ടേസ്റ്റി പുഡ്ഡിംഗ്‌
ടേസ്റ്റി പുഡ്ഡിംഗ്‌
Friday, November 8, 2019 4:35 PM IST
വിവിധതരത്തിലുള്ള പുഡ്ഡിംഗുകളാണ് പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്...

ജെല്ലി പുഡ്ഡിംഗ്

ചേരുവകള്‍
ചൈനാഗ്രാസ് -10 ഗ്രാം
ഓറഞ്ച് , ചുവപ്പ് നിറം -നാലു തുള്ളി
ഗ്രീന്‍ കളര്‍- നാലു തുള്ളി
പഞ്ചസാര -ഒരു കപ്പ്
വെള്ളം -അര ലിറ്റര്‍
വാനില എസന്‍സ് -ഒരു ടീ സ്പൂണ്‍
പാല്‍ -അര ലിറ്റര്‍
കോണ്‍ഫ്‌ളോര്‍ -രണ്ടു ടേബിള്‍ സ്പൂണ്‍
റോസ് എസന്‍സ് - മൂന്നു തുള്ളി

തയാറാക്കുന്ന വിധം
ആദ്യം പകുതി ചൈനാഗ്രാസ് അര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് അടുപ്പില്‍ വച്ച് അരക്കപ്പ് പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ചൈനാഗ്രാസ് നന്നായി അലിഞ്ഞ് തിളയ്ക്കുമ്പോള്‍ രണ്ടു പാത്രത്തിലേക്ക് ഒഴിക്കണം. തുടര്‍ന്ന് റോസ് എസന്‍സും ചേര്‍ക്കുക. പിന്നീട് അതിലേക്ക് ഗ്രീന്‍ കളറും റെഡ് കളറും ചേര്‍ക്കുക. (ഓരോരുത്തരുടെയും ഇഷ്ടത്തിനുള്ള നിറം ചേര്‍ക്കാം) ഇത് തണുത്ത് കഴിയുമ്പോള്‍ കഷണങ്ങളാക്കണം.

ബാക്കി ചൈനാഗ്രാസ് വെള്ളത്തിലിട്ടു വയ്ക്കുക. പാലും കോണ്‍ഫ്‌ളോറും ചേര്‍ത്ത് അടുപ്പില്‍ വച്ച് തിളപ്പിച്ച് കുറുക്കണം. അതിലേക്ക് ചൈനാഗ്രാസും വാനില എസന്‍സും ചേര്‍ക്കുക. ജെല്ലി കഷണങ്ങള്‍ ഒരു ബൗളിലിട്ട് അതിലേക്ക് കസ്റ്റാര്‍ഡ് ഒഴിക്കുക. ഇത് ചൂടാറാന്‍ വയ്ക്കണം. അതിനുശേഷം ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്ത് മുറിച്ച് വിളമ്പാം.

പേരയ്ക്ക പുഡ്ഡിംഗ്

ചേരുവകള്‍
പേരയ്ക്ക -നാല് എണ്ണം
മില്‍ക്ക്‌മെയ്ഡ് -ഒരു ടിന്‍
പാല്‍ -അര ലിറ്റര്‍
പഞ്ചസാര -മൂന്ന് ടേബിള്‍സ്പൂണ്‍
ചൈന ഗ്രാസ് -10 ഗ്രാം
കോണ്‍ഫ്‌ളോര്‍ -മൂന്ന് ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം
ആദ്യം ചൈനഗ്രാസ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. നന്നായി പഴുത്ത പേരയ്ക്ക കുരുകളഞ്ഞ് അല്പം പാല്‍ ചേര്‍ത്ത് അടിക്കണം. പാലും പഞ്ചസാരയും കോണ്‍ഫ്‌ളോറും മിക്‌സ് ചെയ്ത് അടുപ്പില്‍ വച്ച് ഇളക്കുക. അതേസമയം, ചൈനാഗ്രാസും ചെറുതീയില്‍ ഉരുക്കണം. പാല്‍ ഇളക്കിക്കൊടുത്ത് കുറുകിവരുമ്പോള്‍ മില്‍ക്ക് മെയ്ഡും പേരയ്ക്ക അടിച്ചതും ചൈനാഗ്രാസ് ഉരുക്കിയതും ചേര്‍ത്ത് തീ ഓഫ് ചെയ്യുക. ഇത് പുഡ്ഡിംഗ് ട്രേയില്‍ ഒഴിച്ച് തണുത്തു കഴിയുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് സെറ്റാക്കണം. കാരമലൈസ്ഡ് നട്‌സ് വച്ച് അലങ്കരിച്ച് വിളമ്പാം.

