ഗര്‍ഭകാല ദന്താരോഗ്യം
സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും മഹത്വപൂര്‍ണവുമായ കാലമാണ് ഗര്‍ഭകാലം. ഈ അവസ്ഥയില്‍ അവര്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കാറുണ്ട്. ഗര്‍ഭകാലത്ത് സ്ത്രീയുടെ വായില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ദന്താരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉള്ള അറിവ് പലര്‍ക്കും വിരളമാണ്.

ഗര്‍ഭകാലം

270- 280 ദിവസം നീളുന്ന ഗര്‍ഭകാലത്തെ മൂന്നു മാസം വീതമുള്ള മൂന്നു കാലങ്ങളായി തിരിച്ചിരിക്കുന്നു. (Trimesters)

ആദ്യ മൂന്നു മാസം (First Trimester)

ഈ 90 ദിവസങ്ങളില്‍ 17- 57 വരെയുള്ള ദിവസങ്ങള്‍ സിക്താണ്ഡം ഭ്രൂണം എന്ന അവസ്ഥയില്‍നിന്ന് പല അവയവങ്ങളുടെയും ആദ്യ ഉല്‍പത്തി നടക്കുന്ന ഏറ്റവും പ്രധാന കാലമാണ് (Organogenesis). അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ ഈ അവസ്ഥയില്‍ കുഞ്ഞിന് ഉണ്ടാകുന്ന ഈ പ്രക്രിയയ്ക്ക് തടസം വരുത്തുകയും പല വൈകല്യങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. പണ്ട് ഗര്‍ഭിണികളില്‍ ഉപയോഗിച്ചിരുന്ന താലിഡോമൈഡ് (Thalidomide) എന്ന മരുന്ന് കുഞ്ഞിന്റെ കൈ - കാല്‍ വളര്‍ച്ചയെ ബാധിച്ച് തിമിംഗലത്തിന്റെ അഥവാ കടല്‍ ജീവികളുടെ തുഴപോലെയുള്ള കൈകാലുകളുടെ ആകൃതി കൈവരിക്കുന്ന വൈകല്യമായ ഫോക്കോമീലിയയ്ക്കു (Seal Limbs/Phocomelia) കാരണമായിരുന്നു. ഇത് കണ്ടെത്തിയതോടെ ഈ മരുന്നിന്റെ ഉപയോഗം നിര്‍ത്തി.

രണ്ടാമത്തെ മൂന്നു മാസം (Second Trimester)

ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ ഹോര്‍മോണുകളുടെ വ്യതിയാനം വായിലും പ്രതിധ്വനിക്കുന്നു. മോണയില്‍ വീക്കം, കടും ചുവപ്പുനിറം, നീര്, രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. ഒപ്പം ചിലര്‍ക്കു മോണയില്‍ ദശ വളര്‍ച്ചയും കാണാറുണ്ട്. ഇത് കാന്‍സര്‍ ആണെന്നു പലരും തെറ്റിദ്ധരിക്കാറുണ്ട്. ശരിയായ ദന്തശുചിത്വവും ഒപ്പം നല്ലൊരു മോണരോഗ വിദഗ്ധന്റെ അടുത്തുനിന്ന് ക്ലീനിംഗ് അഥവാ അള്‍ട്രാ സോണിക് സ്‌കെയിലിംഗ് ചെയ്താല്‍ ഇതിന് ആശ്വാസം ഉണ്ടാകും. ദന്തചികിത്സകള്‍ ഈ കാലഘട്ടത്തിലാണ് നടത്തുക.

മൂന്നാമത്തെ മൂന്നുമാസം (Third Trimester)

ആദ്യ മൂന്നു മാസം പോലെ തന്നെ വളരെ പ്രാധാന്യമുള്ളവയാണ് അവസാന മൂന്നു മാസവും. രക്തസമ്മര്‍ദം കുറയാനുള്ള സാധ്യതയും ഒപ്പം തലകറക്കവും തലവേദനയും കൂടുതലാകുന്നു. ദന്തചികിത്സ ഈ കാലത്ത് ചെയ്യാന്‍ പാടില്ല. മോണരോഗങ്ങള്‍ മുന്‍കൂട്ടി കണ്ട് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. മോണരോഗം (Periodontitis) ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ (Low Birth Weight Babies) ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ദന്താരോഗ്യവിദഗ്ധര്‍ അറിയേണ്ട പ്രധാന ശാരീരിക വൃതിയാനങ്ങള്‍

1. അമിതമായ അന്നനാള രസങ്ങള്‍ ദന്തക്ഷയം

ഗര്‍ഭിണികള്‍ സ്ഥിരമായി ഛര്‍ദിക്കുന്നത് സാധാരണയാണല്ലോ. മാസം കഴിയുന്തോറും ഗര്‍ഭപാത്രം വികസിക്കുകയും അന്നനാളി തുറക്കുകയും കൂടുതല്‍ ആമാശയ രസങ്ങള്‍ വായിലേക്കു വരികയും ചെയ്യുന്നു. ഈ രസങ്ങള്‍ (Acid) പല്ലില്‍ വീഴുകയും പതിയെപ്പതിയെ ദന്തക്ഷയം ഉണ്ടാകുകയും ചെയ്യും. ഇത്തരത്തിലുള്ള ദന്തക്ഷയത്തിനു മുന്നോടിയായി പല്ലു ദ്രവിക്കുകയും (Erosion) ചെയ്യും.

