ഏതാനും വർഷം മുന്‍പു വരെ വയറു നിറയെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും വിഷമിച്ചിരുന്ന അട്ടപ്പാടിയിലെ ഗോത്രവാസികൾ ഇപ്പോൾ കൃഷിയിടത്തിലേക്കു നോക്കി ആടിപ്പാടുകയാണ്. വിപ്ലവമായി മാറിയ മില്ലറ്റ് വില്ലേജ് പദ്ധതി അവരെ തനതു രുചികളിലേക്ക് തിരികെയെത്തിച്ചിരിക്കുന്നു.
ആരോഗ്യവും ആയുസും തിരിച്ചുപിടിക്കാനുള്ള ചെറുധാന്യ വിപ്ലവത്തിൽ മനസും മണ്ണും അർപ്പിച്ചിരിക്കുകയാണ് അട്ടപ്പാടി. വിളർച്ചയും രോഗവും മരണവും പിടിമുറുക്കിയ ആദിവാസികൾ മില്ലറ്റ് കൃഷിയിലൂടെ നഷ്ടമായതൊക്കെ തിരിച്ചുപിടിക്കാനുളള പരിശ്രമത്തിലാണ്.
റാഗിയും തിനയും ചാമയും ചീരയുമൊക്കെ അവരുടെ കൃഷിയിടങ്ങളിൽ പുഞ്ചിരിച്ചു തുടങ്ങിയിരിക്കുന്നു. 142 നവജാത ശിശുമരണങ്ങളിലൂടെ കേരളത്തിന്റെ കണ്ണീർത്തുള്ളിയായി മാറിയ അട്ടപ്പാടിയിൽ ഇനി അമ്മമാരുടെ കണ്ണുനീർ വീഴ്ത്തില്ലെന്ന വാശിയിലാണവർ.
ഭവാനിപ്പുഴയും മല്ലീശ്വരൻ മുടിയും അതിരിടുന്ന മലനിരകളിലെ ചെറുധാന്യ കൃഷിയിലൂടെ ഉൗരുകൾ അവർക്കു കൈമോശം വന്ന ഭക്ഷ്യസുരക്ഷ വീണ്ടെടുക്കുന്നു. മഴനിഴൽ കുന്നുകളിലും താഴ്വാരങ്ങളിലും നിറയെ ഇപ്പോൾ റാഗി, ചാമ, തിന, പനി വരക്, കന്പ്, മണിച്ചോളം, കുതിരവാലി എന്നിവയുടെ ഹരിതസമൃദ്ധി.
1236 പേർക്ക് അംഗീകാരം
വേഷത്തിലും ഭാഷയിലും ആചാരത്തിനും വൈവിധ്യം പുലർത്തുന്ന മുഡുക, ഇരുള, കുറുന്പ, പണിയ, കാട്ടുനായ്ക്കർ, കാടർ തുടങ്ങിയ ഗോത്രവിഭാഗക്കാർ കൃഷിയിലും പുതുമാതൃകയാവുകയാണ്. പൂത്തുലഞ്ഞ ധാന്യപ്പാടങ്ങളിൽ ആട്ടും പാട്ടുമായാണ് വിളവെടുപ്പും സംസ്കരണവും. മില്ലറ്റ് കൃഷിയിൽ 1,236 കർഷകർക്ക് ഇതിനകം ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചുകഴിഞ്ഞു.
അഗളി പഞ്ചായത്തിൽ പതിനേഴും പുതൂരിൽ പന്ത്രണ്ടും ഷോളയൂരിൽ പതിനൊന്നും ഉൗരുകളിലായി ഇതോടകം എണ്ണായിരം ഹെക്ടറിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്തുവരുന്നു.പുതൂർ പഞ്ചായത്തിലെ ചീരക്കടവ് കേന്ദ്രത്തിൽ കഴിഞ്ഞ വർഷം സംസ്കരിച്ചത് ഏഴു ടണ്‍ ധാന്യങ്ങൾ.
