ക്ഷോഭിക്കുന്ന വയറിനൊരു സാന്ത്വനം
അസാംക്രമിക രോഗങ്ങളാണ് ഈ നൂറ്റാണ്ടില്‍ ആരോഗ്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി. ശുചിത്വബോധം, പോഷകാഹാരങ്ങളുടെ ലഭ്യത, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം തുടങ്ങിയവ വഴിയുള്ള സാംക്രമിക രോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ പറഞ്ഞ നടപടികളോ, മുന്‍കരുതലുകളോ എളുപ്പം നിയന്ത്രിക്കാനാവാത്തവയാണ് ഇന്നത്തെ അസുഖങ്ങള്‍. ഇതിനു കാരണം ഉദാസീനമായ ജീവിതശൈലിയും ജങ്ക്ഫുഡും (കൃത്രിമ വസ്തുക്കള്‍ ചേര്‍ത്ത, പോഷകാംശം തീരേ കുറഞ്ഞ ഭക്ഷണം), കൂടിയ മാനസിക പിരിമുറുക്കവും ആണ്. അസാംക്രമിക രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗ്രഹണി അഥവാ ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്)

ലക്ഷണങ്ങള്‍

വയറിളക്കം, ചിലപ്പോള്‍ തുടര്‍ച്ചയായി മലത്തിലൂടെയുള്ള കഫസ്രവം (പ്രത്യേകിച്ചും ഭക്ഷണശേഷം), കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വയറുവേദന തുടങ്ങിയവയാണ് ഗ്രഹണി അഥവാ ഐബിഎസിന്റെ പ്രധാന ലക്ഷണങ്ങള്‍.

കാരണങ്ങള്‍

ഈ അസുഖത്തിനുള്ള പ്രധാന കാരണങ്ങള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഒപ്പം ആരോഗ്യത്തിനു ഹാനികരമായ ആഹാരങ്ങളുടെ തുടര്‍ച്ചയായ ഉപയോഗവുമാണ്. ഫ്രിഡ്ജില്‍ വച്ചതും വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ വളരെ സാവകാശം മാത്രം ഫലം ചെയ്യുന്ന വിഷംപോലെയാണ്. അതിന്റെ സൂക്ഷ്മമായ രാസമാറ്റ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയുര്‍വേദം പറയുന്നു.

ചൂടാക്കിയ തൈര്, മത്സ്യവും തൈരും ഒന്നിച്ചു കഴിക്കുന്നത്, സിട്രസ് വര്‍ഗത്തിലുള്ള പഴങ്ങളോടൊപ്പം പാലോ പാലുത്പന്നങ്ങളോ ഒന്നിച്ചുപയോഗിക്കുന്നത് എന്നിവ ഐബിഎസ് ഉണ്ടാകാനുള്ള കാരണങ്ങളായി മാറും. നല്ല ഭക്ഷണശീലം ഈ അസുഖം വരാതിരിക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ ഒരു ചൊല്ലുണ്ട് ''കാലേഹിതമിതഭോജി' (ആരാണോ ശരിയായ ഭക്ഷണം ശരിയായ അളവില്‍ ശരിയായ സമയത്ത് കഴിക്കുന്നത് ആ വ്യക്തി ആരോഗ്യവാനായിരിക്കും.)

ഇത് ഐബിഎസിനെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. ആധുനിക കാഴ്ചപ്പാട് ഐബിഎസ് ഒരു ഓട്ടോ ഇമ്യൂണല്‍ കണ്‍ഡീഷന്‍ ആണെന്നാണ്. അതിന്റെ രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചുവരുന്നു. മെസാകോള്‍ പോലെ മലദ്വാരത്തില്‍ തിരുകിവയ്ക്കാവുന്ന മരുന്നുകളും കഴിക്കാനുള്ള മരുന്നുകളും ലഭ്യമാണ്. ഇതു ക്രമേണ ആ വ്യക്തിയുടെ ശരീരഭാരം കുറഞ്ഞുവരുന്നതിനും വന്‍കുടലിലെ മ്യൂകസ് മുഴുവനായും നഷ്ടപ്പെടാനും കാരണമാകും. ഇതു ക്രോണ്‍സ് രോഗം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ചികിത്സാരീതി

ആയുര്‍വേദത്തില്‍ ഇതിനു വ്യവസ്ഥിതമായ ചികിത്സാവിധി ഉണ്ട്, പ്രത്യേകിച്ചും ആരംഭാവസ്ഥയില്‍. പഴക്കംചെന്ന അവസ്ഥയില്‍ ഗ്രഹണി അഥവാ ഐബിഎസ് നെ കൈകാര്യം ചെയ്യുന്നതു വളരെ ബുദ്ധിമുാണ്.

