ശരിക്കും വക്കീലാണല്ലേ?
ശരിക്കും വക്കീലാണല്ലേ?
Wednesday, April 28, 2021 4:56 PM IST
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ജോര്‍ജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ. രേണുക. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം രണ്ടിലെ സൂപ്പര്‍ ട്വിസ്റ്റുകളിലൊന്നാണിത്. ആ ഷോട്ടിനെ ഒറ്റ ടേക്കില്‍ മനോഹരമാക്കിയത് അഡ്വ. ശാന്തിപ്രിയയാണ്. ബിഗ് സ്‌ക്രീനിലും ജീവിതത്തിലും വക്കീല്‍ തന്നെയാണെന്ന സവിശേഷതയും ശാന്തിയ്ക്കുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ശാന്തി ഹൈക്കോടതി അഭിഭാഷകയാണ്. ക്ലൈമാക്‌സിലെ ആ രംഗം അഭിനയിച്ചു കഴിഞ്ഞപ്പോള്‍ നന്നായി എന്നുള്ള മോഹന്‍ലാലിന്റെ പ്രതികരണത്തിലുള്ള ത്രില്ലിലാണ് അഡ്വ.ശാന്തിപ്രിയ ഇപ്പോള്‍. ലാലേട്ടന്റെ പ്രതികരണം ഒറ്റ വാക്കിലായിരുന്നു, 'നന്നായി'. അത് വലിയ അംഗീകാരമായിരുന്നു. അതിന്റെ ത്രില്ലിലാണ് ഇപ്പോഴും അഡ്വ.ശാന്തിപ്രിയ. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പുഷ്പം പോലെ ഇറക്കിക്കൊണ്ടു വന്ന ഈ വക്കീലിന്റെ വിശേഷങ്ങള്‍ അറിയാം...

താരമായി രേണുക വക്കീല്‍

നായകന്റെ ഭാഗം വാദിക്കാന്‍ എത്തുന്ന വക്കീല്‍ ആണ് അഡ്വ. രേണുക. കോടതിമുറിയില്‍ ലോ പോയിന്റ്‌സ് ഓരോന്നായി ഡയലോഗുകളായി തകര്‍ക്കുമ്പോള്‍ ദൃശ്യം കണ്ട ഏതൊരാളുടെയും മനസില്‍ രേണുകയും കയറികൂടിയിട്ടുണ്ടാകും. ആരാണ് രേണുകയെ അവതരിപ്പിച്ചത് എന്ന് അപ്പോള്‍ മുതല്‍ ഗൂഗിളില്‍ പരതുകയും ചെയ്തുതുടങ്ങി. ഗാനഗന്ധര്‍ന്‍ സിനിമ കണ്ട ഏതൊരാള്‍ക്കും അതിവേഗം രേണുകയെ മനസിലാവും. ജോര്‍ജുകുട്ടിയുടെ വക്കാലത്തുമായി അഭിനയിക്കാന്‍ പോയപ്പോഴും ഹൈക്കോടതിയിലെ തന്റെ കക്ഷികളുടെ ഫയലുകളും അവര്‍ കൈയില്‍ കരുതിയിരുന്നു. ഒരു ദിവസം സെറ്റില്‍നിന്ന് ഹൈക്കോടതിയില്‍ വാദം പറയാനായി ഓണ്‍ലൈനില്‍ ഹാജരായി. പഠനകാലത്ത് സ്വകാര്യ ചാനലില്‍ ഒട്ടേറെ പരിപാടികളുടെ അവതാരകയായിരുന്നു. അച്ഛന്റെ ജ്യേഷ്ഠ സഹോദരന്‍ നെടുമങ്ങാട് കെ. സതീഷ് കുമാറിന്റെ പാത പിന്‍തുടര്‍ന്ന് അഭിഭാഷക കുപ്പായം അണിഞ്ഞതോടെ ചാനല്‍ അവതാരക വേഷം അഴിച്ചുവച്ചത്.

