ധനകാര്യാസൂത്രണം @40
Friday, June 14, 2019 3:14 PM IST
ഒരാള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത് 30 മുതല്‍ 60 വയസുവരെയുള്ള കാലയളവിലാണ്. ചെറുപ്പകാലത്ത് സ്വപ്‌നങ്ങളുടെ അടിമകളാണ്; വാര്‍ധക്യകാലം പശ്ചാത്താപത്തിന്റെ വേലക്കാരാണ്. മധ്യവയസ്‌കരാണ് അഞ്ച് ഇന്ദ്രിയങ്ങളും ശരിയായി വിനിയോഗിക്കുന്നത്.'' തിയോഡര്‍ റൂസ്‌വെല്‍റ്റ്. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുകയും നല്ല തോതില്‍ നിക്ഷേപം നടത്തുകയും വേണമെന്നു പറയുവാന്‍ നിരവധി കാര്യങ്ങളുണ്ട്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആയൂര്‍ദൈര്‍ഘ്യം, കുട്ടികളെ വളര്‍ത്തുവാനും മറ്റും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ കുറഞ്ഞ ജോലിക്കാലയളവ്, പുരുഷന്മാരെ അപേക്ഷിച്ച് ശമ്പളം കുറവ് തുടങ്ങിയവയെല്ലാം ഇതിനു കാരണങ്ങളാണ്. അതിനാല്‍ മികച്ച ദീര്‍ഘകാല ധനകാര്യ ആസൂത്രണം എല്ലാ സ്ത്രീകള്‍ക്കും പ്രായഭേദമേന്യേ ആവശ്യമാണ്.
സ്ത്രീകള്‍ മികച്ച തോതില്‍ സമ്പാദിക്കുന്നവരാണെങ്കിലും നിക്ഷേപത്തിന്റെ കാര്യം വരുമ്പോള്‍ അത്ര സ്മാര്‍ട്ടല്ല. ഫലം സമ്പത്തിന്റെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ പലപ്പോഴും വളരെ പിന്നിലായിരിക്കും.
റിട്ടയര്‍മെന്റിനുശേഷം ദാരിദ്ര്യത്തിലേക്കു വീഴുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ രണ്ടര ഇരട്ടിയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കല്യാണം കഴിക്കുന്നതിനെ ഒരു ധനകാര്യ ആസൂത്രണമായി കാണാതിരിക്കുക. കല്യാണം കഴിഞ്ഞാല്‍ എല്ലാം ഭര്‍ത്താവു നോക്കിക്കോളുമെന്ന മനോഭാവം മാറ്റി ക്രമമായി സമ്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇപ്പോള്‍ തുടങ്ങാം
സമ്പാദ്യവും നിക്ഷേപവും തുടങ്ങാന്‍ ഏറ്റവും നല്ല സമയം 20 വര്‍ഷം മുമ്പായിരുന്നു. അതു കഴിഞ്ഞാല്‍ ഏറ്റവും നല്ല സമയം ഇപ്പോഴാണ്. ഒരു ചൈനീസ് പഴമൊഴിയാണിത്. സമ്പാദ്യത്തിന്‍േറയും നിക്ഷേപത്തിന്‍േറയും കാര്യത്തില്‍ ഇതു നൂറു ശതമാനവും ശരിയാണ്.
റിട്ടയര്‍മെന്റ് നിധി ശക്തിപ്പെടുത്തുക
ഒരു ബാങ്കും റിട്ടയര്‍മെന്റ് വായ്പ നല്‍കില്ല. നാല്പതുകളിലെത്തിയ ഓരോ സ്ത്രീയും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കു ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരേണ്ട കാര്യമാണിത്. ചുരുക്കത്തില്‍ റിട്ടയര്‍മെന്റ് കാലത്തേക്കായി ഇതുവരെയും നിക്ഷേപം തുടങ്ങിയിട്ടില്ലെങ്കില്‍ അതു തുടങ്ങുകയെന്നത് ഏറ്റവും ആവശ്യമായി ചെയ്യണം. മാറി വരുന്ന ജീവിതശൈലിയും പണപ്പെരുപ്പവുമെല്ലാം കണക്കിലെടുത്ത് റിട്ടയര്‍മെന്റ് നിക്ഷേപം ആരംഭിച്ചവര്‍ അടുത്ത 20 വര്‍ഷക്കാലത്ത് നിക്ഷേപം വഴി റിട്ടയര്‍മെന്റ് നിധിയുടെ വലുപ്പം വലുതാക്കുകയെന്നതാണ്.
