"ഇതു സ്റ്റോക്ക് പിക്കിംഗ് വിപണി’
ശക്തമായ ജനവിധി ലഭിച്ച സർക്കാർ, തൊഴിൽ സൃഷ്ടി, നിക്ഷേപം, കാർഷികമേഖലയിലെ വരുമാനം ഉയർത്തൽ തുടങ്ങിയവയിൽ ശ്രദ്ധനൽകുന്നത്, നിക്ഷേപ ലക്ഷ്യമെന്ന നിലയിൽ ഇന്ത്യയ്ക്കു പ്രിയം വർധിക്കുന്നത് തുടങ്ങി പ്രത്യാശ നൽകുന്ന സാന്പത്തികാന്തരീക്ഷമാണ് ഇപ്പോഴത്തേത്. അതോടൊപ്പംതന്നെ, സന്പദ്ഘടനയിലെ തളർച്ച, കന്പനികളുടെ വരുമാന വളർച്ച ദൃശ്യമാകാത്തത്, ആഗോള വ്യാപാരയുദ്ധം, പശ്ചിമേഷ്യയിലെ പ്രശ്നങ്ങളുമുണ്ട്. ഇവ രണ്ടുംകൂടി നിക്ഷേപകരുടെ മനസ്സിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. അവർക്കു മനസിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടുതാനും.

സാധാരണ നിക്ഷേപകരുടെ മനസ്സിൽ ഇത്തരത്തിൽ അനിശ്ചിത്വം മുളപൊട്ടുന്ന സാഹചര്യത്തിലാണ് യുടിഐ മ്യൂച്വൽ ഫണ്ടിന്‍റെ ഫണ്ട് മാനേജർമാർ രാജ്യത്തെ 25 നഗരങ്ങളിലെ മ്യൂച്വൽ ഫണ്ട് വിതരണക്കാരെ നേരിട്ടു കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ നിക്ഷേപക സമൂഹത്തിന് അവരുടെ ധനകാര്യ ലക്ഷ്യങ്ങൾ നേടുന്നതിനു മാർഗ്ഗദർശനവും ഉപദേശവും പിന്തുണയുമൊക്കെ നൽകേണ്ടവരാണ് മ്യൂച്വൽ ഫണ്ട് വിതരണക്കാർ. നിക്ഷേപകരെ അവരുടെ നിക്ഷേപ ലക്ഷ്യം നിശ്ചയിക്കാനും വിപണിയിലെ അസാധാരണമായ ശബ്ദകോലാഹലത്തിൽ പാർശ്വവത്കരിക്കപ്പെടാതിരിക്കാനും മാർഗ്ഗനിർദ്ദേശം നൽകേണ്ട മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് വഴികാട്ടിയാകാനുള്ള ഒരു ഫണ്ട് ഹൗസിന്‍റെ ശ്രമമാണിത്.
യുടിഐ എഎംസി ഗ്രൂപ്പ് പ്രസിഡന്‍റും ഇക്വിറ്റി തലവനുമായ വെട്രി സുബ്രഹ്മണ്യം സന്പദ്ഘടനയെക്കുറിച്ചും വിപണിയെക്കുറിച്ചും വിലയിരുത്തുന്നു.

സന്പദ്ഘടന: ബഹുമുഖ വെല്ലുവിളികളാണ് സന്പദ്ഘടന നേരിടുന്നത്. എൻബിഎഫ്സി പ്രശ്നങ്ങൾ, കയറ്റുമതി മികച്ചമാകാത്തത്, ചെലവു വർധിക്കുന്നത്, ധനകമ്മിയിലെ സമ്മർദ്ദം തുടങ്ങി, നാലാം ക്വാർട്ടറിൽ ചെലവഴിക്കൽ കുറച്ചത് എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിടുന്ന സന്പദ്ഘടന പതിയപ്പതിയേ മെച്ചപ്പെടുകയുള്ളു. സന്പദ്ഘടന തിരിച്ചുവരുവാൻ സമയമെടുക്കും. ആദ്യക്വാർട്ടറിൽ കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ല.

ബജറ്റ് സന്പദ്ഘടനയിൽ നാടകീയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. നിലവിലുള്ളതിന്‍റെ ഒരു തുടർച്ചയാണ് ബജറ്റിലുണ്ടായിട്ടുള്ളത്. കർഷകർക്ക് 85000 കോടി രൂപ നൽകുന്നത്, പിഎസ് യു ബാങ്കുകളുടെ പുനർമൂലധനവത്കരണം തുടങ്ങിയവയെല്ലാം ദീർഘകാലത്തിൽ ഫലമുളവാക്കും.

