സാമ്പത്തിക സുരക്ഷാ പ്ലാനുകള്‍; സ്ത്രീകള്‍ക്കായി
യുക്തിസഹമായ ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സാമ്പത്തിക അച്ചടക്കം, ക്രമമമായ സമ്പാദ്യം, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് നിര്‍ണായക റോളാണുള്ളത്.

ധനശാസ്ത്രത്തില്‍ സ്ത്രീ, പുരുഷ വ്യത്യാസമൊന്നുമില്ലെങ്കിലും ധനകാര്യാസൂത്രണത്തിന്റെ കാര്യം വരുമ്പോള്‍ സ്ത്രീപക്ഷമായി തന്നെ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. സ്ത്രീകള്‍ മാത്രമായി നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ തന്നെ കാരണം. പുരുഷന്മാരെക്കാള്‍ കൂടുതലുള്ള ആയുര്‍ ദൈര്‍ഘ്യം, സ്‌ത്രൈണ രോഗങ്ങള്‍, ഏകയായി ദീര്‍ഘകാലം ജീവിക്കേണ്ടി വരിക, ഉയരുന്ന ചികിത്സാച്ചെലവ്... തുടങ്ങിയവ ഇതില്‍ ചിലതാണ്.

അതുകൊണ്ടുതന്നെ നിക്ഷേപം, സമ്പാദ്യം തുടങ്ങിയവയുടെ കാര്യം വരുമ്പോള്‍ ഇത്തരം ധനകാര്യാവശ്യങ്ങള്‍ കൂടി കണക്കിലെടുക്കണം.

സ്ത്രീകളുടെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഏറ്റുവും വലിയ വെല്ലുവിളി നിറഞ്ഞ കാലമാണ് കുഞ്ഞുങ്ങളെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത്. ഇതു ആനന്ദകരമാണെങ്കിലും സ്ത്രീകളുടെ സമ്പാദ്യത്തെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചിലര്‍ ജോലി ഉപേക്ഷിക്കുകയും കുട്ടികള്‍ വലുതാകുമ്പോള്‍ കുറഞ്ഞ ശമ്പളത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു; മറ്റു ചിലര്‍ പ്രമോഷനുകള്‍ വേണ്ടെന്നു വയ്ക്കുന്നു; ദീര്‍ഘകാലം അവധി എടുക്കേണ്ടി വരുന്നതിനാല്‍ അതു കരിയറിനെ ബാധിക്കുന്നു... ഇതിന്റെയെല്ലാം സമ്മര്‍ദം അവസാനം ചെന്നെത്തുന്നത് മോശമായ ധനകാര്യസ്ഥിതിയിലാണ്.

ജീവശാസ്ത്രപരവും ജനിതകവുമായ കാരണങ്ങളാല്‍ സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളും പ്രത്യേകതയുള്ളതാണ്. സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ഉയര്‍ന്ന റിസ്‌ക് സ്ത്രീകള്‍ക്കു മുമ്പിലുണ്ട്. ഇപ്പോള്‍ ഇവയ്ക്കു മികച്ച ചികിത്സ ലഭ്യമാണെങ്കിലും വൈകാരികമായും സാമ്പത്തികമായും ഇതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ചിലപ്പോള്‍ കുടംബത്തിന്റെ ജീവിതകാലത്തെ സമ്പാദ്യം തന്നെ ഇല്ലാതാക്കും ഇത്തരം രോഗങ്ങളുടെ വരവ്.

വൈധവ്യം, വിവാഹമോചനം, വിവാഹം കഴിക്കാത്തത് തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് ധനകാര്യഭാവി ആസൂത്രണം ചെയ്യേണ്ടത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെതാണ്. ഇതിലൂടെ ധനകാര്യ സ്വാതന്ത്ര്യം നേടുകയെന്നതും.

''സമ്പത്ത് ശബ്ദം നല്‍കുന്നു; ശക്തി നല്‍കുന്നു'' എന്ന കാര്യം മറക്കാതിരിക്കുക.