2. രക്തചംക്രമണത്തിലെ വ്യതിയാനം

രക്തത്തിന്റെ അളവ്, ഹൃദയമിടിപ്പ്, വൃക്കയിലേക്കുള്ള രക്തയോട്ടം എന്നിവ കൂടുന്നു. ഇതുമൂലം പലപ്പോഴും രക്തസമ്മര്‍ദം ഗര്‍ഭിണികളില്‍ കുറവായിരിക്കും. തലകറക്കം, ക്ഷീണം എന്നിവ ഇതുകാരണം ഉണ്ടാകുന്നു. മൂന്നാമത്തെ കാലഘട്ടത്തില്‍ ഒത്തിരിനേരം ഇരുന്നാല്‍ തന്നെ ഗര്‍ഭപാത്രം ഇന്‍ഫീരിയല്‍ വീനക്കാവ എന്ന രക്തക്കുഴലില്‍ ഏല്‍പ്പിക്കുന്ന സര്‍ദം കാരണം തലചുറ്റലുണ്ടാകുന്നു. അതിനാല്‍ ദന്തചികിത്സ ചെയ്യുമ്പോള്‍ ഇടത്തേക്കു ചരിച്ച് ഇരുത്തിയാണ് ചികിത്സ നല്കുന്നത്. (Left Lateral Position). അമിതരക്തസമ്മര്‍ദം ചിലരില്‍ കണ്ടുവരാറുണ്ട്. ഇത് അമിതരക്തസ്രാവത്തിനും കാരണമാകുന്നു.


left lateral position ഓക്കാനവും ചെറിയ ചികിത്സാ ഉപകരണങ്ങള്‍ വിഴുങ്ങിപ്പോകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

3. ഹോര്‍മോണിലുള്ള വ്യതിയാനം

ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അവയുടെ വ്യതിയാനം മോണയിലുണ്ടാക്കുന്ന നീര്, രക്തസ്രാവം, പ്രഗ്നന്‍സി ട്യൂമര്‍ എന്നറിയപ്പെടുന്ന മോണയില്‍ കാണപ്പെടുന്ന വളര്‍ച്ച എന്നിവയ്ക്ക് കാരണമാകുന്നു. പലരിലും കാന്‍സര്‍ എന്ന ഭീതി ഉണ്ടാക്കുമെങ്കിലും ഇത് പേടിക്കേണ്ട ഒന്നല്ല. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടോ അമിതരക്തസ്രാവമോ ഉണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യേണ്ടതുള്ളൂ.

4. രക്തത്തിലെ പഞ്ചസാരയുടെ അളവ്

പ്രമേഹവും മോണരോഗങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഗര്‍ഭിണികളില്‍ 24ാമത്തെ ആഴ്ച മുതല്‍ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇതിനെ Gestational Diabetes Mellitus എന്നു പറയുന്നു. മോണരോഗങ്ങള്‍ യഥാസമയം ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ പ്രമേഹം കൂടുന്നതിനും തിരിച്ച് ഈ പ്രമേഹം ചികിത്സിച്ചില്ലെങ്കില്‍ മോണരോഗം വര്‍ധിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കേണ്ടതും ദന്തശുചിത്വം കാത്തുസൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. എക്‌സ്‌റേ കഴിവതും ഒഴിവാക്കുക
2. ചികിത്സ പരമാവധി 46 മാസങ്ങളില്‍ ((Second Trimester)
3. ചികിത്സ നല്കുമ്പോള്‍ ഉള്ള Position-Left Lateral; വലതു വശത്ത് ഒരു തലയിണകൂടി വച്ചു കൊടുക്കാവുന്നതാണ്.
4. മരുന്നുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. എന്നാലും അമോക്‌സിലിന്‍ തുടങ്ങിയ സ്ഥിരം ആന്റിബയോട്ടിക്കുകളും പാരസെറ്റമോള്‍ പോലുള്ള വേദനാസംഹാരികളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
5. മോണയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച് മുതലായവ കഴിക്കാന്‍ ഉപദേശിക്കുക. ഒപ്പം വായില്‍ അഴുക്ക് (Plaque) അടിയാതെ രണ്ടുനേരം ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാന്‍ ഉപദേശിക്കുക.

ഗര്‍ഭിണികള്‍ അറിയേണ്ടത്

1. വായിലുണ്ടാകുന്ന രക്തസ്രാവം, ദശവളര്‍ച്ച കണ്ട് കാന്‍സര്‍ എന്നു തെറ്റിദ്ധരിക്കാതെ മോണരോഗ വിദഗ്ധനെ കണ്ട് ചികിത്സ നേടുക.
2. രണ്ടുനേരം ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുക. മൂന്നു മാസത്തിലൊരിക്കല്‍ ദന്തരോഗ വിദഗ്ധനെ സന്ദര്‍ശിക്കുക.
3. ജീവകം സി അടങ്ങിയ പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക.
4. അമിതമായ മധുരത്തിന്റെ ഉപയോഗം കുറയ്ക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ ദന്തരോഗം കുറയ്ക്കാന്‍ സാധിക്കും.

ഡോ.മണികണ്ഠന്‍ ജി.ആര്‍.
ദന്തരോഗവിദഗ്ധന്‍, തിരുവനന്തപുരം