അട്ടപ്പാടിയുടെ കറുത്ത മുത്ത് കരിയാടുകൾ
Thursday, January 23, 2025 5:19 PM IST
അട്ടപ്പാടി ഗോത്രവാസികളുടെ പൈതൃകസന്പത്താണു കരിയാടുകൾ. മല്ലീശ്വരൻമുടിയും ഭവാനിപ്പുഴയും അതിരിടുന്ന ഈ മലയോരങ്ങളിൽ ഉരുത്തിരിഞ്ഞ തനത് ആടുവർഗമാണ് അട്ടപ്പാടി ബ്ലാക്ക് അഥവാ അട്ടപ്പാടി കരിയാടുകൾ.
തലമുറകളായി ഇവിടെ പാർത്തുവരുന്ന ആദിവാസി വിഭാഗങ്ങൾ അവരുടെ സാന്പത്തിക ഭദ്രതയുടെ അടയാളമായി പറയുന്നതു സ്വന്തമായുള്ള കരിയാടുകളുടെ എണ്ണമാണ്.
പെണ്ണിന്റെയും ചെറുക്കന്റെയും കല്യാണവേളകളിൽ കൃഷിയിടം പോലെ ആസ്തിയുടെ തോതായി കാണുന്നതും വീട്ടിലെ കരിയാടുകളുടെ എണ്ണമാണ്.
പാവപ്പെട്ടവരുടെ പശുവെന്നും അട്ടപ്പാടിയുടെ കരിമുത്തെന്നുമാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഊരിനോടും ഊരുവാസികളോടും ഏറെ ഇണങ്ങുന്ന ശാന്തസ്വഭാവക്കാരാണ് ഈ ഇനം ആടുകൾ.
ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്സിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ആനിമൽ ജനറ്റിക്സ് റിസോഴ്സസ് ബ്യൂറോ കരിയാടിനെ ഒരു പ്രത്യേക ജനുസായി അംഗീകരിച്ച് ദേശീയ ബ്രീഡ് റജിസ്റ്ററിൽ ഉൾപ്പെടുത്തിയുണ്ട്.
അങ്ങനെ രാജ്യത്തെ 34 ആട് ജനുസുകളുടെ പട്ടികയിൽ അട്ടപ്പാടി ബ്ലാക്ക് ആടുകൾക്കും പേരും പെരുമയുമുണ്ട്. അട്ടപ്പാടിയിലെ പുതൂർ, അഗളി, ഷോളയാർ ഗ്രാമപഞ്ചായത്തുകളിലെ ഗോത്ര ഗ്രാമങ്ങളിലാണ് ഈ ഇനം ആടുകൾ കൂടുതലുള്ളത്.
ഗോത്രവാസികൾ അരുമകളായി സംരക്ഷിക്കുന്നതുകൊണ്ടു മാത്രമാണ് കരിയാടുകളുടെ വംശം ഇവിടെ അവശേഷിക്കുന്നത്. ഇരുള, കുറുന്പ, മുഡുക എന്നീ ഗോത്രവിഭാഗങ്ങളാണ് അട്ടപ്പാടി ബ്ലാക്ക് ആടുകളുടെ സംരക്ഷകർ.
അധ്വാനികളായ ആദിവാസികളുടെ ജീവിതത്തിൽ കരിയാടുകൾക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. വിശേഷാവസരങ്ങളിലും വിവാഹവേളയിലും ഇവർ സമ്മാനമായി നൽകുന്നതും ഒന്നോ രണ്ടോ കരിയാടുകളെയാണ്.
എല്ലാ ഊരുകളിലും കരിയാടുകളെ പാർപ്പിക്കാൻ കൂടുണ്ടാകും. അവയ്ക്കു കാവലായി ഒരു വളർത്തു നായയും. നീലഗിരി, മുത്തിക്കുളം മലനിരകൾക്കിടയിൽ പാലക്കാട് ജില്ലയിലെ മലന്പ്രദേശമാണ് അട്ടപ്പാടി.
കരിയാടുകളുടെ പാലും ഇറച്ചിയും ഭക്ഷണം മാത്രമല്ല ആയുസും ആരോഗ്യവും നൽകുന്ന ഔഷധമാണെന്ന് ആദിവാസികൾ പറയും. പുല്ലും കല്ലും നിറഞ്ഞ മലമേടുകളിലേക്കും വിശാലമായ പാടങ്ങളിലേക്കും കാടുകളിലേക്കും ഇവയെ രാവിലെ മേയാൻവിടും.
