങ്ങള്‍ക്ക് പ്രകൃതിദത്തവും ആരോഗ്യകരവുമാണ്. ഇതിന് രാജ്യത്തൊട്ടാകെ സ്വീകാര്യത വര്‍ധിച്ചുവരുന്ന സമയവുമായിരുന്നു അത്.

ഇതെല്ലാം ലിനന്‍ വസ്ത്രങ്ങളുടെ ഉത്പാദനത്തിലേക്കു കടക്കുവാന്‍ ബീനയെ പ്രേരിപ്പിച്ചു. ബെല്ലാ ക്രിയേഷന്‍സ് എന്ന ബ്രാന്‍ഡ് നെയിംതന്നെയാണ് ഇതിനും സ്വീകരിച്ചത്. സവിശേഷമായ ശുദ്ധമായ ലിനന്‍ തുണിത്തരങ്ങള്‍ വിപണിയിലെത്തിച്ചു. പ്രധാനമായും കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഓര്‍ഡര്‍ അനുസരിച്ചു നല്‍കുന്നത്.

വിവാഹവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലിനനില്‍ രൂപകല്‍പന ചെയ്തു നല്‍കിയതോടെ ആവശ്യക്കാര്‍ ഏറി. ലിനനിലുള്ള സമകാലിക ലക്ഷ്വറി തുണിത്തരങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കുന്നതില്‍ കമ്പനി പ്രത്യേകം ശ്രദ്ധ നല്‍കുന്നതായും ബീന പറഞ്ഞു.

പ്രത്യേക ശ്രദ്ധയോടെ തെരഞ്ഞെടുത്ത നൂലുകള്‍ ഉപയോഗിച്ചാണ് ലിനന്‍ തുണികള്‍ നെയ്‌തെടുക്കുന്നത്. ശുദ്ധമായ ലിനന്‍ തുണികള്‍ക്കാണ് ഊന്നല്‍. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പൂര്‍ണമായ ഗാരന്റിയുമുണ്ട്. ഉയര്‍ന്ന ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്നും ബീന പറഞ്ഞു.

സ്റ്റൈലിഷ് ലിനന്‍ റെഡിമെയ്ഡ് ഷര്‍ട്ട്

കമ്പനി അടുത്തയിടെ ലിനന്‍ റെഡിമെയ്ഡ് ഷര്‍ട്ട്ുകളുടെ ഡിസൈനിംഗിലേക്കും വിപണനത്തിലേക്കും കടന്നു. ഓര്‍ഡര്‍ അനുസരിച്ച് ഷര്‍ട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ലിനന്‍ സോണ്‍ എന്ന ബ്രാന്‍ഡ് നെയ്മില്‍ ബി.ജെ ഇന്ത്യ അസോസിയേറ്റ്‌സാണ് റെഗുലര്‍ ഷര്‍ട്ടുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ബ്ലെന്‍ഡഡ് ലിനന്‍ മുതല്‍ പ്യുവര്‍ ലിനനില്‍ വരെയുള്ള ഷര്‍ട്ടുകളാണിത്.850 മുതല്‍ 3199 രൂപ വരെയാണ് വില. എറണാകുളത്ത് കോണ്‍വന്റ് ജംഗ്ഷനിലാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത്.

പുതു സംരംഭകരോട്

ഇന്ന് സര്‍ക്കാര്‍ വനിതാ സംരംഭകര്‍ക്കായി പല പ്ലാനുകളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതൊക്കെ പ്രയോജനപ്പെടുത്തണം. കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വരണം. മറ്റ് ഉത്പന്നങ്ങളുമായി താരതമ്യപ്പെടുത്താതെ നമ്മുടെ ഉത്പന്നങ്ങളുടെ മൂല്യം കണ്ടറിഞ്ഞ് മുന്നേറാന്‍ ആയാല്‍ ഈ രംഗത്ത് വിജയിക്കാനാവും.

സമൂഹത്തില്‍ സ്ത്രീക്ക് തന്‍േറതായ സ്ഥാനമുണ്ട്. അതുപോലെതന്നെ പുരുഷനും. അത് നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കണം. ജീവിത സാഹചര്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ തലയുയര്‍ത്തിപ്പിടിച്ച് പോരാടാന്‍ ശ്രമിക്കണം. അതിനു സ്ത്രീകള്‍ സ്വയം പര്യാപ്തരാകണം ബീന പറഞ്ഞു.

ആദ്യ ബിസിനസ് സംരംഭം ഇരുപതാം വയസില്‍

ബീന ആദ്യമായി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നത് ഇരുപതാം വയസിലാണ്. ബീനയുടെ ഭര്‍ത്താവിന്, ബിരുദധാരിയായ ഭാര്യ വെറുതെയിരിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അങ്ങനെയാണ് കുട്ടിയുടുപ്പ് നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. 7,500 രൂപ നിക്ഷേപത്തില്‍ റാംബെര്‍് ഗാര്‍മെന്റ്‌സ് എന്ന പേരില്‍ കുറച്ച് കുട്ടിയുടുപ്പുകള്‍ വിപണിയില്‍ എത്തിച്ചു. അത് ഒറ്റ ദിവസം കൊണ്ട് വിറ്റു. അതോടെ ആത്മവിശ്വാസമേറി. അഞ്ചു മാസത്തെ വില്‍പനയ്ക്കു ശേഷം ഒരു യൂണിറ്റ് തുടങ്ങി. ബന്ധുവായ ട്രീസ അബീലിയോയാണ് വേണ്ട പ്രചോദനമേല്‍കിയത്. 21 നോര്‍ത്തിന്ത്യന്‍ തൊഴിലാളികളാണ് യൂണിറ്റില്‍ തയ്യല്‍ ജോലിക്കായി ഉണ്ടായിരുന്നത്. തമിഴ്‌നാട്, ബംഗളൂരൂ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു വില്‍പന.

ട്രെന്‍ഡി ലിനന്‍ ഷര്‍ട്ട്

ലിനന്‍ ഷര്‍ട്ടിംഗ്, ലിനന്‍ ദോത്തി, ലിനന്‍ നാപ്കിന്‍സ്, ടേബിള്‍ ലിനന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ലിനന്‍ ഉത്പന്നങ്ങള്‍ കമ്പനി ലഭ്യമാക്കുന്നു. സ്ത്രീകള്‍ക്കാവശ്യമായ ലിനന്‍ വസ്ത്രങ്ങളും രൂപകല്‍പ്പന ചെയ്യുന്നുണ്ട്.

വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷാവസരങ്ങള്‍ക്കായി വ്യക്തികളുടെ താത്പര്യമനുസരിച്ച് വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തുകൊടുക്കുന്നുണ്ട്. പ്രതിദിന ആവശ്യത്തിനുള്ള വസ്ത്രത്തിന് 1600 രൂപ മുതല്‍ 3000 രൂപവരെയാകും.

സീമ മോഹന്‍ലാല്‍