ചന്ദ്രാ ലക്ഷ്മണന്റെ രണ്ടാം വരവ്
ചന്ദ്രാ ലക്ഷ്മണന്റെ രണ്ടാം വരവ്
Saturday, June 27, 2020 5:30 PM IST
സ്റ്റോപ്പ് വയലന്‍സെന്ന സിനിമയിലെ കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ മുഖഭാവം തന്നെയായിരുന്നു നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷവും ചന്ദ്രാ ലക്ഷ്മണിന്റെ മുഖത്ത്. വലിയ മാറ്റങ്ങളൊന്നുമില്ല. മലയാളത്തിലും തമിഴിലും സിനിമയിലും സീരിയലുകളിലും നിറഞ്ഞു നിന്ന ചന്ദ്രാ ലക്ഷ്മണ്‍ ഇടയ്ക്ക് ചെറിയ അവധിയെടുത്തു. ഇടവേള കഴിഞ്ഞ് വീണ്ടും സിനിമ ലോകത്തേയ്ക്ക് എത്തുന്നത് മലയാളത്തിലൂടെയായതിന്റെ സന്തോഷം മറച്ചു വയ്ക്കാതെയാണ് ചന്ദ്രാ ലക്ഷ്മണ്‍ സ്ത്രീധനത്തോട് മനസു തുറന്നത്. പത്തു വര്‍ഷത്തിനു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ അന്ന് പ്രേക്ഷകര്‍ നല്‍കിയ സ്വീകാര്യത വീണ്ടും ഉണ്ടാവുമെന്ന് തന്നെയാണ് ഈ അഭിനേത്രിയുടെ പ്രതീക്ഷ.

? പത്തു വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക്, എന്താണ് മനസില്‍

2002ല്‍ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലന്‍സ് ആയിരുന്നു ആദ്യ ചിത്രം. എ.കെ സാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. പൃഥ്വിരാജിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു സ്റ്റോപ്പ് വയലന്‍സ്. അധോലോക സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള പുതിയ ട്രെന്‍ഡിലുള്ള സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ അതില്‍ അഭിനയിച്ച ആഞ്ചലീന എന്ന നായികാവേഷവും ശ്രദ്ധ നേടി. പിന്നീട് മലയാളത്തില്‍ ചക്രം, കല്യാണകുറിമാനം, ബല്‍റാം വിഎസ് താരാദാസ്, പായുംപുലി, കാക്കി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ദിലീപിന്റെ പച്ചക്കുതിരയിലും ബോയ് ഫ്രണ്ടിലും അതിഥി താരമായി. തമിഴില്‍ മനസെല്ലാം, ഏപ്രില്‍ മാതത്തില്‍, തില്ലാലങ്കിടി തുടങ്ങിയ ചിത്രങ്ങളിലും വേഷമിു. വീണ്ടുമൊരു മലയാള ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഉള്ളത്.

സിനിമയിലേക്കുള്ള കടന്നു വരവ്

അപ്രതീക്ഷിതമായിായിരുന്നു സിനിമയിലേക്ക് എത്തിയത്. പഠിക്കുന്ന കാലത്തു തന്നെ നൃത്തത്തോടും അഭിനയത്തോടും താത്പര്യമുണ്ടായിരുന്നു. കോളജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സാണ് പഠിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ കുറെക്കാലം ജോലി ചെയ്തിരുന്നു. ഹോട്ടലില്‍ വച്ചാണ് സംവിധായകന്‍ എ.കെ സാജന്‍ എന്നെ കാണുന്നത്. അങ്ങനെയാണ് സ്‌റ്റോപ്പ് വയലന്‍സിലെ ആഞ്ചലീനയാകാനുള്ള വഴി തുറന്നത്. മാതാപിതാക്കളുടെ പിന്തുണയും ഒപ്പമുണ്ടായിരുന്നു. മികച്ച താരനിരയുണ്ടായിരുന്ന ചിത്രം നല്ല തുടക്കമാണ് നല്‍കിയത്.

