പല്ലുനന്നായാല്‍ പകുതി നന്നായി
ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുന്നവരെ കാണുന്നത് തന്നെ ഒരു മന:സുഖമാണ്, പ്രത്യേകിച്ചും അത് കുരുന്നുകള്‍ ആണെങ്കില്‍. ഒരാളുടെ വ്യക്തിത്വത്തെ മിഴിവുറ്റതാക്കുന്ന ആ തുറന്ന പുഞ്ചിരി അപകര്‍ഷതാബോധമില്ലാതെ എക്കാലവും ഉണ്ടാകാന്‍ കുട്ടിക്കാലം മുതല്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആദ്യ പല്ലുകള്‍

കുട്ടികളില്‍ ദന്തരോഗങ്ങള്‍ സാധാരണമാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ ദന്ത പരിചരണത്തില്‍ മാതാപിതാക്കള്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചില മാതാപിതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ ഗൗരവമായി കാണാറില്ല. എന്നാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ക്ക് അടിയന്തര ചികിത്സയും പരിചരണവും ആവശ്യമാണ്. പല്ലുകള്‍ മുളയ്ക്കുന്നത് ആറേഴു മാസം മുതലാണെങ്കിലും ഗര്‍ഭാവസ്ഥയില്‍ നാലുമാസം മുതല്‍ ദന്തരൂപീകരണം നടക്കുന്നു. ആറു മാസം മുതലാണ് പാല്‍പ്പല്ലുകള്‍ മുളയ്ക്കാന്‍ തുടങ്ങുക. ആദ്യം താഴത്തെ നിരയില്‍ നടുവിലുള്ള പാല്‍പ്പല്ല്. പിന്നീട് ആകെ 20 പാല്‍ പല്ലുകള്‍. ആറുവയസ് മുതല്‍ പെര്‍മനെന്റ് ടീത്ത് വരാന്‍ തുടങ്ങും.

ഒരു വയസിനു ശേഷവും ആദ്യപല്ല് മുളച്ചില്ലെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടണം. ഹൈപ്പോതൈറോയിഡിസം (തൈറോയിഡ് ഹോര്‍മോണ്‍ അഭാവം), മറ്റു ഹോര്‍മോണ്‍ രോഗങ്ങള്‍ എന്നിവ ഇതിനു കാരണമാകാം. പോഷകാഹാരക്കുറവും മറ്റൊരു കാരണമാണ്. അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ മാത്രം കുട്ടികളിലെ ദന്തരോഗങ്ങള്‍ ഒഴിവാക്കാവുന്നതാണ്. കുട്ടികളെ ചെറിയ പ്രായത്തില്‍ത്തന്നെ ആരോഗ്യകരമായ വായ ശുചിത്വശീലങ്ങള്‍ പഠിപ്പിക്കണം. പല്ലുനന്നായാല്‍ പകുതി നന്നായി എന്നതൊക്കെ ശരിയാണ്, പക്ഷേ അതിനായി പല്ലുമുളയ്ക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ചുതുടങ്ങണം. കുട്ടികളില്‍ പല്ലുമുളച്ചു വന്നു കഴിഞ്ഞാല്‍ തന്നെ പല്ലുതേയ്ക്കുന്ന ശീലം വളര്‍ത്തുക എന്നതാണ് ഇതില്‍ പ്രധാനം.