ഐബിഎസ് ഉള്ള വ്യക്തികള്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ശുദ്ധമായ രീതിയില്‍ അപ്പോഴപ്പോള്‍ വീട്ടില്‍ പാകംചെയ്തു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിറ്റമൃത് (Tinospora Cordifolia) കൊണ്ടുണ്ടാക്കിയ ശീതകഷായം അന്നന്നുവച്ച് കഴിക്കുക. മനസിനെ ശാന്തമാക്കാന്‍ കഴിവുള്ള ക്ഷീരബലപോലുള്ള തൈലം തലയില്‍ തേച്ച് കുളിക്കുക എന്നീ കാര്യങ്ങള്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടതാണ്.

മുത്തങ്ങ (Cyperus Rotundus) ചന്ദനം, രാമച്ചത്തിന്റെ വേര് (Vetiver root) എന്നിവ ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിക്കണം. അതുപോലെ, ഈന്തപ്പഴം, നായ്ക്കുരണ (Kapikachhu seed), ശതാവരി പൊടി, ഉഴുന്ന് എന്നിവ പാലില്‍ ഇട്ട് തിളപ്പിച്ച കല്‍ക്കണ്ടവും കൂട്ടി കുടിക്കണം. ഇത് ഐബിഎസ് കാരണം ബുദ്ധിമുട്ടുന്നവര്‍ക്കു നല്ല ഗുണം ചെയ്യും.

അവര്‍ക്ക്, രോഗശമനത്തിനുള്ള ഉപാധി എന്ന നിലയില്‍ വൈദ്യസഹായമില്ലാതെ തന്നെ, രണ്ടു കദളിപ്പഴം, പനംചക്കര ഇവ പാലില്‍ ഇട്ട് തിളപ്പിച്ചശേഷം ഒന്ന് ചൂടാറുമ്പോള്‍ അതിലേക്കു രണ്ടു ടീസ്പൂണ്‍ പ്രത്യേകമായുണ്ടാക്കിയ നെല്ലിക്ക ജ്യൂസും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഇളക്കണം. ഈ കൂട്ട്, ഒരു കുഴമ്പു രൂപത്തില്‍ ആയിരിക്കും ഉണ്ടാവുക. ഇത് എന്നും രാത്രി കിടക്കുന്നതിനു മുമ്പ് രണ്ടു ടേബിള്‍ സ്പൂണ്‍ വീതം കഴിക്കാം. ഐബിഎസ് കാരണം ബുദ്ധിമുുന്നവര്‍ക്കു ദീര്‍ഘനാളത്തേക്ക് ഇങ്ങനെ കഴിക്കുന്നതു നന്നായിരിക്കും.


മാതളനാരങ്ങയ്ക്ക് (Pomegranate) ധാരാളം ഗുണങ്ങള്‍ ഉണ്ട്. ആ ഫലം കഴിക്കുന്നതു മനസിന് ഉന്മേഷമുണ്ടാക്കാന്‍ സഹായകമാണ്. ഇതില്‍ ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. രക്തത്തെ ശുദ്ധീകരിക്കാനും മാതളനാരങ്ങയ്ക്ക് കഴിയും. ഇതു കഴിക്കുമ്പോള്‍ നല്ലപോലെ ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം. സാധാരണ ആള്‍ക്കാര്‍ മാതളനാരങ്ങ തിന്നുകഴിഞ്ഞ് വലിച്ചെറിയുന്ന അതിന്റെ തൊലി യഥാര്‍ഥത്തില്‍ ഐബിഎസ് ഉള്ളവര്‍ക്ക് ആ അസുഖത്തിനു നല്ലൊരു പരിഹാരമാര്‍ഗമാണ്.

വീിട്ടലുണ്ടാക്കിയ മോര് 15 മില്ലി ലിറ്റര്‍ എടുത്ത് സാധാരണ അന്തരീക്ഷോഷ്മാവില്‍ ഒരു രാത്രി മുഴുവന്‍ വച്ച് പുളിപ്പിക്കുക. അടുത്തദിവസം രാവിലെ ആ മോരിലേക്ക് അത്രയും (15 മില്ലി) വെള്ളം ചേര്‍ക്കണം. ഒരു മാതളനാരങ്ങയുടെ ഉണങ്ങിയ തൊലി ചെറുതായി പൊടിച്ച് അതിലിടുക. കുറച്ചു മഞ്ഞള്‍ ചേര്‍ത്തു ചെറുതീയില്‍ തിളപ്പിക്കണം. ആ വെള്ളം പിരിഞ്ഞുപോകുന്നുണ്ടെങ്കില്‍ അതിലേക്ക് അല്പം അരിപ്പൊടി ചേര്‍ത്ത് വീണ്ടും തിളപ്പിക്കാവുന്നതാണ്. ആ ലായനി പകുതി അളവ് ആയാല്‍ അതിലേക്ക് അല്പം നെയ്യില്‍ ജീരകവും കറിവേപ്പിലയും ചേര്‍ത്തു തിളപ്പിക്കുക. ഈ പാനീയം ചെറുചൂടോടെ ഒരു ദിവസം രണ്ടുനേരം ഭക്ഷണത്തിനു ശേഷം കഴിക്കാം. ഇത് ആര്‍ക്കും എന്നും കുടിക്കാന്‍ തോന്നുന്ന സ്വാദിഷ്ടമായ ഒരു പാനീയമാണ്.

