അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു. പാട്ടുകൊണ്ട് സിനിമ അറിയപ്പെടുകയും ചെയ്തു. ദേഖ് തേരേ സൻസാർ കി ഹാലത് ക്യാ ഹോ ഗയീ ഭഗവാൻ, കി കിത്നാ ബദൽ ഗയാ ഇൻസാൻ എന്നാണ് പാട്ടിന്റെ വരികൾ. ഏകദേശ അർഥം ഇങ്ങനെ: ദൈവമേ, അങ്ങയുടെ ലോകത്തിന്റെ അവസ്ഥ എന്താണെന്നു നോക്കൂ, മനുഷ്യൻ എത്രമാത്രം മാറിയിരിക്കുന്നു! വരികളെഴുതിയ പ്രദീപിന്റെ ശബ്ദത്തിലാണ് ലോകം പാട്ടുകേട്ടത്.
മുഹമ്മദ് റഫിയെക്കൊണ്ടു പാടിക്കാൻവച്ച പാട്ടാണ്. എന്നാൽ, അദ്ദഹമതു നിരസിച്ചു. അങ്ങനെ ഗാനരചയിതാവ് ഗായകനായി. ഹിറ്റാകുമായിരുന്ന ഗാനം മുൻകൂട്ടി തിരിച്ചറിയാൻ മുഹമ്മദ് റഫിക്കു കഴിഞ്ഞില്ല എന്നൊക്കെ വ്യാഖ്യാനമുണ്ടായിരുന്നു. എന്നാൽ, അതല്ല കാരണം.അടുത്ത കഥകൂടി കേൾക്കുക. ബി.ആർ. ചോപ്രയുടെ ഗുമ്ര എന്ന സിനിമയിറങ്ങുന്നു, 1963ൽ. സാഹിർ ലുധിയാൻവിയുടെ വരികൾക്ക് ഈണമൊരുക്കുന്നത് രവി.
ചലോ ഇക് ബാർ ഫിർ സേ അജ്നബീ ബൻ ജായേ ഹം ദോനോ എന്നു തുടങ്ങുന്ന പാട്ടുപാടാൻ മഹേന്ദ്ര കപൂറിനാണ് അവസരം കിട്ടിയത്. എന്നാൽ, അദ്ദേഹമായിരുന്നില്ല രവിയുടെ മനസിൽ. പാട്ട് റഫി പാടണമെന്നായിരുന്നു രവിക്ക്. ചോപ്ര വഴങ്ങിയില്ല. എന്തുകൊണ്ട് റഫിയെക്കൊണ്ടു പാടിക്കുന്നില്ലെന്നായി രവി. അതിനുത്തരം മറ്റൊരു സംഭവകഥയാണ്.
തൊട്ടുമുന്പത്തെ കൊല്ലം ചോപ്ര ധർമപുത്ര എന്നൊരു സിനിമയെടുത്തിരുന്നു. അതിലൊരു ഖവാലിയുണ്ട്. യേ മസ്ജിദ് ഹേ വോ ബഡ്ഖാനാ, മഖ്സദ് തോ ഹേ ദിൽ കോ സമ്ജാനാ, ചാഹേ യേ മാനോ യാ വോ മാനോ... മഹേന്ദ്ര കപൂറും മുഹമ്മദ് റഫിയും ചേർന്ന് അതു പാടണമെന്നായിരുന്നു ചോപ്രയുടെ ആഗ്രഹം. മഹേന്ദ്ര കപൂറിന്റെയും തന്റെയും ശബ്ദങ്ങൾക്കു സാമ്യമുണ്ട്, മറ്റാരെയെങ്കിലും നോക്കൂ എന്നുപറഞ്ഞ് റഫി അതിൽനിന്ന് ഒഴിവായി. അക്കാരണംകൊണ്ടാണ് ഗുമ്രയിലെ പാട്ടിനു റഫി വേണ്ട, മഹേന്ദ്ര കപൂർ മതിയെന്നു ബി.ആർ. ചോപ്ര തീരുമാനിച്ചത്.
റഫിയിലെ വിശ്വാസി
ഇനിയാണ് കഥകളിലെ കാര്യം. നാസ്തികിലെയും ധർമപുത്രയിലെയും പാട്ടുകൾ ഒഴിവാക്കാൻ റഫി പറഞ്ഞ രണ്ടു കാരണങ്ങളും കാന്പുള്ളതല്ല. എന്നാൽ, അതിനേക്കാൾ ഗൗരവമുള്ള മറ്റൊരു കാരണമുണ്ടായിരുന്നു- റഫി തന്റെ വിശ്വാസത്തെ ധിക്കരിക്കാൻ ഇഷ്ടപ്പെടാത്തയാളായിരുന്നു എന്നതുതന്നെ. ഓ ദുനിയാ കേ രഖ് വാലേ പോലെ ഭജനുകളുടെ ഗണത്തിൽപ്പെടുന്ന പാട്ടുകൾ പാടാൻ അദ്ദേഹത്തിനു പ്രയാസമില്ലായിരുന്നു.
അതിൽ പ്രപഞ്ചശക്തിയെ ബഹുമാനിക്കുന്നയാളായാണ് പാടുന്നത്. അതേസമയം, ദൈവമേ, താങ്കളുടെ ലോകത്തിന്റെ അവസ്ഥ നോക്കൂ എന്നതുപോലുള്ള വരികളും, മസ്ജിദിനെ അപകീർത്തിപ്പെടുത്തുന്ന വിധമുള്ള ആശയങ്ങളും അദ്ദേഹം ഒരിക്കലും പാടാൻ സമ്മതിക്കുമായിരുന്നില്ല. പാട്ടുകൾ കിട്ടാനായി തന്റെ വിശ്വാസങ്ങളെ ബലികഴിക്കാൻ അദ്ദേഹം തയാറായില്ല. എല്ലാ മതങ്ങളെയും അദ്ദേഹം ബഹുമാനിച്ചു. ഭക്തിഗീതങ്ങൾ പാടി... ഹൃദയങ്ങളിലേക്കൊഴുകി...
