ഇടുക്കി: ശാരീരിക, മാനസിക വെല്ലുവിളികൾ അഭിമുഖികരിക്കുന്നവരെ സമൂഹം ചേർത്ത് നിർത്തണമെന്ന് ഡീൻ കുര്യാക്കോസ് എംപി. കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംഗോയുടെ സഹായ ഉപകരണ നിർണയ ക്യാന്പ് പെരുവന്താനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അലിംഗോയുടെ സഹായത്തോടെ സഹായ ഉപകരണ നിർണയ ക്യാന്പ് നടത്തിയത്.
അഴുത ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ ലിസമ്മ ജയിംസ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് ഇ.ആർ. ബൈജു, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ പി.എം. നൗഷാദ്, കെ.ആർ. വിജയൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.എ. ഷംനാദ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് വണ്ടിപ്പെരിയാർ, കുമളി പഞ്ചായത്തുകൾക്കായി വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും 26ന് മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകൾക്കായി മറയൂർ കമ്യൂണിറ്റി ഹാളിലും 27ന് മൂന്നാർ, മാങ്കുളം, ദേവികുളം ,വട്ടവട, ഇടമലക്കുടി പഞ്ചായത്തുകൾക്കായി മൂന്നാർ സിഎസ്ഐ പള്ളി പാരിഷ് ഹാളിലും 30 ന് ചിന്നക്കനാൽ , ശാന്തൻപാറ പഞ്ചായത്തുകൾക്കായി ശാന്തൻപാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ക്യാന്പ് നടത്തും.