ക്രെഡിറ്റ് മേഖലയിലെ പ്രശ്നങ്ങൾ ഇനിയും പരിഹരിച്ചിട്ടില്ല. ആ മേഖല ഇപ്പോഴും വളരെ പ്രയാസത്തിലാണ്. എങ്കിലും ബജറ്റ് നിർദ്ദേശങ്ങൾ, ചെറിയ തോതിലാണെങ്കിലും ക്രെഡിറ്റ് വളർച്ചയുണ്ടാക്കും. വായ്പാ വളർച്ച മികച്ച തലത്തിലേക്ക് ഉയരാൻ സമയമെടുക്കും.
റിസർവ് ബാങ്ക് ഇനിയും പലിശ നിരക്കിൽ കാൽ ശതമാനം മുതൽ അര ശതമാനം വരെ വെട്ടിക്കുറവ് വരുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണി: വിപണിയെ സംബന്ധിച്ചിടത്തോളം സന്പദ്ഘടനയിലെ സൂചനകൾ പ്രധാനപ്പെട്ടതാണ്. സന്പദ്ഘടനയിൽനിന്നുള്ള പ്രതീക്ഷ അത്ര നല്ലതല്ല. അതുകൊണ്ടുതന്നെ അടുത്ത രണ്ടു, മൂന്നു ക്വാർട്ടറുകൾ വിപണിയെ സംബന്ധിച്ചിടത്തോളം അത്ര ശോഭനമല്ല. എന്നാൽ 2020 വിപണിയെ സംബന്ധിച്ചിടത്തോളം നഷ്ടം പ്രതീക്ഷിക്കുന്നില്ല. ബാങ്കിംഗ്- ധനകാര്യമേഖലയിലും നഷ്ടം പ്രതീക്ഷിക്കുന്നില്ല. മറ്റു വാക്കിൽ പറഞ്ഞാൽ പണത്തെ സംബന്ധിച്ചിടത്തോളം ഇതു നല്ല വർഷമാണ്.

ഇപ്പോൾ വിപണി അത്ര താണ നിലയിലല്ല. അതേപോലെതന്ന അത്ര ചെലവേറിയതുമല്ല.
കുറച്ചു നാൾ മുന്പു വരെ മിഡ്കാപ് ഓഹരികൾ 20 ശതമാനം വരെ പ്രീമിയത്തിലായിരുന്നു. രണ്ടു വർഷമായി മിഡ്, സ്മോൾ കാപ് ഓഹരികൾ വല്ലാതെ പാടുപെടുകയാണ്. ഇവയുടെ പ്രകടനം ലാർജ് കാപ് ഓഹരികളുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ മോശമാണ്. ഇപ്പോൾ മിഡ്കാപ് ഓഹരികൾ ഡിസ്കൗണ്ടിലാണ്. അവ മുന്നേറ്റത്തിനുളള തയാറെടുപ്പിലാണ്.


നല്ല റിട്ടേണ്‍ ഇപ്പോഴും ഇക്വിറ്റിയിൽ: കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ദീർഘകാലത്തിൽ ഏറ്റവും മികച്ച റിട്ടേണ്‍ നൽകുന്ന ആസ്തി എന്ന സ്ഥാനം ഇപ്പോഴും ഓഹരി നിലനിർത്തുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് റൂട്ട് നിക്ഷേപകർ ഉപയോഗിക്കണം.

ഇതൊരു സ്റ്റോക് പിക്കിംഗ് വിപണിയാണ്. ശരിയായ, മികച്ച ഓഹരികൾ കണ്ടെത്തുകയെന്നതാണ് പ്രധാനമായ സംഗതി. സെക്ടറുകളേക്കാൾ നല്ല ഓഹരി കണ്ടെത്തി നിക്ഷേപിക്കുകയാണ് പ്രധാനം.

ഈ വിപണിയിൽ ഇപ്പോഴത്തെ വന്യമായ വ്യതിയാനത്തെ അതിജീവിക്കാൻ നിക്ഷേപകർക്കു ചെയ്യാനുള്ളതു ചുരുക്കിപ്പറഞ്ഞാൽ ഇതായിരിക്കും.

* അസറ്റ് അലോക്കേഷൻ
* സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ്
* നിക്ഷേപം നടത്തിക്കൊണ്ടിരിക്കുക

വെട്രി സുബ്രഹ്മണ്യം

യുടിഐ അസറ്റ് മാനേജ്മന്‍റ് കന്പനിയുടെ ഗ്രൂപ്പ് പ്രസിഡന്‍റും ഇക്വിറ്റി തലവനുമാണ് വെട്രി സുബ്രഹ്മണ്യം. വെട്രിയുടെ നേതൃത്വത്തിലുള്ള 17 പേരടങ്ങിയ ടീം 2019 ജൂണ്‍ 30 വരെയുള്ള കണക്കുകളനുസരിച്ച് മാനേജ് ചെയ്യുന്നത് 64900 കോടി രൂപയുടെ ഇക്വിറ്റി ആസ്തിയാണ്. മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ 26 വർഷത്തെ പരിചയമുള്ള വെട്രി 2017 വരെ ഇൻവെസ്കോ അസറ്റ് മാനേജ്മെന്‍റിൽ ചീഫ് ഇൻവെസ്റ്റ്മെന്‍റ് ഓഫീസറായിരുന്നു. ഇൻവെസ്കോയുടെ സ്റ്റാർട്ട്പ് ടീമിൽ അംഗമായിരുന്നു അദ്ദേഹം.