സാധാരണമായ മറ്റൊരു തെറ്റുകൂടിയുണ്ട്. ഇക്കാര്യത്തില്‍ മുന്നില്‍ പോകുന്നവരെ പിന്തുടരുത്. പുതിയതായി വരുമാനമുണ്ടായിത്തുടങ്ങി എന്നതുകൊണ്ടുമാത്രം വീടോ അല്ലെങ്കില്‍ സ്വര്‍ണമോ വാങ്ങരുത്. ഭാവി ആവശ്യങ്ങളും പണലഭ്യതയും (ആവശ്യമുള്ളപ്പോള്‍ പണമായിതന്നെ ലഭിക്കണം. വീട് ഉണ്ടെന്നു പറഞ്ഞിട്ടുകാര്യമില്ല) വിലയിരുത്തി വേണം ഭൗതികാസ്തികളില്‍ നിക്ഷേപം നടത്താന്‍.

കഴിഞ്ഞ തലമുറയിലെ ഒരു ഉദ്യോഗസ്ഥയുടെ അനുഭവം ഇവിടെ കുറിക്കുകയാണ്. വളരെ ചെറുപ്പത്തില്‍തന്നെ ബാങ്കില്‍ ഉദ്യോഗസ്ഥയായി. ആ തലമുറയിലെ എല്ലാവരേയുംപോലെ സ്ഥലം വാങ്ങി വായ്പ എടുത്ത് ഒരു വീടു വച്ചു. ബാങ്കിംഗ് ജോലിയല്ലേ, സ്ഥലംമാറ്റമായി വന്‍നഗരത്തിലേക്ക്. അവിടെ വാടകയ്ക്കു വീടെടുത്തു ജീവിതം തുടങ്ങി. സ്വന്തം വീടിന്റെ വായ്പ, പ്രമോഷനും കുട്ടികളുടെ പഠനവുമൊക്കെ ആയപ്പോള്‍ ആ നഗരത്തില്‍തന്നെ തുടരാന്‍ നിര്‍ബന്ധിതരായി. വീട് വാടകയ്ക്കു കൊടുക്കുന്നതിന്റെ, അതിന്റെ അറ്റകുറ്റപ്പണികള്‍... തലവേദനതന്നെ. പുതിയ ജോലിയിലേക്കു പ്രവേശിക്കുന്ന മക്കള്‍ക്ക് ആ വീടു വേണ്ട. വീടു വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് മനസിലാകുന്നത് അത് എത്രയോ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന്. അടുത്ത നിക്ഷേപം സ്വര്‍ണമായിരുന്നു മകള്‍ക്കാവട്ടെ സ്വര്‍ണത്തോട് വലിയ താല്പര്യമില്ല. വസ്തുവെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഉപയോഗത്തിനു പരിധിയുമുണ്ട്. അതേസമം ധനകാര്യ ഉപകരണങ്ങള്‍ വളരെ പെട്ടെന്നു പണമാക്കി മാറ്റാം. ഏത് ആവശ്യത്തിനായും ഉപയോഗിക്കുകയും ചെയ്യാം.

അതുകൊണ്ടു നിക്ഷേപം വളരെ കരുതലോടെ നടത്തണം. സുരക്ഷിതമായ ധനകാര്യഭാവി ഉറപ്പാക്കുകയെന്നതായിരിക്കണം ലക്ഷ്യം. ആവശ്യമുള്ളപ്പോള്‍ കൈവശം പണം ലഭിക്കുന്നവിധത്തില്‍ ഉയര്‍ന്ന ലിക്വിഡിറ്റി ഉള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അതേസമയം ദീര്‍ഘകാലത്തില്‍ മികച്ച റിട്ടേണും നല്‍കുന്നതായിരിക്കണം.