ഉച്ചവരെ തീറ്റയ്ക്കുശേഷം ഇവ മരത്തണലുകളിൽ വിശ്രമിക്കും. വീണ്ടുമൊരു തീറ്റയ്ക്കുശേഷം ഉരുൾവീഴും മുന്പേ തിരികെ കൊണ്ടുവരും. മേഞ്ഞു നടന്ന് തീറ്റയെടുക്കുന്നതുകൊണ്ട് ഊരുകളിൽ ഇവയ്ക്കായി പ്രത്യേകം തീറ്റ കരുതാറുമില്ല.
ഈറ്റകൊണ്ടും മരത്തടികൊണ്ടും നിർമിക്കുന്ന കൂടുകളിലാണ് ഇവയെ പാർപ്പിക്കുന്നത്. നരിയും കുറുക്കനും കടുവയും ഭീഷണിയായതോടെ പ്രത്യേക സംരക്ഷണം ആവശ്യമായിരിക്കുന്നു.
മഴനിഴൽപ്രദേശമായ അട്ടപ്പാടിയുടെ തനതു കാലാവസ്ഥയോട് നന്നായി ഇണങ്ങുന്നതും രോഗപ്രതിരോധശേഷി കൂടിയതുമായ ഇനമാണ് കരിയാടുകൾ.
ആടുകളെ ഗോത്രവാസികൾ വീട്ടിലെ അംഗത്തെപോലെ കാണുകയും പരിപാലിക്കുകയും ചെയ്യുന്നു. ആദിവാസികളിലെ പോഷകവൈകല്യം പ്രതിരോധിക്കാൻ ഒരു പരിധിവരെ ഈ ഇനം ആടുകളുടെ പാലും മാംസവും സഹായകരമാകുന്നുണ്ട്.
പൊതുവെ മെലിഞ്ഞ പ്രകൃതിയിലുള്ളവയാണ് അട്ടപ്പാടി കരിയാടുകൾ. എണ്ണക്കറുപ്പുള്ള രോമാവരണവും ചെന്പൻ കണ്ണുകളുമുള്ള ഈ ഇനത്തെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം.
അരയടിയോളം നീളത്തിൽ തൂങ്ങിക്കിടക്കുന്ന വീതി കുറഞ്ഞ കറുത്ത ചെവികളും കുത്തനെ വളർന്ന് പിന്നോട്ട് ചരിവുള്ള ചാര കൊന്പുകളുമാണ് ലക്ഷണം. പെണ്ണാടിനും ആണാടിനുമുണ്ട് കൊന്പ്.
ചിലതിന് കഴുത്തിൽ തൂങ്ങിക്കിടക്കുന്ന കറുത്ത തൊങ്ങലുകളുണ്ട്. ചരിവും പാറക്കല്ലുകളും നിറഞ്ഞ മലമേഖലയിലും വനങ്ങളിലും മേയുന്നതിനും പുഴയും തോടും കടക്കുന്നതിനും അനുയോജ്യമായ കരുത്തുള്ള നീളൻ കൈകാലുകളും ഉറപ്പുള്ള കുളന്പുകളും കരിയാടുകളുടെ സവിശേഷതയാണ്.
വാലിന് ചെറിയ വളവുണ്ട്. ആകർഷകമായ വാൽ രോമക്കൂട്ടം പോലെ കാണപ്പെടുന്നു. ഉറച്ച ശരീരം, പ്രതിരോധശേഷി, അതിജീവനസിദ്ധി എന്നിവ കൂടിച്ചേർന്ന ഈ തനതു ജനുസിനെ സംരക്ഷിക്കാൻ ഗോത്രവാസികൾ എക്കാലവും ശ്രദ്ധവയ്ക്കുന്നു.
വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ ആടുകൾക്ക് ആവശ്യമുള്ളൂ. മറ്റിനം ആടുകൾ തിന്നാൻ മടിക്കുന്ന ഗുണമേ· കുറഞ്ഞ പുല്ലും പച്ചിലകളുമെല്ലാം ഇവ തിന്നും. അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രധാന ഉപജീവന മാർഗങ്ങളിൽ ഒന്നാണ് ആടുവളർത്തൽ.
അട്ടപ്പാടി ബ്ലാക്ക് ഇനം ആടുകൾക്ക് കടുത്ത ചൂടിനെയും തണുപ്പിനെയും തരണം ചെയ്യാൻ കഴിയും. ഒൻപതു മാസം തികയും മുന്പു പെണ്ണാടുകൾ ആദ്യ മദി ലക്ഷണം കാണിക്കും. പതിനാലാം മാസത്തിൽ ആദ്യ പ്രസവം നടക്കും.