? ദാസേട്ടനൊപ്പവും അഭിനയിച്ചല്ലോ

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലാണ് ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം അഭിനയിച്ചത്. അതിലെ റംസാന്‍ നിലാവൊത്ത പെണ്ണല്ലേ എന്ന മനോഹരമായ പാട്ടുസീനില്‍ മാമുക്കോയയുടെ മകളായാണ് എത്തുന്നത്. വിവാഹത്തിന് അതിഥിയായി എത്തുന്ന ഗായകന്‍ യേശുദാസായി തന്നെയാണ് ദാസേട്ടന്‍ ഇതില്‍ പാടി അഭിനയിച്ചത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

സീരിയലുകളിലൂടെ കുടുംബങ്ങളുടെ പ്രിയങ്കരി

സീരിയലുകളാണ് എന്നെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. പത്തു വര്‍ഷം മുന്‍പ് കാക്കിയില്‍ അഭിനയിച്ചതിനു ശേഷം സീരിയലുകള്‍ക്കായാണ് വര്‍ഷങ്ങള്‍ നീക്കി വച്ചത്. സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നെങ്കിലും സീരിയലിനായി ഒഴിവാക്കി. അഭിനയിച്ചതിലേറെയും ജനപ്രിയ സീരിയലുകളായിരുന്നു. മലയാളത്തില്‍ മഴയറിയാതെ, വീണ്ടും ജ്വാലയായി, കടമറ്റത്തു കത്തനാര്‍, മേഘം, ദേവി, ഉണ്ണിയാര്‍ച്ച, സ്വന്തം സൂര്യപുത്രി, തൃക്കാര്‍ത്തിക, ശ്രീ മഹാഭാഗവതം എന്നിവയാണ് ശ്രദ്ധേയമായ സീരിയലുകള്‍. തമിഴില്‍ ജനപ്രീതി നേടിയ പാശമലര്‍, കാതലിക്ക നേരമില്ലൈ, വസന്തം, സ്വന്തബന്ധം തുടങ്ങിയ തമിഴ്‌സീരിയലുകളിലും ചില തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.


? ഇടവേളയെടുത്ത് എന്തു ചെയ്യുകയായിരുന്നു

ചെന്നൈയില്‍ ഞങ്ങളൊരു ആര്‍ട്ട് മ്യൂറല്‍ പെയിന്റിംഗിന്റെ ബിസിനസ് നടത്തുന്നുണ്ട്. അമ്മയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആര്‍ട്ട് വര്‍ക്കുകളും ഡിസൈനിംഗുമാണ് ചെയ്യുന്നത്. സീരിയലുകളുടെ തിരക്കിനിടയില്‍ ഇതു ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാതാപിതാക്കള്‍ക്കൊപ്പം ബിസിനസില്‍കൂടി ശ്രദ്ധ ചെലുത്താനാണ് കഴിഞ്ഞ രണ്ടു വര്‍ഷം വിട്ടു നിന്നത്. ഇതിനിടയില്‍ പലരും വിളിച്ചെങ്കിലും സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.


പുതിയ സിനിമ

എം.ആര്‍ അജയന്‍ സംവിധാനം ചെയ്യുന്ന ദി ഗോസ്റ്റ് റൈറ്റര്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്കുള്ള രണ്ടാം വരവ്. ഇന്ദ്രന്‍സ്, പോള്‍ ഷാബിന്‍, ശ്രേയ രമേശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. എം.ഡി.സുകുമാരനാണ് ഛായാഗ്രാഹകന്‍. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍.