ഇവിടെ സമ്പാദ്യം മാത്രം പോരാ. തനിക്കുവേണ്ടി 24 മണിക്കൂറും പണമുണ്ടാക്കിക്കൊണ്ടിരിക്കുന്ന നിക്ഷേപങ്ങളില്‍ തന്റെ സമ്പാദ്യം നിക്ഷേപിക്കുകയെന്നതാണ്. നഷ്ടം താങ്ങാനുള്ള ഒരാളുടെ ശേഷിയനുസരിച്ച് ഓഹരി മുതല്‍ സാധാരണ ബാങ്ക് ഡിപ്പോസിറ്റ് വരെയുള്ള നിക്ഷേപ ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. പലിശ നിരക്കു കുറയുന്നതിനാല്‍ ബാങ്ക് ഡിപ്പോസിറ്റ് ഉള്‍പ്പെടെയുള്ള പാരമ്പര്യ നിക്ഷേപങ്ങള്‍ക്ക് പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള റിട്ടേണ്‍ നല്‍കാന്‍ സാധിക്കുന്നില്ല.
സ്ത്രീകള്‍ പൊതുവേ റിസ്‌ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരും അത്തരം നിക്ഷേപങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നവരുമാണ്. ഈ മനോഭാവം ദീര്‍ഘകാലത്തില്‍ സമ്പത്തു സൃഷ്ടിക്കുവാന്‍ സഹായിക്കുന്നതല്ല. അതിനാല്‍ നിക്ഷേപത്തിനു പണം നീക്കി വയ്ക്കുമ്പോള്‍ ദീര്‍ഘകാലത്തില്‍ മികച്ച റിട്ടേണ്‍ നല്‍കുന്ന ഓഹരികളെക്കൂടി നിക്ഷേപ ശേഖരത്തില്‍ ഉള്‍പ്പെടുത്തുക. നാല്പതു വയസുള്ളവര്‍ തീര്‍ച്ചയായും 60 ശതമാനം ഓഹരിയില്‍ നിക്ഷേപിക്കണം. നേരിട്ട് അതിനു സാധിക്കുന്നില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി ഓഹരിയില്‍ നിക്ഷേപിക്കാം. സ്വയം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക.
സാധാരണ സ്ത്രീകളുടെ റിട്ടയര്‍മെന്റ് നിധി പുരുഷന്മാരേക്കാള്‍ 40 ശതമാനം വരെ കുറവാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. റിട്ടയര്‍ ചെയ്യുന്ന പത്തില്‍ ഒമ്പതു പേര്‍ക്കും റിട്ടയര്‍മെന്റ് കാലത്തേക്ക് ആവശ്യമായ പണം ഇല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ കൂടുതല്‍ തുക റിട്ടയര്‍മെന്റ് നിക്ഷേപത്തിലേക്ക് വകയിരുത്തുക.
ഇന്‍ഷുറന്‍സുകള്‍
രണ്ട് ഇന്‍ഷുറന്‍സുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും. ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ സ്ത്രീകളും എടുത്തിരിക്കേണ്ട രണ്ട് ഇന്‍ഷുറന്‍സുകളാണിവ.
ആരോഗ്യ ഇന്‍ഷുറന്‍സാണ് ഒന്നാമത്തേത്. ജീവിതകാലം മുഴുവന്‍ പുതുക്കുവാന്‍ സാധിക്കുന്ന വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. ഓരോ വര്‍ഷവും ചികിത്സച്ചെലവ് കുത്തനെ ഉയരുന്നതിനാല്‍ ഇടയ്ക്കിടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കവറേജ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക. ഇതോടൊപ്പം കഴിയുമെങ്കില്‍ ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സും എടുക്കുക.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് രണ്ടാമത്തേത്. ജോലിയില്ലെങ്കില്‍പോലും തന്റെ അഭാവത്തില്‍ തന്റെ ആശ്രിതര്‍ ഇതേ ജീവിതശൈലിയില്‍ മുന്നോട്ടു പോകുവാന്‍ സാധിക്കുന്ന വിധത്തില്‍ സം അഷ്വേഡ് തുകയുള്ള പോളിസി എടുക്കുക. ജോലിയുള്ളവര്‍ തീര്‍ച്ചയായും അവരുടെ വരുമാനത്തിന്റെ 10/ 20 ഇരി കവറേജ് എടുക്കണം. ബാധ്യതകള്‍ ഉണ്ടെങ്കില്‍ അതിനും കവറേജ് എടുക്കണം. കുറഞ്ഞ പ്രീമിയം നല്‍കി ടേം ഇന്‍ഷുറന്‍സ് വഴി ഈ ലക്ഷ്യം നേടാം.