ആദിവാസികളുടെ പരന്പരാഗത ഭക്ഷണമായ റാഗിയും ചാമയുമാണ് പ്രധാനം. അവരുടെ കരുതലിനു ശേഷമുള്ളത് മൂല്യവർധിത ഉത്പന്നങ്ങളാക്കി വിറ്റഴിക്കുന്നു. കൃഷിവകുപ്പിന്റെ ഇക്കോ ഷോപ്പുകളിലും വിവിധ മേളകളിലും അട്ടപ്പാടിക്കാരുടെ ചെറുധാന്യങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും ലഭ്യമാണ്. ഓണ്‍ലൈൻ ഷോപ്പിംഗ് കന്പനികളും ഇവരുടെ ഉത്പന്നം വിപണിയിലെത്തിക്കാൻ താൽപര്യപ്പെടുന്നുണ്ട്.
ആദ്യ മില്ലറ്റ് വില്ലേജ്
സംസ്ഥാനത്തെ ആദ്യ മില്ലറ്റ് വില്ലേജാണ് മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി. ഇവരുടെ പരന്പരാഗത ഭക്ഷണം ചെറുധാന്യങ്ങളായിരുന്നു. ഇവ വേവിച്ചും പൊടിച്ചും കുറുക്കിയും കഴിച്ചിരുന്ന കാലത്ത് ഇവർ അധ്വാനത്തിലും ആരോഗ്യത്തിലും ആയുസിലും മുന്നിലായിരുന്നു.
എന്നാൽ, ധാന്യകൃഷി കൈമോശം വന്നതോടെ അനാരോഗ്യവും അരിവാൾ രോഗവും ശിശുമരണവും ഇടംപിടിച്ചു. സർക്കാർ റേഷനായി നൽകുന്ന അരിയും ഗോതന്പും മൈദയും റവയും ആദിവാസികൾക്ക് അപ്രിയമായിരുന്നു. ഈ സാഹചര്യത്തിലാണ് മില്ലറ്റ് കൃഷിയിലൂടെ കൃഷിവകുപ്പ് ഗോത്രവാസികൾക്ക് അതിജീവനത്തിന്റെ വഴിതെളിച്ചത്.
ചെറുധാന്യ കൃഷിക്ക് അധികം വളപ്രയോഗമോ പരിപാലനമോ വേണ്ട. കീടബാധ കുറവ്. ജലസേചനവും കുറച്ചുമതി. വർഷത്തിൽ രണ്ടു കൃഷിയിറക്കാം. ഏപ്രിൽ-മേയ് മാസം മുതൽ ഓഗസ്റ്റ്-സെപ്റ്റംബർ വരെ ഒന്നാം സീസണും സെപ്റ്റംബർ- ഒക്ടോബർ മുതൽ ഡിസംബർ- ജനുവരി വരെ രണ്ടാം സീസണും. റാഗിയും ചാമയുമാണ് പ്രധാന ഇനം.
പുറമെ കുതിരവാലി, കന്പ്, മണിച്ചോളം എന്നിവയുമുണ്ട്. പയറിനങ്ങൾ 500 ഏക്കറിലും പച്ചക്കറികൾ 37.5 ഏക്കറിലുമുണ്ട്. മൂന്നു വർഷം മുൻപു തുടങ്ങിയ പദ്ധതിയുടെ ഒന്നാം വിളയിൽ 279.61 ടണ്‍ ഉത്പാദിപ്പിച്ചു. രണ്ടാം വിളയിൽ 1,340 ഏക്കറിൽനിന്ന് 340 ടണ്‍ വിളവെടുത്തു. നിലവിൽ ഒരു കൃഷിയിൽനിന്ന് 650 ടണ്‍ ധാന്യങ്ങൾ വിളവുണ്ട്.
ഉയർന്ന അളവിൽ പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും ഇതിലുണ്ട്. നാരുകളാൽ സന്പന്നവും. പയറുവർഗങ്ങൾ, നിലക്കടല, തേൻ, പച്ചക്കറി എന്നിവയും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്നു. അട്ടപ്പാടിയിലെ എഴുപത്തിമൂന്ന് ഉൗരുകൾ കേന്ദ്രീകരിച്ചാണ് മില്ലറ്റ് ഗ്രാമം പദ്ധതി.