ചിത്രത്തിലെ സുഷമയുടെ വിശേഷങ്ങള്‍

രണ്ടു കുട്ടികളുടെ അമ്മയായ സാധാരണ വീട്ടമ്മയാണ് സുഷമ. മറ്റുള്ളവര്‍ക്കായി പ്രതിഫലം വാങ്ങിയെഴുതുന്ന സാധാരണക്കാരനായ ഒരു എഴുത്തുകാരന്റെ ഭാര്യയായാണ് വേഷമിടുന്നത്. ഭര്‍ത്താവിനു ലഭിക്കുന്ന തുച്ഛമായ പ്രതിഫലത്തില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സുഷമയുടെ നൊമ്പരങ്ങളും ചിത്രത്തില്‍ കാണാം. പുതുമയുള്ള പ്രമേയവും അഭിനയപ്രാധാന്യമുള്ള വേഷവുമായതിനാല്‍ ചിത്രം ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

? വീണ്ടും വരുമ്പോള്‍ മേഖലയില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടോ

സിനിമാമേഖലയില്‍ നിന്ന് താത്ക്കാലികമായി വിട്ടുനിന്നെങ്കിലും ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയ നടന്‍മാരും ഭാമ ഉള്‍പ്പെടെയുള്ള നായികമാരുമായും അടുപ്പമുണ്ടായിരുന്നു. ആദ്യ നായകനായ പൃഥിരാജ് പിന്നീട് മലയാളത്തിലെ തിരക്കുള്ള നായകനും സംവിധായകനുമായതിനാല്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.

? പുതിയ നായകന്‍മാരില്‍ ആരെയാണ് ഇഷ്ടം

അങ്ങനെയൊന്നുമില്ലെങ്കിലും ടൊവിനൊ തോമസിനോട് അല്‍പ്പം ഇഷ്ടക്കൂടുതലുണ്ട്. അരുണ്‍ ഗോപിയുടെ വിവാഹത്തിനു പോയപ്പോള്‍ കണ്ടിരുന്നു. ഒന്നിച്ചു നിന്ന് ഫോട്ടോയെടുത്താണ് പിരിഞ്ഞത്.

വിവാഹം

ഈ ചോദ്യം ഇതുവരെ ചോദിക്കാത്തതെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. വിവാഹം വേണ്ടെന്നു വച്ചിട്ടൊന്നുമില്ല. പ്രായം കടന്നു പോകുന്നതിനാല്‍ കുടുംബജീവിതത്തെ സംബന്ധിച്ച് ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. പറ്റിയ ആളെ കണ്ടെത്തിയാല്‍ വിവാഹം ഉണ്ടാകും. എങ്കിലും ഇപ്പോള്‍ സിനിമയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. മലയാളത്തില്‍ നല്ല റോളുകള്‍ ചെയ്യണം. സിനിമാ അഭിനയവും കുടുംബവും ഒത്തു കൊണ്ടു പോകണമെന്നാണ് ആഗ്രഹം.

കുടുംബത്തെകുറിച്ച്

തമിഴ് കുടുംബമാണ് ഞങ്ങളുടേത്. പക്ഷെ മലയാളവും തെലുങ്കും നന്നായി സംസാരിക്കും. ഹിന്ദുസ്ഥാന്‍ ലിവറില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ ലക്ഷ്മണ്‍ കുമാര്‍. അമ്മ മാലതി റിട്ട.എസ്ബിഐ ഉദ്യോഗസ്ഥയാണ്. ഏക മകളാണ് ഞാന്‍. അച്ഛന്‍ തിരുവനന്തപുരം സ്വദേശിയും അമ്മ കോഴിക്കോട് സ്വദേശിയുമാണ്. ഇപ്പോള്‍ ചെന്നെയിലാണ് സ്ഥിര താമസം. അച്ഛനാണ് ഷൂട്ടിംഗ് സ്ഥലങ്ങളിലും മറ്റും ഒപ്പം വരുന്നത്.

ടി.പി.സന്തോഷ്‌കുമാര്‍
ഫോട്ടോ: ബിബിന്‍ സേവ്യര്‍