ഈ ലക്ഷ്യത്തിലേക്കുള്ള അല്ലെങ്കില്‍ ധനകാര്യ സ്വാതന്ത്ര്യത്തിലേക്ക് എത്താനുള്ള ഒരു ഉപകരണം മാത്രമാണ് ധനകാര്യ ആസൂത്രണമെന്നത് മനസിലാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. പണമുണ്ടെങ്കില്‍ നേടാവുന്ന തന്റെ ധനകാര്യ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും എങ്ങനെ നേടാം എന്നതിനുത്തരമാണ് ധനകാര്യ ആസൂത്രണം. ഇതുവഴി ലക്ഷ്യത്തെക്കുറിച്ചുള്ള അവബോധം മാത്രമല്ല ഉണ്ടാകുന്നത്, ഭാവിയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നേരിടേണ്ടതായി വന്നാല്‍ ആവിശ്വാസത്തോടെ അതു തരണം ചെയ്യാന്‍ ഇതു സഹായിക്കുകയും ചെയ്യും.

അച്ചടക്കവും ക്രമമായ നിക്ഷേപവും

ധനകാര്യഭാവി സുരക്ഷിതമാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ധനകാര്യ സാക്ഷരത നേടുകയെന്നതാണ്. ഇല്ലെങ്കില്‍ പല തട്ടിപ്പുകളിലും പെട്ടുപോകും. ബാങ്കുകാര്‍, ധനകാര്യ ഉപകരണ വിതരണക്കാര്‍, സൈബര്‍ കള്ളന്മാര്‍ തുടങ്ങി നിരവധിപേര്‍ ചതിക്കുഴികളൊരുക്കി കാത്തിരിപ്പുണ്ടെന്ന് ഓര്‍മിക്കുക. സുഹൃത്തിന്റെ, ബന്ധുവിന്റെ ആവശ്യം നിരസിക്കുവാന്‍ സാധിക്കാത്തതുകൊണ്ട് ആവശ്യമില്ലാത്ത ധനകാര്യ ഉത്പന്നം വാങ്ങി ബാധ്യത വളരെക്കാലം ചുമക്കേണ്ടി വരുന്ന പലരേയും ഈ ലേഖകന് അറിയാം.

ജീവിതത്തില്‍ ധനകാര്യ സുരക്ഷ ഉറപ്പുവരുത്തുവാന്‍ എഫ്ഡി, പിഎഫ് തുടങ്ങിയ സ്ഥിരനിക്ഷേപ ഉപകരണങ്ങള്‍ മാത്രം പേരാ. പലപ്പോഴും പണപ്പെരുപ്പത്തെ അതിജീവിക്കുന്ന വരുമാനം ഇതു നല്‍കുന്നില്ല. തന്റെ ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ ഓഹരിയിലും നിക്ഷേപം നടത്തണം. പണപ്പെരുപ്പത്തെ മറികടക്കാന്‍ ഇതാവശ്യമാണ്.


സ്വഭാവികമായിത്തന്നെ റിസ്‌ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. ഓഹരിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ ധൈര്യമില്ലെങ്കില്‍ തുടക്കത്തിനായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി ആരംഭിക്കാം.

മുന്‍ഗണനകള്‍ നിശ്ചയിക്കുക; നിക്ഷേപം നടത്തുക

ധനകാര്യ ലക്ഷ്യങ്ങള്‍ ആദ്യം നിശ്ചയിക്കുക. ഉദാഹരണത്തിന് റിയര്‍മെന്റിനുശേഷമുള്ള ജീവിതത്തിനാവശ്യമായ തുക.

സാമ്പത്തിക അച്ചടക്കവും ക്രമമായ സമ്പാദ്യവും നിക്ഷേപങ്ങളും ഏത് ധനകാര്യ ആസൂത്രണത്തിന്‍േറയും ആണിക്കല്ലാണ്. ഇവ വഴി ദീര്‍ഘകാലത്തില്‍ മികച്ച സമ്പത്ത് നേടിയെടുക്കുവാനും ധനകാര്യ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ഒന്നൊന്നായി നേടുവാനും സാധിക്കും. ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും ഓര്‍മയില്‍ വയ്ക്കണം.

