സംഗീതപരീക്ഷണങ്ങളുടെ പാതയിൽ എന്നും മുന്പേനടന്നവനാണ് ജോണ് പി. വർക്കി- ഗിറ്റാറിസ്റ്റ്, ഗായകൻ, സംഗീതസംവിധായകൻ... മലയാളത്തെ റോക്ക് സംഗീതവുമായി കൂട്ടിയിണക്കിയവരിലെ പ്രധാനിയായ ജോണിന്റെ ജീവിതം പാതിയിൽനിലച്ച പാട്ടുപോലെയാണ്... തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജും കൂട്ടുകാരും ചേർന്ന് ജോണിന് സംഗീതാദരമൊരുക്കുന്നു, വരുന്ന ശനിയാഴ്ച...
ഗിറ്റാറായിരുന്നു ജോണിന്റെ വഴിയും വഴികാട്ടിയും സഹയാത്രികനും. അതിന്റെ ആറു സ്ട്രിംഗുകൾ അയാളെ അതുവരെ ആരും സഞ്ചരിക്കാത്ത വിസ്മയങ്ങളിലൂടെ നടത്തി. തൃശൂരിലെ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിന്റെ വരാന്തകളിലും ഗ്രൗണ്ടിന്റെ ഗാലറികളിലും അതിരുകാക്കുന്ന പാടവരന്പുകളിലും അയാളുടെ സംഗീതം നിറഞ്ഞുതുളുന്പി.
നട നട നട നട... എന്നു പാടിത്തുടങ്ങി പറ പറ പറ പറ... എന്നു പാട്ടുകൾ പറന്നു. ഒരുനാൾ പൊടുന്നനെ അയാൾ പറന്നകലുകയും ചെയ്തു. കാന്പസും കൂട്ടുകാരും ജോണിനെ ഒരുകാലത്തും മറക്കില്ലെന്നതിന്റെ ശബ്ദം അലോഷ്യസിൽനിന്നുയർന്നുകേൾക്കുന്നു...
മലയാളം റോക്ക്സ്റ്റാർ
ജോണ് പി. വർക്കി- മുപ്പതാണ്ടുമുന്പ് മലയാളത്തിൽ റോക്ക് ബാൻഡ് കൾച്ചറിനു തുടക്കമിട്ട ഗാറ്റാറിസ്റ്റ്, ഗായകൻ. ജിഗ്സോ പസിൽ എന്നുകേട്ടാൽ സംഗീതപ്രേമികൾക്ക് വെറും നേരന്പോക്കിനുള്ള കടലാസു കഷണങ്ങളല്ല, ജോണ് പി. വർക്കിയുടെ നേതൃത്വത്തിൽ രൂപമെടുത്ത റോക്ക് ബാൻഡാണ്.
വിവിധ നിറങ്ങളും ശബ്ദങ്ങളും സംസ്കാരങ്ങളുമുള്ള ലോകം ഒരു ജിഗ്സോ പസിൽ പോലെയാണെന്ന ചിന്തയിൽനിന്നാണ് ആ പേരുവന്നത്. ഗിറ്റാർ വായിച്ചു പാട്ടുപാടിയ ജോണിനു കൂട്ടായി റിയാസ് മുഹമ്മദ് (ഡ്രംസ്), ബൈജു എസ്. ബാബു (ഗിറ്റാർ), ആനന്ദ് രാജ് ബെഞ്ചമിൻ പോൾ (വോക്കൽ) എന്നിവരാണ് ജിഗ്സോ പസിലിൽ ഉണ്ടായിരുന്നത്.
സിനിമാപ്പാട്ടുകളെ ചുറ്റിപ്പറ്റിനിന്ന ജനപ്രിയ സംഗീതമേഖലയിലേക്ക് ഈ പരീക്ഷണം കടന്നെത്തിയത് ഒരുപാടു കൗതുകത്തോടെ. കോളജിൽ ഡിഗ്രി ടെക്സ്റ്റ് ബുക്കിലെ ഷെല്ലിയുടെ ഓഡ് ടു ദ വെസ്റ്റ് വിൻഡ് എന്ന കവിതയ്ക്ക് റോക്ക് ആവിഷ്കാരം നൽകിയ ജോണിന്റെ പരീക്ഷണങ്ങളിൽ കൂട്ടുകാർക്ക് ഉറച്ച വിശ്വാസമായിരുന്നു. സ്കൂൾ കലോത്സവവേദിയിൽ ഗിറ്റാറിൽ സിനിമാപ്പാട്ടു വായിച്ച എട്ടാംക്ലാസുകാരൻ ലണ്ടൻ ട്രിനിറ്റി കോളജിൽനിന്ന് അതേ ഗിറ്റാറിൽ എട്ടാം ഗ്രേഡ് കരസ്ഥമാക്കി വളർന്നിരുന്നു അതിനകം.
എംടിവിയിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളം ബാൻഡുമായി ജിഗ്സോ പസിൽ. രണ്ടായിരാമാണ്ടുകളുടെ തുടക്കത്തിൽ റെക്സ് വിജയൻ അടക്കമുള്ളവർക്കൊപ്പം അവിയൽ എന്ന ബാൻഡിന്റെ ഭാഗമായി. അന്നുണ്ടാക്കിയ പാട്ടുകൾ ഇപ്പോഴും സംഗീതപ്രേമികളുടെ ചർച്ചകളിൽ നിറയുന്നുണ്ട്. കർണാട്ടിക് ഫ്യൂഷൻ ഗിറ്റാറിസ്റ്റ് ജോണ് ആന്റണി, റെക്സ് വിജയൻ എന്നിവരോടൊപ്പം കർണാട്രിക്സിന്റെ നമസ്തേ എന്ന ഗംഭീര സൃഷ്ടിയിലും ജോണ് പി. വർക്കി ഉണ്ടായിരുന്നു.
അവിയൽ വിട്ട് ഏറെക്കാലത്തിനുശേഷം തൃശൂരിൽ സ്ലോപെഡലേഴ്സ് എന്ന ബാൻഡിനും ജോണ് തുടക്കമിട്ടു. നീളൻമുടി വെട്ടിയൊതുക്കി രൂപവും ഭാവവും ചിന്തകളും മാറി പുതിയൊരു ജോണിനെയാണ് അവിടെക്കണ്ടത്. കൂട്ടം, മരണം, ഓരോ, ആർക്ക് തുടങ്ങിയ പാട്ടുകൾ പരക്കേ സ്വീകരിക്കപ്പെട്ടു. ഇതിനിടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങൾക്ക് സംഗീതമൊരുക്കിയിരുന്നു. എണ്ണമില്ലാത്ത ലൈവ് വേദികളിലും ജോണ് ഗിറ്റാറുമായെത്തി. കുട്ടികൾക്ക് ഗിറ്റാർ പരിശീലനം നൽകാനും സമയംകണ്ടെത്തി.
പറ പറ പറ പറ...
കമ്മട്ടിപ്പാടം (2016) എന്ന ചിത്രത്തിലെ പാട്ടിന് ഈണമൊരുക്കിയത് ജോണ് പി. വർക്കിയാണെന്ന് പലർക്കുമറിയില്ല. അതിനും ഏറെക്കാലംമുന്പേ ജോണ് സിനിമാപ്പാട്ടുകൾ ഒരുക്കിയെന്നും അറിയില്ല. പറഞ്ഞറിയിക്കൽ അദ്ദേഹത്തിന്റെ രീതിയുമല്ലായിരുന്നു. പ്രിയനന്ദന്റെ നെയ്ത്തുകാരൻ (2001) എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതമൊരുക്കിയത് ജോണ് ആണ്.
ഹിന്ദി ചിത്രമായ ഫ്രോസണിലെ (2007) സംഗീതസംവിധാനത്തിന് മാഡ്രിഡ് ഇമേജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു. ഇതി സംഗതി (തെലുഗു), കാർത്തിക് (കന്നഡ) എന്നീ ചിത്രങ്ങൾക്കും പിന്നാലെ ഉന്നം, ഒളിപ്പോര്, ഈട തുടങ്ങിയ മലയാള സിനിമകൾക്കും ജോണ് ഈണങ്ങളൊരുക്കി.
പുതിയൊരു സംഗീതയാത്രയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കിടെ 2022ൽ തൃശൂർ മണ്ണുത്തി മുല്ലക്കരയിലെ വീട്ടിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു ജോണ്. ശാസ്ത്രീയസംഗീതവും സിനിമാപ്പാട്ടുകളുമല്ലാതുള്ള ഒരു സ്വതന്ത്ര പാട്ടുലകം മലയാളത്തിനു പരിചയപ്പെടുത്തിയത് ജോണും അന്നത്തെ സമകാലീനരുമാണെന്നുറപ്പ്. നട നട നട നട, ഞാൻ ആരാ, അരികുറുക തുടങ്ങിയ പാട്ടുകൾ കേട്ടാൽ ആദ്യം ജോണിനെ ഓർമവരുന്നതും മറ്റൊന്നുംകൊണ്ടല്ല.
അമ്യൂസ് @ അലോഷ്യസ്
പ്രിയ സംഗീതകാരന്, കൂട്ടുകാരന് ആദരമൊരുക്കുകയാണ് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ സഹപാഠികൾ. ഈ 25ന് ഒരുദിനം മുഴുവൻ നീണ്ടുനിൽക്കുന്ന കാന്പസ് മ്യൂസിക് ബാൻഡ് മത്സരം- അമ്യൂസ് നടക്കും. പാടി വിസ്മയിപ്പിച്ചയാൾക്കുവേണ്ടി അമർത്തിപ്പിടിക്കുന്ന ഓർമയുടെ കോഡ്!
ഹരിപ്രസാദ്