1992-ൽ കോടക് മഹീന്ദ്രയിലാണ് വെട്രി കരിയർ ആരംഭിച്ചത്. ബാംഗ്ലൂർ ഐഐഎമ്മിൽനിന്നു പിജി ഡിപ്ലോമ എടുത്തിട്ടുണ്ട്. കോടക്കിനെ തുടർന്ന് നിരവധി സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപത്തിൽ വിവിധ റോളുകൾ വഹിച്ചു. ഷെയർഖാൻ ഡോട്കോമിന്‍റെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.


"യുടിഐ പവർ ഓഫ് ത്രീ’

യുടിഐ മ്യൂച്വൽ ഫണ്ടിന്‍റെ മുഖ്യ ഇക്വിറ്റി ഫണ്ടുകളെ "യുടിഐ പവർ ഓഫ് ത്രീ’ എന്ന പേരിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

യുടിഐ മാസ്റ്റർഷെയർ യൂണിറ്റ് സ്കീം:

അതാതു മേഖലയിൽ മുൻനിരയിലുള്ള ലാർജ് കാപ് ഓഹരികളിൽ മുഖ്യമായും നിക്ഷേപം ( 80 ശതമാനത്തിലധികം) നടത്തുന്ന ഓപ്പണ്‍ എൻഡഡ് ഇക്വിറ്റി പദ്ധതിയാണിത്. ഓഹരികൾ തെരഞ്ഞെടുക്കാൻ ഈ ഫണ്ട് പിന്തുടരുന്നത് ഗ്രോത്ത് അറ്റ് റീസണബിൾ പ്രൈസ് എന്ന നിക്ഷേപ ശൈലിയാണ.് ഈ ഫണ്ടിന്‍റെ പ്രകടനം ലാർജ് കാപ് മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
യുടിഐ ഇക്വിറ്റി ഫണ്ട്:

ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എൻഡഡ് മൾട്ടികാപ് ഇക്വിറ്റി പദ്ധതിയാണിത്. ഗുണമേൻമ, വളർച്ച, മൂല്യം എന്നീ മൂന്നു ഗുണങ്ങളെ ചുറ്റിപ്പറ്റിയാണ് നിക്ഷേപശേഖരം തീർത്തിട്ടുള്ളത്. ദീർഘകാലത്തിൽ ഉയർന്ന ആർഒസിഇ/ആർഒഇ നിലനിർത്താൻ കഴിയുന്ന ഓഹരികളെയാണ് ഗുണമേൻമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദീർഘകാലത്തിൽ ഒരു ബിസിനസിനുണ്ടാകുന്ന വളർച്ചയെയാണ് വളർച്ച’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്ഥിരതയുള്ള കാഷ് ഫ്ളോ നൽകുന്നതിനെ മൂല്യം (വാല്യുവേഷൻ) എന്നതുകൊണ്ടുദ്ദേശിക്കുന്നു.

നിക്ഷേപത്തിന് ഓഹരി തെരഞ്ഞെടുക്കാൻ ബോട്ടം അപ്പ് സമീപനമാണ് ഫണ്ട് സ്വീകരിച്ചിട്ടുള്ളത്.

യുടിഐ വാല്യു ഓപ്പർച്യൂണിറ്റീസ് ഫണ്ട്:
വിപണി മൂല്യം കണക്കിലെടുക്കാതെ മൂല്യമുള്ള എല്ലാ മേഖലകളിലും നിക്ഷേപം നടത്തുന്ന മൾട്ടി കാപ് ഫണ്ടാണിത്.

നിക്ഷേപത്തിന് ഓഹരി തെരഞ്ഞെടുക്കാൻ ’ബാർബെൽ സമീപനമാണ്’ ഫണ്ട് സ്വീകരിച്ചിട്ടുള്ളത്. അതനുസരിച്ച് വളർച്ച, ചാക്രികസ്വഭാവം, മേഖലയുടെ സ്വഭാവം, വിപണി മൂല്യം തുടങ്ങി വിപണി വിലകുറച്ചു നിരൂപിക്കുന്ന മേഖലകളിൽനിന്നുള്ള ഓഹരികളെ അതിന്‍റെ മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന സമീപനമാണിത്.