യേശുവിന്റെ ഗീതങ്ങൾ
ബ്രിട്ടീഷ് റിക്കാർഡ് ലേബലായ ഇഎംഐ പുറത്തിറക്കിയ ഒരു ലോംഗ് പ്ലേ ഡിസ്കിന്റെ പേര് സോംഗ്സ് ഓഫ് അവർ ലോർഡ് ജീസസ് എന്നാണ്. 1976ലാണ് ഇതു പുറത്തിറങ്ങിയത്. ഉദ്ധവ് കുമാർ എഴുതിയ വരികൾക്ക് ഈണം പകർന്നത് മധുകർ പാഠക് (ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്, അതു പിന്നാലെ).
ഛുഡാനെ പാപ് സേ സബ് കോ ലിയാ അവതാർ ഈശോ നേ, ചലോ ചലോ ദർശൻ കർനേ, ധന്യ ക്രിസ്തു പ്രഭു ജയ് ഹോ.. എന്നിങ്ങനെയാണ് ഡിസ്കിൽ ഉള്ള ഗാനങ്ങൾ. മുഹമ്മദ് റഫി പാടിയ സുന്ദരമായ ക്രിസ്തീയ ഭക്തിഗാനങ്ങളാണ് ഇവ. ലഭ്യമായ ചിത്രങ്ങളിൽ ഡിസ്കിന്റെ കവറിൽ ബോംബെ ബിഷപ്പായിരുന്ന ഡോ. ഡൊണാൾഡ് കെന്നഡിക്കൊപ്പം റഫി നിൽക്കുന്നതു കാണാം.
ഇതിലെ ഗാനങ്ങളുടെ റിക്കാർഡിംഗ് വേളയിൽ സന്നിഹിതനാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ബിഷപ്പിന്റെ പേരിലുള്ള കുറിപ്പിൽ പറയുന്നു. റഫിയെപ്പോലെ പ്രശസ്തനായ ഒരു ഗായകന്റെ ശബ്ദത്തിൽ ആദ്യമായാണ് ഇത്തരമൊരു റിക്കാർഡിംഗ് പുറത്തിറക്കുന്നത്. അദ്ദേഹത്തിന്റെ ആലാപനത്തിൽ പരിപൂർണ ഭക്തിയും ഭാവവും നിറയുന്നു. പാട്ടുകളിലൂടെ അനേകർക്ക് അനുഗ്രഹമുണ്ടാകട്ടെയെന്നും ബിഷപ് കുറിക്കുന്നു. പുതിയ തലമുറക്കാർ (ഒരു പക്ഷേ പഴയവരും) അധികം കേൾക്കപ്പെടാതെ പോയ ഈ പാട്ടുകൾ യു ട്യൂബിൽ ലഭ്യമാണ്.
പുഞ്ചിരിയുടെ ഗാനം
മഹാ മരണ് കോ ജീത് കേ ഈശോ ഫിർ ജഗ് മേ ആയേ എന്നാണ് ധന്യ ക്രിസ്തു ജയ് ഹോ എന്ന പാട്ടിന്റെ ആദ്യത്തെ വരി. എല്ലാ ദുഃഖങ്ങളെയും പുഞ്ചിരിയോടെ നേരിടാൻ യേശു കൂടെയുണ്ടെന്ന് ഈ പാട്ട് ഓർമിപ്പിക്കുന്നു. ചലോ ചലോ ദർശൻ കർനേ എന്ന പാട്ടും ഒരു സന്തോഷഗീതമാണ്. നക്ഷത്രമുദിച്ചിരിക്കുന്നു, ലോകത്തിന്റെ രക്ഷകൻ അവതരിച്ചിരിക്കുന്നു എന്നാണ് അതിന്റെ വരികളിൽ.
ഇനി, ഈണങ്ങൾ ആരൊരുക്കി എന്നതിനെക്കുറിച്ചുള്ള ഭിന്നാഭിപ്രായം. ഡിസ്കിന്റെ ചട്ടയിൽ കാണാം, സംഗീതം- മധുകർ പാഠക് എന്ന്. അതിനു തൊട്ടുതാഴെ ഓർക്കസ്ട്ര അറേഞ്ച് ചെയ്തയാളുടെ പേരുണ്ട്- വിഖ്യാതനായ എനോക് ഡാനിയേൽസ്. അറേഞ്ച്മെന്റ് മാത്രമല്ല, സംഗീതവും നിർവഹിച്ചത് അദ്ദേഹമാണെന്ന് പഴയ തലമുറയിലെ ആസ്വാദകർ പലരും പറയുന്നു.
പാട്ടുകളുടെ മാർച്ചിംഗ് ടെംപോയും അക്കോർഡിയന്റെ സുന്ദരസാന്നിധ്യവും കേൾക്കുന്പോൾ അതാണ് ശരിയെന്നു മനസു പറയും. അപ്പോൾ, ഈ ക്രിസ്മസിനു രക്ഷകന്റെ ഗീതങ്ങൾ കേൾക്കാം, റഫിയുടെ ശബ്ദത്തിൽ...
ഹരിപ്രസാദ്