ഓറഞ്ച് ഡിലൈറ്റ് പുഡ്ഡിംഗ്

ചേരുവകള്‍
ഓറഞ്ച് ജൂസ് -മൂന്ന് കപ്പ്
കണ്ടന്‍ഡ്മില്‍ക്ക് -ഒരു കപ്പ്
ജലാറ്റിന്‍ -മൂന്നു ടേബിള്‍സ്പൂണ്‍
വിപ്പിംഗ് ക്രീം -രണ്ടു കപ്പ്

തയാറാക്കുന്നവിധം
ജലാറ്റിന്‍ ആദ്യം കുതിര്‍ത്ത് ഉരുക്കുക. അതിലേക്ക് ഓറഞ്ച് ജൂസ് ഒഴിച്ച് നന്നായി ഇളക്കണം. കണ്‍ന്‍സ്ഡ് മില്‍ക്കും വിപ്പിംഗ് ക്രീമും നന്നായി യോജിപ്പിച്ച് അതിലേക്ക് ഓറഞ്ച് ജൂസ് ഒഴിക്കുക. ഇത് സേര്‍വ് ചെയ്യാനുള്ള പാത്രത്തില്‍ ഒഴിച്ച് സെറ്റ് ചെയ്യണം. ഇതിനു മുകളില്‍ ഓറഞ്ച് അല്ലി വച്ച് അലങ്കരിച്ച് വിളമ്പാം.



കരിക്കിന്‍ വെള്ളം പുഡ്ഡിംഗ്

ചേരുവകള്‍
കരിക്ക് -ഒരെണ്ണം
പഞ്ചസാര -കാല്‍ക്കപ്പ്
ചൈനാഗ്രാസ് -ഏഴു ഗ്രാം
പാല്‍ -അര ലിറ്റര്‍
കണ്ടന്‍സഡ് മില്‍ക്ക് -മൂന്ന് ടേബിള്‍സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -രണ്ടു ടേബിള്‍സ്പൂണ്‍
വാനില എസന്‍സ് -മൂന്നു തുള്ളി

തയാറാക്കുന്ന വിധം
കരിക്കിന്‍ വെള്ളത്തിലേക്ക് രണ്ടു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. മൂന്നു ഗ്രാം ചൈനാഗ്രാസ് വെള്ളത്തില്‍ കുതിര്‍ത്ത് ഉരുക്കിയെടുക്കണം. പഞ്ചസാര ചേര്‍ത്ത തേങ്ങാവെള്ളം ചൂടാകുമ്പോള്‍ അതിലേക്ക് ഉരുക്കിയ ചൈനാഗ്രാസ് ചേര്‍ക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് തണുക്കാന്‍ വയ്ക്കാം. നന്നായി തണുത്ത് കഴിയുമ്പോള്‍ അത് കഷണങ്ങളാക്കി എടുക്കണം. അതിനുശേഷം പാല്‍ കോണ്‍ഫ്‌ളോറും ബാക്കി പഞ്ചസാരയും ചേര്‍ത്ത് ചെറുതീയില്‍ കുറുക്കുക. കുറുകി വരുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്കും ബാക്കി ചൈനാഗ്രാസ് ഉരുക്കിയതും എസന്‍സും ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് കരിക്കും കരിക്കിന്‍ വെള്ളവും ചെറിയ കഷണങ്ങളാക്കിയത് ചേര്‍ത്ത് സാവധാനം ഇളക്കി പുഡ്ഡിംഗ് ട്രേയില്‍ ഒഴിച്ച് തണുപ്പിച്ച് സെറ്റാക്കി മുറിച്ച് വിളമ്പാം.


