സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേക കാലാവസ്ഥയിൽ, പ്രത്യേക മാനസികാവസ്ഥകളിൽ കേൾക്കുന്പോളുണ്ടാകുന്ന അനുഭവം വ്യത്യസ്തമായി തോന്നിയിട്ടില്ലേ.. ഒന്നു കണ്ണടച്ചുപിടിച്ചു ചിന്തിച്ചാൽ ഉണ്ട് എന്നുതന്നെയാവും ഉത്തരം. സംഗീതം സാന്ത്വനവും ആനന്ദവും ആവേശവും പ്രണയവും നൊന്പരവും പകരുന്നത് മനസുകൊണ്ടു തൊട്ടറിയാം.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ ഓരോ സമയങ്ങൾക്കും ഓരോ കാലാവസ്ഥയ്ക്കും ചേരുന്ന രാഗങ്ങളുണ്ട്. പുലരിയിലും മധ്യാഹ്നങ്ങളിലും സായന്തനങ്ങളിലും രാത്രിയിലും രാവേറെച്ചെന്നും കേൾക്കാനുള്ള രാഗങ്ങൾ ഹിന്ദുസ്ഥാനിയിൽ ധാരാളം.
അവ ആ സമയങ്ങളിൽ കേൾക്കുന്ന അനുഭവം കേട്ടുതന്നെ ഉള്ളിൽ നിറയ്ക്കേണ്ടതാണ്. രാവിലെ ഒരുതുണ്ട് ആഹിർ ഭൈരവ് കേട്ടാൽ ദിനം സുന്ദരം! കർണാടക സംഗീതത്തിലേക്കുവന്നാൽ, ഭൂപാളവും ബിലഹരിയും മലയമാരുതവും തോടിയും ഒരു പുലരിയിൽ കേൾക്കുന്പോൾ മനസുതൊട്ടു വിടരുന്ന പുഞ്ചിരി സ്വയം കാണാം.
വേനൽപ്പാടങ്ങൾ
സമയത്തെവിട്ട് അല്പംകൂടി വിശാലമായി ഋതുക്കളിലേക്കുവന്നാൽ പലകാലങ്ങൾക്കിണങ്ങുന്ന രാഗങ്ങളാണ് ഇന്ത്യൻ സംഗീതശാഖകളിൽ. മേഘ് മൽഹാറും അമൃതവർഷിണിയും രാമപ്രിയയും മധ്യമാവതിയും ദേശും നാട്ടയും മഴയ്ക്കൊപ്പം കേൾക്കേണ്ടവയെന്നു പേരുകേട്ടവയാണ്.
കാറ്റും മഴയും ചൊരിയുന്പോൾ ചന്ദ്രകോണ്സ് രാഗത്തിനു ഭാവമധുരിമ കൂടുമെന്നും അനുഭവം. ഹിന്ദോളവും കാപിയും ബസന്തും പുഷ്പസുരഭിലമായ വസന്തകാലത്തിന്റെ കൂട്ടുകാരത്രേ.
ഇപ്പോൾ ചിത്രത്തിലുള്ളതും ഉള്ളുപൊള്ളിക്കുന്നതും വേനലാണ്. കവിയെഴുതിയപോലെ ഉരുകും വേനൽപ്പാടം കടന്നെത്തി ഏതു രാത്തിങ്കളുദിക്കുമെന്നും കനിവാർന്ന വിരലാൽ അലിവിന്റെ കുളിരുള്ള ചന്ദനം നെറ്റിയിൽ ആരു ചാർത്തുമെന്നും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന കാലം.
നമ്മുടെ നാട്ടിലേതിനേക്കാൾ കൊടിയ വേനൽ ഉത്തരേന്ത്യയെ കനൽച്ചൂടിൽ തളയ്ക്കാറുണ്ട്. ആരും തളർന്നുപോകുന്ന കാലം. എന്നാൽ, ആ ചൂടിന്റെ തീവ്രതയും വിരസതയും അതിലൂടെ ഉണരുന്ന അഭിലാഷങ്ങളും ഹിന്ദുസ്ഥാനിയുടെ വഴികളിൽ ഒട്ടേറെ സംഗീതസൃഷ്ടികൾക്ക് വഴിയൊരുക്കിയിട്ടുണ്ടത്രേ. കാത്തിരിപ്പിന്റെ കാലമാണ് ഗ്രീഷ്മം.
കൊഴിഞ്ഞുപോയ വസന്തത്തിന്റെ അവസാന തുടുപ്പുകൾ ഉള്ളിൽനിന്നു മായാതെയുള്ള കാത്തിരിപ്പ്. സൂര്യന്റെ സർവപ്രതാപം മനസുകളെയും ശരീരത്തെയും തളർത്താതിരിക്കാൻ അല്പമെങ്കിലും പാട്ടുകൾ സഹായിക്കും. വേനൽക്കാല രോഗങ്ങളെ തടയാൻ ഗ്രീഷ്മരാഗങ്ങൾക്കു കഴിവുണ്ടെന്നു സാരം.