ജൈവകൃഷി പെരുമ
കൃഷി, പട്ടികവർഗ വികസന വകുപ്പുകളുടെ സഹകരണത്തോടെ രാസവളങ്ങളും രാസ കീടനാശിനികളും ഒഴിവാക്കിയാണ് കൃഷി. മില്ലറ്റ് പദ്ധതി വന്ന ശേഷം അട്ടപ്പാടി തുവര, ആട്ടുകൊന്പ് അവര എന്നിവയ്ക്കു ഭൗമസൂചിക പദവി ലഭിച്ചു. മികച്ച ഗുണനിലവാരവും ഉത്പന്നത്തിന്റെ മൗലികസ്വഭാവവുമാണ് ഭൗമസൂചികയുടെ മാനദണ്ഡം.
ഇതോടെ ലോകോത്തര വിപണനത്തിനും ഉത്പന്നത്തിനു വില നിശ്ചയിക്കാനും കർഷകർക്ക് അവകാശം ലഭിക്കും. മില്ലറ്റ് കൃഷിക്ക് ഹെക്ടറിന് 12,000 രൂപ നിരക്കിൽ സർക്കാർ സബ്സിഡി നൽകുന്നുണ്ട്. അട്ടപ്പാടി ട്രൈബൽ ഫാർമേഴ്സ് അസോസിയേഷൻ ഫോർ മില്ലറ്റ്സ് മുഖേനയാണ് മൂല്യ വർധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
ഇക്കൊല്ലം പത്തു ലക്ഷത്തിലേറെ രൂപ വിറ്റുവരവ്. റാഗി പുട്ടുപൊടി, റാഗി ദോശ മിക്സ്, ചാമ ഉപ്പുമാവ് മിക്സ്, പനിവരക് അരി, കന്പ് ദോശ മിക്സ്, മണിച്ചോളം മാവ് തുടങ്ങിയ രുചിവൈവിധ്യമുള്ള 36 ഉത്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. വിത്തുകളുടെ വീണ്ടെടുപ്പിനും വിതരണത്തിനുമായി 15 സീഡ് ബാങ്കുകൾ രൂപീകരിച്ചു.
പോഷകദാരിദ്ര്യ ത്തിന്റെ പ്രതീകങ്ങളായിരുന്ന അട്ടപ്പാടി ജനത ഇനി അങ്ങനെയാവില്ല. ഉൗരുകൾക്കു മാത്രമല്ല നാടിനുകൂടി ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള മുന്നേറ്റത്തിലാണിവർ. ചെറിയ അളവിൽ ഭക്ഷണത്തിലൂടെ വേണ്ടിടത്തോളം പോഷകം ലഭ്യമാകുമെന്നതാണു ജൈവരീതിയിൽ വിളയിക്കുന്ന മില്ലറ്റുകളുടെ മെച്ചം.
വിത്തുകളുടെ വീണ്ടെടുപ്പ്
കാലാവസ്ഥാവ്യതിയാനവും പ്രകൃതിക്ഷോഭവും ഭൂമിയുടെ അന്യാധീനപ്പെടലും കാരണം ചെറുധാന്യങ്ങളുടെ വിത നിലച്ചിട്ടു വർഷങ്ങളായിരുന്നു. മില്ലറ്റ് തിരിച്ചുവന്നതോടെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെട്ടു. ശിശുമരണനിരക്ക് കുത്തനെ താഴ്ന്നു.
ആദ്യഘട്ടത്തിൽ ചെറുധാന്യ വിത്തുകൾ കൃഷിവകുപ്പ് എത്തിച്ചു കൊടുക്കുകയായിരുന്നു. ഉൗരുമൂപ്പൻമാരുടെ കരുതൽ വിത്തുകളും പ്രയോജനപ്പെടുത്തി. മുള കൊണ്ടു നിർമിച്ച ധാന്യസംഭരണികളും കൃഷിവകുപ്പ് എത്തിച്ചുകൊടുത്തു. കൃഷിക്ക് ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്.
ചീര, റാഗി, ചാമ, ചോളം, കടുക്, തുവര, അമര, വരക്, കുതിരവാലി എന്നിങ്ങനെ ഒന്‍പതിനം വിത്തുകൾ ഒരുമിച്ചു വിതയ്ക്കുന്ന രീതിയാണിവിടെ. ആദ്യം വിളവെടുക്കാൻ പാകമാകുന്നത് ചീരയാണ്. തുടർന്ന് ചാമയും തിനയും റാഗിയും. അവസാനം തുവര.
