പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് അധിക ബാച്ച് അനുവദിക്കാത്തത് വിദ്യാർഥികൾക്ക് പഠിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുകയും അവരുടെ ജീവിത ഭാവി തകർക്കുകയും ചെയ്യുന്ന സമീപനമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ.
രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് വിദ്യാർഥികൾ പ്ലസ് വൺ സീറ്റിൽ അഡ്മിഷൻ ലഭിക്കാതെ നട്ടം തിരിയുകയാണ്. വിദ്യാഭ്യാസ മന്ത്രി സീറ്റുകളുടെ എണ്ണത്തിന്റെ ചില സാങ്കേതിക കണക്കുകൾ പറഞ്ഞ് രക്ഷിതാക്കളെയും പൊതുജനത്തെയും തെറ്റിധരിപ്പിക്കുകയും യാഥാർത്ഥ്യം മറച്ചുപിടിക്കുകയുമാണ്. ഗവൺമെന്റ് ഉദാസീനത കൈവെടിഞ്ഞ്, വിദ്യാർഥികളോട് നീതിപുലർത്തുകയും ആവശ്യമായ ബാച്ചുകൾ ഉടനടി അനുവദിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രോളിംഗ് നിരോധനം മൂലം പട്ടിണിയിൽ ആയിരിക്കുന്ന തീരദേശ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു മത്സ്യത്തൊഴിലാളി ജനതയെ ചേർത്തുപിടിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
കുവൈറ്റ് തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട കേരളീയരായ പ്രവാസികളുടെ ഓരോ കുടുംബത്തിലെയും അനന്തര അവകാശികളിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ ഗവൺമെന്റ് മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വൻ വിജയം നേടിയ അഡ്വ. കെ. ഫ്രാൻസിസ് ജോർജിന് ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ നേർന്നു. അന്തരിച്ച പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാക്കോ വർഗീസിന്റെ മൂന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ പ്രാർഥിക്കുകയും,പുഷ്പാർച്ചന നടത്തുകയും,അദ്ദേഹത്തിന്റെ സേവനങ്ങളെ യോഗം അനുസ്മരിക്കുകയും ചെയ്തു.ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ.എം. ഇഗ്നേഷ്യസ്, ടി.ഡി. ജോയ്, അമീർ പാതാരി , ആലിക്കുട്ടി എറക്കോട്ടിൽ, കെ. വി. ജോർജ്, സതീഷ് വർഗീസ്, ഏബ്രഹാം കുര്യൻ, വിൻസി അനിൽ, എ.ജെ. ആന്റണി, വി.ബി. സുരേഷ് ബാബു, വിൽസൺ ജോസഫ്,നിതിൻ ചാക്കോ കോവിലിൽ,തുടങ്ങിയവർ സംസാരിച്ചു.