ജീവിതത്തിലെ ഓരോ ഘട്ടത്തിലും ധനകാര്യ ആവശ്യങ്ങളും ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും മാറും. ഈ ഓരോ ഘട്ടവും കണക്കിലെടുത്തു ധനകാര്യ ആസൂത്രണം ചെയ്യാം.

സമ്പാദിക്കുവാന്‍ തുടങ്ങുമ്പോഴേ ദീര്‍ഘകാലത്തില്‍ നിക്ഷേപവും തുടങ്ങുക. സ്വന്തം കാലില്‍ നില്‍ക്കുക, ആവശ്യത്തിനു സമ്പത്തുണ്ടാകുക എന്നീ ലക്ഷ്യത്തോടെ വരുമാനം ഉണ്ടാകുന്ന സമയം മുതലേ സമ്പാദ്യവും നിക്ഷേപവും ആരംഭിക്കുക. ഇതിനായി വൈവിധ്യമാര്‍ന്ന ആസ്തികള്‍ ലഭ്യമാണ്.

നേരത്തെ തുടങ്ങാം

വരുമാനം കിട്ടിത്തുടങ്ങുമ്പോഴേ സമ്പാദിക്കാനും നിക്ഷേപം തുടങ്ങാനും ആരംഭിക്കുക. ചെലവഴിക്കല്‍ പിന്നീട് ആകാം. മാസാദ്യം ശമ്പളം കൈയില്‍ കിട്ടിയാല്‍ ആദ്യം നിക്ഷേപം നടത്താം. ബാക്കി തുക മാത്രം ചെലവഴിക്കാം.

നിക്ഷേപം സമ്പത്തായി വളര്‍ത്തുന്നതില്‍, പ്രത്യേകിച്ചും ദീര്‍ഘകാലത്തില്‍, ഓഹരിക്കു വലിയൊരു സ്ഥാനമുണ്ടെന്ന കാര്യം മറക്കാതിരിക്കുക. ചെറുപ്പക്കാര്‍ മുതല്‍ റിട്ടയര്‍ ചെയ്തവര്‍ വരെ അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഓഹരിയില്‍ നിക്ഷേപിച്ചിരിക്കണം. ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ 35 വര്‍ഷക്കാലത്ത് 16/ 17 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കിയിട്ടുണ്ട് എന്ന കാര്യം മറക്കാതിരിക്കുക. ദീര്‍ഘകാലത്തില്‍ ഏറ്റവും കൂടുതല്‍ റിണ്‍േ നല്‍കുന്ന ആസ്തിയും കൂടിയാണിത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ശരാശരി 14/ 16 ശതമാനം വാര്‍ഷിക റിേട്ടണും നല്‍കിയിട്ടുണ്ട്.

ഇരുപതുകളില്‍ തുടങ്ങാം

ബജറ്റ്: വരുമാനം തുടങ്ങുന്ന സമയമാണിത്. ആ സമയംതന്നെ ചെലവിന്റെ ഡയറി എഴുതുക. ഇതില്‍നിന്നു ഓരോ മാസവും വരുന്ന വരുമാനവും ചെലവും മനസിലാക്കാം. അതായത് ഒരു ബജറ്റ് തയാറാക്കുക. നിക്ഷേപത്തിന് ഇത്ര തുക, വിദ്യാഭ്യാസ വായ്പയ്ക്ക് ഇത്ര തുക, മാസത്തെ ഭക്ഷണച്ചെലവ്, യാത്ര, വിനോദം തുടങ്ങിയവയെല്ലാം കുറിക്കുക. ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ചെലവിനെക്കുറിച്ച് ഒരു ധാരണ കിട്ടും. ആവശ്യമില്ലാത്ത ചെലവുകള്‍ ഒഴിവാക്കാം. നിക്ഷേപം കൂട്ടാം. ഏറ്റവും ഉദാരമായി നിക്ഷേപം നടത്താന്‍ കഴിയുന്ന സമയമാണിത്. കാരണം ധനകാര്യ ബാധ്യതകള്‍ ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന സയമാണിത്. ജീവതത്തിന്റെ അടുത്തഘട്ടത്തിലേക്കു കടക്കുമ്പോള്‍ ചെലവുകളും ഉയരും.