അവതാരകയായി തുടക്കം

ഞാന്‍ പ്ലസ് ടു കഴിഞ്ഞ സമയം മുതല്‍ ടിവി ചാനലുകളില്‍ അവതാരകയായിരുന്നു. അത് കുറേകാലം തുടര്‍ന്നു. എല്‍എല്‍ബിക്കു പഠിക്കുമ്പോഴും അവതാരകയായിരുന്നു. പിന്നീട് പ്രാക്ടീസ് ചെയ്തു തുടങ്ങിയപ്പോള്‍ അവതരണം നിര്‍ത്തി. പ്രഫഷനില്‍ ശ്രദ്ധിക്കണം എന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. ജോലി സീരിയസ് ആയി എടുത്തു തുടങ്ങി. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാകോടതിയില്‍ അഡ്വക്കേറ്റ് ജി. സതീഷ്‌കുമാറിന്റെ ജൂനിയര്‍ ആയാണ് പ്രാക്ടീസ് തുടങ്ങിയത്. അദ്ദേഹം എന്റെ വല്യച്ഛനാണ്. എന്റെ ഗുരുവും വഴികാട്ടിയുമൊക്കെ അദ്ദേഹമാണ്. വിവാഹം കഴിഞ്ഞു എറണാകുളത്തു സെറ്റില്‍ ആയി. 2014 മുതല്‍ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യുന്നു. ഞാന്‍ ചെയ്യുന്ന കേസ് സംബന്ധമായി ചാനല്‍ ചര്‍ച്ചകളില്‍ ഒക്കെ വരുമായിരുന്നു. ഒടുവില്‍ അത് ഇവിടെ വരെ എത്തി.

സിനിമാമോഹം

ഉറപ്പായും ഉണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സിനിമ കാണുമ്പോള്‍ ഓരോ കഥാപാത്രത്തിനു പകരവും എന്നെ നിര്‍ത്തി നോക്കുമായിരുന്നു. അത് ഞാന്‍ ആണെങ്കില്‍ എങ്ങനെ ആകും എന്ന്. പക്ഷേ സിനിമയില്‍ എത്തുമെന്ന് കരുതിയില്ല. ചാനലില്‍ ജോലി ചെയ്യുന്ന കാലത്ത് ഓരോ സംവിധായകരെ ഇന്റര്‍വ്യു ചെയ്യുമ്പോള്‍ ഇദ്ദേഹം എന്നെ വിളിച്ചെങ്കില്‍ എന്നൊക്കെ ആഗ്രഹിക്കും. പിന്നെ അതൊക്കെ വിട്ടു പഠനം, ജോലി അതിലൊക്കെ ശ്രദ്ധിച്ചു. അച്ഛന് ഞാന്‍ നല്ല ഒരു പ്രഫഷനില്‍ എത്തിച്ചേരണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞു കുഞ്ഞായി, പ്രഫഷനില്‍ വലിയ കുഴപ്പമില്ലാതെ സേഫ് ആയി നില്‍ക്കുന്ന സമയത്ത് അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷം തോന്നുന്നു. ഒരു സേഫ് സോണില്‍ നിന്ന് ഇഷ്ടമുള്ളത് ചെയ്യുമ്പോള്‍ അത് നമ്മുടെ ആത്മവിശ്വാസം വല്ലാതെ കൂട്ടും.


മെഗാസ്റ്റാറുകള്‍ക്ക് ഒപ്പം

അത് ശരിക്കും എന്റെ ഭാഗ്യം തന്നെയാണ്. ഇപ്പോഴും എനിക്ക് വിശ്വാസം വരുന്നില്ല, അവരോടൊപ്പം അഭിനയിച്ചത് ഞാന്‍ തന്നെ എന്ന്. ചെറുപ്പം മുതല്‍ കണ്ട് ആരാധിച്ച വ്യക്തികള്‍. ദൃശ്യത്തിലെ അവസാന രംഗത്തിലെ എക്‌സ്‌പ്രെഷന്‍ പോലെ തന്നെയായിരുന്നു എന്റെ അവസ്ഥയും. ഞാന്‍ ആഗ്രഹിച്ചതില്‍ കൂടുതല്‍ എനിക്ക് കിട്ടി. ഇതിനു മുകളില്‍ ഒന്നും കിട്ടാനില്ല, ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരമാണ്.


ഞാന്‍ സംതൃപ്തയാണ്. ലാലേട്ടനെയും മമ്മൂക്കയെയും കണ്ടുപഠിക്കേണ്ടതാണ്. ഇത്രയും വലിയ നടന്മാരെ അടുത്ത് കാണുമ്പോള്‍ എങ്ങനെ അവരോടു പെരുമാറണം, എങ്ങനെ സംസാരിക്കും എന്നൊക്കെ ആശങ്ക ഉണ്ടായി. പക്ഷേ തുറന്നു പറയാമല്ലോ ആ ഒരു കാര്യത്തില്‍ അവര്‍ രണ്ടും ഒരുപോലെ ഡൗണ്‍ ടു എര്‍ത്ത് ആണ്. അവര്‍ നമ്മുടെ സാഹചര്യത്തിലേക്ക് ഇറങ്ങി വന്നു വെറും ഒരു സാധാരണക്കാരനെപ്പോലെ നമ്മളോട് സംസാരിക്കും. അപ്പോള്‍ നമുക്ക് ഒരു ബുദ്ധിമുട്ടും തോന്നില്ല. അവര്‍ മറ്റുള്ളവരോടു പെരുമാറുന്നതും ഓരോ ഷോട്ടിനെ സമീപിക്കുന്നതുമൊക്കെ കണ്ടുപഠിക്കേണ്ടതാണ്. ആ ലാളിത്യം, വിനയം, ജോലിയോടുള്ള സമര്‍പ്പണം എല്ലാം നമുക്കൊരു പാഠശാലയാണ്.