ഈ ഗൃഹവൈദ്യത്തിലെ ഐബിഎസ്‌നുള്ള പരിഹാരമാര്‍ഗങ്ങളെല്ലാം വാസ്തവത്തില്‍ ഭക്ഷണത്തിലെ പോഷകാംശങ്ങളുടെ കുറവ് നികത്താനാണ്.

മനസ് ശാന്തമാക്കാം

ഐബിഎസിനെ നിലനില്‍ക്കാന്‍ സഹായിക്കുന്നതു മാനസിക സമ്മര്‍ദമാണ്. അതുകൊണ്ട് മനസിനെ ശാന്തമാക്കി വയ്ക്കാനും ചെറിയ ചെറിയ കാരണങ്ങള്‍കൊണ്ട് വികാരക്ഷോഭം ഉണ്ടാകാതിരിക്കാനും ശീലിക്കണം. പ്രാണായാമം, ധ്യാനം എന്നിവ പഠിച്ച് അതിലൂടെ മനസ്ഥൈര്യം എങ്ങനെ ആര്‍ജിക്കാം എന്നു സ്വയം മനസിലാക്കണം. ഇതിനായി ഓരോരുത്തരും അവലംബിക്കുന്ന മാര്‍ഗങ്ങള്‍ വ്യത്യസ്തമാകാം. ഓരോ വ്യ്ക്തിക്കും ആ വ്യക്തിയുടേതായ വഴി കണ്ടെത്താം.

മദ്യം ഐബിഎസിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു. ഐബിഎസില്‍നിന്നും മുക്തി നേടണമെങ്കില്‍ മദ്യം ഒഴിവാക്കുകയാണു നല്ലത്. ചുരുക്കിപ്പറഞ്ഞാല്‍ കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മനസിനെ ശാന്തമാക്കിവയ്ക്കുക എന്നീ കാര്യങ്ങള്‍ ഈ അസുഖത്തില്‍നിന്നും ആശ്വാസം നേടാനുള്ള മുന്‍ ഉപാധികളാണ്. പുറമേയുള്ള ഇത്തരം ഘടകങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലാണെങ്കില്‍ ഐബിഎസ് സുപ്താവസ്ഥയില്‍ ആയിരിക്കും. ഇങ്ങനെ വളരെ നാളുകള്‍ തുടര്‍ന്നാല്‍ ഈ അസുഖം നിശേഷം മാറുകയും ചെയ്യും. അതായത് ഓാേ ഇമ്യൂണ്‍ റെസ്‌പോണ്‍സ് പ്രതിലോമമാക്കപ്പെടുകയും ക്രമേണ ഈ അസുഖത്തിന്റെ നിഴല്‍പ്പാട് ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയില്‍നിന്നും പൂര്‍ണമായും മാഞ്ഞുപോവുകയും ചെയ്യും.

അതിനാലാണ് ആയുര്‍വേദം ദിനചര്യ (Diuranal Routine), രാത്രിചര്യ (Nocturanal Routine), ഋതു ചര്യ (Seasonal Routine), സദ്‌വൃത്ത പരിപാലനം (Code of Conduct for an Individual) എന്നിവ ആചരിക്കാന്‍ അനുശാസിക്കുന്നത്. ഇവ കൃത്യമായി അനുഷ്ഠിക്കുകയാണെങ്കില്‍ ഇന്നേറ്റവും വലിയ ആഗോള ആരോഗ്യപ്രശ്‌നമായി മാറിയിക്കുന്ന ഐബിഎസില്‍നിന്നും മറ്റ് അസാംക്രമിക രോഗങ്ങളില്‍നിന്നുമെല്ലാം ഒരു കൊച്ചുകുഞ്ഞിന് പുതപ്പ് എന്നപോലെ ഈ ചര്യകള്‍ തന്നെ സംരക്ഷണം നല്‍കും.

ഡോ. ജി.ജി ഗംഗാധരന്‍
ഡയറക്ടര്‍ രാമയ്യ ഇന്‍ഡിക് സ്‌പെഷ്യാലിറ്റി ആയുര്‍വേദ,ബംഗലൂരു