മനസിനു കുളിരേകാൻ
ഉച്ചകഴിഞ്ഞ്, മധ്യാഹ്നത്തിലെ ആവിപൊന്തുന്ന ചൂടിൽ കേൾക്കേണ്ട ഒരു രാഗാണ് മർവ. സൂര്യാസ്തമയം വരെയുള്ള നേരങ്ങളിൽ കേട്ടാൽ മനസിനെ ശാന്തവും ധ്യാനാത്മകവുമാക്കാൻ ഈ രാഗത്തിനു പ്രത്യേക കഴിവുണ്ട്. പവിത്രപ്രണയഭാവമുണർത്താനും ഈ രാഗം അനുയോജ്യം. ഗമനാശ്രമ രാഗമാണ് കർണാടക സംഗീതത്തിൽ ഇതിനു സമാനമായി വരുന്നത്.
വൃന്ദാവനം എന്നു കേട്ടാൽ എന്താണ് നിങ്ങളുടെ മനസിൽ തെളിയുന്നത്? വിശാലമായ പൂന്തോട്ടം, ഒഴുകിയെത്തുന്ന പുല്ലാങ്കുഴൽ സംഗീതം, ഇളംകാറ്റ്, മൃദുസുഗന്ധം... ഇവയൊക്കെയാണോ? എന്നാൽ, ഈ ചൂടിൽ വൃന്ദാവന സാരംഗ കേൾക്കാം. പകൽച്ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്പോൾ ആലപിച്ചാൽ (കേട്ടാൽ) അറിയാതെ ഒരു തണുപ്പ് അരിച്ചെത്തുന്നതായി തോന്നും. ഒരുതുണ്ട് ശൃംഗാരഭാവം മനസിലെത്തും.
സ്വാമി ഹരിദാസ് സൃഷ്ടിച്ചെടുത്ത രാഗത്തിന് ഭഗവാൻ ശ്രീകൃഷ്ണനുമായാണ് ബന്ധം. എങ്ങനെ മനസു കുളിരാതിരിക്കും! ബാലമുരളീകൃഷ്ണയുടെ ശബ്ദത്തിൽ കണ്ണന്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൻ എന്ന പാട്ടൊന്നു കേട്ടുനോക്കൂ. അല്ലെങ്കിൽ തുള്ളിക്കൊരുകുടം പേമാരി, ഗോപികേ നിൻവിരൽ തുടങ്ങിയ പാട്ടുകൾ. അതുമല്ലെങ്കിൽ പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ആലാപനം.
അഗ്നിയെ ആവാഹിക്കാൻ ശക്തിയുള്ള രാഗമാണ്രതേ ദീപക്. വിളക്കെന്നാണ് ഈ വാക്കിന്റെ അർഥം. സായന്തനങ്ങളിൽ, വിളക്കുകൾ കൊളുത്തേണ്ട സമയത്തോടടുത്ത് ഈ രാഗാലാപനം കേൾക്കുക. ദീപക് ആലപിക്കാൻ നിർബന്ധിച്ച് താൻസെനെ ഇല്ലാതാക്കാൻ അസൂയാലുക്കൾ ശ്രമിച്ച കഥയുണ്ട്. അതിങ്ങനെയാണ്:
സമ്മർദത്തിനു വഴങ്ങി താൻസെൻ ദീപക് ആലപിച്ചപ്പോൾ കൊട്ടാരത്തിലെ വിളക്കുകൾ എല്ലാം തനിയേ ജ്വലിച്ചു. അതേസമയം അദ്ദേഹത്തിന്റെ ശരീരം രാഗത്തിന്റെ ശക്തിയാൽ അപകടകരമായി ചൂടാകുകയായിരുന്നു. അദ്ദേഹമേതാണ്ട് മരണതീരത്തണയുകയും ചെയ്തു.
മകളും സുഹൃത്തും ചേർന്ന് മേഘ് മൽഹാർ ആലപിച്ച് തണുപ്പു പകർന്നാണ്രതേ താൻസെനെ മരണത്തിൽനിന്നു രക്ഷിച്ചത്. പരമശിവനാണ് ദീപക് രാഗം സൃഷ്ടിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ഉസ്താദ് ഗുലാം മുസ്തഫാ ഖാൻ ഈ രാഗത്തിന്റെ തീവ്രത തന്റെ ആലാപനത്തിൽ വൈശിഷ്ട്യത്തോടെ കൊണ്ടുവരാറുണ്ട്.
ഋതുരാഗങ്ങൾ ഇവിടെ തീരുന്നില്ല. കൊടും വേനലിൽ, ഉള്ളു കരിയുന്ന ദാഹത്തിൽ പാട്ടിനെന്തുകാര്യം എന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാൽ, മനസിന് അതും ഒരു തണലാണ്, ഒരിലയുടെ തണലെങ്കിലും കൊതിക്കുന്പോൾ പ്രത്യേകിച്ചും.