ചാനല്‍ അവതാരകയായിരുന്ന കാലത്ത് രമേഷ് പിഷാരടിയുമായും ഹരി പി. നായരുമായും ഉണ്ടായ പരിചയമാണ് ഗാനഗന്ധര്‍വനില്‍ വേഷം നേടിതന്നത്. മമ്മൂട്ടി കഥാപാത്രം ഉല്ലാസിന്റെ അഭിഭാഷകയായാണു സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ജീത്തു ജോസഫിന്റെ റാം എന്ന സിനിമയില്‍ ചെറിയ വേഷം ലഭിച്ചു.

വക്കീലാണു ശാന്തിയെന്നു മനസിലാക്കിയ ജീത്തു ജോസഫ് ജോര്‍ജുകുട്ടിയുടെ വക്കാലത്തും വിശ്വസിച്ച് ഏല്‍പ്പിക്കുകയായിരുന്നു. പഴയ കുട്ടന്‍പിള്ള വക്കീലിനു പകരം ആണ് ദൃശ്യം രണ്ടില്‍ മോഹന്‍ലാലിന് ഒപ്പം ശാന്തി തിളങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് മെഗാസ്റ്റാറുകള്‍ക്ക് ഒപ്പമാണ് ശാന്തി സ്‌ക്രീനില്‍ വിസ്മയം തീര്‍ത്തത്.

അഭിനന്ദനപ്രവാഹം

എനിക്ക് ജോലി തന്നെയാണ് പ്രധാനം. ഒരു നല്ല പൊസിഷനിലാണ് ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്. എന്റെ ശ്രദ്ധക്കുറവുകൊണ്ടു അതിനു ദോഷം വരാന്‍ പാടില്ല. ഒരുപാടു അധ്വാനിച്ചാണ് ഇവിടെ വരെ എത്തിയത്. ജോലിക്കു കോം താത്ത രീതിയില്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. അഭിനയവും എനിക്ക് ഇഷ്ടം തന്നെയാണ്. ദൃശ്യം കഴിഞ്ഞ് കിട്ടുന്ന പ്രതികരണം വളരെ പോസിറ്റീവാണ്. വിളിക്കുന്നവരെല്ലാം അനുമോദനങ്ങള്‍ കൊണ്ട് പൊതിയുന്നു, ഇതൊക്കെ ഒരു സ്വപ്‌നം പോലെ തോന്നുകയാണ്. അറിയുന്നവരും അറിയാത്തവരും പണ്ട് ഒരുമിച്ചു പഠിച്ചവരും സഹപ്രവര്‍ത്തകരും എല്ലാം വിളിക്കുകയാണ്. മനസ് നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍. കടപ്പാട് വര്‍ധിക്കുകയാണ്. ഇതുപോലെയുള്ള നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം.

കുടുംബം

ഞാന്‍ ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരം നെടുമങ്ങാട് ആണ്. നെടുമങ്ങാട് വീിട്ടല്‍ അച്ഛനും അമ്മയും സഹോദരനും ഫാമിലിയും ആണ് താമസിക്കുന്നത്. എറണാകുളം എളമക്കരയില്‍ ആണ് ഞാനും ഭര്‍ത്താവ് ഷിജു രാജശേഖരനും താമസിക്കുന്നത്. അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥനാണ്. ഞങ്ങള്‍ക്ക് നാലര വയസുള്ള മകള്‍ ഉണ്ട്. ആരാധ്യ ഋഷിക പൗര്‍ണമി. കുടുംബമാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം. അവര്‍ തരുന്ന സപ്പോര്‍ട്ട് ആണ് എന്റെ വിജയ രഹസ്യം.

ജോണ്‍സണ്‍ വേങ്ങത്തടം
ഫോട്ടോ: മനു മുളന്തുരുത്തി