സാധാരണ ഒരു കുഞ്ഞ് മാത്രമേ കണാറുള്ളൂ. ദിവസേന കാൽ ലിറ്ററിൽ താഴെയാണ് പാലുത്പാദനം. പാലിന്റെ ലഭ്യത അഞ്ചു മാസമാണ്. ആദിവാസികൾ മാംസാവശ്യത്തിനാണ് അട്ടപ്പാടി ആടുകളെ പ്രധാനമായും വളർത്തുന്നത്.
വിവാഹത്തിനും ആഘോഷങ്ങളിലും അടുകളെ കൊന്നു ഭക്ഷിക്കുക പതിവാണ്. രുചിയിലും ഗുണത്തിലും മുന്നിലായതിനാൽ വിപണിയിൽ അട്ടപ്പാടി ആട്ടിറച്ചിക്ക് മൂല്യം ഏറെയാണ്.
മാംസാവശ്യത്തിനുള്ള വിൽപനയും കശാപ്പും വ്യാപകമായതോടെ അട്ടപ്പാടി ആടുകൾ വംശനാശത്തിന്റെ വക്കിലാണ്. ഏകദേശം നാലായിരത്തോളം കരിയാടുകളാണ് അട്ടപ്പാടിമേഖലയിൽ അവശേഷിക്കുന്നത്.
ഒന്നര വയസുള്ള മുട്ടനാടിന് നാൽപതു കിലോ വരെയും പെണ്ണാടുകൾക്ക് മുപ്പതു കിലോ വരെയും തൂക്കമുണ്ടാവും. കൂട്ടമായി വൈകുവോളം മേഞ്ഞു തീറ്റ അകത്താക്കാൻ ഇഷ്ടപ്പെടുന്ന ഇനമായതിനാൽ കൂട്ടിൽ കെട്ടിയിട്ട് വളർത്താൻ അത്ര അനുയോജ്യമല്ല.
രക്തബന്ധമുള്ള ആടുകൾ തമ്മിലുള്ള അന്തർപ്രജനനം വ്യാപകമായതും മേയുന്നതിനിടെ മറ്റ് ജനുസിൽപെട്ട ആടുകളുമായുള്ള വർഗസങ്കരണവും കരിയാടിന്റെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ആദിവാസികൾ കൃഷിയിടത്തിൽ വളമായി നൽകുന്നത് കരിയാടുകളുടെ കാഷ്ഠമാണ്. ഈ ഇനത്തെ സംരക്ഷിക്കുന്നത് അട്ടപ്പാടിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ സംരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
പാലക്കാട് ധോണിയിലെ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ഫാമിലും വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളജിലെ ആട് വളർത്തൽ കേന്ദ്രത്തിലും പാലക്കാട് തിരുവിഴാംകുന്ന് ഫാമിലും അട്ടപ്പാടി ആടുകളെ പരിരക്ഷിക്കുന്നുണ്ട്.
ആദിവാസികൾക്കിടയിൽ ആടുവളർത്തൽ ഒരനുബന്ധ ജീവിതമാർഗമാക്കുന്നതിനും കറുത്ത ആടിന്റെ വംശശുദ്ധി നിലനിറുത്തുന്നതിനുമായാണ് 1989ൽ അട്ടപ്പാടിയിൽ ആടുവളർത്തൽ കേന്ദ്രം ആരംഭിച്ചത്.
അട്ടപ്പാടിയുടെ മണ്ണിൽ ഉരുത്തിരിഞ്ഞതും ഈ നാടിന്റെ മാത്രം പൈതൃകസന്പത്തുമായ കരിയാടുകൾ ഭൗമ സൂചിക പദവി ലഭിക്കാൻ അർഹമാണ്.
അട്ടപ്പാടി ബ്ലാക്ക് ആടുകളെ വംശനാശത്തിന് വിട്ടുനൽകാതെയും വംശരക്ഷകരായ ഗോത്രജനതയ്ക്ക് ഗുണം ലഭിക്കുന്ന രീതിയിലും സംരക്ഷിക്കാൻ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ പദവി നേടിയെടുക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങൾ അനിവാര്യവുമാണ്.
സംസ്ഥാന ജൈവവൈവിധ്യബോർഡ് ഉൾപ്പെടെ ഇതിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അട്ടപ്പാടി കരിയാടുകളെ ലോക ഭക്ഷ്യ കാർഷിക സംഘടന സുരക്ഷിതമല്ലാത്ത ജനുസുകളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോണ്: 9400113711