ഗ്രൗണ്ട് സംരക്ഷിക്കല്‍ സമരവുമായി യൂത്ത് കോൺഗ്രസ്
വടക്കാഞ്ചേരി: ഗ്രൗണ്ട് സംരക്ഷിക്കാൻ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ്. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് നികത്തി പരിസരവാസികൾക്ക് മനുഷ്യനിർമിത പ്രളയം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം.
സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി.എൻ. വൈശാഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ്് ശ്രീനേഷ് ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളായ സന്ധ്യ കൊടക്കാടത്ത്, അനീഷ് കണ്ടംമാട്ടിൽ, മുസ്തഫ അള്ളന്നൂർ, അനീഷ് അകംപാടം, നിഹാൽ റഹ്മാൻ,ആദിത്യൻ കാഞ്ഞിങ്ങത്ത് എന്നിവർ നേതൃത്വം നൽകി.
ഗ്രൗണ്ട് സംരക്ഷണ സംഗമം സംഘടിപ്പിച്ചു
വടക്കാഞ്ചേരി: ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് വെള്ളക്കെട്ട് ഒഴിവാക്കി 12 മാസവും കായികപ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കുക എന്ന ലക്ഷ്യംവച്ചുള്ള നിർമാണ പ്രവർത്തനം തടയുന്ന കോൺഗ്രസിന്റെ നടപടിക്കെതിരായി ഗ്രൗണ്ട് സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കായികവകുപ്പിന്റെ ഫണ്ടും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ആസ്തിവികസന ഫണ്ടും സംയോജിപ്പിച്ച് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ആരംഭിച്ച സാഹചര്യത്തിൽ തെറ്റിദ്ധാരണാജനമായ പ്രചരണം നടത്തുകയും നിർമാണ പ്രവൃത്തി തടസപ്പെടുത്തുകയുംചെയ്യുന്ന കോൺഗ്രസിന്റെ നടപടികൾക്കെതിരായാണ് ഗ്രൗണ്ട് സംരക്ഷണസംഗമം സംഘടിപ്പിച്ചത്. വിദ്യാർഥികൾ, യുവജനങ്ങൾ, ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ, കായിക പ്രവർത്തകർ, ഗ്രന്ഥശാലാ പ്രവർത്തകർ, വ്യാപാരികൾ, കലാ- സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിവര്‍ പരിപാടിയിൽ പങ്കാളികളായി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.
നഗരസഭ കൗൺസിലർ എ.ഡി. അജി അധ്യക്ഷതവഹിച്ചു. എ.കെ. സതീഷ്കുമാർ, തുളസി കണ്ണൻ, എം.ജെ. ബിനോയ്, മാധ്യമപ്രവർത്തകൻ അജീഷ് കർക്കിടകത്ത് തുടങ്ങിയവർ സംസാരിച്ചു.