മുലയൂട്ടല്‍ കാലം മുതല്‍ ശ്രദ്ധിക്കാം

പല്ലിന്റെ ശുചിത്വത്തിലെ ശ്രദ്ധ മുലയൂട്ടുന്ന കാലം മുതല്‍ തുടങ്ങണം. പാലുകുടിക്കുന്ന കുട്ടികളില്‍ പാലുകുടി കഴിഞ്ഞ് വായില്‍ അതിന്റെ അംശം തങ്ങി നില്ക്കാത്ത തരത്തില്‍ ഒരു കോണ്‍ ഉപയോഗിച്ചോ തുണി കൊണ്ടോ ശ്രദ്ധാപൂര്‍വം നീക്കം ചെയ്യുക. കുറുക്കു കുടിക്കുന്ന സമയം ആണെങ്കിലും ഇത് പിന്തുടരാവുന്നതാണ്. പാല്‍ കുടിച്ച് ഉറങ്ങിപ്പോകുന്ന കുട്ടികളില്‍ വായില്‍ പാലിന്റെ അംശം തങ്ങിനില്ക്കാറുണ്ട് .ഇത് ദന്ത ക്ഷയത്തിനു വഴിവയ്ക്കും. തിളപ്പിച്ചാറ്റിയ വെള്ളം ആഹാര ശേഷം കൊടുക്കുകയും, മൃദുവായ തുണി വെള്ളത്തില്‍ മുക്കി തുടപ്പിച്ചെടുക്കുകയും ചെയ്യാം. പറ്റിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷ ണസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. അല്പം മുതിര്‍ന്നാല്‍ ഭക്ഷണശേഷം വായ് കഴുകാനും ശരിയായി ടൂത്ത് ബ്രഷ് ഉപയോഗിക്കാനും ശീലിപ്പിക്കുക. രണ്ടു വയസാകുമ്പോള്‍ ബേബി ടൂത്ത് ബ്രഷ് ഉപയോഗിക്കാന്‍ നിര്‍ബന്ധമായും ശീലിപ്പിക്കണം.

ആദ്യമായി പല്ല് മുളച്ചു തുടങ്ങുമ്പോള്‍ പേസ്റ്റില്ലാതെ മൃദു വായ നാരുകളുള്ള ബ്രഷ് ഉപയോഗിച്ച് തേച്ചുകൊടുക്കുക എന്നത് അനുകരണീയമായ ഒന്നാണ്. മോണയില്‍ നിന്നു പല്ലിന്റെ അഗ്രഭാഗത്തിലേക്ക് പതുക്കെയാണ് ബ്രഷ് ചെയ്യേണ്ടത്. വൃത്തിയുള്ള നനഞ്ഞ തുണികൊണ്ട് മോണയും പല്ലും മസാജ് ചെയ്യുന്നത് തുടരുകയും ചെയ്യുക. കുഞ്ഞിന്റെ നാവും മോണയും ചൂണ്ടുവിരലില്‍ വൃത്തിയുള്ള നനഞ്ഞ തുണി ചുറ്റിവേണം വൃത്തിയാക്കാന്‍. ദന്തവലയങ്ങളും പതിവായി വൃത്തിയാക്കണം. പല്ലുമുളയ്ക്കുന്നതിനു മുമ്പായി കുട്ടികളില്‍ മോണതടിപ്പ്, വിശപ്പില്ലായ്മ, തുപ്പല്‍ ഒലിപ്പിക്കല്‍, ഉറക്കക്കുറവ് എന്നിവ കണ്ടുവരാറുണ്ട്. ഈ സമയത്താണ് കുികള്‍ വിരല്‍ കുടിക്കാന്‍ തുടങ്ങാറ്.


ദന്തഡോക്ടറെ കാണാം

ഒരു വയസാകുമ്പോള്‍ ദന്തഡോക്ടറെ കാണിക്കണം. പല്ലിന്മേലുള്ള വെളുത്തതോ തവിട്ട് നിറത്തിലുള്ളതോ ആയ പാടുകള്‍ ദന്തക്ഷയത്തിന്റെ സൂചനയാണ്. ഇങ്ങനെ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് സ്ഥിരദന്തങ്ങളെപ്പോലും കേടുവരുത്തും. ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരം ഒന്നര വയസു മുതല്‍ 'ഫ്‌ളൂറൈഡ്' അടങ്ങിയതോ അല്ലാത്തതോ ആയ ബേബി ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിച്ചുതുടങ്ങാം. വായില്‍ കുപ്പി പ്പാലോ പാനീയങ്ങളോ വച്ച് കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കരുത്. രണ്ടര വയസോടു കൂടി കുട്ടിയുടെ കുപ്പിപ്പാല്‍ കുടിക്കല്‍, വിരല്‍ വായിലിടല്‍ തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം.