മില്‍ക്ക് പുഡ്ഡിംഗ്

ചേരുവകള്‍
പാല്‍ -ഒരു ലിറ്റര്‍
ജലാറ്റിന്‍ -മൂന്ന് ടേബിള്‍സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒരു ടിന്‍
വാനില എസന്‍സ് -നാല് തുള്ളി
പാല്‍പ്പൊടി -രണ്ടു ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം
ആദ്യം ജലാറ്റിന്‍ അല്പം വെള്ളം ഒഴിച്ച് കുതിരാന്‍ വയ്ക്കുക. കുതിര്‍ന്ന ജലാറ്റിന്‍ ചെറുതീയില്‍ ഉരുക്കണം. പാല്‍ അടുപ്പില്‍ വച്ച് നന്നായി കുറുക്കി അതിലേക്ക് പാല്‍പ്പൊടി അല്പം പാലില്‍ കലക്കി ഒഴിക്കുക. ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും വാനില എസന്‍സും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. സ്റ്റൗ ഓഫ് ചെയ്തശേഷം അതിലേക്ക് വാനില എസന്‍സും ഉരുക്കിയ ജലാറ്റിനും ചേര്‍ത്ത് കുഴിവുള്ള പുഡ്ഡിംഗ് ട്രേയില്‍ ഒഴിച്ച് ചൂടാറാന്‍ വയ്ക്കുക. ശേഷം ഫ്രിഡ്ജില്‍ വച്ച് തണുത്തു കഴിയുമ്പോള്‍ സെറ്റ് ആകും. ഇത് മുറിച്ച് വിളമ്പാം.

കോഫി പുഡ്ഡിംഗ്

ചേരുവകള്‍
പഞ്ചസാര(കാരമലൈസ് ചെയ്യാന്‍) -മൂന്ന് ടേബിള്‍സ്പൂണ്‍
പാല്‍ -അര ലിറ്റര്‍
കോഫി പൗഡര്‍ -മൂന്ന് ടേബിള്‍സ്പൂണ്‍
പഞ്ചസാര -നാല് ടേബിള്‍സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -രണ്ടു ടേബിള്‍സ്പൂണ്‍
മുട്ട -ഒരെണ്ണം
വാനില എസന്‍സ് -മൂന്ന് തുള്ളി
ജലാറ്റിന്‍ - രണ്ടു ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം
പഞ്ചസാര കാരമലൈസ് ചെയ്ത് പുഡ്ഡിംഗ് ട്രേയില്‍ ഒഴിക്കുക. പാല്‍ അടുപ്പില്‍ വച്ച് തിളക്കുന്നതിനു മുമ്പ് പഞ്ചസാര, മുട്ട, കോഫി പൗഡര്‍, കോണ്‍ഫ്‌ളോര്‍, അല്പം പാല്‍ ഇവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചത് പാലിലേക്ക് ചേര്‍ത്ത് ഇളക്കണം. തീ വളരെ കുറച്ചു വച്ച് കുറുകി വരുമ്പോള്‍ ജലാറ്റിന്‍ ഉരുക്കിയത് ചേര്‍ക്കുക. പാല്‍ ഒഴിച്ച പുഡ്ഡിംഗ് ട്രേയില്‍ ഇത് ഒഴിച്ച് ചൂടാറാന്‍ വയ്ക്കണം. ഫ്രിഡ്ജില്‍ വച്ച് തണുത്ത് സെറ്റ് ആയി കഴിയുമ്പോല്‍ മുറിച്ച് വിളമ്പാം.

പുഡ്ഡിംഗ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര കാരമലൈസ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പാന്‍ അടുപ്പില്‍ വച്ച് പഞ്ചസാരയി ശേഷം കുറഞ്ഞ തീയില്‍ ഇളക്കിക്കൊണ്ടിരിക്കുക. അത് ഉരുകി ബ്രൗണ്‍ നിറം ആകുമ്പോള്‍ പുഡ്ഡിംഗ് ട്രേയില്‍ ഒഴിക്കാം. അല്പം വെള്ളം ഒഴിച്ച് പാനി പരുവത്തിലും ഉണ്ടാക്കാം.

ജെലാറ്റിന്‍, ചൈനാഗ്രാസ് എന്നിവ ആവശ്യമുള്ള അളവിലായിരിക്കണം. അളവ് കുറഞ്ഞാല്‍ സെറ്റ് ആവില്ല. ജെലാറ്റിന്‍ അല്ലെങ്കില്‍ ചൈനാഗ്രാസ് ഉരുക്കാന്‍ ആദ്യം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം. അതിനുശേഷം ഡബിള്‍ ബോയില്‍ ചെയ്‌തോ തീരെ കുറഞ്ഞ തീയില്‍ നേരിട്ട് അടുപ്പില്‍ വച്ചോ ഉരുക്കാം. പുഡ്ഡിംഗ് ട്രേയില്‍ അല്പം ബര്‍ പുരുന്നത് പുഡ്ഡിംഗ് പെട്ടെന്ന് വിട്ടുപോരാന്‍ സഹായിക്കും.

സോജി മനോജ് പാലത്ര
ചങ്ങനാശേരി