കടങ്ങള്‍ ഇല്ലാതാക്കാം
ആസ്തിസൃഷ്ടി ഉള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കുമായി സ്വന്തമായും പങ്കാളിയുമായി ചേര്‍ന്നുമൊക്കെ വായ്പ എടുത്തിട്ടുണ്ടാകാം. കടമില്ലാതാക്കുന്നതിനുള്ള നടപടികള്‍ നാല്പതുകളുടെ തുടക്കത്തിലേ ആരംഭിക്കണം. റിട്ടയര്‍മെന്റിന്റെ അവസാന ദശകത്തിലേക്ക് എത്തുമ്പോള്‍ കടമില്ലാതിരിക്കുന്നത് മന:സമാധാനം നല്‍കുന്ന സംഗതിയാണെന്ന് ഓര്‍മിക്കുക. അടുത്ത 10 വര്‍ഷംകൊണ്ട് എല്ലാ കടങ്ങളും ഒഴിവാക്കുന്നതു ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുക.
അതിനു സാധിച്ചാല്‍ വായ്പാ തിരിച്ചടവിന് ഉപയോഗിച്ചിരുന്ന തുകകള്‍ റിട്ടയര്‍മെന്റ് നിധി ഉള്‍പ്പെടെയുള്ള റിട്ടയര്‍മെന്റ് കാലത്തെ മുന്‍ഗണനകള്‍ക്കായി നിക്ഷേപിക്കാം.
അടിയന്തര നിധി
അടിയന്തരാവശ്യങ്ങള്‍ ജീവിതത്തിലുണ്ടാകും. അതിനെ നേരിടാന്‍ ഒരു നിധിയുണ്ടാക്കി വയ്ക്കുക ഏറ്റവും ആവശ്യമാണ്. ജോലി ആരംഭിക്കുന്ന നാളുകളില്‍ ചെറിയ നിക്ഷേപം വഴി 6/12 മാസക്കാലത്തെ ചെലവിനുള്ള തുക അടിയന്തര നിധിയായി സമാഹരിക്കുക. അത്യാവശ്യ സമയങ്ങളില്‍ ഈ നിധിയില്‍നിന്നു തുക ചെലവഴിക്കുകയും പിന്നീട് അത് തിരിച്ചടയ്ക്കുകയും ചെയ്യുക. ജോലി പോകുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ഇതു വളരെ പ്രയോജനകരമായിരിക്കും. ഇത്തരം അടിയന്തര ഫണ്ടില്ലാത്തവര്‍ അതു സമാഹരിക്കുവാന്‍ പ്രത്യേകം ശ്രമം നല്‍കുക. ചെലവു ചുരുക്കിയും അധികമായി ലഭിക്കുന്ന വരുമാനം നിക്ഷേപിച്ചും അടിയന്തര നിധി സ്വരൂപിക്കാം.
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം
സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ ശമ്പളമല്ല ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കു ലഭിക്കുന്നതിനേക്കാള്‍ 20 ശതമാനം ശമ്പളം കുറവാണെന്ന് മോണ്‍സ്റ്റര്‍ സാലറി ഇന്‍ഡെക്‌സ് (എംഎസ്‌ഐ) പറയുന്നു. പുരുഷന് മണിക്കൂറില്‍ 231 രൂപ ലഭിക്കുമ്പോള്‍ സ്ത്രീക്ക് 184.8 രൂപയാണ് ലഭിക്കുന്നത്. അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിടവ് വര്‍ധിക്കുകയും ചെയ്യുന്നുവെന്ന് എംഎസ്‌ഐ പറയുന്നു.
ജോയി ഫിലിപ്പ്