മണ്ണിൽ പൊന്നുവിളയിക്കും ജോസഫ് അച്ചൻ
Tuesday, January 14, 2025 12:25 PM IST
പാലാ കവീക്കുന്ന് സെന്റ് എഫ്രേംസ് ഇടവക വികാരി ഫാ.ജോസഫ് വടകരയ്ക്ക് മണ്ണ് എന്നുവച്ചാൽ ജീവനാണ്. അതിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുക എന്നതു സന്തോഷകരമായ ജീവിതചര്യയും.
ശിശ്രൂഷ ചെയ്ത സ്ഥലങ്ങളിലെല്ലാം ഇതു തന്നെയായിരുന്നു രീതി. ആത്മീയ കാര്യങ്ങൾക്കുശേഷം പറന്പിൽ പണിയെടുക്കാനിറങ്ങുന്ന അച്ചന് അങ്ങനെ കൃഷി അച്ചൻ എന്ന പേരും കിട്ടി. കവീക്കുന്ന് പള്ളിയുടെ പുരയിടത്തിൽ ആയിരത്തോളം മൂട് മരച്ചീനിയുണ്ട്.
50 കിലോ, 100 കിലോ കണക്കിലാണ് കപ്പ ആവശ്യക്കാർക്കു നൽകുന്നത്. ഓർഡർ അനുസരിച്ച് കടകളിൽ ദിവസവും എത്തിച്ചുകൊടുക്കും. കഴിഞ്ഞവർഷം നല്ല വിളവും നല്ല വിലയും ലഭിച്ചിരുന്നു. സാധാരണ ഒരു മൂട്ടിൽ നിന്നു ശരാശരി 25 കിലോ കിഴങ്ങ് ലഭിക്കും.
കപ്പ മാത്രമല്ല, കോവൽ, വഴുതന, പയർ, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും ജോസഫ് അച്ചന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഇവയെല്ലാം ഗ്രോ ബാഗുകളിലാണ് വളർത്തുന്നത്. അത് 250 എണ്ണത്തോളം വരും. വാഴ, ചെങ്കദളി, റോബസ്റ്റ, നേന്ത്രൻ തുടങ്ങിയ വാഴകളുമുണ്ട്.
ഒന്നരവർഷം പ്രായമായ ആയുർജാക്ക് ഇനം 140 പ്ലാവുകളുമുണ്ട്. നേരത്തെ കല്യാണ് രൂപതയുടെ സാബന്തവാടി എസ്റ്റേറ്റിന്റെ ചുമതലയുണ്ടായിരുന്ന അച്ചൻ, ഏറെ സമയവും കൃഷിയിടത്തലാണു ചെലവഴിച്ചിരുന്നത്. മാതാപിതാക്കളും സഹോദരന്മാരും നല്ല കർഷകരായിരുന്നു.
അവരിൽ നിന്നും ലഭിച്ച കൃഷിയറിവുകളാണ് 74 കാരനായ അച്ചന്റെ കൈമുതൽ. അഞ്ചു വർഷത്തോളം ശിശ്രൂഷ ചെയ്ത ഇടുക്കി രൂപതയിലെ ഹൈറേഞ്ച്-മുരിക്കൻതൊട്ടിയിൽ ഏലം കൃഷിയുണ്ടായിരുന്നു. നല്ല വിളവും വിലയും ലഭിച്ചിരുന്നു.
പിന്നീട് ഇടുക്കി രൂപതയിൽ ഇരുന്പുപാലത്ത് മൂന്നു വർഷം. അതിനുശേഷംഏറെക്കാലം പാലാ രൂപതയിലെ ഉദയഗിരി പള്ളി വികാരിയായിരുന്നു. കവീക്കുന്നിലെത്തിയിട്ട് രണ്ടര വർഷമായി.
പള്ളി പറന്പിലെ കൃഷികണ്ട് ആകൃഷ്ടരായ ഇടവകജനങ്ങളിൽ പലരും തങ്ങളുടെ വീടുകളിലും പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്. കൈക്കാരന്മാരായ സണ്ണിജോസഫ് വരിക്കമാക്കൽ, സാബു എം.പി. മുകാല, മാനുട്ടി മുകാല തുടങ്ങിയവർ കൃഷിയിൽ അച്ചനെ സഹായിക്കുന്നു.