ദിവസവും രണ്ടുപ്രാവശ്യം പല്ല് തേപ്പിക്കണം. അതേസമയം തന്നെ കുട്ടി പേസ്റ്റ് വിഴുങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

ഇളകിപ്പോകാത്ത പല്ലു മുളയ്ക്കുമ്പോള്‍ ആണ് പാല്‍പ്പല്ലുകള്‍ കൊഴിയുന്നത്. ആറു വയസാകുന്നതോടെ താഴെ മുന്‍വശത്തുള്ള രണ്ടുപല്ലുകള്‍ ഇളകി തുടങ്ങും. ഈ സമയത്തോടെ അതായത് ആറ്, ഏഴ് വയസോടെ കുട്ടിക്ക് സ്വയം പല്ല് തേയ്ക്കാനാവും. പിന്നീടുള്ള ഓരോ വര്‍ഷവും രണ്ടുമുതല്‍ നാലു വരെയുള്ള പല്ലുകള്‍ കൊഴിയും. പത്തുവയസിനും പതിമൂന്നു വയസിനും ഇടയില്‍ അണപ്പല്ലും ഇളകാന്‍ തുടങ്ങും.

പല്ലു തേയ്ക്കാന്‍ പഠിക്കണം

ദന്തരോഗങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ചെറിയ കുട്ടികളെ പത്ത് വയസു വരെയെങ്കിലും ശരിയായ 'ബ്രഷിങ്' മാതാപിതാക്കള്‍ തന്നെ ശീലിപ്പിക്കണമെന്നതാണ്. കുട്ടികളും മുതിര്‍ന്നവരും മൃദുവായ ബ്രഷ് മാത്രം പല്ലുതേയ്ക്കാന്‍ ഉപയോഗിക്കുക. കട്ടി കൂടിയവ ഉപയോഗിക്കുമ്പോള്‍ പല്ലിന് തേയ്മാനം കൂടുന്നു. ദിവസം രണ്ടു നേരം പല്ലുതേയ്ക്കണം. മൂന്നു മിനിട്ടു മുതല്‍ അഞ്ചു മിനിട്ടു വരെയാണ് ശരിയായ പല്ലുതേയ്പ്പിന് ആവശ്യം. കൂടുതല്‍ നേരം തേച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. പുളിരസമുള്ള പഴങ്ങള്‍ കഴിച്ചതിനുശേഷം ഉടന്‍ പല്ലുതേയ്ക്കുന്നത് ഒഴിവാക്കണം. പല്ലുതേയ്ക്കുമ്പോള്‍ വിരലുകള്‍കൊണ്ട് മോണകള്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ധിപ്പിച്ച് മോണകളെ ബലപ്പെടുത്തുവാനും, പല്ലിന്റെ നിര തെറ്റി വന്ന് പൊങ്ങി അഭംഗി ഉണ്ടാകുന്നത് തടയുവാനും, മോണകളെ ശുചിയാക്കുവാനും സഹായിക്കും.

രണ്ടു വയസിനു മുമ്പ് പേസ്റ്റ് ആവശ്യമില്ല. (കാരണം കുട്ടികള്‍ അതു തിന്നുവാന്‍ സാധ്യതയുണ്ട്.) എന്നാല്‍ എല്ലാ പല്ലും വന്നതിനു ശേഷം ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യണം. വളരെ കുറച്ചു പേസ്റ്റ് (ഒരു പയര്‍ മണി വലുപ്പത്തില്‍ മാത്രം) ഉപയോഗിക്കുക. ചില കുട്ടികള്‍ക്ക് കൂടുതല്‍ പേസ്റ്റ് ഉപയോഗിക്കാനും ഉള്ളിലാക്കാനുമുള്ള താല്‍പര്യം കണ്ടേക്കാം. (പേസ്റ്റ് തിന്നുന്ന വഴി ഫ്‌ളൂറൈഡ് അകത്തു ചെല്ലാനും എല്ലുകള്‍ക്ക് കേടുവരാനും സാധ്യതയുണ്ട്.) കുട്ടികളെ നിര്‍ബന്ധിച്ചും ബലം പ്രയോഗിച്ചും പല്ലു തേപ്പിക്കരുത്. രണ്ടുമൂന്നു വയസിലെ കുട്ടികള്‍ അനുകരണസ്വഭാവം കാണിക്കുന്നവരായതു കൊണ്ടു മുതിര്‍ന്നവര്‍ പല്ലു തേക്കുന്നതിനൊപ്പം പ്രേരിപ്പിച്ചാല്‍ അവര്‍ക്ക് ബ്രഷ് ചെയ്യല്‍ ശീലമായിക്കൊള്ളും .

ഡോ. സുജീവ്
ദന്തരോഗ വിഭാഗം, പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്,
വാണിയംകുളം