അധികമായി വരുന്ന ധാന്യം മാത്രമാണ് കൃഷി വകുപ്പ് സംഭരിക്കുക. റാഗി പൊടി, തിന, ചാമ എന്നിവയുടെ അരി, മുളപ്പിച്ച പഞ്ഞപ്പുല്ലിൽനിന്നു തയാറാക്കുന്ന റാഗിമാൾട്ട്, കുക്കീസ്, എനർജി ഡ്രിങ്ക് തുടങ്ങിയവ വിപണിയിലുണ്ട്. അട്ടപ്പാടിയിലെ അഞ്ച് ഉൗരുകൾ മാതൃകാ മില്ലറ്റ് ഗ്രാമങ്ങളായി മാറ്റിയെടുക്കാനാണ് പദ്ധതി.
വൈകാതെ ആദിവാസികളുടെ കന്പനി രൂപീകരിച്ച് അട്ടപ്പാടി ഓർഗാനിക് എന്ന സ്വന്തം ബ്രാൻഡിൽ വിപണനം അവർക്കു കൈമാറും.
അങ്കണവാടികളിലേക്കും
സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികൾക്കും മാതാക്കൾക്കും അട്ടപ്പാടി മില്ലറ്റ് പാകം ചെയ്തു നൽകാൻ വനിതാ, ശിശുക്ഷേമവകുപ്പ് ആലോചിക്കുന്നുണ്ട്.
മില്ലറ്റ് ഉത്പന്നങ്ങൾ റേഷൻ കട വഴി വിതരണം ചെയ്യാനും ആലോചനയുണ്ട്. ചെറുധാന്യങ്ങൾ ഭക്ഷണമാക്കിയതോടെ അട്ടപ്പാടിയിലെ ശിശുമരണനിരക്കിൽ ആശാവഹമായ കുറവ് വന്നതായി ആരോഗ്യ വകുപ്പിന്റെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
നേട്ടങ്ങളുടെ ഉന്നതിയിൽ
അട്ടപ്പാടിയുടെ കാലാവസ്ഥയ്ക്ക് അനുകൂലമാണ് ചെറുധാന്യ കൃഷി എന്ന തിരിച്ചറിവിലാണു തുടക്കമിട്ടതെങ്കിലും മറ്റു വിദേശവിളകളും ഈ മണ്ണിൽ വിളയുമെന്ന് ഇവർ തെളിയിച്ചു. ഇതിലൊന്നാണ് മെക്സിക്കൻ ഇനമായ ചീര. മറ്റു പ്രദേശങ്ങൾക്ക് ആവശ്യമായ ചീര വിത്തുകൾ അട്ടപ്പാടി കർഷകരിൽനിന്നാണു ശേഖരിച്ചത്. അട്ടപ്പാടിയിലെ മില്ലറ്റ് കൃഷിയും കർഷകരും കാർഷിക ഉദ്യോഗസ്ഥരും പുരസ്കാരങ്ങളുടെ പെരുമയിലാണ്.
പൊന്നൻ ലച്ചി , മുരുകേശ് മല്ലൻ, മണികണ്ഠൻ കാരമട എന്നിവർക്കു മികച്ച മില്ലറ്റ് കർഷകർക്കുള്ള അവാർഡ് ലഭിച്ചു. മൂലക്കൊന്പ് , വല്ലവട്ടി, തെക്കെ പുതൂർ ചാവടിയൂർ എന്നീ ഉൗരുകൾക്കു മികച്ച ജൈവ കൃഷിക്കുള്ള അവാർഡും കുറുക്കത്തിക്കല്ലിന് പാരന്പര്യവിത്ത് സംരക്ഷിക്കുന്നതിനുള്ള അവാർഡും ലഭിച്ചു.
നാലു സംസ്ഥാന കാർഷിക അവാർഡുകളും മികച്ച ജൈവ ഗ്രാമത്തിനുള്ള അവാർഡും പുതൂരിന് മികച്ച കൃഷിഭവനുള്ള 2023ലെ സംസ്ഥാന അവാർഡും സ്വന്തമായി. ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റിന്റെ ഭാഗമായി നാഷണൽ അവാർഡിനും അട്ടപ്പാടിയിലെ ചെറു ധാന്യ പദ്ധതി അർഹമായി.
റെജി ജോസഫ്