ബാങ്കിംഗ്: ബജറ്റ് പോലെതന്നെ പ്രധാനപ്പെട്ടതാണ് അടിസ്ഥാന ബാങ്കിംഗ് കാര്യങ്ങള്‍ പഠിച്ചിരിക്കുകയെന്നതും. സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറക്കുക, നെറ്റ്, മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുക, പലിശ സംബന്ധിച്ച കാര്യങ്ങള്‍, ഡിപ്പോസിറ്റ്, വായ്പ, ബാങ്കുകള്‍ ഈടാക്കുന്ന ഫീസുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഏകദേശ ധാരണ ഉണ്ടാക്കി വയ്ക്കുക. നേരത്തെ സൂചിപ്പിച്ചതുപോലെ വിദഗ്ധര്‍ ആയില്ലെങ്കിലും അടിസ്ഥാനപരമായ ധനകാര്യ സാക്ഷരത നേടുക. ഇതിനു വെറും കോമണ്‍ സെന്‍സ് മതിയാകും.
ഇക്കാര്യത്തിലെല്ലാം സ്വന്തമായ ഒരു കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക.

നിര്‍ബന്ധമായും സ്ത്രീകള്‍ ചെയ്തിരിക്കേണ്ടത്

* ബാങ്ക് അക്കൗണ്ട്
ഡിജിറ്റല്‍ ഇടപാടുകളില്‍ പ്രാവീണ്യം നേടുക

* ആവശ്യത്തിനു ലൈഫ് ഇന്‍ഷുറന്‍സ്
കുടുംബത്തിലെ ആശ്രിതരുടെ സുരക്ഷ ഇതുവഴി ഉറപ്പാകുന്നു. ടേം ഇന്‍ഷുറന്‍സ് വഴി ഇതു സാധ്യമാകുന്ന മറ്റ് ഇന്‍ഷുറന്‍സുകള്‍ മറന്നേക്കുക.

* ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
യുവത്വത്തില്‍ മറ്റേണിറ്റി കവറേജുകൂടി ലഭിക്കുന്ന ആരോഗ്യ പോളിസികള്‍ എടുക്കുക. കാലാകാലങ്ങളില്‍ ആരോഗ്യ പോളിസി കവറേജ് ഉയര്‍ത്തുകയും മുടങ്ങാതെ അടച്ചുപോരുകയും ചെയ്യണം. ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ്, ടോപ് അപ് പോളിസി തുടങ്ങിയവ വഴി ആരോഗ്യ കവറേജ് ശക്തിപ്പെടുത്താം.

* റിട്ടയര്‍മെന്റ് നിധി
ജോലി ചെയ്യുന്ന കാലത്ത് റിട്ടയര്‍മെന്റിനായി നിക്ഷേപം നടത്തുക. ഇപിഎഫ് മാത്രമല്ലാതെ ഓഹരി മ്യൂച്വല്‍ ഫണ്ട് വഴിയും റിട്ടയര്‍മെന്റ് നിധി മെച്ചപ്പെടുത്താം. കാരണം, ജോലി ചെയ്തതിലേറെക്കാലം റിട്ടയര്‍മെന്റിനുശേഷവും ജീവക്കേണ്ട സ്ഥിതിയാണ് പലപ്പോഴും ഉണ്ടാകുന്നത്.

* ആസ്തിയില്‍ ഒരു ഭാഗം എല്ലാക്കാലത്തും ഓഹരിയില്‍ നിക്ഷേപിക്കുക
പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും മികച്ച നിക്ഷേപ ഉപകരണമാണ് ഓഹരിയും ഓഹരിയധിഷ്ഠിത ഉപകരണങ്ങളും. പ്രായം കൂടുന്തോറും ഓഹരിയിലെ നിക്ഷേപത്തിന്റെ തോത് കുറച്ചുകൊണ്ടുവരിക.

ജോയി ഫിലിപ്പ്